നല്ല നാളെക്കുള്ള നല്ല ഭരണം സ്ക്രീനിൽ എങ്കിലും കാണാൻ ആഗ്രഹിക്കുന്നവർക്ക് തെറ്റിലാത്ത ഒരു കാഴ്ച

0
54

Sajo Joseph

 

ONE

പൂർണമായും ജനപക്ഷത്ത് നിന്നു കൊണ്ടുള്ള കഥ പറച്ചിലും സംശുദ്ധ നായക അവതരണവും മൂലം യാഥാർഥ്യത്തോട് ഒട്ടും അടുത്തു നില്കുന്നില്ലെങ്കിലും ഒരു വട്ടം കാണാൻ ഉള്ള വക തരുന്നുണ്ട് സന്തോഷ് വിശ്വനാഥന്റെ രണ്ടാം വരവിൽ ബോബി സഞ്ജയ് രചന കൈകാര്യം ചെയ്ത ഈ ചിത്രം.സ്വന്തം പാർട്ടിയിലും മറുപക്ഷത്തും എതിരാളികൾ ഏറെ ഉള്ള കടക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ Right to Recall എന്ന ബിൽ നടപ്പിക്കാനുള്ള ശ്രമം ആണ് ചിത്രത്തിന്റെ പ്രധാന കഥാബിന്ദു. സ്‌ഥിരതയില്ലാത്ത ആഖ്യാനവും അപ്രസക്തമായ സബ് പ്ലോട്ടുകളും പലപ്പോഴും പിന്നോട്ടു വലിക്കുമ്പോഴും ചിത്രത്തെ രക്ഷിച്ചെടുക്കുന്നത് വിഷയത്തിന്റെ ഉദ്ദേശ ശുദ്ധിയും മമ്മൂട്ടിയുടെ സ്ക്രീൻ പ്രെസെൻസും ആണ്.

ശരാശരി നിലവാരം പുലർത്തിയ തിരക്കഥയും അതിനൊത്ത അവതരണവും ആയി എത്തിയ ഈ ചിത്രത്തെ പലപ്പോഴും താങ്ങി നിർത്തിയത് വമ്പൻ താരനിരയുടെ മികച്ച പ്രകടനങ്ങൾ ആണ് എന്നതിൽ തർക്കമില്ല. ജോജു ജോർജ്, മുരളി ഗോപി, സുധീർ കരമന, ജഗദീഷ്, അലൻസിയർ, ഗായത്രി എന്നിവർ തിളങ്ങിയപ്പോൾ മാത്യൂസ്, ഇഷാനി തുടങ്ങിയവർക്കു പ്രതീക്ഷിച്ച impact ഉണ്ടാക്കാൻ ആയില്ല.
ഗോപിസുന്ദർ കൈകാര്യം ചെയ്ത BGM തന്റെ തന്നെ പുലിമുരുകൻ തീം ആയി സാമ്യം തോന്നിച്ചുവെങ്കിലും ഒട്ടേറെ Dull scenes elevate ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ചു. മൊത്തത്തിൽ ഉണ്ടായിരുന്ന പ്രതീക്ഷികളെ പൂർണമായി തൃപ്തിപ്പെടുന്നതിൽ വിജയിക്കുന്നില്ലെങ്കിലും നല്ല നാളെക്കുള്ള നല്ല ഭരണം സ്ക്രീനിൽ എങ്കിലും കാണാൻ ആഗ്രഹിക്കുന്നവർക്ക് തെറ്റിലാത്ത ഒരു കാഴ്ച ആയിരിക്കും One.

ശരാശരി – 5.5/10


Rohith Kp

വൺ …
കടക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ ജീവിതത്തിലെ ഓരോ എപ്പിസോഡ് .അതായത് ആക്ഷൻ ഹീറോ ബിജുവിന്റെ ഏകദേശ മുഖ്യമന്ത്രി വേർഷൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം .കേരള രാഷ്ട്രീയമാണ് പറയുന്നതെങ്കിലും കേരത്തിലെ ഏതെങ്കിലും ഒരു പാർട്ടിയെക്കുറിച്ചോ അതിന്റെ പ്രത്യയശാസ്ത്രത്തെകുറിച്ചോ പരോക്ഷമായി പോലും സിനിമയിൽ പ്രതിപാദിക്കുന്നില്ല. കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രം പുറമെ ട്ടഫ് ആയ കഥാപാത്രമാണ്. അതുകൊണ്ട് തന്നെ കഥാപാത്രത്തിൻ്റെ ചില മാനറിസങ്ങൾ മമ്മൂട്ടിയെ തന്നെയും ചിലത് മുഖ്യമന്ത്രി പിണറായി വിജയനെയുമാണ് ഓർമ്മിപ്പിക്കുന്നത്. മുഖ്യമന്ത്രി ഒരു പുതിയ നിയമ നിർമ്മാണത്തിന് മുതിരുന്നതാണ് സിനിമയിൽ ഒരു പ്രധാന വഴിത്തിരിവായി വരുന്നത്.

