മധുപാലിനെതിരായ സൈബർ ഫാസിസ്റ്റ് ആക്രമണം ഒരു ട്രെയിലർ

563
Nelson Joseph എഴുതുന്നു 

നടനും സംവിധായകനുമായ മധുപാലിൻ്റെ ഫേസ്ബുക് പേജിലും സോഷ്യൽ മീഡിയയിലും സൈബർ ആക്രമണമാണ്. പൊങ്കാലയെന്ന് ഓമനപ്പേരിട്ട് വിളിക്കാൻ ഇനി സൗകര്യപ്പെടില്ല. എന്താണ് കാരണമെന്നല്ലേ? എക്സിറ്റ് പോൾ റിസൾട്ട് പുറത്ത് വന്നതിന്.

Nelson Joseph

” ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.

എന്തു കൊണ്ട് എന്ന ചോദ്യമുന്നയിക്കുമ്പോഴാണ് ഒരു ജനാധിപത്യത്തില്‍ ഒരു പൗരന്‍ അയാളുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത്. ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ്.”

എന്ന് മധുപാൽ മുൻപ് പറഞ്ഞിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് അതുപോലെ ഒരു ജീവന്മരണ പോരാട്ടമാണെന്നും..അതിൻ്റെ ബാക്കിപത്രമാണ് നടന്നത്. മധുപാൽ മരിച്ചുവെന്ന് വ്യാജപ്രചരണമുണ്ടായെന്ന വാർത്തയും കണ്ടിരുന്നു.

മധുപാൽ പറഞ്ഞതിൽ എന്താണ് തെറ്റ്? അതൊരു ജീവന്മരണ പോരാട്ടമാണെന്ന് തന്നെയാണ് ജനാധിപത്യ ബോധമുണ്ടായിരുന്ന ഏതൊരുവർക്കും തോന്നിയിരുന്നത്..

എന്തുകൊണ്ട് എന്ന ചോദ്യമുന്നയിക്കാൻ ഭയക്കേണ്ടിവരുന്നെങ്കിൽ അത് മധുപാലിൻ്റെ പരാജയമല്ല, ഭരണാധികാരികളുടേതാണ്. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലുമെന്ന് ജനത്തിന് തോന്നിക്കുന്നത് ആരോഗ്യമുള്ള ജനാധിപത്യത്തിൻ്റെ ലക്ഷണമല്ല.

തിരഞ്ഞെടുപ്പിൻ്റെ ഫലം 23 ന് പുറത്തുവരും. ഏതെങ്കിലും ഒരു കക്ഷി ജയിക്കും.ജയിക്കുന്നത് ആരുമായിക്കൊള്ളട്ടെ.. ചുരുങ്ങിയ കാലം കൊണ്ട് മനസിലാക്കിയെടുത്ത കുറച്ച് തോന്നലുകൾ പറയാം.

ജനിച്ചിട്ട് മൂന്ന് പതിറ്റാണ്ടിലും വച്ച് ഏറ്റവും കൂടുതൽ അവിശ്വാസവും വിഭാഗീയതയും അസ്വാരസ്യങ്ങളും അസഹിഷ്ണുതയുമൊക്കെ കണ്ടത് ഈ കഴിഞ്ഞ രണ്ടുമൂന്ന് വർഷങ്ങളിലാണ്. ആര് വിജയിച്ചാലും ഇവിടെ അതിൻ്റെ വിത്തുകൾ ബാക്കി കിടപ്പുണ്ട്.

ബി.ജെ.പി വിജയിക്കുമെന്ന് എക്സിറ്റ് പോൾ വന്നപ്പോൾ മധുപാലിന് സൈബർ ആക്രമണം നേരിടേണ്ടിവന്നത് ഒരു ട്രെയിലറായേ കാണുന്നുള്ളൂ. വിജയിച്ചാൽ അതിൻ്റെ ബാക്കി പ്രതീക്ഷിക്കുന്നുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് നേർക്കുള്ള അത്തരം കടന്നുകയറ്റങ്ങളുണ്ടാവരുത്.

കഴിഞ്ഞ കുറെ നാളുകളായി അറിഞ്ഞുകൊണ്ട് തന്നെ ഇവിടെ സാധാരണക്കാരുടെയിടയിൽ വ്യാജവാർത്തയും നുണകളും പരത്തി കുത്തിത്തിരിപ്പുണ്ടാക്കുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. അതും ഒരു ദിവസം കൊണ്ട് നിൽക്കുമെന്ന് കരുതാൻ വയ്യ.

ആര് വിജയിച്ചാലും പരാജയപ്പെട്ടാലും ആ അവിശ്വാസങ്ങളെ മാറ്റി നിർത്തി മനുഷ്യന് പരസ്പരം വിശ്വസിക്കാൻ തോന്നിക്കാനും ആക്രമണം നേരിടുന്നവർക്ക് പിന്തുണ നൽകാനും കുത്തിത്തിരിപ്പുകാരെ അകറ്റി നിർത്താനും ഇവിടെ നമ്മളുണ്ടാവണം…

നുണകളെ പൊളിച്ചെഴുതണം. ശബ്ദമില്ലാത്തവർക്കും അടിച്ചമർത്തപ്പെടുന്നവർക്കും വേണ്ടി ചോദ്യങ്ങളുയരണം. അകറ്റിനിർത്തപ്പെടുന്നവരെ ചേർത്തുനിർത്തണം..

ഉണ്ടെങ്കിൽ ആര് ഭരിച്ചാലും കേരളം കുലുങ്ങില്ല..

ഒന്നുമല്ലെങ്കിലും ഇതിലും വലിയ പ്രളയം അതിജീവിച്ചതല്ലേ?

മധുപാലിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കുന്നു…