മോദിയോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്

529

Nelson Joseph എഴുതുന്നു 

പ്രിയ മോദിജീ,

എൽ.ഡി.എഫും യു.ഡി.എഫുമല്ല, ബി.ജെ.പിയാണ് ഇനി കേരളത്തിലെ ജനങ്ങളുടെ ചോയ്സ് എന്ന തലക്കെട്ടോടെ അങ്ങ് ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ കണ്ടു.

അങ്ങയെ ആരോ പറഞ്ഞ് പറ്റിച്ചതാണ്. അമ്മച്ചിയാണെ, ആ പ്രചരണത്തിൻ്റെ ശക്തി കാരണം താങ്കളിന്ന് കേരളത്തിലോട്ട് വരുന്നുണ്ടെന്ന് പോലും ഏതോ പയ്യന്മാര് ട്രോളിറക്കിത്തുടങ്ങിയപ്പൊഴാണ് അറിഞ്ഞത്.

Nelson Joseph

ഇനി ആത്മവിശ്വാസമാണെങ്കിൽ പണ്ട് യോദ്ധയിൽ ലാലേട്ടൻ പറഞ്ഞതേ പറയാനുള്ളൂ…വളരെ നല്ലതാണ്…

അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം. പ്രസംഗം ആരുടെയാണെങ്കിലും ഞങ്ങള് കേരളീയർക്ക് ചില വിചിത്രമായ ആചാരങ്ങളുണ്ട്..ആചാരം സംരക്ഷിക്കാൻ ഉത്സുകനാവുന്ന അങ്ങ് ഈ ആചാരവും സംരക്ഷിക്കുമെന്ന് കരുതുന്നു.

അതായത്, സംസാരിക്കുന്നത് രാഹുൽ ഗാന്ധിയാണെങ്കിലും പിണറായി വിജയനാണെങ്കിലും ഇനി താങ്കളാണെങ്കിലും കേരളീയർ ചോദ്യം ചോദിക്കും.

ഉത്തരം പറയുന്നതനുസരിച്ചാവും പ്രതികരണം വോട്ടായിട്ടാണോ ടാറ്റ ആയിട്ടാണോന്ന് തീരുമാനിക്കുക. കുറച്ച് സംശയങ്ങളാണ്, താങ്കളുടെ പ്രസംഗത്തിൽ നിന്നുള്ളവ തന്നെ…

1. ” ഇന്ന് ഭാരതം ജലത്തിലും വായുവിലും ആകാശത്തും അന്തരീക്ഷത്തിലും സുരക്ഷിതമാണ് ”

ഒരു സെക്കൻ്റേ, പുൽവാമ എന്ന് കേട്ടിട്ടുണ്ടാവും താങ്കൾ. അവിടെ ഈയിടെയുണ്ടായ ആക്രമണത്തിൽ മരണമടഞ്ഞ സൈനികരുടെ കുടുംബാംഗങ്ങളോട് ഈ വാചകം ആവർത്തിക്കാമോ? അതുപോലെതന്നെ ഉറി, പത്താൻകോട്ട് എന്നിങ്ങനെ.. എല്ലാ രീതിയിലും സുരക്ഷിതമാണെങ്കിൽ അവയൊക്കെ എങ്ങനെയുണ്ടായി?

2. ” വാഗ്ദാനങ്ങൾ നൽകുന്ന സർക്കാർ ”

വാഗ്ദാനങ്ങൾ നൽകുന്നതിനെക്കുറിച്ച് പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്. കഴിഞ്ഞ തവണത്തെ പ്രകടനപത്രികയിലുണ്ടായിരുന്ന ആദ്യ കുറച്ച് വാഗ്ദാനങ്ങളെന്തായെന്നൊന്ന് സൂചിപ്പിച്ചാൽ നന്നായിരിക്കും.

യുവാക്കൾക്ക് നൽകുമെന്ന് പറഞ്ഞ തൊഴിലവസരങ്ങളെവിടെ? വിലക്കയറ്റത്തെക്കുറിച്ചുള്ള സംസാരങ്ങളെവിടെ? തിരികെക്കൊണ്ടുവരാമെന്നേറ്റ കള്ളപ്പണം? അഴിമതിയിൽ തുറുങ്കിലടയ്ക്കപ്പെട്ടവർ?

നഹീ?

അപ്പൊ വാഗ്ദാനം മാത്രേ ഉള്ളൂ അല്ലേ?

3. ” ഭാരതം മുഴുവൻ വികസനത്തിൻ്റെ പാതയിൽ കുതിക്കുമ്പോൾ അതേ പാതയിൽ കേരളത്തിനു മുന്നേറണമെങ്കിൽ കോൺഗ്രസിൻ്റെയും കമ്യൂണിസ്റ്റുകാരുടെയും പിടിയിൽ നിന്ന് വിമുക്തമാവണം ”

കേരളത്തിലില്ലാത്ത, അല്ലെങ്കിൽ കേരളത്തിനറിയില്ലാത്ത എന്ത് വികസനത്തിൻ്റെ കാര്യമാണ് മോദിജീ താങ്കൾ പറയുന്നത്?

