ഇത്രയേറെ തൊഴിലാളികൾ ലോക്ക് ഡൗണിൻ്റെ ആദ്യ സമയത്ത് തൊട്ട് നടന്നപ്പൊ നൊന്തില്ല. അവരിൽ ചിലർ വഴിയിൽ വീണ് മരിച്ചപ്പൊഴും നൊന്തില്ല. ഇരുപതിലധികമാളുകൾ ഒറ്റയടിക്ക് വാഹനാപകടത്തിൽ മരിച്ചപ്പൊഴും നൊന്തുകണ്ടില്ല. ലോക്ക് ഡൗണിൻ്റെ ഒന്നാം ദിവസമോ രണ്ടാം ദിവസമോ ഒന്നുമായിരുന്നില്ല ആ അപകടം.. ഒന്നൊന്നര മാസം കഴിഞ്ഞിട്ടാണ് . പക്ഷേ പ്രിയങ്കയ്ക്കും കോൺഗ്രസിനും വേദനിച്ചിരുന്നു.
ആയിരം ബസ്സുകളിൽ ബി.ജെ.പിയുടെ കൊടി കെട്ടുന്നെങ്കിൽ കെട്ടിക്കോളൂ, ചിഹ്നം പതിക്കുന്നെങ്കിൽ പതിച്ചോളൂ, ബസ്സുകൾ ഓടിക്കാൻ അനുവദിച്ചാൽ മതിയെന്ന് വരെ പറഞ്ഞുനോക്കി..അവർ സമ്മതിച്ചില്ല. ഇന്നലെ നാല് മണിയോടെ പോയ ബസ്സുകളെല്ലാം കാലിയായി തിരിച്ചുപോരേണ്ടിവന്നു. ബസ്സുകളുടെ എണ്ണത്തിൽ കുറവ് വന്നിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. ചിലത് ഓട്ടോയും ചിലത് ആംബുലൻസുമായിരുന്നുവെന്ന്. എണ്ണൂറിലധികം ബസ്സുകളേ ഉണ്ടായിരുന്നുള്ളൂ എന്ന്. കേട്ടില്ലേ എണ്ണൂറിലധികമേ ഉണ്ടായിരുന്നുള്ളൂ എന്ന്.
എണ്ണൂറ് ബസ്സിൽ ഇരുപത്തഞ്ച് പേർ വച്ച് കയറിയിരുന്നെങ്കിൽ ഇരുപതിനായിരം പേർക്ക് നടക്കേണ്ടിവരില്ലായിരുന്നു എന്നോർക്കുമ്പൊഴാണ്.ഹ…കഴിഞ്ഞില്ല…വണ്ടികളുടെ എണ്ണത്തിൽ കുറവ് വന്നെന്നും റെക്കോഡുകൾ ശരിയല്ലെന്നും പറഞ്ഞ് കോൺഗ്രസിൻ്റെ യു.പി.സി.സി അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ ജാമ്യം ലഭിച്ചപ്പോൾ അടുത്ത കേസ്… വാഹനങ്ങൾ കടത്തിവിടാൻ ധർണ നടത്തിയെന്ന്.നടക്കുന്നവരുടെ ഫിറ്റ്നസ് നോക്കാത്തവർക്ക് ബസ്സിൻ്റെ ഫിറ്റ്നസ് മുഖ്യം.
നൂറ്റിക്കണക്ക് കിലോമീറ്ററുകൾ ഗർഭിണിയായ ഭാര്യയെ കൈവണ്ടിയിൽ വലിച്ചുകൊണ്ട് പോയവർ…കാല് വിണ്ടുകീറി നടക്കാൻ വയ്യാതായ കുഞ്ഞുങ്ങൾ..ഒരു നുകം കാളയുടെ ചുമലിലും മറ്റേ നുകം സ്വന്തം തോളിലും വച്ച് കിലോമീറ്ററുകൾ നടന്നവർ.അങ്ങനെ മനുഷ്യർ തെരുവിൽ നടന്ന ഇന്ത്യയാണിത്. വന്ന അത്രയും ബസ്സുകൾ കാലിയായി തിരിച്ചുപോയി.മനുഷ്യർ നടന്നപ്പൊ ട്രെൻഡ് ചെയ്യാഞ്ഞ ഹാഷ് ടാഗുകളൊക്കെ ട്രെൻഡ് ചെയ്തു..വിഷയം മാറ്റലാണല്ലോ നമ്മുടെ മെയിൻ..അല്ലേ സാാറേ.രാഹുൽ ഗാന്ധിക്ക് മൈഗ്രൻ്റ് തൊഴിലാളികൾ നടക്കുന്ന കൂടെ അവരുടെ സമയം കളയാതെ അവരുടെ പെട്ടിയെടുത്ത് നടന്നൂടായിരുന്നോ എന്ന് ചോദിച്ചയാൾ ഛത്തീസ്ഘട്ടിലേക്കും യു.പിയിലേക്കും പോയ ട്രെയിനിൻ്റെ എണ്ണം നോക്കാൻ നിർദേശിച്ചിട്ടുണ്ട്.
ട്രെയിനുണ്ടായിട്ടും അവരെന്താണ് തെരുവിലിറങ്ങേണ്ടിവന്നത്?അതിനുത്തരമുണ്ടോ?ആർക്കെങ്കിലും ഓർമയുണ്ടോയെന്നറിയില്ല, ഇതുപോലെ ഒരു കേസ്. കുഞ്ഞുങ്ങൾ മരിച്ചിടത്ത് ഓക്സിജൻ വാങ്ങാൻ ഓടിനടന്ന ഒരു ഡോക്ടറുടെ സംഭവം. അയാൾക്കെന്ത് സംഭവിച്ചുവെന്നത്. ആരും ചോദിക്കാനില്ലാത്തവർക്കായി കാലം ചോദ്യം ചോദിക്കുമെന്ന സ്ഥിരം വാചകത്തിൽ ഒതുക്കാം പ്രതികരണം.നിങ്ങളുടെ രാഷ്ട്രീയം ഏതാണെന്നത് മുഖ്യമല്ല ഇവിടെ.ഈ നേരത്ത് ഒരു വാക്കുകൊണ്ട് പോലും ആ നടക്കുന്നവരുടെ കൂടെ നിൽക്കാത്തവരും ചെയ്യുന്നത് അനീതിയാണ്… തെറ്റാണ്. അവർക്കുവേണ്ടി സംസാരിക്കാത്തവരേ.നിങ്ങൾക്ക് കാലം മാപ്പ് തരില്ല