Mammootty's One headed for an OTT release? | Malayalam Movie News - Times  of Indiaഅരാഷ്ട്രീയ നിലപാടുകൾ തന്നെയാണ് സിനിമ മുൻപോട്ട് വെക്കുന്നത്. രാഷ്ട്രീയക്കാർ അഴിമതിക്ക് വേണ്ടി നിൽക്കുമെന്നും മുന്നണി രാഷ്ട്രീയം പണവും പദവിയും ഉണ്ടാക്കാനുള്ളതാണെന്നും സിനിമ പറയുന്നു. ഇത്തരം പറഞ്ഞുവെക്കലുകൾ ഗുണം ചെയ്യുന്നത് ട്വന്റി ട്വന്റി പോലുള്ള കോർപ്പറേറ്റ് രാഷ്ട്രീയകാർക്കാരെ പോലുള്ളവർക്കും പാലക്കാട് മത്സരിക്കുന്ന മെട്രോമാനെ പോലുള്ളവർക്കും ആയിരിക്കും എന്ന കാര്യം മലയാളി പ്രേക്ഷകർ മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു. റിയാലിറ്റിയുമായി ബന്ധം ഇല്ലാത്ത ഒരുപാട് സന്ദർഭങ്ങൾ സിനിമയിൽ ഉണ്ട്. ക്ളൈമാക്‌സ് രംഗങ്ങളിലെ നിയമസഭാ ചർച്ചയൊക്കെ അതിന് ഉത്തമ ഉദാഹരണമാണ്. നിയമസഭാ ഗ്യാലറിയിൽ എങ്ങനെയാണ് കാണികൾ പെരുമാറുക എന്നുള്ള കാര്യം പോലും സിനിമയുടെ പിന്നണിയിൽ ഉള്ളവർ ശ്രദ്ധിക്കാതിരുന്നത് വലിയ തെറ്റായിപ്പോയി. എന്തായാലും പത്ത് വർഷം മുൻപത്തെ ചില കൊമേഴ്‌സ്യൽ രാഷ്ട്രീയ സിനിമകളെ വെച്ച് നോക്കുമ്പോൾ കുറെയൊക്കെ ഭേദമാണ് ഇതൊക്കെ.

മമ്മൂട്ടിക്കും ജോജു ജോർജ്ജിനും മാത്യൂസിനും സലിം കുമാറിനും അല്ലാതെ വേറെ നടീ നടന്മാർക്കൊന്നും കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ബിജിഎം പാട്ടുകൾ എന്നിവ ശരാശരിയിൽ ഒതുങ്ങി.
കൊണ്ടുവന്ന concept ൽ ചില പുതുമകൾ അവകാശപ്പെടാമെങ്കിലും കണ്ടിരിക്കാവുന്ന പൊളിറ്റിക്കൽ ഡ്രാമ എന്ന നിലയിൽ മാത്രം വിലയിരുത്താവുന്ന സിനിമയാണ് വൺ. ഇതൊരു സിനിമയാണെന്നും റിലാലിറ്റിയുമായി ഇതിന് ബന്ധമില്ലെന്നും മനസ്സിൽ ഉറപ്പിച്ചാൽ നിങ്ങൾക്ക് ഭേദപ്പെട്ട ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമ ആസ്വദിക്കാം.
(കോഴിക്കോട് കൈരളി എന്ന സർക്കാർ തീയേറ്റർ ഈ വർഷം പുതുക്കിപണിത ശേഷം ആദ്യമായി കയറിയത് ഇന്നാണ്. കോഴിക്കോട്ടെ ഏറ്റവും നല്ല തീയേറ്റർ experience ആണ് കൈരളിയിലേത്. )


