മിഷൻ നടന്ന സമയമത്രയും നിങ്ങൾ ഇന്ത്യയെ ഒരുമിപ്പിച്ചുനിർത്തി, പരസ്പരമുള്ള വ്യത്യാസങ്ങൾ മറന്ന് ജനങ്ങൾ ഒരൊറ്റക്കാര്യത്തിനായാഗ്രഹിച്ചു

444

എഴുതിയത്  : Nelson Joseph

പ്രിയപ്പെട്ടവരേ,

ശരിയാണ് , എല്ലാം നമ്മൾ കരുതിയതുപോലെ നടന്നില്ല. പക്ഷേ ആ ശ്രമത്തിനിടയിൽ അതിശയകരമായ കുറച്ച്‌ കാര്യങ്ങൾ നടന്നിരുന്നു.

ചന്ദ്രനിലിറങ്ങുവാനുള്ള ശ്രമത്തിൽ മുഴുകിയിരുന്ന നിങ്ങൾ ഒരുപക്ഷേ അതറിഞ്ഞിരിക്കില്ല.

പാതിരാത്രി ലോകം മുഴുവൻ ഉറക്കത്തിലായിരുന്നപ്പൊ ഇന്ത്യ ഉണർന്നിരിക്കുകയായിരുന്നു.അത്‌ അവിടെ കമാൻഡ്‌ സെന്ററിലുണ്ടായിരുന്നവർ മാത്രമല്ല.. . .ഇന്ത്യ മുഴുവനും.

ഭർത്താവും ഭാര്യയും, മുത്തശ്ശനും മുത്തശ്ശിയും കൊച്ചുമക്കളും മക്കളുമെല്ലാമായി ചുവന്ന വരയിലൂടി നീങ്ങുന്ന ഒരു പച്ചപ്പൊട്ടിൽ ഒന്നും മനസിലായില്ലെങ്കിലും കണ്ണുനട്ടിരുന്നു.

ചന്ദ്രനിൽ നിന്ന് കയ്യെത്തും ദൂരത്ത്‌ വച്ച്‌ ലാൻഡറുമായി നമ്മുടെ ബന്ധം നഷ്ടപ്പെട്ടു. . .ഫേസ്ബുക്കിൽ ലൈവ്‌ കണ്ടുകൊണ്ടിരുന്ന ഞാൻ അപ്പൊ ഒരു കാര്യം ശ്രദ്ധിക്കുകയായിരുന്നു.

ലൈവ്‌ ഫീഡുകൾക്ക്‌ താഴെ നൂറു കണക്കിനു പ്രാർത്ഥനകൾ കൊണ്ട്‌ കമന്റ്‌ സെക്ഷൻ നിറയുന്നു. ജാതിമതഭേദമില്ലാതെ. . .

മനസിലായില്ലേ?

മിഷൻ നടന്ന സമയമത്രയും നിങ്ങൾ ഇന്ത്യയെ ഒരുമിപ്പിച്ചുനിർത്തി.പരസ്പരമുള്ള വ്യത്യാസങ്ങൾ മറന്ന് ജനങ്ങൾ ഒരൊറ്റക്കാര്യത്തിനായാഗ്രഹിച്ചു…

നാളെ സയൻസിനും ഇന്ത്യയ്ക്കും ലോകത്തിനും സംഭാവനകൾ നൽകുന്ന ഒരുപാട്‌ കുട്ടികൾക്ക്‌ നിങ്ങൾ പ്രചോദനമായി. നിങ്ങൾ ഞങ്ങൾക്ക്‌ പ്രതീക്ഷ തന്നു. .

സയൻസ്‌ ഇതെല്ലാം ചെയ്തത്‌ ഒരു വാക്കുപോലും ഉരിയാടാതെയായിരുന്നു.

ഇനി മിഷന്റെ റിസൾട്ടിന്റെ കാര്യം.

നിങ്ങൾ സയന്റിസ്റ്റുകൾക്ക്‌ മറ്റ്‌ എല്ലാവരെയും കാൾ അറിയാമായിരിക്കും ശരികളെക്കാൾ തെറ്റുകളിൽ നിന്നാണു നമ്മൾ കൂടുതൽ പാഠങ്ങൾ പഠിക്കുന്നതെന്ന്.

അതറിയില്ലാത്ത ഇന്ത്യയിലെ മറ്റ്‌ ആളുകളോടും കൂടിയാണ് ഈ കുറിപ്പ്‌.

അമേരിക്ക ഇരുപത്തഞ്ചോളം തവണ ആളില്ലാത്ത മിഷനുകൾ നടത്തിയതിനു ശേഷമാണു മനുഷ്യൻ ചന്ദ്രനിലിറങ്ങിയ അപ്പോളോ വാഹനം വിക്ഷേപിച്ചതുതന്നെ

നമ്മുടെ ശാസ്ത്രജ്ഞരിലുള്ള വിശ്വാസം കളയേണ്ട സമയമല്ലിത്‌. നമ്മൾ ഇത്രയും അടുത്തെത്തിയെന്ന് അഭിമാനിക്കേണ്ട സമയമാണിത്‌. 90% ൽ കൂടുതൽ ജോലി നമ്മൾ ചെയ്തു. ഓർബിറ്റർ ഇപ്പൊഴും ചന്ദ്രനെ ചുറ്റുന്നുണ്ട്‌.

നമ്മൾ ഒരുപാട്‌ അടുത്തെത്തി. .

ഒരിക്കൽ നമ്മൾ ചന്ദ്രനിലിറങ്ങും.
അധികം വൈകാതെതന്നെ

ISRO – Indian Space Research Organisationയ്ക്ക്‌
സ്നേഹപൂർവ്വം