നരേന്ദ്രമോദിയെ തുറന്നാക്രമിക്കുന്ന ഒരേയൊരു പ്രതിപക്ഷ നേതാവ് രാഹുലാണ്

119

Nelson Joseph

ഓൺലൈൻ ക്ലാസിനെന്തിനാ എൽ.ഇ.ഡി ടി വി എന്ന ചോദ്യം കണ്ടാണ് സത്യത്തിൽ അത് ശ്രദ്ധിക്കുന്നത്.കേരളത്തിലെങ്ങനാ ഓൺലൈൻ ക്ലാസ് നടക്കുന്നതെന്നറിയാത്ത ഏതോ ഒരു മിത്രമാണെന്ന് തോന്നുന്നു.എന്തോന്ന് ഓൺലൈൻ, എന്ത് ക്ലാസ്.അപ്പൊത്തന്നെ വിളിച്ചിരുത്തി വിക്ടേഴ്സ് ചാനലിനെക്കുറിച്ച് ഒരു ഓൺലൈൻ ക്ലാസങ്ങ് കൊടുത്തു. വാർത്ത അതൊന്നുമായിരുന്നില്ല. രാഹുൽ ഗാന്ധി എം.പിയുടെ വകയായി 175 സ്മാർട്ട് ടി.വികൾ കല്പറ്റയിലെ എം.പി ഓഫീസിലെത്തിയതിനെക്കുറിച്ച് ഏഷ്യൻ ന്യൂസ് ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തതാണ് ആ ചോദ്യത്തിനു കാരണം. വയനാടിൻ്റെ ഊരുമൂപ്പനെന്നും വയനാടിൻ്റെ പ്രധാനമന്ത്രിയെന്നും രാഹുൽ ഗാന്ധിയെ തിരഞ്ഞെടുക്കുന്നത് വെറും വേസ്റ്റാവുമെന്നുമൊക്കെ പ്രചരണങ്ങളും പരിഹാസങ്ങളും കണ്ടിരുന്നു.

ആ പ്രചരണങ്ങൾക്കൊക്കെ പ്രവർത്തനങ്ങൾ കൊണ്ട് കൊടുത്ത ഉത്തരങ്ങളിൽ ലേറ്റസ്റ്റായുള്ള ഒരെണ്ണം മാത്രമാണ് ഈ രണ്ടാം ഘട്ട 175 സ്മാർട്ട് ടി.വികൾ. ജൂൺ 19 ജന്മദിനത്തിൽ 50 ടി.വികൾ നൽകിയിരുന്നു.മുൻപ് തന്നെ ടൺ കണക്കിനു ഭക്ഷ്യവസ്തുക്കൾ, ഡയാലിസിസ് കിറ്റുകൾ, തെര്‍മല്‍ സ്‌കാനറുകള്‍, മാസ്‌ക്ക്, പിപിഇ കിറ്റ്, സാനിറ്റൈസര്‍ തുടങ്ങി ഒട്ടേറെ സാധനങ്ങൾ രാഹുല്‍ എത്തിച്ചിരുന്നു.ലിസ്റ്റെഴുതാൻ പോയാൽ പോസ്റ്റ് വല്ലാതെയങ്ങ് നീണ്ടുപോവും. അതുകൊണ്ട് ആ ലിസ്റ്റിലെ രണ്ടെണ്ണം മാത്രം പറഞ്ഞ് നിറുത്താമെന്ന് കരുതി.

രണ്ടാമത്തേത് ഇന്നലത്തെ നഴ്സുമാരുമായുള്ള സംവാദമാണ്. രഘുറാം രാജനിൽ നിന്ന് തുടങ്ങിയ സംവാദങ്ങളുടെ നീണ്ട നിരയിലെ ഇക്കഴിഞ്ഞ ദിവസം നടന്ന ഒന്ന്. വിവിധ രാജ്യങ്ങളിലെ നഴ്സുമാരിൽ നാലിൽ മൂന്ന് പേർ മലയാളികളായതും രാഹുൽ വയനാട്ടേക്ക് വന്നതുകൊണ്ടാണെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.രാജസ്ഥാനിൽ നിന്നുള്ള നരേന്ദ്രസിങ്ങ് ഒഴിച്ചാൽ കോഴിക്കോടുകാരൻ വിപിനും തൃശൂർക്കാരി അനുവും ആലപ്പുഴക്കാരി ഷെർലിമോളുമായിരുന്നു അതിലുണ്ടായിരുന്നത്. രാഹുൽ ഗാന്ധിയുടെ വിസിബിലിറ്റി കേരളത്തിന് ഗുണകരമാവും..ആവണം.

അതിനോടൊപ്പം ചേർത്ത് വായിക്കേണ്ട ഒന്നാണ് അരുന്ധതി റോയ് യുടെ അഭിപ്രായവും. നരേന്ദ്രമോദിയെ തുറന്നാക്രമിക്കുന്ന ഒരേയൊരു പ്രതിപക്ഷ നേതാവ് രാഹുലാണ് എന്നതാണത്. വെറുതെയല്ല കോൺഗ്രസിൻ്റെ നേതൃസ്ഥാനത്തില്ലാഞ്ഞിട്ടുപോലും രാഹുലിനെതിരെയുള്ള പ്രചരണം ഇപ്പൊഴും തുടരുന്നതും.നിങ്ങൾ കളിയാക്കുകയോ വിമർശിക്കുകയോ ആക്രമിക്കുകയോ ഒക്കെ ചെയ്തോളൂ..ചെയ്യേണ്ട പണി മനോഹരമായി അയാൾ ചെയ്തുകൊണ്ടേയിരിക്കും..