.Nelson Joseph എഴുതുന്നു 

1.

മണ്ണെണ്ണ വിളക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്നറിയാമോ? കടയിൽ നിന്ന് വാങ്ങിക്കുന്ന വിളക്കല്ല. വീടുകളിൽ ഉണ്ടാക്കുമായിരുന്ന ഒരുതരം പ്രാകൃതമായ മണ്ണെണ്ണവിളക്കുണ്ട്.

Nelson Joseph
Nelson Joseph

ഇന്ന് കഫ് സിറപ്പൊക്കെ വാങ്ങുമ്പൊ കിട്ടുന്നപോലുള്ള ചെറിയ ചില്ല് കുപ്പികളുണ്ടാവും. കഴുകി, പുറത്തെ സ്റ്റിക്കറൊക്കെ കളയും.. അടപ്പിലൊരു ചെറിയ ദ്വാരമിടും. പഴയ മുണ്ടിൻ്റെ തുണി കീറി പിരിച്ച് ഒരു തിരിയിടും..മണ്ണെണ്ണ നിറച്ചാൽ രാത്രി വെട്ടം കിട്ടാനുള്ള വിളക്കായി..

ഒരു ചെറിയ കുഴപ്പമുണ്ട്…ഒരു നിമിഷം കണ്ണൊന്ന് തെറ്റിയാൽ, വിളക്കൊന്ന് മറിഞ്ഞാൽ മണ്ണെണ്ണ നിലത്ത് ഒഴുകിപ്പടരും..തീയാളും. വേനലിൽ പൊരിഞ്ഞ് നിൽക്കുന്ന, കത്തിപ്പിടിക്കാൻ എളുപ്പമുള്ള സാധനങ്ങൾ കൂടുതലുള്ള വീടിനും വീട്ടുകാരിക്കും പൊള്ളും….

2.

ഇടയ്ക്കിടെ അപ്രത്യക്ഷമാവുന്ന വീടുകളെക്കുറിച്ച് അറിയാമോ?

അങ്ങനെ ചില വീടുകളുണ്ട്. നാടൊട്ടുക്ക് വിളിച്ച് നടത്തപ്പെടുന്ന കല്യാണങ്ങളുണ്ടാവും. നാട്ടിലെ എല്ലാവർക്കും ക്ഷണമുണ്ടാവും. ഇടത്തും വലത്തും മുൻപിലും പിറകിലുമുള്ള വീടുകളിലെല്ലാം വിളിയെത്തുമ്പൊ ചില വീടുകൾ മാത്രം കാണാതെപോവും..

കാണാതെ പോവുന്നതല്ല. അദൃശ്യമാവുന്നതാണ്. അല്ലെങ്കിൽ നാട്ടിൽ ആര് കല്യാണം വിളിക്കാനിറങ്ങുമ്പൊഴും ആ വീട്ടുകാർ അദ്ഭുതകരമായി വീട്ടിലില്ലാത്ത സമയം നോക്കി മാത്രം വിളിക്കാനിറങ്ങുന്നതാണ്.

3.

മെഡിക്കൽ കോളജിലെ വാർഡുകളിൽ ഒരു രാത്രിയെങ്കിലും കിടന്നിട്ടുണ്ടോ?

കിടന്നില്ലെങ്കിലും വെറുതെയൊന്ന് നടക്കുകയെങ്കിലും ചെയ്യണം. പണ്ടത്തേതിലുമൊക്കെ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മാറ്റമില്ലാത്ത ഒന്നുണ്ട്. തിരക്ക്. താങ്ങാവുന്നതിനുമധികം ആളുകൾ എത്തിപ്പെടുന്നുണ്ട് ഇപ്പൊഴും സർക്കാർ മെഡിക്കൽ കോളജുകളിൽ..

ആദ്യം പറഞ്ഞ മണ്ണെണ്ണവിളക്ക് മറിഞ്ഞുവീണ് മുഖം മുതൽ താഴേക്ക് പൊള്ളലേറ്റ് വന്നവരുണ്ട് അതിനിടയിൽ.. നാട് മുഴുവൻ കല്യാണം വിളിക്കുമ്പൊഴും ഒറ്റപ്പെട്ടുപോയവരുമുണ്ട്…അതുമല്ലെങ്കിൽ സ്വന്തം വീട്ടിൽ വിശേഷാവസരങ്ങളിൽ സ്നേഹത്തോടെ ക്ഷണിച്ചവർ വന്നെന്ന് വരുത്തി ഭക്ഷണം കഴിക്കാതെ പോവുന്നത് കണ്ടുനിന്നവരുമുണ്ട്…

അപകടത്തിലോ അല്ലെങ്കിൽ വിഷമത്തിലോ കഴിയുന്ന സാധാരണക്കാർ എങ്ങനെയാണ് അന്യോന്യം താങ്ങാവുന്നതെന്ന് കണ്ടറിയാൻ അതുപോലൊരു വാർഡിലൂടെയൊന്ന് നടന്നാൽ മതി..

