ആ ചിരി വെറും ചിരിയല്ല, മനസ് തുറന്നുള്ള ചിരിയാണ്

0
1067

Nelson Joseph എഴുതുന്നു 

കുറച്ച് അപ്രിയസത്യങ്ങളാണ്. വികാരത്തെക്കാൾ വിവേകത്തിനു മുൻ ഗണന നൽകുന്നോരു വായിച്ചാൽ മതിയേ.

ഫേസ്ബുക്കിൽ ആരോ പോസ്റ്റ്‌ ചെയ്ത ചിത്രമാണ്

Nelson Joseph

എന്ത് രസമുള്ള പടമാണല്ലേ? ചാറി വരുന്ന മഴയുടെ പശ്ചാത്തലത്തിൽ ചില മീഡിയയും രാഷ്ട്രീയക്കാരും പിന്നെ കുറെ സ്നേഹികളും ബദ്ധശത്രുക്കളെന്ന് മുദ്ര കുത്തിയ രണ്ട് പേർ ചിരിക്കുന്ന ചിത്രം.. 

ആ ചിരി വെറും ചിരിയല്ല. മനസ് തുറന്നുള്ള ചിരിയാണ്.എടുത്തതായാലും എഡിറ്റഡായാലും കുറച്ച്‌ കാര്യങ്ങൾ പറയണം

ഇവിടെ ഇച്ചിരെ ഫ്ലാഷ് ബാക്ക് വേണം.

2019 ഫെബ്രുവരിയാണ് സമയം. ഒരു പ്രമുഖ ചാനൽ ” ഷെയിം ഓൺ ആൻ്റി നാഷണൽസ് ” എന്ന് ഹാഷ് ടാഗൊക്കെയിട്ട് ഒരു ശബ്ദകോലാഹലം പ്രക്ഷേപണം ചെയ്തിരുന്നു. ആ ചർച്ചയുടെ വിഷയങ്ങളിലൊന്ന് ജൂൺ 16ലെ ഇന്ത്യ പാക് മൽസരത്തെക്കുറിച്ച് സച്ചിൻ തെണ്ടുൽക്കർ പറഞ്ഞ ഒരു വാചകമായിരുന്നു.

പാക്കിസ്ഥാനെതിരെ കളിക്കാതിരുന്ന് ടൂർണമെൻ്റിൽ രണ്ട് പോയിൻ്റ് അവർക്ക് നൽകേണ്ടതില്ല എന്ന് അർഥം വരുന്ന വാചകം…അത് പറഞ്ഞ സച്ചിനെ, നേട്ടങ്ങൾ എണ്ണിക്കാണിച്ചുകൊടുത്ത് പരിചയപ്പെടുത്തേണ്ടതില്ലാത്ത ചുരുക്കം ചില ഇന്ത്യക്കാരിലൊരാളെ രാജ്യദ്രോഹിയെന്ന ഹാഷ് ടാഗിനു കീഴിൽ ചർച്ച ചെയ്ത അതേ കളിയിലെ വിജയത്തിന് അഭിനന്ദിച്ചവരുടെ ലിസ്റ്റെടുത്ത് നോക്കണം ഇടയ്ക്കൊക്കെ…

അത്തരമൊരു സാഹചര്യത്തിലാണ് വിരാട് കോഹ്ലിയുടെ പക്വതയുള്ള പ്രതികരണത്തെ കാണുന്നത്… ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും പാതി ജഴ്സിയണിഞ്ഞ ഭാര്യാ ഭർത്താക്കന്മാരെ കാണുന്നത്.

ഇന്ത്യ പാക്കിസ്ഥാൻ കളിയിലെറിഞ്ഞ ഒരു പന്ത് പോലും കാണാൻ കഴിഞ്ഞില്ല. ഒട്ട് താല്പര്യവും തോന്നിയിട്ടില്ല. 2003 ൽ എസ്.എസ്.എൽ.സി പരീക്ഷയുടെ തലേന്ന് സച്ചിൻ അക്തറിനെ പഞ്ഞിക്കിടുന്നത് കാണാൻ കാത്തിരുന്ന ആ ആവേശമൊന്നും ഇന്നില്ല.

