മോഹനനെ പോലുള്ള വ്യാജവൈദ്യന്മാരിൽ നിന്നും രക്ഷനേടാൻ എന്തൊക്കെ അറിഞ്ഞിരിയ്ക്കണം

0
374

Nelson Joseph എഴുതുന്നു 

മോഹനൻ എന്ന വ്യാജവൈദ്യൻ ഏറ്റവുമൊടുവിൽ ഒരു കുഞ്ഞിനെയാണ് ചികിത്സിച്ചു കൊന്നിരിക്കുന്നത് .കൃത്യമായ ഭക്ഷണക്രമത്തിലൂടെയും മരുന്നുകളിലൂടെയും നിയന്ത്രിച്ച് ഒരു പരിധി വരെ മുന്നോട്ട് പോകാമായിരുന്ന ജനിതക രോഗമായിരുന്നു ( Included Under Inborn errors of Metabolism ) കുഞ്ഞിന്. ഏകദേശം ഒരു വർഷത്തോളം കാര്യമായ പ്രശ്നങ്ങളില്ലാതെ മുൻപോട്ട് പോയിരുന്നതുമാണ്. എന്നാൽ മോഹനന്റെ വാക്ക് കേട്ട് അങ്ങനെ ഒരു രോഗമില്ല എന്നും കുട്ടിയ്ക്ക് ഓട്ടിസം ആണെന്നും വിശ്വസിച്ച് മരുന്നുകൾ നിർത്തുകയും അവിടെനിന്ന് നൽകുന്ന പൊടികൾ കഴിക്കുകയും ചെയ്തതിനെത്തുടർന്ന് രോഗം മൂർച്ഛിച്ചു.. അതെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളിൽ രക്ഷപെടാൻ ഇയാൾ മുൻകൂട്ടി പലതും ചെയ്തിരിക്കും. ഡോക്ടർ നെൽസൺ ജോസഫിന്റെ ഈ പോസ്റ്റ് വായിക്കുക. ഇത്തരക്കാരുടെ പിടിയിൽ പെടാതെ പൊതുജനത്തിന് രക്ഷപെടാൻ ഉപകരിക്കും

” ഞാൻ ആരുടെയും കയ്യിൽ നിന്ന് ഫീസും വാങ്ങുന്നില്ല, ഞാൻ ഒരു മരുന്നും ആർക്കും നൽകുന്നുമില്ല ” – മോഹനൻ നായർ

Via New Indian Express

മരണമടഞ്ഞ കുഞ്ഞിൻ്റെ അമ്മ നുണ പറഞ്ഞുവെന്ന് കരുതേണ്ട കാര്യമൊന്നും എനിക്കില്ലാത്തതുകൊണ്ട് പൊതുവായ ചില കാര്യങ്ങൾ വ്യക്തമാക്കാം.

1.നിങ്ങളുടെ കയ്യിൽ നിന്ന് പണം വാങ്ങിയെന്ന് പോലും സമ്മതിക്കാത്ത, അല്ലെങ്കിൽ അതിനു ബില്ലോ കുറിപ്പുകളോ മ

Nelson Joseph
Nelson Joseph

റ്റ് രേഖകളോ ഇല്ലാത്ത ഒരിടത്തേക്ക് പോവരുത്.

2. എന്താണ് നിങ്ങൾക്ക് നൽകുന്ന വസ്തുവെന്നോ – മരുന്ന് എന്ന പേരിൽ – അതിൻ്റെ പ്രവർത്തനം എന്താണെന്നോ പാർശ്വഫലങ്ങൾ എന്താണെന്നോ എന്താണ് ആ വസ്തു നിങ്ങൾക്ക് നൽകുന്നതിനു പിന്നിലെ ലോജിക് എന്നോ അറിയാത്ത ഒന്നും… അടിവരയിട്ട് പറയാം ” ഒന്നും ” കഴിക്കരുത്, കഴിപ്പിക്കരുത്.

വഴിയിൽ നിൽക്കുന്നൊരാൾ തരുന്ന ബിസ്കറ്റും ജ്യൂസും കുടിക്കരുതെന്ന് നിങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. പിന്നെ എന്തിനാണ് അതിൻ്റെ പുറത്ത് ആരോ മരുന്നെന്ന് ലേബലൊട്ടിക്കുമ്പൊ നിങ്ങൾ വാങ്ങിക്കഴിക്കുന്നത്?