ചുരുക്കം ഇത്രയെങ്കിലുമറിയണം സർക്കാർ സംവിധാനത്തെ ആശ്രയിക്കാതെ, എഴുപത് രൂപയ്ക്കായി കളക്ടറോടും മന്ത്രിയോടും ചോദിക്കാൻ നിൽക്കാതെ എന്തുകൊണ്ടാണ് അക്ഷന്തവ്യമായ ആ ” തെറ്റ് ” ചെയ്യാൻ അയാൾ മുതിർന്നതെന്നറിയാൻ..

പലപ്പൊഴും അങ്ങനെ ഒരു കൂട്ടം ജനങ്ങളുണ്ടെന്നും അവരുമിവിടെ ജീവിക്കുന്നുണ്ടെന്നും മറന്നുപോവുന്നതുകൊണ്ടാണ് …

അതറിയാത്തിടങ്ങളിൽ നിന്നാണ് എഴുപതു രൂപ ഇല്ലായിരുന്നോയെന്ന ചോദ്യമുണ്ടാവുന്നതും എഴുപത് രൂപയ്ക്ക് പിരിവ് നടത്തിയെന്ന് പരിഹസിക്കപ്പെടുന്നതും..

നമ്മുടെ മുന്നിൽ വിശേഷാവസരങ്ങളിലും സന്തോഷത്തിലുമൊക്കെ അവരെ കാണാതെ പോവുന്നുണ്ടെങ്കിലും എല്ലാ ദുരന്തങ്ങളും ആദ്യം മുട്ടിവിളിക്കുന്നത് അവരുടെ വാതിലിലാണ്..ഏറ്റവും അവസാനം ഇറങ്ങിപ്പോവുന്നതും…

അതിനു ദേശമോ ഭാഷയോ ഒരു വ്യത്യാസവുമുണ്ടാക്കില്ല..

വരൾച്ച ബാധിച്ച ഹൈദരാബാദിലെ , ദിവസം പതിനാല് കിലോമീറ്റർ വെള്ളത്തിനായി ഓടുന്ന പത്തുവയസുകാരനും, വെള്ളത്തിനായിട്ട് ഹൈവേ ഉപരോധിക്കേണ്ടിവരുന്ന ബംഗലൂരുവിലെ കർഷകനും , 35 വർഷമായി, ആദ്യം ദുരിതാശ്വാസ ക്യാമ്പ് കെട്ടിയും ഇപ്പൊ സർക്കാർ ചട്ടങ്ങളനുസരിച്ച് നിന്നുമൊക്കെ കഴിയുന്ന ആ സാധാരണക്കാരുമൊക്കെ അതേ നാണയത്തിൻ്റെ വശങ്ങളിൽ തന്നെയാണുള്ളത്..

ദുരന്തങ്ങൾ മാത്രമല്ല, നീതി കിട്ടാൻ ഏറ്റവും വിഷമിക്കുന്നതും ഏറ്റവും പെട്ടെന്ന് നീതി നടപ്പാക്കപ്പെടുന്നതും അവരുടെ മേലാണ്…

പ്രതിച്ഛായ മെച്ചപ്പെടുത്താൻ തട്ടിക്കയറാവുന്നതും നടപടിയെടുക്കാവുന്നതുമൊക്കെ അവരുടെ മേൽ തന്നെയാണ്..

അവരെല്ലാം നന്മമരങ്ങളാണെന്ന് വാദിക്കുകയല്ല..പക്ഷേ കുറ്റക്കാരാണെന്ന് ഏറ്റവുമെളുപ്പം നിയമപാലകരും മാദ്ധ്യമങ്ങളുമടക്കം പൊതുസമൂഹം ഏറ്റവുമെളുപ്പം വിധിയെഴുതുന്നത് , കുറ്റക്കാരല്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത വച്ചുകൊടുക്കുന്നത് അവരുടെ ചുമലിലാണെന്ന് പറഞ്ഞതാണ്..

അതറിയാനും മനസിലാക്കാനും അവരുടെ വശത്തുനിന്ന് ചിന്തിക്കാനും ഇപ്പൊഴും കഴിയുന്നില്ലെങ്കിൽ സ്വന്തം തെറ്റെന്താണെന്ന് മനസിലാക്കാനും ചിലപ്പൊ കഴിഞ്ഞെന്ന് വരില്ല..

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.