ആ ആവേശമുണ്ടായിരുന്ന അന്നും ബിഹാറിൽ മരിച്ച നൂറ് കുഞ്ഞുങ്ങളെക്കാളും വാർത്താ പ്രാധാന്യം ആ കളിക്ക് മനുഷ്യരുടെ ഇടയിൽ ഉണ്ടാക്കാൻ കഴിഞ്ഞതായി ഓർമയില്ല…

അന്ന് സച്ചിൻ്റെ ലോഫ്റ്റഡ് ഡ്രൈവുകൾ പോലെതന്നെ മനോഹരമാണ് അക്രത്തിൻ്റെ വളഞ്ഞു പുളഞ്ഞിറങ്ങുന്ന പന്തുകളെന്ന് പറയാൻ മറ്റുള്ളവരെന്ത് കരുതുമെന്ന് വിചാരിക്കേണ്ടതില്ലായിരുന്നു.

എറിയുന്നത് മൊത്തം ആന വൈഡുകളാണെങ്കിലും റാവൽ പിണ്ടി എക്സ്പ്രസ് സ്റ്റാർട്ട് ചെയ്യുന്നതുപോലെ ബൗണ്ടറി റോപ്പിനടുത്തുനിന്ന് ഓടിവന്ന് കൈ കറക്കിയെറിയാനും ഇഷ്ടപ്പെട്ടിരുന്നു..

ഇവര് ഇന്ത്യയെ വിഭജിച്ചപ്പൊ ബാറ്റിങ്ങ് ടീമിനെ ഇന്ത്യയ്ക്കും ബൗളിങ്ങ് ടീമിനെ പാക്കിസ്ഥാനും കൊടുത്തത് ഒരു ചെയ്ത്തായിപ്പോയെന്ന് അക്രത്തെയും വഖാറിനെയും സഖ്ലൈനെയുമൊക്കെക്കണ്ട് എത്രവട്ടം അസൂയപ്പെട്ടിട്ടുണ്ടെന്നോ. അന്നത് തുറന്ന് പറയാൻ ആരെയും പേടിക്കേണ്ടിയിരുന്നില്ല.

ഇന്ന് ഇന്ത്യ കണ്ട ഏറ്റവും മികച്ച കളിക്കാരനിലൊരാൾക്ക് സ്വന്തം അഭിപ്രായം പറഞ്ഞതുകൊണ്ട് ചർച്ചയ്ക്ക് കിട്ടിയ ഹാഷ് ടാഗെന്താണെന്ന് നമ്മൾ കണ്ടുകഴിഞ്ഞു

ഇന്ത്യ ഇന്ന് ജയിക്കുമ്പൊ ബംഗ്ലാദേശ്‌ വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തുമ്പൊ എത്ര സന്തോഷമുണ്ടാവുമോ അത്രയും സന്തോഷമേയുണ്ടാവൂ. . .പാക്കിസ്ഥാൻ വിജയിച്ചാൽ അത്‌ ലോകാവസാനമാണെന്ന് തോന്നാറുമില്ല

മറ്റൊരു സർജിക്കൽ.സ്ട്രൈക്കെന്ന് പറഞ്ഞ്‌ ഇതിനും നിറം പൂശുന്നവരോട്‌ ഒന്നേ പറയാനുള്ളൂ

സ്പോർട്സ് എന്നും അതിർത്തികൾ മായ്ക്കാനുള്ളതായിരുന്നു. ആര്യൻ രക്തത്തിൻ്റെ മേൽക്കോയ്മ പ്രസംഗിച്ച ഹിറ്റ്ലറുടെ മുന്നിൽ വച്ച് ജെസി ഓവൻസിനെ ചേർത്തുപിടിച്ച ലസ് ലോങ്ങിനെപ്പോലെ..എന്നും അങ്ങനെയാവണം താനും…

രാജ്യസ്നേഹം തെളിയിക്കാനും ടി.ആർ.പി റേറ്റിങ്ങ് കൂട്ടാനും ആൾക്കാരെ തമ്മിലടിപ്പിക്കാനുള്ള ഉപകരണമാവരുത്..

അതിന് ഇങ്ങനെയുള്ള പുഞ്ചിരികൾ ഇനിയുമുണ്ടാവണം..
വിജയിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ..
പാക്കിസ്ഥാനും.