3. തുടർ ചികിൽസയോ ചികിൽസയ്ക്ക് ശേഷമുള്ള സംശയനിവാരണമോ ലഭിക്കും എന്ന് ഉറപ്പില്ലാത്ത ഒരിടത്തേക്ക് പോവരുത്.

4. ഞാനല്ല, മറ്റൊരാളാണ് ചികിൽസിക്കുന്നത്, ഞാൻ ജസ്റ്റ് പറഞ്ഞുകൊടുക്കാനിരിക്കുന്നതേയുള്ളു എന്ന് കേട്ടാൽ അവിടെനിന്ന് ഓടിപ്പോവുക. കാരണം ഒഴിഞ്ഞുമാറാൻ, അല്ലെങ്കിൽ നിയമത്തിൽ നിന്ന് ഒളിച്ചോടാനുള്ള ഒന്നാന്തരം അടവാണ്.

5. രഹസ്യക്കൂട്ട്, രഹസ്യൗഷധം ഒക്കെ തട്ടിപ്പാണ്.

“പെനിസിലിൻ” കണ്ടുപിടിച്ച അലക്സാണ്ടർ ഫ്ലെമിങ്ങ് രഹസ്യക്കൂട്ടാണെന്ന് പറഞ്ഞിരുന്നെങ്കിൽ, വസൂരിക്ക് വാക്സിനേഷൻ കണ്ടുപിടിച്ച ജന്നർ അതൊരു രഹസ്യമാണ്, ഇവിടെ വന്ന് ചികിൽസിക്കൂ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാനോ നിങ്ങളോ ഇന്ന് ഈ കുറിപ്പ് വായിക്കാനുണ്ടാവുമായിരുന്നില്ല എന്ന് ഓർമിക്കുക.

6. ചികിൽസയുമായി ബന്ധപ്പെട്ട രേഖകൾ നിങ്ങൾക്ക് ലഭിക്കാൻ പൂർണമായും അവകാശമുണ്ട്. അത് ഏത് തരത്തിലുള്ള ചികിൽസയായാലും. അത് പരിശോധന നടത്തിയതിൻ്റെ രേഖകളായാലും ശരി, രോഗനിർണയം നടത്തിയതായാലും ശരി ചോദിച്ച് വാങ്ങുക.

നിങ്ങളുടെ കയ്യിൽ നിന്ന് പണം വാങ്ങിയശേഷം ഇതൊന്നും തരില്ല എന്ന് പറയാൻ ആർക്കുമവകാശമില്ല.

7. ഒരു വെള്ളക്കടലാസിൽ എന്ത് കുഴപ്പമുണ്ടായാലും ഉത്തരവാദി ഞാനല്ല എന്ന് എഴുതിക്കൊടുക്കുന്നതിനു സാധുതയില്ല. എന്നെ കൊന്നോളൂ എന്ന് എഴുതിക്കൊടുത്തശേഷം ഒരാൾ നിങ്ങളെ കൊന്നാൽ അയാൾ നിയമത്തിൻ്റെ മുന്നിൽ നിന്ന് രക്ഷപ്പെടുമെന്ന് കരുതുന്നുണ്ടോ?

ചികിൽസിക്കാൻ യോഗ്യതകളുണ്ടെന്നും കഴിവുകളുണ്ടെന്നും തെറ്റിദ്ധരിപ്പിച്ച് നേടുന്ന സമ്മതവും സമ്മതമായി കണക്കാക്കാൻ കഴിയില്ല. വഞ്ചനയാണ്.

8. നിങ്ങൾക്ക് അത്തരം അനുഭവമുണ്ടായെങ്കിൽ ദയവായി തുറന്ന് പറയുക. രണ്ട് ഗുണമുണ്ട്. ഒട്ടേറെപ്പേർ ഒന്നിച്ച് വരുമ്പൊ നിയമത്തിൻ്റെ സഹായം നിങ്ങൾക്കുണ്ടാവാൻ എളുപ്പമുണ്ടാവും. രണ്ട് , അതൊരു സാമൂഹിക സേവനവുമാണ്. മറ്റൊരാൾക്ക് അങ്ങനെ സംഭവിക്കാതിരിക്കുമല്ലോ..