Share The Article

Nelson Joseph എഴുതുന്നു 

ഇത്തവണ സ്വാതന്ത്ര്യദിനമാഘോഷിക്കാൻ ഒരു കാരണമുണ്ടെങ്കിൽ എനിക്കത് ഈ കൊച്ചുകേരളം മാത്രമാണ്.

എനിക്കുറപ്പാണ്, ബ്രിട്ടീഷുകാരൻ്റെ തല്ലും, ബൂട്ടിനുള്ള ചവിട്ടും, നെഞ്ചിന് നേർക്കുവന്ന വെടിയുണ്ടകളുമെല്ലാം ഏറ്റുവാങ്ങി, ജീവൻ പോലും ബലികഴിച്ച് ഒരു ജനത സ്വാതന്ത്ര്യത്തിനായി പൊരുതിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലെ കേരളം പോലൊരു ദേശം കെട്ടിപ്പടുക്കാനാവണം.

Nelson Joseph
Nelson Joseph

ഓർക്കണം.. മറ്റേതൊരു ദേശവും നിശ്ചലമായേക്കാവുന്ന അവസ്ഥകളിലൂടെയാണ് നമ്മൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ കടന്നുപോന്നത്. കഴിഞ്ഞ വർഷത്തെ നിപ്പയും മഹാപ്രളയവും ഏല്പിച്ച മുറിവുകൾ ഉണങ്ങുമ്പൊഴേക്ക് വീണ്ടും….

ഒരു രാത്രികൊണ്ട് തിരിച്ചറിയാൻ പോലും പറ്റാതായിപ്പോയ ജീവിതങ്ങളും പ്രദേശങ്ങളും കണ്മുന്നിൽ വന്നപ്പൊ ഒറ്റപ്പെട്ടുപോയവരുണ്ടായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതായിപ്പോയവരുണ്ടായിരുന്നു…എല്ലാം പോയെന്ന് മാത്രം പറയാൻ കഴിഞ്ഞ, ഒരായുസിൻ്റെ അദ്ധ്വാനം ഒരുനിമിഷത്തിൽ അപ്രത്യക്ഷമായവരുണ്ടായിരുന്നു…

ആ നിമിഷത്തിൽ അവരുടെ ദുഖം സ്വന്തം ദുഖമായേറ്റുവാങ്ങി മനുഷ്യത്വത്തിൻ്റെ ഹാൾ ഓഫ് ഫെയിമിൽ കയറിപ്പറ്റിയ, കണ്ണും മനസും നിറച്ച നൂറുനൂറായിരം കരുണയുടെ കഥകളുടെ ആകെത്തുകയെ ഇന്ന് വിളിക്കുന്ന പേരാണ് കേരളം..

രക്ഷാപ്രവർത്തനത്തിനിടയിലും സ്വന്തം കർത്തവ്യം നിർവഹിക്കുന്നതിനിടയിലും മറ്റുള്ളവർക്കായി ജീവൻ വരെ നൽകിയവരുടെ നാട്..രണ്ടുള്ളവൻ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെയെന്ന വാചകത്തെ നിഷ്പ്രഭമാക്കി ഒന്നുമില്ലായ്മയിൽ നിന്ന് ഉള്ളതെല്ലാം വാരിക്കെട്ടി ഒന്നുമില്ലാതായിപ്പോയവരെ തേടിപ്പോയ നൗഷാദുമാരുടെ കേരളം.

അഭിപ്രായങ്ങൾക്ക് പോലും പേരും മതവും നോക്കി മറുപടി കിട്ടുന്നതൊരു ശീലമായ കാലത്ത് മരണപ്പെട്ടുപോയവരെ തിരിച്ചറിയാൻ, പോസ്റ്റ് മോർട്ടം നടത്താൻ മസ്ജിദ് തുറന്നുകൊടുത്ത പോത്തുകല്ലുകാരുടെ കേരളം..മരണത്തിനു മതമില്ലെന്നും സ്നേഹമാണ് ഏറ്റവും വലിയ മതമെന്നും ഇനി വളരുവാൻ പോവുന്ന കുഞ്ഞുങ്ങൾക്ക് ചൂണ്ടിക്കാണിച്ചുകൊടുക്കാൻ….