താങ്കളുടെ ഫ്ലാഗ് ഷിപ് പ്രൊജക്റ്റുകളിലൊന്നായ ശൗചാലയമുണ്ടല്ലോ, യു.പിയിലും ബിഹാറിലുമൊക്കെ അത് ഒരുപാടുപേർക്ക് ഉപകാരമായിട്ടുണ്ടാവാം.പക്ഷേ അതിവിടെ ഒരു ചിരിക്കുള്ള വകയായത് എന്തുകൊണ്ടാണെന്നറിയാമോ?

അറിയണം…

വിദ്യാഭ്യാസം, ആരോഗ്യം, ശരാശരി ആളോഹരി വരുമാനം, വിദേശനാണ്യം നേടൽ, ഗതാഗതം പലതവണ കേന്ദ്രത്തിൽ വന്നവർ അവഗണിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇല്ലാത്ത എന്താണ് കഴിഞ്ഞ അഞ്ച് വർഷത്തിൽ നിങ്ങൾ തന്നത് (തന്നത് പറയാം….വരട്ടെ)

4. ” ഈശ്വരൻ്റെ പേര് ഉച്ചരിക്കാൻ പോലും ഇവിടെ കഴിയുന്നില്ല. അങ്ങനെയുള്ളവർക്കെതിരെ കള്ളക്കേസെടുക്കുകയാണ്. ലാത്തിച്ചാർജ് നടത്തുകയാണ് ”

മതം പറഞ്ഞ് പ്രധാനമന്ത്രിതന്നെ വോട്ട് പിടിക്കുന്ന സ്ഥിതിക്ക് ഏതാനും കാര്യങ്ങൾ പറയാം. നിങ്ങളുടെ പ്രസംഗത്തിൽ നിങ്ങൾ തന്നെ പറഞ്ഞുവല്ലോ, കേരളത്തിലെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. അവരെ പറ്റിക്കാൻ കഴിയില്ല എന്ന്.

അതെ പ്രധാനമന്ത്രി ജീ, ഞങ്ങള് എല്ലാം കണ്ടതാണ്. ദൈവത്തിൻ്റെ പേര് ആർക്കും പറയാം.. നിങ്ങൾക്കും പറയാം. ശ്രീപദ്മനാഭനെക്കുറിച്ച് പറഞ്ഞിട്ട് നിങ്ങളുടെ പേരിൽ ഒരു കേസെങ്കിലും വന്നോ? ഇല്ല. ദൈവത്തിൻ്റെ പേരുച്ചരിച്ചും വിളിച്ചും ഇക്കഴിഞ്ഞ മണ്ഡലകാലത്തും ലക്ഷങ്ങൾ ദൈവത്തെ കണ്ടുപോയിരുന്നു.

മറ്റ് ചില അദ്ഭുതങ്ങൾ പ്രവർത്തിക്കാൻ നോക്കിയവർക്കാണ് കേസും പുക്കാറുമൊക്കെയുണ്ടായത്. അതായത് പത്രപ്രവർത്തകയ്ക്ക് കൈകൂപ്പി യാചിക്കേണ്ടിവരിക. വാഹനങ്ങൾക്ക് അദ്ഭുതകരമായി കേടുപാട് വരിക അങ്ങനെയങ്ങനെ..

പൊലീസ് ഫോട്ടോ ആൽബമിറക്കിയത്. നാലും അഞ്ചും ഹർത്താൽ നടത്തി വഴിമുടക്കുന്നതൊന്നും പ്രാർഥനയായി ഞങ്ങൾ കേരളീയർ കണക്കിലെടുക്കാറില്ല.

ഞങ്ങക്കൊരു പഴയ സിനിമയുണ്ട്. ഇവിടെ കമ്യൂണിസ്റ്റുകാരെ കളിയാക്കാൻ ഞങ്ങള് തന്നെ ഉപയോഗിക്കുന്നതാ. പേര് സന്ദേശം. അതിൽ മൃതശരീരത്തിനെ സ്വന്തമാക്കാൻ ഓടുന്നത് വരെ ഇവിടെ യഥാർഥ ജീവിതത്തിൽ കാണിച്ചത് ആരാണെന്നൊക്കെ ഒന്ന് അന്വേഷിച്ചുവച്ചേരെ

5. ” ബി.ജെ.പിയുടെ (വിശ്വാസ) കാര്യത്തിലുള്ള നിലപാട് വളരെ വ്യക്തമാണ് ”

ഉവ്വുവ്വ്.. ഇവിടെ നിലപാടിൻ്റെ പേരിൽ ഫേസ്ബുക്ക് പേജ് വരെ വന്ന സമയമാണ്. ആട്ടെ എന്തായിരുന്നു ആ നിലപാട്?

