‘നീയൊക്കെ അഞ്ച് പൈസേടെ ഉപകാരം ആർക്കേലും ചെയ്തിട്ട് വിമർശിക്കെടാ…’എന്ന് ചോദിക്കുന്ന വെട്ടുക്കിളികളോട്

352

Nelson Joseph എഴുതുന്നു 

ആയിരം പേരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കിയശേഷം മാത്രം പറഞ്ഞുതുടങ്ങുന്ന ഫേസ്ബുക് ലൈവ് അല്ലാത്തതുകൊണ്ടും ഷെയർ ചെയ്ത് എത്തിക്കാൻ ആരാധകവൃന്ദമില്ലാത്തതുകൊണ്ടും
എത്രപേർ ഇത് കാണുമെന്ന് അറിയില്ല.

എന്നാലും ഒരു അഞ്ച് മിനിറ്റെടുത്ത് ഒന്ന് വായിച്ചുപോയാൽ നന്നായിരിക്കും.

ഒരു സർക്കാർ പ്രൈമറി ഹെൽത് സെൻ്ററിൽ 200-300 ഒ.പി നോക്കുന്ന ഒറ്റ ഡോക്ടർ എന്ന് പറയുന്നത് ഈ കേരളത്തിൽ ഒരു അദ്ഭുത സംഭവമല്ല. സാധാരണമായ ഒന്നാണ്.

അവിടെ രോഗികളെ നോക്കുന്ന, വെറും അഞ്ച് വർഷം സർവീസുള്ള ഒരു സർക്കാർ ഡോക്ടർ രണ്ടര ലക്ഷത്തിനും നാല് ലക്ഷത്തിനുമിടയിൽ രോഗികളെ സുഖമാക്കിയിട്ടുണ്ടാവും. വെറും രണ്ട് രൂപ ഒ.പി ടിക്കറ്റിൽ.

സുഖമാക്കിയ രോഗികളുടെ ലൈവ് ഇടാത്തതുകൊണ്ട് ആരും അറിഞ്ഞെന്ന് വരില്ല.

ഞാൻ പഠിച്ച കോട്ടയം മെഡിക്കൽ കോളജിൽ നടന്നത് അഞ്ചോളം ഹൃദയമാറ്റ ശസ്ത്രക്രിയകളാണ്. അതും വലിയ പരിമിതികളുടെ നടുവിൽ നിന്നുകൊണ്ട്.

അതേ മെഡിക്കൽ കോളജിൽ 165ൽ അധികം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നുകഴിഞ്ഞു. കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിങ്ങിൻ്റെ വെബ് സൈറ്റിൽ ഏറ്റവും കൂടുതൽ വൃക്കയ്ക്കായി കാത്തിരിക്കുന്നവരുള്ള ആശുപത്രികളിലൊന്ന് തിരുവനന്തപുരം മെഡിക്കൽ കോളജാണ്.

അതും നാട്ടുകാരറിയില്ല…കാരണം അവരാരും ലൈവിൽ വന്നിട്ടില്ല.

ആൻജിയോപ്ലാസ്റ്റിയുടെ കണക്കെടുത്താൽ ആയിരങ്ങൾ വരും സർക്കാർ മെഡിക്കൽ കോളജുകളിൽ നടന്നുപോന്നിട്ടുള്ള പ്രൊസീജ്യറുകളുടെ എണ്ണം. അവയെക്കുറിച്ചൊന്നും കൊട്ടിഘോഷിക്കാനോ പരസ്യം നൽകാനോ അവർക്കധികം താല്പര്യമില്ലാത്തതുകൊണ്ട് ആരും അറിഞ്ഞെന്ന് വരില്ല.

