Share The Article

സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിനുള്ള മറുപടിയായി Dr. Nelson Joseph എഴുതുന്നു

അതേതായാലും നന്നായി മിസ്റ്റർ കെ.സുരേന്ദ്രാ. എന്തുകൊണ്ടാണു ഹിന്ദി അടിച്ചേൽപിക്കുന്നതിനെ എതിർക്കേണ്ടതെന്ന് നിങ്ങളു തന്നെ വ്യക്തമാക്കിയത്‌.

അങ്ങോട്ടേക്ക്‌ വരുന്നതിനു മുൻപ്‌ നമുക്ക്‌ ദേശീയഗാനത്തെക്കുറിച്ച്‌ ഒന്ന് ആലോചിക്കാം. ഒരു രാജ്യം മറിച്ചൊന്നും വിചാരിക്കാതെ ഒറ്റ സ്വരത്തിൽ പാടിക്കൊണ്ടിരുന്നത്‌. . .എല്ലാവരുമല്ല, പാടാൻ പറഞ്ഞപ്പൊ അന്തം വിട്ട്‌ നിന്ന കുറച്ചാളുകളൊഴികെ.

തികച്ചും സ്വഭാവികമായി നടന്നുപോന്നിരുന്ന ദേശീയഗാനാലാപനത്തിന് എന്ത്‌ സംഭവിച്ചെന്ന് കണ്ടതല്ലേ? ഭിന്ന ശേഷിക്കാർ ആക്രമിക്കപ്പെട്ട സംഭവങ്ങളെ ദേശീയഗാനമാലപിക്കുമ്പൊ മുൻപെങ്ങും ഓർക്കേണ്ടിവന്നിരുന്നില്ല.

ഇപ്പൊ നിങ്ങൾ തന്നെ പറയുന്നത്‌ വായിച്ച്‌ നോക്കിക്കൊള്ളൂ. ” ഈ എതിർപ്പ്‌ ഹിന്ദിയോടല്ല , ഹിന്ദുസ്ഥാനോട്‌ “.

അതുതന്നെയാണു പ്രശ്നം. തികച്ചും സ്വഭാവികമായി നടന്നുപോന്നിരുന്ന ഒന്നാണു ഹിന്ദി പഠനവും. അഞ്ചാം ക്ലാസ്‌ മുതൽ നേരെ ചൊവ്വെ ഹിന്ദി പഠിച്ചവരാണു മലയാളികൾ

അതുകൊണ്ട്‌ ഒരുപക്ഷേ മിസ്റ്റർ സുരേന്ദ്രനെക്കാൾ ഹിന്ദി അറിയാവുന്നവരും മലയാളികളിലുണ്ടാവും.

എന്നാൽ ഒരു ഭാഷ പഠിക്കുന്നത്‌ അടിച്ചേൽപിക്കുമ്പൊ നഷ്ടപ്പെടുന്നത്‌ സ്വാതന്ത്ര്യമാണ്. ഒരാൾക്ക്‌ ഹിന്ദി പഠിക്കാൻ താൽപര്യമില്ല എന്നതുകൊണ്ട്‌ മാത്രം അയാൾ ഇന്ത്യയ്ക്കെതിരാണെന്ന് മുദ്രകുത്തുന്നത്‌ അതിലേറെ അപകടകരവും.

ആ ഉദ്ദേശ്യം നിങ്ങളായിത്തന്നെ വെളിപ്പെടുത്തിയത്‌ നന്നായി.

അച്ഛനും അമ്മയും മക്കളും അടങ്ങുന്ന വീട്ടിൽ എല്ലാവരും ഒരേ ഭക്ഷണം കഴിക്കുന്നതുകൊണ്ടോ ഒരേ ഇഷ്ടങ്ങളുള്ളതുകൊണ്ടോ ഒരേ പാർട്ടിയിൽ വിശ്വസിക്കുന്നതുകൊണ്ടോ അല്ല കുടുംബമാവുന്നത്‌. . .

സ്നേഹം എന്നു വിളിക്കുന്ന ഒന്നുണ്ട്‌. . .അടിച്ചേൽപിക്കാൻ പറ്റില്ല. ഉള്ളിൽ നിന്ന് ഉണ്ടാവണം

ഒരേ ഭക്ഷണം കഴിക്കുന്നതോ ഒരു ഭാഷ പറയുന്നതോ ഒരു സ്പോർട്ട്സ്‌ മൽസരത്തിൽ പിന്തുണയ്ക്കുന്നതോ അല്ല രാജ്യസ്നേഹത്തിന്റെ അളവുകോൽ.

മലയാളവും തമിഴും തെലുങ്കും കന്നടയും ബംഗാളിയും ഒറിയയും ഹിന്ദിയും കശ്മീരിയും കൊങ്കിണിയും പഞ്ചാബിയും മറാത്തിയും ഗുജറാത്തിയും അടക്കം വിവിധഭാഷകൾ സംസാരിച്ചുകൊണ്ടിരുന്നപ്പൊ ഇവിടെ ഏകത്വമുണ്ടായിരുന്നു. . .

അടിച്ചേൽപിക്കപ്പെടുന്ന ഒറ്റ ഭാഷയെന്ന സങ്കൽപമല്ല.

“മിലേ സുർ മേരാ തുമാരാ. . .തോ സ്വർ ബനേ ഹമാര. . . ” അതായത്‌ ” എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്ന് നമ്മുടെ സ്വരമായ്‌. . .”

അതാണിന്ത്യ. .

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.