ബഹുമാനപ്പെട്ട പ്രധാനമന്ത്രിജി, താങ്കളും താങ്കളുടെ മാധ്യമ ഉപദേഷ്ടാക്കളും ഒരിക്കലെങ്കിലും കേരളത്തിൻ്റെ മുഖ്യമന്ത്രി ദിവസേന നടത്തുന്ന പത്രസമ്മേളനം കാണണം

130

എൻ.ഇ. സുധീർ

ബഹുമാനപ്പെട്ട പ്രധാനമന്ത്രിജി, താങ്കളും താങ്കളുടെ മാധ്യമ ഉപദേഷ്ടാക്കളും ഒരിക്കലെങ്കിലും കേരളത്തിൻ്റെ മുഖ്യമന്ത്രി ദിവസേന നടത്തുന്ന പത്രസമ്മേളനം കാണണം. എന്തൊക്കെ വിഷയങ്ങളാണ് ഒരു സംസ്ഥാന ഭരണാധികാരി ജനങ്ങളോട് വിശദീകരിച്ചു കൊടുക്കുന്നത് എന്ന് മനസ്സിലാക്കണം. ഏതൊക്കെ പ്രശ്നങ്ങളിലാണ് അദ്ദേഹത്തിൻ്റെയും സംസ്ഥാന ഭരണകൂടത്തിൻ്റെയും ശ്രദ്ധ പതിയുന്നത് എന്ന് വിലയിരുത്തണം. ഏതു രീതിയിലാണ് വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത് എന്ന് തിരിച്ചറിയണം. ജനങ്ങൾ അറിയേണ്ടതെന്തൊക്കെ , അവയെങ്ങനെ അവരെ അറിയിക്കണം എന്നതിൻ്റെ ഏറ്റവും മികച്ച പ്രകടനമാണ് കേരളത്തിലെ ജനത ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തെറ്റുകളും കുറവുകളും പിഴവുകളും കണ്ടേക്കാം. അവ ചൂണ്ടിക്കാണിക്കുമ്പോൾ അതെങ്ങനെ തിരുത്തപ്പെടുന്നു എന്ന് നിങ്ങൾക്ക് ഇത് കാണുന്നതിലൂടെ മനസ്സിലാക്കാൻ കഴിയും . സാമ്പത്തിക ക്ലേശത്തിൻ്റെ നെല്ലിപ്പലകയിൽ നിന്നു കൊണ്ട് ഈ ദുരന്തകാലത്ത് സമൂഹത്തിൻ്റെ കരുതൽ ഏതുവിധേന നടപ്പാക്കാമെന്ന് കേരളം കാണിച്ചുതരുന്നു. ഇത് കണ്ട് പരിചയിച്ച ഞങ്ങൾക്ക് താങ്കളാവശ്യപ്പെടുന്ന പാട്ടകൊട്ടും വെളിച്ചമടിയും തമാശയായും പരാഹാസമായും തോന്നിപ്പോവുകയാണ്. അകത്തെ ലൈറ്റോഫാക്കി പുറത്ത് ടോർച്ചടിക്കാനാവശ്യപ്പെടുന്ന ഒമ്പതു മണിയുടെ ഒമ്പതു മിനുട്ടുകളി, അതൊരു കളി തന്നെയാണ്.
മരണത്തോടു മല്ലിടിക്കുന്ന മനുഷ്യരെ ഇങ്ങനെ പരിഹസിക്കരുത്.ഞാൻ മുകളിൽ സൂചിപ്പിച്ചതു പോലെ, നിങ്ങൾ പിണറായി വിജയൻ്റെ പത്രസമ്മേളനം കണ്ടു നോക്കുക. നിങ്ങൾക്കും സ്വയം പുച്ഛം തോന്നും. തിരുത്തണം എന്നു തോന്നും. രാജ്യത്തെ ജനങ്ങളോട് പറയേണ്ട ധാരാളം കാര്യങ്ങളുണ്ടെന്ന് ബോദ്ധ്യപ്പെടും. അവയൊന്നും സമയാസമയം പറയാത്തതിൽ കുറ്റബോധം തോന്നും. ഈ കൊറോണകാലത്ത് ഇതിലൊന്നും രാഷ്ടീയവും ദുരഭിഭിമാനവും കണക്കിലെടുക്കേണ്ടതില്ല.
തിരുത്താണ് പ്രകൃതി പോലും ആവശ്യപ്പെടുന്നത്. തിരുത്തിലൂടെ നമുക്കിതിനെ അതിജീവിക്കണം.
ഒരു സാധാരണ ഇന്ത്യൻ പൗരൻ്റെ വിനീതമായ അഭ്യർത്ഥനയാണിത്. പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും ആദരവോടെ കണ്ട് വിധേയനാവാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ ഭാരതീയൻ.

ജയ് ഹിന്ദ്.