Bineesh K Achuthan
വ്യത്യസ്ത വർഷങ്ങളിലായി ഒരേ ദിവസം (നവംബർ 30) റിലീസ് ചെയ്ത രണ്ട് മമ്മൂട്ടി ചിത്രങ്ങൾ. മമ്മൂട്ടിയെ താരമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഐ.വി.ശശിയുടെയും ജോഷിയുടെയും ചിത്രങ്ങളായിരുന്നു അവ. ജോഷിയുടെ ഈ തണുത്ത വെളുപ്പാൻ കാലത്ത് 90 – ലും ഐ.വി.ശശിയുടെ നീലഗിരി 91 – ലും. പ്രശസ്ത തിരക്കഥാകാരനും സംവിധായകനുമായിരുന്ന പത്മരാജൻ, ജോഷിക്ക് വേണ്ടി എഴുതിയ ആദ്യ തിരക്കഥയായിരുന്നു ഈ തണുത്ത വെളുപ്പാൻ കാലത്ത്. പ്രതികാര ദാഹിയായ ഒരു സീരിയൽ കില്ലറുടെ കഥ പറയുന്ന ഈ ചിത്രം അന്നത്തെ കാലത്ത് പുതുമയുള്ളതായിരുന്നെങ്കിലും തീയറ്റർ പെർഫോമൻസിൽ അത് പ്രതിഫലിച്ചില്ല. നിറക്കൂട്ടിലൂടെയും ന്യൂ ഡെൽഹിയിലൂടെയും ശ്രദ്ധേയ ജോടിയായി മാറിയ മമ്മൂട്ടിയും സുമലതയും പിന്നീട് നായികാനായകൻമാരായി ഒരുമിച്ചിട്ടില്ല എന്ന് തോന്നുന്നു.
പിൽക്കാലത്ത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായി മാറിയ രഞ്ജിത്, ഐ.വി.ശശിക്ക് വേണ്ടി എഴുതിയ ആദ്യ ചിത്രമായിരുന്നു നീലഗിരി. അക്കാലത്തെ ഒരു ടിപ്പിക്കൽ മോഹൻലാൽ ചിത്രത്തിന്റെ ചേരുവകളുമായി വന്ന ഈ മമ്മൂട്ടി ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ഈ പരാജത്തെ തുടർന്ന് മമ്മൂട്ടി ദീർഘനാൾ ഐ.വി.ശശി ചിത്രങ്ങളിൽ നിന്നും വിട്ടു നിന്നു. ബാഹുബലിയിലൂടെ ദേശീയ പ്രശസ്തിയാർജ്ജിച്ച എം.എം.കീരവാണി, മരകത മണി എന്ന പേരിൽ മലയാള സിനിമയിൽ അരങ്ങേറിയത് നീലഗിരിയിലൂടെയായിരുന്നു. കെ.ബാലചന്ദറിന്റെ മമ്മൂട്ടി ചിത്രമായ അഴകനിലൂടെയായിരുന്നു കീരവാണി തമിഴിൽ തുടക്കം കുറിക്കുന്നത്. മധുബാലയും അഴകനിലൂടെയായിരുന്നു സിനിമാ പ്രവേശനം നടത്തുന്നത്. അഴകനിലെ പരിചയം വച്ച് മമ്മൂട്ടിയായിരിക്കാം ഇരുവരെയും നീലഗിരിയിലൂടെ മലയാള സിനിമയിലേക്ക് ക്ഷണിച്ചതും. ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റായിരുന്നെങ്കിലും മരകത മണി വളരെ കുറച്ച് മലയാള സിനിമകളിലേ സംഗീതം നിർവ്വഹിച്ചിട്ടുള്ളൂ.
**