പെരുമ്പാവൂരിൽ നിന്നും തിരുവനന്തപുരത്തുനിന്നും കോട്ടയത്തുനിന്നും എറണാകുളത്തുനിന്നും കൊല്ലത്തുനിന്നും…കേരളത്തിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നും വയനാട്ടിലേക്കൊഴുകിയ സ്നേഹത്തിൻ്റെ ലോഡുകൾ…അത് നിറച്ച ചെറുതും വലുതുമായ പല തുള്ളികൾ…

പെരുന്നാളിനു കിട്ടിയ പണവും കുടുക്ക പൊട്ടിച്ച പണവുമായി ഓടിയെത്തിയ കുഞ്ഞുങ്ങൾ, ഇതുവരെ കിട്ടിയ ടിപ്പ് ആവശ്യക്കാരനു വച്ചുനീട്ടിയവർ, കുഞ്ഞിൻ്റെ ചികിൽസയ്ക്ക് സ്വരുക്കൂട്ടിയ പണമെടുത്തുനീട്ടിയ അച്ഛനമ്മമാർ,

ഈദ് ഗാഹകളിലെ പ്രാർഥനയ്ക്ക് ശേഷം ആഘോഷിക്കാതെ ദുരന്തബാധിതമേഖലയിലേക്ക് പ്രവർത്തിക്കാനിറങ്ങിയ സഹോദരന്മാർ,കളക്ഷൻ സെൻ്ററുകൾ. അവിടെ പകലന്തിയോളം ജോലിയെടുക്കുന്ന ആയിരക്കണക്കിനു സാധാരണക്കാർ..ക്യാമ്പുകളിലേക്കോടിയെത്തിയ ആരോഗ്യപ്രവർത്തകർ…

സ്വന്തം സ്കൂട്ടർ വിറ്റ് പണം ദുരിതാശ്വാസനിധിയിലേല്പിച്ച ചേട്ടൻ…പിറകെ വന്ന് സാധനങ്ങൾ ഏല്പിച്ച ചേട്ടൻ..സൈക്കിളിൽ തുണിവിൽക്കുന്ന തൊഴിലാളി, വഴിയരികിൽ കച്ചവടം ചെയ്യുന്ന കച്ചവടക്കാർ

എണ്ണിയാലൊടുങ്ങില്ല…പറഞ്ഞാൽ തീരില്ല… ജാതി മത വർഗ വർണ ലിംഗ പ്രാദേശിക ഭേദമില്ലാതെ ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി… ഇതല്ലാതെ മറ്റെന്താണ് നാനാത്വത്തിൽ ഏകത്വം? സ്വാതന്ത്ര്യദിനാശംസകൾ നേരാൻ ഇതിനെക്കാൾ മികച്ച എന്ത് കാരണമാണ് നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാനുള്ളത്…

മറ്റ് ഇടങ്ങളിൽ നിന്ന് കേൾക്കുന്ന ആശങ്ക നിറയ്ക്കുന്ന വാർത്തകളുണ്ട്..ആൾക്കൂട്ട കൊലപാതകത്തിലെ കുറ്റാരോപിതരെ വെറുതെ വിട്ടത് മുതൽ അങ്ങ് കശ്മീർ വരെ

ആ ഇരുട്ടിനിടയിലും പ്രതീക്ഷ നൽകുന്നത് കേരളത്തിൽ നിറഞ്ഞ ഈ കഥകളാണ്. ചുറ്റും നന്മയുള്ള മനുഷ്യരുണ്ട്…അതിൻ്റെ ഒഴുക്ക് തടസപ്പെടുത്താൻ മതിലുകെട്ടാൻ ആരെയും അനുവദിക്കാതിരുന്നാൽ മതി..

സ്നേഹം വിജയിക്കട്ടെ
മനുഷ്യത്വം വിജയിക്കട്ടെ

സ്വാതന്ത്ര്യദിനാശംസകൾ..

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.