Share The Article

എഴുതിയത് : Dr. Nelson Joseph

” താങ്കളുടെ മടിയിലിരിക്കുന്നത് താങ്കൾക്ക് ഉണ്ടായതാണെന്ന് തന്നെ വിശ്വസിക്കുന്നു ”

” നിങ്ങളോട് തെളിയിക്കേണ്ട ആവശ്യം ഇല്ല സർ.. അതൊക്കെ അറിയേണ്ടവർക്ക് മനസിലായിട്ടുണ്ട് ”

” ചികിത്സക്ക് ഫലം ഉണ്ടാകുമ്പോൾ തെളിവ് ചോദിച്ചു അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് എന്തിനാ ”

” ശാസ്ത്രം ഇനിയും വളരുമ്പോ ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൂടെ? ”

” വിരോധം കാരണം ഈ ചികിൽസയിലൂടെ ഗുണം ലഭിക്കുന്നത് പിടിക്കില്ല..”

————————————————

ഹോമിയോപ്പതിയിൽ വന്ധ്യതയ്ക്ക് – പുരുഷ വന്ധ്യതയ്ക്കും ചികിൽസ ലഭ്യമാണ് എന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ പറയുകയാണ്.

അങ്ങനെ ഒരു സ്റ്റേറ്റ്മെൻ്റ് നടത്തുമ്പോൾ സംസ്ഥാനത്തെ ആരോഗ്യമന്ത്രിയെന്ന നിലയിൽ അതു ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാവണം.

അതുകൊണ്ടാണ് അതിനാസ്പദമായ തെളിവുകൾ നൽകാമോ എന്ന് ചോദിച്ചത്. അപ്പോൾ ലഭിച്ച മറുപടികളിൽ ഏതാനുമെണ്ണമാണു മുകളിൽ.

ഒന്ന് ആലോചിച്ച് നോക്ക്. എം.ആർ വാക്സിനേഷൻ കാമ്പെയിൻ സമയത്ത് ചോദ്യം ചോദിച്ചവർക്ക് ഇതുപോലെയായിരുന്നു മറുപടി നൽകിയിരുന്നതെങ്കിലോ? എങ്ങനെയുണ്ടായേനെ?

ഹോമിയോപ്പതിയുടെ ഫലപ്രാപ്തി (Efficacy of homeopathy) എന്ന് ഗൂഗിളിൽ സേർച്ച് ചെയ്താൽ ആദ്യം വരുന്ന വാചകം ഇതാണ്.

” Homeopathic preparations are not effective for treating any condition; large-scale studies have found homeopathy to be no more effective than a placebo “. (ഹോമിയോ ഒരു അവസ്ഥയിലും ചികിൽസിക്കാൻ ഫലമുള്ളതല്ല. വലിയ പഠനങ്ങൾ ഇത് കണ്ടെത്തിയതാണ്.)

അടുത്ത ലിങ്ക് NCCIH (നാഷണൽ സെൻ്റർ ഫോർ കോമ്പ്ലിമെൻ്ററി ആൻഡ് ഇൻ്റഗ്രേറ്റീവ് ഹെൽത്) ൻ്റേതാണ്. അതിൽ ചെന്ന് വായിച്ചുനോക്കുമ്പൊഴും വ്യത്യസ്തമായ ഒരു ഇൻഫർമേഷനല്ല ലഭിക്കുന്നത്.

വിവിധ ഇൻ്റർനാഷണൽ ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്ത വാർത്തകളിൽ വിവിധ രാജ്യങ്ങളിൽ തെളിവില്ല എന്നതിൻ്റെ അടിസ്ഥാനത്തിൽ ഹോമിയോപ്പതിക്കുളള പിന്തുണ അവസാനിപ്പിച്ചതായും വാർത്തകളുണ്ടായിരുന്നു.

” ഹോമിയോപ്പതി ചികിൽസയ്ക്കുള്ള റീ ഇംബേഴ്സ്‌മന്റ്‌ ഫ്രാൻസ്‌ നിർത്തലാക്കുന്നു ”
– ഗാർഡിയൻ , ജൂലൈ 2019

” എൻ.എച്ച്‌.എസിൽ ഹോമിയോപ്പതിക്‌ ട്രീറ്റ്‌മന്റ്‌ നിർത്തലാക്കുന്നു ”
– ബി.ബി.സി , മാർച്ച്‌ 2018

” ഹോമിയോപ്പതി നിർത്തലാക്കാനുള്ള തീരുമാനം ഹൈക്കോടതി ശരിവച്ചു. (ലണ്ടൻ)
– ടെലഗ്രാഫ്‌, ജൂൺ 2018

ഈ സാഹചര്യത്തിൽ വന്ധ്യതാ ചികിൽസയിൽ ഹോമിയോ ഫലപ്രദമാണ് എന്ന് ആരോഗ്യമന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിൽ അത് കൃത്യമായ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാവണം.

ജനങ്ങൾക്ക് ചികിൽസയെന്ന പേരിൽ നൽകുന്നത് ശാസ്ത്രീയ തെളിവുകളുള്ളതാവണം. ശാസ്ത്രം ഇനിയും വളരുമ്പൊ തെളിവ് ലഭിക്കുമെന്നാണെങ്കിൽ അന്ന് നൽകിയാൽ മതി. അതുവരെ തെളിവുകളുള്ള ചികിൽസാ രീതികൾ പിന്തുടരണം.

മറ്റൊരു രീതിയിൽ പറഞ്ഞാൽ വന്ധ്യതയുടെ ചികിൽസയ്ക്ക് ശാസ്ത്രീയമായ തെളിവില്ല എങ്കിൽ ആരോഗ്യമന്ത്രിയെന്ന നിലയിൽ ടീച്ചർ അങ്ങനെ പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാവും. ദമ്പതികളുടെ ചികിൽസ വൈകാനും അവരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടാനും കാരണമാവും.

അതുണ്ടാവാൻ പാടില്ല.

അതുകൊണ്ട് എത്രയും വേഗം പ്രസ്തുത പഠനങ്ങളുടെ വിവരങ്ങൾ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.