ഒരിക്കലെങ്കിലും ഒരു സർക്കാരാശുപത്രി നൽകിയ സഹായം ഏറ്റ്‌ വാങ്ങിയ ആരെങ്കിലുമില്ലാത്ത കേരളത്തിലങ്ങോളമിങ്ങാളമുള്ള പഞ്ചായത്ത്‌ വാർഡുകളിൽ ഒന്നുപോലും കാണില്ല

ഒരു വർഷം സർക്കാർ മെഡിക്കൽ കോളജുകളുടെയും ആശുപത്രികളുടെയും ഒ. പിയിൽ ചികിൽസ തേടി വരുന്നത് ലക്ഷങ്ങളാണ്. അഡ്മിറ്റാവുന്നത് അതുപോലെതന്നെയുണ്ട്.. പോസ്റ്ററടിക്കാത്തതാണ്..മിക്കപ്പൊഴും അതിൻ്റെ വലിപ്പം നമ്മളാരും അറിയാറില്ല..

ഒരു വർഷത്തെ ഒരു ലക്ഷം അഡ്മിഷനിൽ വിവാദമാവുന്ന ഒന്നോ രണ്ടോ ആളുകൾ ശ്രദ്ധിക്കും..തെറിവിളിക്കും..ഓഡിറ്റ് ചെയ്യും..

ഇടയ്ക്കിടെ മാത്രം കേൾക്കുന്ന അപൂർവങ്ങളിൽ അപൂർവമായ ശസ്ത്രക്രിയകളെക്കുറിച്ച് വരുന്ന പത്രവാർത്തകൾ എല്ലാ ഡോക്ടർമാരുടെ ഇടയിൽപ്പോലും എത്തണമെന്നില്ല. ശരി അതൊക്കെ അപൂർവ സംഭവമാണെന്ന് വയ്ക്കാം…

സാധാരണക്കാരിൽ സാധാരണക്കാരായവരുടെ നൂറ് കണക്കിനു ശസ്ത്രക്രിയകളാണ് കേരളത്തിലെ മെഡിക്കൽ കോളജുകളിലും മറ്റ് സർക്കാർ ആശുപത്രികളിലുമായി നടന്നുവരുന്നത്. ചെയ്യുന്നവർ പ്രശസ്തരല്ല, പ്രമുഖരല്ല…

കാരണം, ഇന്ന് മൂന്ന് തൈറോയ്ഡ് സർജറി നടത്തിയെന്നോ ഒരു അപ്പൻഡിസെക്റ്റമി കഴിഞ്ഞെന്നോ അവരാരും പോസ്റ്റിട്ട് പറയാറില്ല.ശരി, ഇതൊക്കെ അവരുടെ കടമയാണ്. സമ്മതിച്ചു. അവർക്ക് ശമ്പളവും കിട്ടുന്നുണ്ട്. മറുഭാഗത്തും പ്രതിഫലം കിട്ടുന്നത് മറക്കേണ്ട..

അതെ, ആ പ്രതിഫലം കൊണ്ട് – കൃത്യമായി ആദായനികുതിയും പ്രഫഷണൽ ടാക്സും അടച്ചശേഷം സ്വന്തം അദ്ധ്വാനം കൊണ്ടുണ്ടാക്കിയ പ്രതിഫലം കൊണ്ട് സ്കൂളിൽ പോവുന്ന കുട്ടികൾക്ക് സ്ഥിരമായി പഠനവസ്തുക്കൾക്ക് ആവശ്യമായ പണം നൽകുന്ന, ചികിൽസാ സഹായം നൽകുന്ന സർക്കാർ, സ്വകാര്യ ഡോക്ടർമാരെ നേരിട്ടറിയാം..

എങ്കിലും നമുക്ക് അതൊക്കെ മാറ്റിവയ്ക്കാം. മെഡിക്കൽ സ്റ്റുഡൻ്റ്സിലേക്ക് വരാം..

സഞ്ജീവനിയും സാന്ത്വനവും പോലെയുള്ള പരിപാടികളിലൂടെ നിർധനരായ രോഗികൾക്ക് മരുന്ന് തൊട്ട് ഗൃഹനാഥർ കിടപ്പിലായ വീടുകൾക്കുള്ള സഹായം വരെ ചെയ്യുന്നത് ആരും അറിയണമെന്നില്ല. കാരണം സിമ്പിളാണ്..ആരെയെങ്കിലും അറിയിക്കാനാവില്ല ചെയ്യുന്നത്..

