നെഹ്‌റുവും രാജ്കുമാരി അമൃത് കൗറും എയിംസും

0
52

അരുൺ ടി കക്കോടി

നെഹ്‌റുവും രാജ്കുമാരി അമൃത് കൗറും എയിംസും (AIIMS)

ചരിത്രത്തിന്റെ തങ്കലിപികളിൽ രേഖപ്പെടുത്തിവച്ച എന്നാൽ പിൽക്കാലത്ത് നിശബ്ദമായിപ്പോയ പേരാണ് അമൃത് കൗറിന്റേത്. സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യമന്ത്രി എന്നത് മാത്രമല്ല ഇന്ത്യയിലെ ആദ്യത്തെ AIIMS ന് ഡൽഹിയിൽ തറക്കല്ലിട്ടതും രാജ്കുമാരി അമൃത് കൗർ ആണ്.

രാജ്യത്തിന്റെ ആരോഗ്യരംഗം ഏറെ വികസനം കൈവരിച്ചിട്ടില്ലാത്ത 1950 കളിൽ മലേറിയക്കെതിരായ പോരാട്ടത്തിൽ നമ്മെ മുന്നിൽ നിന്ന് നയിച്ചത് കൗർ ആയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ നാമമാത്രമായിരുന്ന ആ കാലഘട്ടത്തിൽ മലേറിയ ഇന്ത്യയിൽ ഏറ്റവും ചുരുങ്ങിയത് പത്ത് ലക്ഷം ജീവനുകളെടുക്കുമെന്ന് ലോകത്തെമ്പാടുമുള്ള ആരോഗ്യ വിദഗ്ദർ വിധി എഴുതിയപ്പോൾ കൗർ മലേറിയക്കെതിരായ പോരാട്ടത്തെ മുന്നിൽ നിന്ന് നയിച്ചു.

ഇന്ത്യയുടെ ആരോഗ്യ മേഖലയെക്കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ AIIMS എന്ന ആശയം നമുക്ക് മുന്നിൽ വച്ച ജവഹർലാൽ നെഹ്‌റുവിനെയും കൗറിനെയും സ്മരിക്കാതെ മുന്നോട്ട് പോകുവാൻ കഴിയില്ല.
സ്വാതന്ത്ര്യാനന്തരം ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു ഭൂപ്രദേശത്തെയാണ് നെഹ്‌റുവിന്റെ കൈകളിലേക്ക് കിട്ടിയത്. പട്ടിണിയും തൊഴിലില്ലായ്മയും ആരോഗ്യ – വിദ്യാഭ്യാസ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും നെഹ്‌റുവിന്റെ മുന്നിലെ വലിയ വെല്ലുവിളികളായിരുന്നു. അതോടൊപ്പം വിഘടനവാദത്തിന്റെ അവശേഷിപ്പുകളും ജാതീയതയും സാമൂഹിക ഐക്യം തകർക്കുന്ന രീതിയിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ വളർത്തിക്കഴിഞ്ഞിരുന്നു. എന്നാൽ നെഹ്‌റുവെന്ന ദീർഘവീക്ഷണശാലി തന്റെ നിശ്ചയദാർഢ്യം കൊണ്ട് ഓരോന്നിനെയായി മറികടന്നു.

രാജ്യത്ത് കൃത്യമായി ഭക്ഷണമെത്തിക്കാൻ പോലും വിദേശ രാജ്യങ്ങളുടെ സഹായം തേടേണ്ടിവരുമ്പോഴാണ്
1956 ൽ All India Medical Sciences Act പ്രകാരം AIIMS സ്ഥാപിക്കാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന അമൃത് കൗറും ചേർന്ന് തീരുമാനമെടുക്കുന്നത്. കൊൽക്കത്ത (അന്നത്തെ കൽക്കട്ട) യിൽ സ്ഥാപിക്കനായിരുന്നു ആദ്യത്തെ തീരുമാനം എന്നാലത് പിന്നീട് ഡൽഹിയിലേക്ക് മാറ്റി. പിന്നീട് AIIMS ന് INI (Institutes of National Importance) പദവി നൽകി.

സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്തിന് അന്ന് AIIMS പോലൊരു വൻകിട പൊതുമേഖലാ ആരോഗ്യ സ്ഥാപനം നിർമിക്കുക എന്നത് ഏറെ പ്രയാസകരമായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി അന്നത്തെ ന്യൂസിലാൻഡ് ഗവണ്മെന്റാണ് ആദ്യമായി സഹായിച്ചത് പിന്നീട് ഫോർഡ് ഫൌണ്ടേഷൻ ഓസ്‌ട്രേലിയൻ ഗവണ്മെന്റ്, ഡച്ച് ഗവണ്മെന്റ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും AIIMS നിർമാണത്തിനായി സഹായ ഹസ്തങ്ങൾ നീണ്ടു.
AIIMS ലേക്കുള്ള അഡ്മിഷൻ ഒരു കോമൺ എൻട്രൻസ് പരീക്ഷ വഴിയായിരിക്കണമെന്നും രാജ്യത്തിന്റെ ഏത് ദിക്കിലുമുള്ള വിദ്യാർത്ഥികൾക്ക് അവിടെ പഠിക്കാൻ തുല്യ അവസരം ഉണ്ടാകണമെന്നും പറഞ്ഞത് അമൃത് കൗർ ആണ്.
ഒരു കാര്യം കൂടെ ഷിംലയിലുള്ള തന്റെ വസതി AIIMS ന് ദാനം ചെയ്താണ് കൗർ ഈ ലോകം വിട്ട് പോയത്.
ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രിയും മെഡിക്കൽ പഠന കേന്ദ്രവുമായി AIIMS തലയുയർത്തി നിൽക്കുമ്പോൾ അവയ്ക്ക് പിന്നിലുള്ള കരങ്ങളെ ഓർക്കാതെ പോകുന്നതെങ്ങനെ…