ഈ രാജ്യത്തെ ദരിദ്രർക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണെന്ന് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു

60

Pradeep Nandanam

ഹത്രാസ് പെൺകുട്ടിയെ ദഹിപ്പിച്ചതിന് സാക്ഷിയായ എൻ ഡി ടിവി റിപ്പോർട്ടർ അരുൺസിങ്ങ് എഴുതുന്നു

രാത്രി 11.30 ഓടെയാണ് ഹത്രാസിലെത്തുന്നത്. ലോക്കൽ പൊലീസ് സ്റ്റേഷന്റെ പരിസരമത്രയും കാറുകൾ നിറഞ്ഞ് കിടന്നിരുന്നു. അതിനിടയിൽ കമ്മീഷണറുടെ വാഹനം കിടക്കുന്നതും ഞങ്ങൾ കണ്ടു. അടിയന്തര മീറ്റിങ് നടക്കുകയാണെന്ന് ഊഹിച്ച് അവിടേക്ക് ചെന്നു. പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചപ്പോൾ ഉന്നതതല യോഗം നടക്കുകയാണെന്ന് അവർ മറുപടിയും നൽകി.അത്ര ചെറിയ പൊലീസ് സ്റ്റേഷനെ സംബന്ധിച്ച് അസാധാരണമായ സംഭവമായിരുന്നു അത്. ഇതോടെ പെൺകുട്ടിയുടെ മൃതദേഹം അവിടെ എത്തിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തി. കാരണം കാൺപൂരിലും ഡൽഹിയിലും ഹത്രാസിലെത്തിയിട്ട് വരെ അതേക്കുറിച്ചൊരു സൂചന പോലും എവിടെ നിന്നും ലഭിച്ചിരുന്നില്ല.

കുറച്ച് പേർ വലിയ വിറകുകളും ചുമന്ന് പോകുന്നത് കണ്ടതായി പ്രദേശവാസിയായ സുഹൃത്ത് വിവരം തന്നതോടെ മൃതദേഹം ദഹിപ്പിക്കാനുള്ള ഒരുക്കമാണെന്ന് ബോധ്യമായി. പക്ഷേ പാതിരാത്രിയിൽ അതിനുള്ള സാധ്യത തള്ളിക്കളയുകയാണ് ഞാൻ ചെയ്തത്. പക്ഷേ ഗ്രാമത്തിലെത്തിയപ്പോൾ ആ ചിന്ത മാറി. ഇനി മുന്നോട്ട് സഞ്ചരിക്കണമെങ്കിൽ ഇറങ്ങി നടക്കണമെന്ന് പൊലീസുകാർ ആവശ്യപ്പെട്ടു. ഇരുട്ടത്ത് ക്യാമറമാനും ഞാനും ഒന്നരക്കിലോമീറ്ററോളം നടന്നു. പകുതി വഴിയെത്തിയപ്പോൾ ഫ്ലഡ് ലൈറ്റുകൾ തെളിച്ച് ഒരു ചുവന്ന വാൻ ഞങ്ങളെ കടന്നുപോയി. രാത്രി 12.45 ഓടെ പെൺകുട്ടിയുടെ വീടിന് അടുത്തെത്തി. പക്ഷേ ആ വാൻ അവിടെയെങ്ങും ഉണ്ടായിരുന്നില്ല. ആരൊക്കെയാണ് ഉള്ളതെന്നും മൃതദേഹം എവിടെയെന്നും ജോയിന്റ് മജിസ്ട്രേറ്റിനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിനും അറിവില്ല. വിവരം ലഭിച്ചാൽ കൈമാറാം എന്ന് മറുപടി നൽകി. ഇത് സംസാരിച്ച് രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞതും ആംബുലൻസ് വന്നു. അതിന് പിന്നാലെയുള്ള സ്കോർപിയോ യിൽ പെൺകുട്ടിയുടെ അച്ഛനും സഹോദരനുമുണ്ടായിരുന്നു. ആംബുലൻസ് പെൺകുട്ടിയുടെ വീടിന് മുന്നിൽ നിർത്താതെ പാഞ്ഞുപോയി. ഞാൻ ശരിക്കും ഞെട്ടി. ഗ്രാമവാസികളും കുടുംബവും തടയാൻ തുടങ്ങി. മൃതദേഹം വീട്ടിലേക്ക് ആദ്യം കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ മുന്നോട്ട് വിടില്ലെന്നും നാട്ടുകാർ പറഞ്ഞു. ആബുംലൻസിന് പിന്നാലെ ഞാനോടി.

നാട്ടുകാർ പ്രതിഷേധം തുടർന്നു. പൊലീസുകാരും ജോയിന്റ് മജിസ്ട്രേറ്റും ഹെൽമെറ്റ് ധരിച്ചത് ഞാൻ വേഗം ശ്രദ്ധിച്ചു. ജില്ലാ മജിസ്ട്രേറ്റും സ്ഥലത്തെത്തി. ഒരുകുഴപ്പവും ഇല്ലാതെ ഞാൻ നോക്കാം. മൃതദേഹം ഞങ്ങൾ മറവ് ചെയ്തോളാം എന്ന് പെൺകുട്ടിയുടെ പിതാവ് മജിസ്ട്രേറ്റിനോട് പറഞ്ഞു. ഇപ്പോഴോ രാവിലെയെ സംസ്കരിക്കണം. എങ്കിൽപിന്നെ ഇപ്പോൾ ദഹിപ്പിക്കുന്നതിന് എന്താണ് തടസം എന്നായിരുന്നു മജിസ്ട്രേറ്റ് ആവർത്തിച്ചുകൊണ്ടിരുന്നു. ഇതോടെ ആബുംലൻസിന്റെ ഗ്ലാസുകളിൽ പ്രദേശവാസികൾ തട്ടാൻ തുടങ്ങി. ഇതോടെ വാഹനം അവിടെ നിന്ന് മാറ്റി പുറത്തിട്ടു. മൃതദേഹം പുറത്തെടുക്കാൻ ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.

14 ദിവസം ജീവനായി പോരാടിയ പെൺകുട്ടി തണുത്ത് വിറങ്ങലിച്ച് കിടക്കുന്നത് ഞാൻ കണ്ടു. അവളനുഭവിച്ച ദുരിതം മരണശേഷവും അവസാനിക്കുന്നില്ലെന്നും ഞാൻ തിരിച്ചറിഞ്ഞു. രണ്ട് മണി ആയതോടെ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെയെല്ലാം വീടിനുള്ളിലേക്ക് കയറ്റി. ക്യാമറ ഓഫ് ചെയ്ത് തിരിച്ചുപോകാൻ ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. വീടിനുള്ളിൽ പെൺകുട്ടിയുടെ ബന്ധുവിന് പിന്നിൽ ഞാൻ നിന്നു. അവർ സംസാരിക്കുന്നത് ഞാൻ ഒളിപ്പിച്ചു വച്ച മൈക്കിലൂടെ റെക്കോർഡ് ചെയ്തു. ഞാനൊരു മാധ്യമപ്രവർത്തകനാണെന്ന് അറിഞ്ഞാൽ അവരുടെ യഥാർഥ പ്രതികരണം ഉണ്ടായേക്കില്ലെന്ന് ഞാൻ ഭയന്നു. ഉടൻ തന്നെ സംസ്കരിക്കാൻ ജില്ലാ മജിസ്ട്രേറ്റ് വാശി പിടിച്ചു. പെണ‍്കുട്ടിയുടെ അച്ഛനോട് വളരെ വൈകാരികമായി അവർ സംസാരിച്ചു. രണ്ടരയോടെ അവർ ചിതയ്ക്ക് തീ കൊളുത്തി. വല്ലാത്ത ഒരു രാത്രി ആയിരുന്നു അത്. ചിത കത്തുന്നത് എന്റെ കണ്ണിൽ നിന്ന് മായുന്നില്ല. ഈ രാജ്യത്തെ ദരിദ്രർക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണെന്ന് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു.