അന്യസംസ്ഥാന തൊഴിലാളികൾ മാത്രമാണ് ക്രിമിനലുകൾ എന്ന് മുദ്രകുത്തുന്നതിനു മുൻപേ കുറച്ച് കണക്കുകൾ കൂടി അറിഞ്ഞിരിക്കണം

138

Nelson Joseph

അതിഥി തൊഴിലാളികളെയും ഇതര സംസ്ഥാനത്തുനിന്ന് ജോലിക്കായി വരുന്നവരെയും കുറിച്ചുള്ള ഭീതി പരത്താനായി എഴുതിയ ഒരു പോസ്റ്റിനൊപ്പം കണ്ട ചിത്രമാണിത്. എഴുതിയ ആൾ ഒരു മുൻ കൂർ ജാമ്യവും എടുത്തിട്ടുണ്ട്. അവരെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ഇനി വംശീയാധിക്ഷേപമെന്ന് ആരോപിക്കുമല്ലോ എന്ന്. സംസ്ഥാന സർക്കാർ അവർക്ക് പാർപ്പിടമൊരുക്കുന്നതിനു നേർക്കുമുണ്ട് വിമർശനങ്ങൾ. അതിൻ്റിടയിലൂടെ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൻ കൊണ്ടുവരണമെന്ന് പറയുന്നവരുമുണ്ട്. ഐഡിയ ഈസ് ഗുഡ്…ബട്ട് നോട്ട് വാക്കിങ്ങ്.

No photo description available.വംശീയാധിക്ഷേപമെന്ന് തന്നെ പറയണം. എന്തിനാണെന്നല്ലേ ?

പോസ്റ്റ് എഴുതിയ ആൾ ഉദാഹരണമാക്കിയിരിക്കുന്നത് 2016 ഏപ്രിലിൽ പെരുമ്പാവൂർ സ്വദേശിനിയുടെയും 2018 ജൂലൈയിൽ പെരുമ്പാവൂർ സ്വദേശിനിയുടെയും 2019 നവംബറിൽ വൃദ്ധ ദമ്പതികളുടെയും അവസാനം കഴിഞ്ഞ ദിവസമുണ്ടായ മരണത്തിൻ്റെയും കാര്യങ്ങളാണ്. അതുപയോഗിച്ച് ഒരു സമൂഹത്തിലുള്ളവർ മാത്രമാണ് ക്രിമിനലുകൾ എന്ന് മുദ്രകുത്തുന്നതിനു മുൻപേ കുറച്ച് കണക്കുകൾ കൂടി അറിഞ്ഞിരിക്കണം. 2017 ലെ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലെ കേരളത്തിലെ പീഢനത്തിൻ്റെ കണക്കുകൾ താഴെ നൽകുന്നു.

ആകെ കേസുകൾ – 2003
ഇരയ്ക്ക് പരിചയമുള്ളവർ ചെയ്തത് – 1973
കുടുംബാംഗങ്ങൾ –
അച്ഛൻ, മുത്തച്ഛൻ, ബന്ധുക്കൾ എല്ലാവരും ഉൾപ്പെടും – 264
സുഹൃത്തുക്കൾ, തൊഴിലുടമകൾ, അയൽക്കാർ – 851
അപരിചിതർ – 30

കുടുംബത്തിൻ്റെ മാനം കളയേണ്ട എന്ന് പറഞ്ഞ് റിപ്പോർട്ട് ചെയ്യപ്പെടാതെ ഇരിക്കുന്നുണ്ടെങ്കിൽ അക്കൂട്ടത്തിലെ കേസുകൾ ഇവിടെ വരുന്നില്ല കേട്ടോ. അപരിചിതരുടെ ആക്രമണം നേരിടേണ്ടി വന്നതിൻ്റെ എട്ടിരട്ടിയാണ് സ്വന്തം വീട്ടിൽ നിന്നുളള അതിക്രമം..

ഭീതിപരത്തലുകാർ അത് ശ്രദ്ധിക്കുന്നുണ്ടോ എന്തോ !!

ഇനി അത് അവിടെ നിൽക്കട്ടെ. സോഷ്യൽ മീഡിയയിൽ ഇഷ്ടപ്പെടാത്തത് പറയുന്നയാളുടെ – ആണുങ്ങളുടെയാണെങ്കിൽ അമ്മയുടെയോ ഭാര്യയുടെയോ, സ്ത്രീകളുടെയാണെങ്കിൽ അവരുടെ തന്നെ – ലൈംഗികാവയവത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ക്രൂരവും നീചവുമായ ഭാഷയിൽ എഴുതുന്ന കമൻ്റുകൾ ആസാമീസ്, ഒറിയ, ബംഗാളി ഭാഷകളിലല്ല കാണാൻ കഴിയുന്നത്.

നല്ല പച്ച മലയാളത്തിൽ തന്നെയാണ്.

പെണ്ണിൻ്റെ മുഖത്ത് മുളകല്ല ആസിഡ് ആക്രമണമാണ് നടത്തേണ്ടതെന്ന് പോസ്റ്റിട്ടത് അതിഥി തൊഴിലാളികളല്ല. മലയാളി തന്നെയാണ്. അതിനു പൊസിറ്റീവ് റിയാക്ഷനുകൾ രേഖപ്പെടുത്തുന്നതും മലയാളി തന്നെയാണ്.