Firaz Abdul Samad

തുടക്കം തന്നെ പറയട്ടെ, വൺ എന്ന ചിത്രം ഒരിക്കലും രാമലീല, ലയൺ എന്ന ചിത്രങ്ങൾ പോലെ ഒരു കമർഷ്യൽ മൂല്യമുള്ള പൊളിറ്റിക്കൽ ത്രില്ലറല്ല, മറിച്ച്, നമ്മൾ കണ്ടിട്ടില്ലാത്ത, അല്ലെങ്കിൽ നമ്മൾ ചിന്തിക്കുക പോലും ചെയ്യാത്ത ഡെമോക്രസി എന്ന വാക്കിന്റെ പൂർണ്ണതയെ തേടി പോകുന്ന, അത് എന്ത് വില കൊടുത്തും നടപ്പിലാക്കണം എന്ന ദൃഢമായ തീരുമാനമെടുത്ത ഒരു അമാനുഷികനല്ലാത്ത മുഖ്യമന്ത്രിയുടെ കഥ പറയുന്ന പൊളിറ്റിക്കൽ ഡ്രാമയാണ്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് ബോബി-സഞ്ജയാണ്. പ്രധാന കഥാപാത്രമായ മുഖ്യമന്ത്രി കടക്കൽ ചന്ദ്രനെ അവതരിപ്പിക്കുന്ന മമ്മൂട്ടിയോടൊപ്പം, ജോജു, മുരളി ഗോപി, മാത്യൂസ്, നിമിഷ, ഗായത്രി അരുൺ തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

തീർത്തും മമ്മൂട്ടി എന്ന നടന്റെ one man show തന്നെയാണ് വൺ. കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ ഇതിലും മികച്ചതായി ചെയ്യാൻ ആർക്കും കഴിയാത്ത രീതിയിൽ തന്നെ അദ്ദേഹം ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഇന്റർവെലിന് മുൻപുള്ള സീനും, ക്ലൈമാക്സും. സഹ താരങ്ങളായി വന്നവരെല്ലാം നന്നായപ്പോൾ, ജോജുവും, മുരളി ഗോപിയും, മാത്യൂസും കയ്യടി അർഹിക്കുന്ന പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. നിമിഷയുടെ കഥാപാത്രം ഒരു മിസ്‌കാസ്റ്റ് ആയി തോന്നി.

ബോബി-സഞ്ജയ് കൂട്ടുകെട്ടിലെ നിർണായകം എന്ന ചിത്രത്തിൽ അവർ മുന്നോട്ട് വെക്കുന്ന ഒരു ആശയമുണ്ട്, അതിലൊരു രാഷ്ട്രീയമുണ്ട്, അതിനോട് സാമ്യമുള്ള ഒരു തിരക്കഥയും, കഥാപാശ്ചാത്തലവും, കഥ ആവശ്യപ്പെടുന്ന സന്തോഷിന്റെ അവതരണവും തന്നെയാണ് സിനിമയുടെ നട്ടെല്ല്. കുറെയേറെ നാളുകൾക്ക് ശേഷം ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം വളരെ മികച്ചതായി തോന്നി. സിനിമയുടെ ക്യാമറയും, പശ്ചാത്തല സംഗീതവും പല സീനുകളെയും നന്നായി എലവേറ്റ് ചെയ്യുന്നുണ്ട്. സാമാന്യം നല്ലൊരു ആദ്യ പകുതിയും, വളരെ മികച്ചൊരു രണ്ടാം പകുതിയും ചെന്നെത്തുന്നത് സിനിമയുടെ തന്നെ ഏറ്റവും മികച്ച ഭാഗമായ ക്ലൈമാക്സിലേക്കാണ്. എന്നാൽ ചില സീനുകളും, അതിനോട് അനുബന്ധിച്ച് നടക്കുന്ന ചില കാര്യങ്ങളും അനാവശ്യമായി തോന്നി.

ഡെമോക്രസിയുടെ സാധ്യതകളെ കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിലൂടെ വരച്ചു കാണിക്കുന്ന വൺ എന്ന ചിത്രത്തെ ഒരു കമർഷ്യൽ മാസ്സ് ചിത്രമായി സമീപിക്കാതെ ഒരു പൊളിറ്റിക്കൽ ഡ്രാമയായി സമീപിച്ചാൽ വളരെ മികച്ചൊരു സിനിമയാണ് വൺ. തീർച്ചയായും തീയേറ്ററിൽ നിന്ന് കണ്ടിരിക്കേണ്ട ചിത്രം. അടുത്തിടെ കണ്ട മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.
മൂവി മാക് നൽകുന്ന റേറ്റിംഗ്- 8.4/10..
അഭിപ്രായം വ്യക്തിപരം.
സ്നേഹത്തോടെ, മാക്..


