കോവിഡ് 19 നല്ല ആരോഗ്യമുള്ളവരിൽ പോലും വലിയ ഡാമേജ് വരുത്തും

69

Neelu Siby

ഫോട്ടോയിലുള്ളത് മൈക്ക് ഷുൾട്‌സ് എന്ന 43 വയസ്സുകാരനാണ്. നേഴ്സ്, ആഴ്ചയിൽ 6-7 പ്രാവശ്യം വർക്ക് ഔട്ട് ചെയ്യുന്ന, ഒരു രോഗങ്ങളുമില്ലാതെയിരുന്ന, പൂർണ്ണ ആരോഗ്യവാൻ. ആദ്യ ഫോട്ടോ കോവിഡ് 19 വരുന്നതിന് മുൻപും രണ്ടാമത്തേത് കോവിഡ് വന്നു, 6 ആഴ്ച്ച വെന്റിലേറ്ററിൽ ആയിരുന്നതിന് ശേഷവും. അസുഖത്തിന് മുൻപ് 86 kg ഉണ്ടായിരുന്ന ശരീരഭാരം അതിന് ശേഷം 63 kg ആയി. ന്യൂയോർക് ഡെയിലി ന്യൂസിൽ വന്ന വാർത്തയിൽ നിന്നുള്ള ഫോട്ടോ ആണ്, കമന്റിൽ ലിങ്കുണ്ട്.

മൈക്ക് മാര്ച്ച് ആദ്യ ആഴ്ച്ച മൈയാമി ബീച്ചിൽ നടന്ന വിന്റർ പാർട്ടി ഫെസ്റ്റിവലിൽ പങ്കെടുത്തു, അതിന് ശേഷമാണ് സുഖമില്ലാതെയാകുന്നത്. അതിൽ പങ്കെടുത്തവരിൽ 38 പേര് കോവിഡ് പോസിറ്റീവ് ആയി, മൂന്നു പേർ മരിച്ചു. ഫ്ലോറിഡയിൽ പോകുന്നതിന് മുൻപ് അയാൾ ചിന്തിച്ചത് കൈകൾ നല്ല പോലെ കഴുകി, കൈ കൊണ്ട് മുഖത്തൊന്നും പിടിക്കാതിരുന്നാൽ മതിയല്ലോ, സൂക്ഷിച്ചാൽ മതിയല്ലോ എന്നാണ്. എന്നാൽ ആള് കൂടുതലാകുന്ന എവിടെയും സാമൂഹിക അകലം പാലിക്കുന്നത് ബുദ്ധിമുട്ടാകും, നമ്മൾ എത്ര സൂക്ഷിച്ചാലും മറ്റുള്ളവരുടെ കാര്യം ഉറപ്പാക്കാൻ പറ്റില്ല എന്നത് മറന്നു പോയി.

കൊറോണ വൈറസിന് ആൾക്കൂട്ടം ആഘോഷമാണോ, ഉത്സവമാണോ, കുർബാന ആണോ, പള്ളിയിലെ ആൾക്കൂട്ടത്തിനിടയിലെ നിസ്കാരമാണോ, തുണിക്കടയിലെയോ റോഡിലെയോ ഇടിയാണോ എന്നത് പ്രശ്നമല്ല. അത് കൊണ്ട് സൂക്ഷിക്കാനുള്ളത് നമ്മൾ തന്നെ സൂക്ഷിക്കണം. സാമൂഹിക അകലം പാലിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക, കൈകൾ കഴുകുക, മാസ്‌ക് ധരിക്കുക. മൈക്ക് 6 ആഴ്ച്ച വെന്റിലേറ്ററിൽ ആയിരുന്നിട്ടും ഇപ്പോൾ എണീറ്റ് നടക്കുന്നതും ആഹാരം കഴിക്കാൻ പറ്റുന്നതും ഇത്രയും ആരോഗ്യം ഉണ്ടായിരുന്നത് കൊണ്ടാകാം, എന്നാൽ നമ്മൾ എത്ര പേർക്ക് സ്വന്തം കാര്യത്തിൽ ഇത് ഉറപ്പാക്കാൻ പറ്റും? ആഴ്ചകൾ വെന്റിലേറ്ററിൽ ഐ. സി.യുവിൽ കഴിയാൻ പറ്റും? അതിന് ശേഷമുള്ള റീഹാബിലിറ്റേഷൻ ഒക്കെ നടപ്പിലാക്കാൻ പറ്റും? അത് കൊണ്ട് സൂക്ഷിക്കുക.

എൻ.ബി: ഇത് രോഗം വന്ന ആളിനെ യാതൊരു രീതിയിലും കുറ്റപ്പെടുത്താൻ/ ജഡ്ജ് ചെയ്യാൻ വേണ്ടി എഴുതിയതല്ല. കോവിഡ് 19 നല്ല ആരോഗ്യമുള്ളവരിൽ പോലും എത്ര മാത്രം ഡാമേജ് വരുത്താമെന്നുള്ളത് മനസ്സിലാക്കാൻ വേണ്ടി പോസ്റ്റ് ചെയ്തു എന്നേയുള്ളു.