പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാൻഡിൽ ചെയ്യാൻ പറ്റിയ സ്ത്രീകളുണ്ട് , ഗൗരി ലങ്കേഷ് മതിയോ ? സോറി അവരെ വെടിവച്ചു കൊന്നൂല്ലോ

154
Nelson Joseph
പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട്‌ ഒരു ദിവസത്തേക്ക്‌ ഹാൻഡിൽ ചെയ്യാൻ യോഗ്യരായ സ്ത്രീകളെ അന്വേഷിക്കാനായിരുന്നത്രേ ആ ഒരു ദിവസം വിട്ടുനിൽക്കൽ. പ്രചോദനമായ സ്ത്രീകളെക്കുറിച്ചായിരുന്നു അതിനൊപ്പമുള്ള ഹാഷ്‌ ടാഗ്‌. ആദ്യം മനസിലേക്ക്‌ ഓടിവന്നത്‌ ഗൗരി ലങ്കേഷ്‌ എന്നൊരു പേരായിരുന്നു. തുറന്ന് പറയാനുള്ള അവരുടെ ധൈര്യം എനിക്ക്‌ പ്രചോദനമായിട്ടുണ്ട്‌. അതുകഴിഞ്ഞാണാലോചിച്ചത്‌ അവരെ വെടിവച്ച്‌ കൊന്നുകളഞ്ഞല്ലോ എന്ന്.#SheInspiredMe
ബിൽകീസ്‌ ബാനു എന്നൊരു സ്ത്രീയെ എനിക്കറിയാം.വാർത്തകളിലൂടെ. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട, ക്രൂരമായ ബലാൽസംഗത്തിന് ഇരയാക്കപ്പെട്ട അവർ. ഗുജറാത്ത്‌ കലാപത്തിന്റെ ഇര
നീതിക്കായി അവർ നടത്തിയ പോരാട്ടം എനിക്ക്‌ പ്രചോദനമായിട്ടുണ്ട്‌. #SheInspiredMe
അയ്ഷെ ഘോഷ്‌ എന്നൊരു പെൺകുട്ടിയെ അറിയാം. തലയ്ക്ക്‌ അടിയേറ്റിട്ടും മാളത്തിലൊളിക്കാതെ പത്രസമ്മേളനം നടത്തിയ അവർ എനിക്ക്‌ പ്രചോദനമായിട്ടുണ്ട്‌.#SheInspiredMe
സഞ്ജീവ്‌ ഭട്ടിന്റെ ഭാര്യ. ഭർത്താവിനായി നടത്തുന്ന അവരുടെ പോരാട്ടവും സ്നേഹവും പ്രചോദനമായിട്ടുണ്ട്‌.#SheInspiredMe
ജെ.എൻ.യുവിന്റെ മുറ്റത്ത്‌ ഒറ്റയ്ക്ക്‌ വിദ്യാർത്ഥികളെ നിറുത്താതെ കൂടെ നിന്ന ദീപിക, കൈക്കുഞ്ഞുങ്ങളെയുമായി സമരത്തിനെത്തിയ അമ്മമാർ. പ്രചോദനങ്ങളുടെ ലിസ്റ്റ്‌ നീളും ഒരുപാട്‌. പക്ഷേ ലോകത്തോട്‌ എന്തെങ്കിലും പറയാൻ താങ്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ട്‌ ആർക്കെങ്കിലും കൊടുക്കാൻ ഉള്ള എന്റെ നോമിനേഷൻ ഇവരാരുമല്ല. ഡല്ലിയിലെ അക്രമങ്ങൾക്കൊടുവിൽ അവശിഷ്ടങ്ങൾക്കിടയിൽ പാതി കത്തിയ പുസ്തകവുമായി നിൽക്കുന്ന കൊച്ചു പെൺകുട്ടിക്കാണ്. മനുഷ്യരെ വിഭജിക്കുന്ന, വെറുപ്പ്‌ നിറഞ്ഞ, അക്രമമുള്ള ഒരു ഭാവിയല്ല ഞങ്ങൾക്ക്‌ വേണ്ടത്‌ എന്ന് അവർക്ക്‌ ലോകത്തോട്‌ വിളിച്ചുപറയാൻ.