അതേ കുറിപ്പിൽത്തന്നെ പറയുന്നുണ്ട് അവരെ തൊഴിലിനായി വിളിക്കുന്നതിനുള്ള സാഹചര്യം.ഒന്നുരണ്ട് ദിവസം മുൻപ് പിരിവ് നൽകാത്തതിൻ്റെ പേരിൽ അതിഥി തൊഴിലാളികളെ ആക്രമിച്ച വാർത്ത കേട്ടിരുന്നു.

മുൻപ് ഒരു പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പോയിരുന്നു. കിട്ടിയത് ഒരു അതിഥി തൊഴിലാളിയെയാണ് രോഗിയായിട്ട്. അറിയാവുന്ന മുറി ഹിന്ദിയിൽ കാര്യം തിരക്കി.

അയാൾ കിടക്കുന്നത് മറ്റ് പതിനൊന്ന് പേർ കിടക്കുന്ന ഒരു മുറിയിലാണ്. അതും ഒരു ഷെഡ് പോലത്തെ സംവിധാനത്തിൽ.അവിടത്തെ വൃത്തിഹീനമായ സാഹചര്യവും ഓവർ ക്രൗഡിങ്ങും സമ്മാനിച്ച രോഗം ഒടുവിൽ ആശുപത്രിക്കിടക്കയിലും എത്തിച്ചു…

കൂലി നഷ്ടം, ധനനഷ്ടം. ആശുപത്രിയിൽ നിന്ന് ഇനി അയാൾ തിരിച്ച് നാട്ടിലേക്ക് പോകും..ഈ അവസ്ഥയിൽ അവരെക്കൊണ്ട് ജോലിയെടുപ്പിച്ചിരുന്നു അന്ന്. ഇപ്പൊ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് അറിയില്ല.

കുറഞ്ഞ ശമ്പളം, മോശമായ ജീവിത സാഹചര്യം..ചുരുക്കിപ്പറഞ്ഞാൽ ചൂഷണം. അത്തരം മനുഷ്യത്വരാഹിത്യം അവരോട് കാണിക്കുന്നതിനെക്കുറിച്ച് എത്രപേർ സംസാരിക്കുന്നുണ്ടോ എന്തോ?

ക്രൂരതയുടെ കണക്ക് പറയാതിരിക്കുന്നതാണ് ഭേദം. അട്ടപ്പാടിയിൽ ഒരാളെ തല്ലിക്കൊന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയത് ഏത് സംസ്ഥാനക്കാരാണ്?

മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തിയ ആളുടെ വെറും ചോറ് പോലും തട്ടി താഴെയിട്ടത് ഏത് സംസ്ഥാനക്കാരാണ്? കുട്ടികളോട് കാണിക്കുന്ന ക്രൂരതകളെക്കുറിച്ച് ഒന്നിലധികം വാർത്തകൾ പുറത്ത് വന്നിട്ടില്ലേ?

ഭിക്ഷാടന സംഘങ്ങൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ട എന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കേരള നിയമസഭയിലെ ചോദ്യോത്തരങ്ങളിൽ ഒന്നിലേറെത്തവണ ഇത് കയറി വന്നിട്ടുള്ളതാണ്.

വെറുതെയൊന്ന് ആലോചിച്ചാൽ മതി. കേരളത്തെക്കുറിച്ച് ഒട്ടേറെത്തവണ കുപ്രചരണങ്ങൾ വന്നത് ഒരുപക്ഷേ ഓർമയിൽ കാണും. ഇവിടെനിന്ന് മറ്റൊരു സംസ്ഥാനത്തെത്തിയാൽ മലയാളിയും അന്യ സംസ്ഥാനക്കാരൻ തന്നെയാണ്..

ഈ പ്രചരണം നടത്തുന്നവരിലൊരാൾ അങ്ങനെ ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഒരു ഗ്രാമത്തിലൂടെ നടന്ന് പോകുമ്പൊ സോഷ്യൽ മീഡീയയിലൂടെ പരന്ന ഊഹാപോഹത്തിൻ്റെ പേരിൽ, ഉദാഹരണത്തിന് ബീഫ് കൈവശം വച്ചെന്ന ആരോപണത്തിൽ ആൾക്കൂട്ടം വളഞ്ഞ് തല്ലിയാൽ? കയ്യിലെ ബാഗും തുണിയുമുരിഞ്ഞ് പരിശോധിച്ചാൽ? നോവുമോ?

കൃത്യമായ ഐഡന്റിഫിക്കേഷനും ഹെൽത്ത് – വർക്കിങ്ങ് കണ്ടീഷൻ അടക്കമുള്ള പ്ലാനുകളും അവർക്ക് വേണ്ടത് നിയമം നടപ്പാക്കാൻ മാത്രമല്ല, മാനുഷികപരമായ പരിഗണനകളനുസരിച്ചാണ്.

നമുക്ക് പറ്റാത്ത, അല്ലെങ്കിൽ ചെയ്യാനിഷ്ടമില്ലാത്ത പണിയെടുക്കാനാണ് അവരെ വിളിച്ചിരിക്കുന്നതെന്നുവച്ച് നമുക്ക് എടുക്കാൻ താല്പര്യമില്ലാത്ത ശിക്ഷ ഏറ്റെടുക്കൽ കൂടി അവരുടെ ചുമലിൽ വയ്ക്കണോ?

സ്വന്തം കണ്ണിലെ തടി എടുത്ത് മാറ്റുന്നതോടൊപ്പം അതിഥി തൊഴിലാളിയുടെ കണ്ണിലെ കരടെടുക്കാൻ ശ്രമിക്കുന്നതാവും ഉചിതം..