പെണ്ണിന്റെ വിവാഹപ്രായം കൂട്ടിയാൽ ഇന്ദുചൂഢൻമാർ പെട്ടുപോകും, കാലുമടക്കി ചവിട്ടാൻ പറ്റില്ല

66

Nelson Joseph

” പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സാംസ്കാരിക അധപതനത്തിന് കാരണമാകും ”
പൂർണമായും യോജിക്കുന്നു.ഞങ്ങൾ ആണുങ്ങൾ കാലാകാലങ്ങളായിട്ട് കെട്ടിപ്പൊക്കിക്കൊണ്ടുവന്ന പല സംസ്കാരങ്ങളും അന്യം നിന്ന് പോവില്ലേ?ഇപ്പൊത്തന്നെ വളരെ കഷ്ടപ്പെട്ടാണ് പത്തും പ്ലസ് ടുവും വരെ പഠിപ്പിക്കുന്നത്. നാളെ വേറൊരുത്തന് പിടിച്ച് കൊടുക്കേണ്ടതിനെയൊക്കെ എന്തിനാ പഠിപ്പിക്കുന്നത്….സോറി വിവാഹം കഴിച്ച് കുടുംബം നോക്കുകയെന്നതാണല്ലോ സ്ത്രീകളുടെ ജീവിതത്തിൻ്റെ പരമമായ ലക്ഷ്യം. അത് കാത്തിരിക്കുന്ന പെൺകുട്ടികളുടെ സന്തോഷത്തെ നിങ്ങൾ വിവാഹപ്രായം കൂട്ടി ഇല്ലാതെയാക്കരുത്…ഇപ്പ കറക്റ്റായില്ലേ?

പെണ്ണുങ്ങൾക്ക് കുടുംബവും കുഞ്ഞുങ്ങളുമാണ് സന്തോഷമെന്ന് ആണുങ്ങക്ക് എങ്ങനറിയാം എന്നല്ലേ? അല്ല, അതിപ്പൊ ഉടമസ്ഥനാണല്ലോ സന്തോഷവും സങ്കടവുമൊക്കെ തീരുമാനിക്കേണ്ടത്….എന്തേയ് അങ്ങനല്ലേ?ഇനീമുണ്ട് പ്രശ്നങ്ങൾ..പതിനെട്ടിൽത്തന്നെ അങ്ങ് കെട്ടിച്ചു വിട്ടാൽ പിന്നെ കുട്ടിയായി, അവരെ നോക്കലായി, വേറൊന്നിനും സമയം കിട്ടണമെന്നുപോലുമില്ല. ലോകം കാണാത്തതുകൊണ്ടും സ്വന്തമായൊരു വരുമാനമില്ലാത്തതുകൊണ്ടും അടങ്ങിയൊതുങ്ങി നിന്നോളും..

അല്ലെങ്കിലോ?വേറൊരു കാര്യം പറഞ്ഞ് പഠിത്തം ബ്ലോക്ക് ചെയ്യാൻ പറ്റീല്ലേൽ അവര് പഠിക്കും… അത്യാവശ്യം പഠിപ്പും വിവരവുമുള്ള, സ്വന്തം കാലിൽ നിൽക്കാൻ അറിയുന്ന പെണ്ണുങ്ങളുണ്ടേലുള്ള കുഴപ്പം അറിയാല്ലോ അല്ലേ?അവളുമാർക്കൊക്കെ ഒരു കുഴപ്പമുണ്ട്…സ്വന്തമായിട്ട് അഭിപ്രായം പറഞ്ഞുകളയും. പണ്ടുകാലത്ത് വീടിൻ്റെ ഉമ്മറത്ത് പോലും വരാതിരുന്നോരാ..ഇന്ന് സ്വന്തം കാര്യത്തിൽ അഭിപ്രായം പറഞ്ഞെങ്കിൽ നാളെ ആരെ കെട്ടണമെന്ന് അഭിപ്രായം പറയില്ലെന്നാരു കണ്ടു !!

നാരി ഭരിച്ചേടം നാരകം നട്ടേടം നന്നല്ലെന്നൊക്കെ പറയുമ്പൊ അവളുമാര് ജസിൻഡ ആർഡൻ്റെ കാര്യമൊക്കെ ചോദിച്ചാൽ അട്ടം നോക്കി നിക്കേണ്ടിവരും… പത്രം വായിക്കാൻ സമയം കൊടുത്താലല്ലേ ജസിൻഡ ആരാന്നൊക്കെ അറിയൂ.വെള്ളമടിച്ച് കോൺ തെറ്റി പാതിരായ്ക്ക് വീട്ടിൽ ചെന്ന് കേറി ചുമ്മാ കാല് മടക്കി തൊഴിച്ചാൽ അവൾ അവളുടെ പാട്ടിന് പോവും.തുലാവർഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ പ്രേമിക്കാൻ ചെല്ലുമ്പൊഴായിരിക്കും ജോലിയുടെ ബാക്കി ചെയ്യാനുണ്ടെന്ന് പറഞ്ഞ് മൂഡ് കളയാൻ പോവുന്നത്…

ഒഹ്…ഡാർക്ക്…ഇന്ദുചൂഡന്മാർ പെട്ട് പോവില്ലേ?അതുകൊണ്ട് ഇതൊക്കെ ഇങ്ങനൊക്കെ അങ്ങോട്ട് മുന്നോട്ട് പോയാൽ മതി..പെണ്ണുങ്ങടെ സന്തോഷമാണ് ഞങ്ങടെ സന്തോഷം.. സോറി തിരിഞ്ഞോയി…ഞങ്ങടെ സന്തോഷാണ് പെണ്ണുങ്ങടെ സന്തോഷം.പറയുന്ന കേട്ട് അടങ്ങിയൊതുങ്ങി നിന്നാൽ ദേവതയാണെന്നൊക്കെ പറഞ്ഞ് സന്തോഷിപ്പിക്കാം..എന്ത്യേ?