Vishnu Mohan Thevannoor

 

ONE (1) : മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ ❤️
Spoiler_Alert 👉👉

“Right to Recall : തിരിച്ചു വിളിക്കാൻ ഉള്ള അവകാശം” , ഒന്നുകൂടി വ്യക്തമാക്കിയാൽ ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികളെ കൊള്ളില്ലെന്നു തോന്നിയാൽ ജനങ്ങൾക്ക് തന്നെ ഭൂരിഭാഗം വോട്ട് രേഖപ്പെടുത്തി കാലാവധി കഴിയുന്നതിനു മുന്നേ അധികാരത്തിൽ നിന്നും പുറത്തു കൊണ്ടുവരാനുള്ള അധികാരം. കേൾക്കുമ്പോൾ നല്ല രസമുണ്ട് അല്ലേ …. ജനാധിപത്യ രാജ്യമെന്നും ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടി എന്നൊക്കെ ഘോരം ഘോരം പ്രസംഗിക്കുന്ന രാജ്യത്ത് ജനങ്ങൾക്ക് മിനിമം ഇത്രേയെങ്കിലും ഒരു അവകാശം വേണമെന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ പറ്റില്ല. ഇനി ഈ ബിൽ പാസ്സാക്കാൻ മുൻകൈ എടുക്കുന്നത് മുഖ്യമന്ത്രി തന്നെയാണങ്കിലോ?? കൂടെയുള്ളവരുടേയും പ്രതിപക്ഷത്തിൻ്റേയും എതിർപ്പ് വക വയ്ക്കാതെ അത് അവതരിപ്പിച്ചാലോ ?? ഇപ്പോ നെറ്റി ഒന്നു ചുളിഞ്ഞു അല്ലേ ? ഇതേ വിഷയം തന്നെയാണ് സന്തോഷ് വിശ്വനാഥൻ്റെ വൺ മുന്നോട്ട് വയ്ക്കുന്നതും.
സിനിമ ഒരു പക്കാ പൊളിറ്റിക്കൽ ഡ്രാമയാണ് …. എന്നാൽ രാഷ്ട്രീയം എത്രത്തോളം അതിൽ ഏശിയിട്ടുണ്ട് എന്ന് കണ്ടു തന്നെ പറയണം. തിരക്കഥ സിനിമയ്ക്ക് കല്ലുകടിയാകുമ്പോൾ ഏറെ മികച്ചത് എന്ന് തോന്നിയത് കാസ്റ്റിംഗ് തന്നെയാണ്. കടയ്ക്കൽ ചന്ദ്രൻ ആയി മമ്മൂട്ടിയുടെ One Man Show…… ആദ്യാവസാന പ്രകടനം . ചിത്രത്തിൽ ഏറ്റവും മികച്ചതും അതുതന്നെ. ലോജിക് ഇടയ്ക്കൊക്കെ അല്പം മാറ്റി വച്ചുതന്നെ കടയ്ക്കൽ ചന്ദ്രൻ്റെ പ്രകടനങ്ങൾക്ക് കൈയ്യടിക്കാം. ഇങ്ങനെയൊക്കെ നടക്കുമോ എന്നു ആരേലും ചോദിച്ചാൽ അത്ഭുതപ്പെടാനില്ല. സമകാലീന രാഷ്ട്രീയ വിഷയങ്ങൾ ചിത്രത്തിൽ ഇടയ്ക്ക് വരുന്നുണ്ടെങ്കിലും ചിത്രത്തിലെ രാഷ്ട്രീയമായി അവയ്ക്ക് യാതൊരു ബന്ധവും ഇല്ല.
വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുള്ളതിനാൽ എല്ലാ മികച്ച പ്രകടനങ്ങളും എടുത്തു പറയാൻ പ്രയാസം.
എങ്കിലും ചിലത് പറയാതെ വയ്യ ജോജുജോർജ്, മുരളി ഗോപി ,ബിനു പപ്പു, ശങ്കർ രാമകൃഷ്ണൻ, മാത്യു തോമസ്, ഇഷാനി, ഗായത്രി അരുൺ, അലൻസിയർ തുടങ്ങിയവരുടെ പ്രകടനങ്ങൾ മികച്ചു നിന്നു. പശ്ചാത്തല സംഗീതം കടയ്ക്കൽ ചന്ദ്രൻ്റെ സ്ക്രീൻ പ്രസൻസിന് കൂടുതൽ ഊർജം പകർന്നു.
രാഷ്‌ട്രീയം കഥ പറയുമ്പോൾ , അരാഷ്ട്രീയതയാണ് ചിത്രത്തിൽ ഉടനീളം എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഒരു രാഷ്ട്രീയക്കാരനായി സിനിമയെ സമീപിച്ചാൽ ശരാശരി അനുഭവം മാത്രം. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന മേക്കിംഗ് വരുംദിവസങ്ങളിൽ ഫാമിലി പ്രേക്ഷകരെ തിയേറ്ററിൽ നിറയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല