മോഹൻ മനുസ്മൃതി ഭഗവത്തേ…ആണിന്റെ തോന്ന്യാസങ്ങളെ പെണ്ണ് എതിർത്ത് തുടങ്ങിയതോടെയാണ് വിവാഹമോചനങ്ങൾ വർദ്ധിച്ചത്

128
Nelson Joseph
” അച്ചടക്കമുള്ള ഭാര്യമാരെയാണ് ഈ രാജ്യത്തിനാവശ്യം “
—————-
കഴിഞ്ഞ ദിവസം ആർ.എസ്.എസ്സിൻ്റെ മോഹൻ ഭഗവത് പറഞ്ഞതായിട്ട് കേട്ട ഒന്നുരണ്ട് സംഗതികളുണ്ട്. നമ്മുടെ രാജ്യത്ത് ഡിവോഴ്സിൻ്റെ എണ്ണം അങ്ങനെ കൂടി വരികയാണത്രേ. കാരണം ബാക്ടീരിയ അല്ല. വിദ്യാഭ്യാസമാണെന്നാണ് ജി പറയുന്നത്. വിദ്യാഭ്യാസം കൂടുമ്പൊ അഹങ്കാരവും കൂടും. ചെറ്യ ചെറ്യ കാര്യങ്ങൾക്ക് അടിയുണ്ടാക്കി ആളുകൾ പിരിയുന്നു എന്ന് പറഞ്ഞതായാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡിവോഴ്സിൻ്റെ എണ്ണം കൂടുന്നോ എന്നൊക്കെ കണക്കുകൾ നോക്കി തീരുമാനിക്കേണ്ടതാണ്.അതവിടെ നിൽക്കട്ട്.സത്യമല്ലേ? പെണ്ണിനു വിദ്യാഭ്യാസമോ സ്വന്തമായിട്ട് വരുമാനമോ ഇല്ലാതിരുന്നെങ്കിൽ എന്ത് നന്നായേനേ ഇല്ലേ?
ഹോ…ട്രസ്റ്റിലുണ്ടെങ്കിലും ഞാനും അപ്പനും ഇരിക്കുന്ന ഉമ്മറത്ത് വന്ന് അഭിപ്രായം പറയാൻ കെല്പില്ലാഞ്ഞ സുഭദ്രമാർ മാത്രം ഉള്ള ആ കിനാശേരി…അടിപൊളിയായിരിക്കും.ഇപ്പൊഴാണേൽ വിദ്യാഭ്യാസമായി..വിദ്യാഭ്യാസം കിട്ടിയപ്പൊ വിവരം വച്ചു. അത് കഴിഞ്ഞപ്പൊ ജോലിക്ക് പോവണമെന്നായി. ജോലിയായപ്പൊ വരുമാനമായി..വരുമാനമായപ്പൊ സ്വന്തം അഭിപ്രായമായി..
അപ്പൊ എന്താ പ്രശ്നമെന്നോ? ആകെ മൊത്തം ടോട്ടൽ പ്രശ്നമല്ലേ?പഴയപോലെ വെള്ളമടിച്ച് കോൺ തെറ്റി പാതിരായ്ക്ക് വീട്ടിൽ കേറിച്ചെന്നാൽ ചുമ്മാ കാലു മടക്കി തൊഴിക്കാൻ പറ്റാറില്ല..നേരെ ചൊവ്വേ അല്ലെങ്കിൽ തുലാവർഷ രാത്രികളിൽ ഒരു പുതപ്പിനടിയിലെ പ്രണയവും സ്റ്റോപ്പ്..ഇന്ദുചൂഡന്മാർ എന്ത് ചെയ്യും.
സ്വന്തമായി വരുമാനവും ലോക പരിചയവും ഉണ്ടായപ്പൊ ഇയാൾ ഒരു ദിവസം എന്നെ ഇട്ടിട്ട് പോയിക്കഴിഞ്ഞാൽ ഞാൻ ഈ ഒരു കുഞ്ഞിനെയുമായി എന്ത് ചെയ്യും എന്ന് ആലോചിക്കേണ്ട ബാദ്ധ്യത പെണ്ണിനു കുറഞ്ഞു..ഞാൻ ആർക്കെങ്കിലും ഭാരമായാലോ എന്ന ചിന്ത ഇല്ലാതെയായി. പെണ്ണാണ് എല്ലാം സഹിക്കേണ്ടത് എന്ന മിഥ്യാ ധാരണ പോയി. ഭൂമിയോളം താഴണം എന്ന് പറഞ്ഞാൽ ” എന്തിന് ” എന്ന് തിരിച്ച് ചോദിക്കാമെന്നായി.ചുരുക്കിപ്പറഞ്ഞാൽ ” എനിക്ക് ഒരു വ്യക്തി എന്ന നിലയിൽ ബഹുമാനം തരാത്ത ഒരാളുടെ കൂടെ ഞാൻ ജീവിതകാലം മുഴുവൻ എന്തിനു സഹിച്ച് കഴിയണം? ” എന്ന് ചോദിക്കാനുള്ള ധൈര്യമായി.കുറെയധികം വീടുകളിൽ എരിഞ്ഞടങ്ങിക്കൊണ്ടിരുന്ന, അല്ലെങ്കിൽ അങ്ങനെ ആവേണ്ടിയിരുന്ന പെണ്ണുങ്ങൾ ” പോടാ പുല്ലേ ” എന്ന് പറഞ്ഞിട്ട് ഇറങ്ങിപ്പോയി..
വിദ്യാഭ്യാസമാണ് എല്ലാത്തിനും കാരണം..ല്ലേ?
ഒരു ചെറ്യ പ്രശ്നമുണ്ട്. അത് വിദ്യാഭ്യാസം കൊണ്ടുവന്ന അഹങ്കാരം കാരണമല്ല.
ഒരിക്കൽ വിവാഹിതരായാൽ പിന്നെ ജീവിതം മുഴുവൻ അവിടെ ..അത് എന്ത് പ്രശ്നങ്ങളുണ്ടായാലും, ഏത് രീതിയിൽ അടിച്ചമർത്തപ്പെട്ടാലും സഹിക്കണം. ഭാര്യയും ഭർത്താവും തമ്മിൽ അടിമയും ഉടമയും തമ്മിലുള്ള ബന്ധമല്ല.എന്തിനു വിട്ടുവീഴ്ച ചെയ്ത് ഫിസിക്കൽ അബ്യൂസടക്കം സഹിച്ച് നിന്നുകൊടുക്കണം? അതല്ല കുടുംബം. അപ്പൊ നിയമം തന്നിട്ടുള്ള ഓപ്ഷനാണ് ഡിവോഴ്സ്. അകാരണമായി അടിച്ചമർത്തൽ സഹിക്കുന്നതിനെക്കാൾ മെച്ചപ്പെട്ട വഴി.സ്വന്തം കാലിൽ നിൽക്കാൻ ധൈര്യം വന്നപ്പൊ ആ വഴികൾ സ്വീകരിക്കുന്നവരുടെ എണ്ണം കൂടിയെങ്കിൽ എന്താണ് പ്രശ്നം?
പുറത്ത് ഒന്നും അറിയുന്നില്ല എന്നതുകൊണ്ട് മാത്രം സന്തുഷ്ട കുടുംബജീവിതം എന്ന് പറഞ്ഞ് നടന്നിരുന്ന കുമിളകൾ പെണ്ണ് ഒന്ന് നിവർന്ന് നിന്നപ്പൊ പൊട്ടുന്നെങ്കിൽ അങ്ങ് പൊട്ടട്ടെ..
വിദ്യാഭ്യാസമുണ്ടെങ്കിലും കുടുംബം അവിടെയൊക്കെത്തന്നെ ഉണ്ടാവും. ഒരു വ്യക്തിക്ക് ലഭിക്കേണ്ട ബഹുമാനം, പരസ്പര ബഹുമാനത്തോടെ പെരുമാറിയാൽ.എല്ലാവരും…ഭാര്യയും ഭർത്താവും…രണ്ട് വീട്ടുകാരും…എല്ലാവരും.