രണ്ട് കൊല്ലം മുൻപ് ഇട്ട ഫേസ്ബുക് പോസ്റ്റ് മായ്ച വിദ്വാനോട് ചോദിച്ചുനോക്കിയിട്ട് പറഞ്ഞാലും മതി. റഫറൻസിന് സ്വന്തം എം.എൽ.എ എഴുതിയ കുറിപ്പുകളും പത്രക്കട്ടിങ്ങും മൊഴിമാറ്റി ഉപയോഗിക്കാം.

6 ” പ്രളയബാധിതർക്ക് അയച്ചുകൊടുത്ത പണത്തിലും അഴിമതി ”

അത് പറഞ്ഞപ്പൊഴാണ്. എത്ര രൂപയാണ് കേരളം ആവശ്യപ്പെട്ടത്? എത്ര തന്നു? എത്ര തിരിച്ച് പലയിനത്തിൽ തരേണ്ടതുണ്ട്?

എത്ര രൂപയാണ് വെട്ടിച്ചത്? എന്താണ് തെളിവ്? ചുമ്മാ ആരോപിച്ചിട്ട് അങ്ങ് പോവാതെ വ്യക്തമാക്കണം ജീ.

7. ” ഇത്രത്തോളം ശ്രദ്ധയില്ലാത്ത ഒരു സർക്കാരിന് ഭരണത്തിൽ തുടരാനുള്ള ധാർമിക ഉത്തരവാദിത്വമില്ല ”

നോട്ടു നിരോധനമെടുക്കൂ. എത്രയായിരുന്നു അത് നടപ്പാക്കിയതിലെ ശ്രദ്ധ? പ്രഖ്യാപിക്കപ്പെട്ട ഏതെങ്കിലുമൊരു കാര്യം അതുവഴി നടന്നോ? ഇല്ല എങ്കിൽ പിന്നെ എന്താണ് ഈ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അന്ന് പടിയിറങ്ങാഞ്ഞത്?

8 ” ലാവ് ലിൻ ”

റാഫേൽ … ഹി ഹി

9 ” സഹജീവികളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മൽസ്യത്തൊഴിലാളികൾ യഥാർഥത്തിൽ ഈ രാജ്യത്തിൻ്റെ സംരക്ഷകരാണ് ”

അത് നിങ്ങൾ വന്ന് പറഞ്ഞില്ലെങ്കിലും ഞങ്ങൾക്ക് അറിയാം

10. ” സുഹൃത്തുക്കളേ, ഇത്തവണ നിങ്ങൾ അക്രമത്തെയും അപമാനിക്കലുകളെയും അവസരവാദത്തെയും പരാജയപ്പെടുത്തേണ്ടതാണ് ”

അത് പിന്നെ പ്രത്യേകം പറയണോ….

പിന്നെ മോദിജീ, രാഹുലിനോട് തിരുവനന്തപുരത്തോ പത്തനം തിട്ടയിലോ മൽസരിക്കാൻ പറയുന്നതിനു മുൻപ് രാഹുൽ നടത്തിയ രണ്ട് വെല്ലുവിളികൾ ഇപ്പൊഴും ടേബിളിലുണ്ടെന്നതോർക്കണം.

ഒന്ന് പതിനഞ്ച് മിനിറ്റ് താങ്കളുടെ സർക്കാരിനെക്കുറിച്ച് നടത്തിയ അഴിമതിയാരോപണങ്ങളെക്കുറിച്ച് സംസാരിക്കാമോ എന്നത്. രണ്ടാമത്തേത് ഏതെങ്കിലും ഒരു പ്രസ് മീറ്റിൽ ചോദ്യങ്ങളെ നേരിടാൻ ധൈര്യമുണ്ടോ എന്നതും. അത് രണ്ടും കഴിഞ്ഞിട്ട് മതിയല്ലോ

ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായെന്നൊന്നും പറഞ്ഞിട്ട് ഇവിടെ വിശപ്പ് മാറില്ല. മുന്നൂറ് പേരിൽ ഒരാൾക്ക് മുന്നൂറുകോടിയുടെ ആസ്തിയുണ്ടെങ്കിൽ ആളോഹരി ആസ്തി ഒരുകോടി കാണിക്കുമെന്ന് മനസിലാക്കാനുള്ള ബോധം കേരളത്തിലെ ജനത്തിനുണ്ട്.

നിങ്ങള് കർഷകർക്കുവേണ്ടി എന്ത് ചെയ്തു? സ്ത്രീകൾക്കുവേണ്ടി എന്തുചെയ്തു? യുവാക്കൾക്കുവേണ്ടി, സാധാരണക്കാർക്കുവേണ്ടി..പറയൂ..

ഒരിടത്ത് ദൈവത്തിനെ പറഞ്ഞ് വോട്ട് പിടിച്ചോണ്ടിരിക്കുന്നതും പിടിക്കാൻ ശ്രമിക്കുന്നതും പത്തിരുപത് വർഷത്തിനു മേലെയായി ഞങ്ങള് കാണുന്നതാ. ഇവിടത് നടപ്പില്ല.

പ്രചരണം നടത്താനെത്തുന്ന മറ്റ് ദേശീയനേതാക്കളെ കാത്തിരിക്കുന്നു.
നന്ദി നമസ്കാരം