ഏത് കല്ലും എടുത്തുകൊടുക്കപ്പെടും കല്ല് അമ്മാവന്റെ ഒരു വീക്ക്നെസാണ്

0
476

Nelson Joseph  എഴുതുന്നു 

ഏത് കല്ലും എടുത്തുകൊടുക്കപ്പെടും…പിത്താശയമാണ് സ്പെഷ്യലൈസേഷൻ.. കല്ല് അമ്മാവന്റെ ഒരു വീക്ക്നെസാണ്.

അതുകൊണ്ട് കല്ല് എവിടൂന്ന് വേണേലും എടുക്കും. (കയ്യാല കെട്ടാനും വീടു പണിയാനും അമ്മാവന്റെ വ്യാജ ചികിൽസാലയവുമായി ബന്ധപ്പെടുക) അതിനിപ്പൊ അമ്മാവനു പിത്തസഞ്ചി തന്നെ വേണമെന്ന് യാതൊരു നിർബന്ധവുമില്ല. പാൻക്രിയാസായാലും കിഡ്നി ആയാലും അരക്കൈ നോക്കും.

ഒറ്റമൂലി കഴിച്ച് കല്ലുമായി പിറ്റേ ദിവസം വരുന്ന ” രോഗികളുടെ ” അനുഭവസാക്ഷ്യങ്ങൾ കൊണ്ടാണ് മൈലേജുണ്ടാക്കൽ. കല്ലിൻ്റെ എണ്ണം കണ്ടാൽ ഇവരുടെയൊക്കെ ഉള്ളിൽ ഫിറ്റ് ചെയ്തിരിക്കുന്നത് ശരിക്കും പിത്താശയമാണോ അതോ വല്ല പാറമടയുമാണോയെന്ന് സംശയിച്ചുപോവും.

ആർഷ ഭാരതത്തിൻ്റെ തനതായ ചികിൽസയാണെന്നാണ് വാദം.പക്ഷേ കല്ല് അവിടെ ഇരുന്നാൽ എന്താ കുഴപ്പമെന്ന് ചോദിച്ചാൽ അറിയില്ല. അതും പോട്ടെ, പിത്തസഞ്ചി മുറിച്ചുകളയരുത് എന്ന് പറഞ്ഞതിനു തെളിവ് കാണിക്കാൻ അങ്ങേര് തന്നെ പറഞ്ഞ പുസ്തകത്തിലൊട്ട് അതിനു തെളിവുമില്ല.

ഈ പറഞ്ഞ ആർഷഭാരത സംഗതി എന്താണെന്ന് ടിയാൻ തന്നെ പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. ഇച്ചിരി നാരങ്ങാനീര്, ഇച്ചിരി നല്ലെണ്ണ..ഇച്ചിരി രഹസ്യ മരുന്ന്..കല്ല് ശർർർർർർ…..ന്ന് പോരും.

സംഭവം ഭാരതമൊന്നുമല്ല..ഒരു അന്താരാഷ്ട്ര ഉഡായിപ്പാണ്.Gall baldder Flush എന്ന് ചുമ്മാ ഒന്ന് സേർച്ച് ചെയ്ത് നോക്കിയാൽ കിട്ടുന്നതേയുള്ളൂ. സംഭവം ഇവിടെ നല്ലെണ്ണ ഉപയോഗിക്കാൻ പറയുമ്പൊ പുറത്ത് ഒലിവ് ഓയിലാണ് ഉപയോഗിക്കുന്നതെന്നേയുള്ളൂ. ആ രഹസ്യക്കൂട്ട് എപ്സം സാൾട്ടാണ്. (മഗ്നീഷ്യം സൾഫേറ്റ്).

അപ്പൊ എണ്ണയും എപ്സം സാൾട്ടും നാരങ്ങാനീരും…കേട്ടിട്ട് എന്തെങ്കിലും തോന്നിയോ? അതേന്ന് നമ്മൾ പണ്ട് വീട്ടിൽ സോപ്പുണ്ടാക്കാൻ ഉപയോഗിച്ചതുപോലെയൊരു സംഗതിതന്നെ. വയറ്റിലുണ്ടാവുന്നത് സോപ്പാണ്. അത് പിത്തരസവുമായി ചേർന്നാൽ ഒരുതരം പച്ച നിറമുണ്ടാവും.

കല്ല് പോയോ ഇല്ലയോ എന്നറിയാൻ പിറ്റേന്ന് പോയൊരു അൾട്രാസൗണ്ട് എടുത്താൽ മതി. പക്ഷേ അത് ഇത്തരം വ്യാജന്മാർ രണ്ട് തരത്തിൽ ലോക്ക് ചെയ്യും. ഒന്ന് അൾട്രാസൗണ്ടെടുക്കരുത് എന്ന് പറയുക. രണ്ടാമത്തേതാണ് കിടു…അൾട്രാസൗണ്ട് തന്നെ തട്ടിപ്പാണെന്ന് അങ്ങ് കാച്ചും..

പിത്തസഞ്ചിയിൽ കല്ലുണ്ടെന്ന് മാത്രം കൊണ്ട് ചികിൽസയോ ശസ്ത്രക്രിയയോ ആവശ്യമില്ല. മറ്റെന്തെങ്കിലും കാര്യത്തിനായി സ്കാൻ ചെയ്യുമ്പൊ കല്ല് കണ്ടെത്തിയെന്ന് കരുതി പിത്തസഞ്ചി നീക്കം ചെയ്യണമെന്നില്ല. കല്ലുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ (അതായത് കല്ലുകൾ കാരണം വേദന വരിക, പാൻ ക്രിയാസ് ഗ്രന്ഥിയിൽ വീക്കമുണ്ടാവുക, പിത്തരസം ഒഴുകുന്നതിനു തടസം സൃഷ്ടിക്കുക, ഇൻഫെക്ഷനുണ്ടാവുക, അങ്ങനെയങ്ങനെ)

ഒരുതവണ പ്രശ്നമുണ്ടായെന്ന് വച്ച് പിന്നീട് എപ്പോഴുമെപ്പോഴും പ്രശ്നങ്ങളുണ്ടാവണമെന്നുമില്ല. അതാണ് ഈ വ്യാജന്മാരുടെ നോട്ടവും നേട്ടവും. ഇനി അഥവാ എന്തെങ്കിലും സംഭവിച്ചാൽത്തന്നെ ക്ലീഷേ ഡയലോഗടിച്ചാൽ പോരേ?

” പഥ്യം മുടക്കിക്കാണും ”