മെഡക്സ് പോലെയുള്ള എക്സിബിഷനുകളിൽ ലഭിച്ച ലക്ഷങ്ങളുടെ തുകകൊണ്ട് സർക്കാർ മെഡിക്കൽ കോളജുകളുടെ പഠനമുറികൾ തൊട്ട് നന്നാക്കിയതും സർജിക്കൽ ലൈറ്റ് നൽകിയതുമൊക്കെ അതുപോലെ കാലം മറക്കുന്ന, മരുന്നുമാഫിയക്കാരുടെ ചെയ്തികളാണ്.

ഒരു ഡോക്ടറായതുകൊണ്ട് ഡോക്ടർമാരുടെ കാര്യങ്ങളെഴുതിയെന്നേയുള്ളൂ..

കുട്ടികൾക്ക് മുതൽ ചികിൽസയ്ക്കും മരുന്നിനും സഹായം ലഭിക്കുന്ന, അല്ലെങ്കിൽ താങ്ങുന്ന ഭാരം കുറയ്ക്കാൻ കൈത്താങ്ങ് നൽകുന്ന സർക്കാർ സംവിധാനങ്ങളുണ്ട്. അഞ്ച് കൊല്ലം കഴിഞ്ഞാൽ അതൊക്കെ തീരും, മരം എന്നുമുണ്ടാവും എന്ന അബദ്ധമൊക്കെ വരുന്നത് എവിടെനിന്നാണോ ആവോ..

അവയും സഹായം വാങ്ങിയവരുടെ സ്വകാര്യതയും അഭിമാനവുമൊക്കെ മാനിക്കുന്നതുകൊണ്ടുകൂടിയാവണം , പോസ്റ്ററടിച്ച് പരസ്യപ്പെടുത്താത്തതുകൊണ്ട് പിന്നെയും ആ ചോദ്യം കേൾക്കേണ്ടിവരുന്നു…

” നീയൊക്കെ അഞ്ച് പൈസേടെ ഉപകാരം ആർക്കേലും ചെയ്തിട്ട് വിമർശിക്കെടാ ” എന്ന്.

സ്വയം അദ്ധ്വാനിച്ച പണത്തിൽ നിന്ന് ഒരു ഫേസ്ബുക്കിലുമിടാതെ ഇടതുകൈ തന്നത് വലതുകൈ അറിയാതെ വീഡിയോയോ തെളിവുകളോ ഒന്നുമില്ലാതെ എത്രയോ പേർ സഹായിച്ചതുകൊണ്ടാണ് ഇതെഴുതാൻ ഞാനുമുണ്ടായതെന്ന് ഓർമയുണ്ട്..

നഴ്സുമാർ, അദ്ധ്യാപകർ, പ്രൈവറ്റ് ബസ് ഡ്രൈവർമാർ…അങ്ങനെ എത്രയെത്ര പേർ…സ്വന്തം വൃക്ക തൊട്ട് ദാനം ചെയ്തവരുണ്ട്..ദുരിതമൊടുങ്ങില്ലെങ്കിലും ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുത്ത ലൈംഗികത്തൊഴിലാളിയുണ്ട്..

പറഞ്ഞുവന്നത് ഇതാണ്..

മുഖവും പ്രശസ്തിയും സാമ്പത്തികലാഭവും പ്രതീക്ഷിക്കാതെ എണ്ണിത്തീർക്കാൻ കഴിയാത്തപോലെ പരസഹായം ചെയ്യുന്നവരുടെ ഇടയിലാണ് നിങ്ങളൊക്കെ ജീവിക്കുന്നത്…

വിളിച്ചുപറയാതെ ഉള്ള വഴിപാടാണെങ്കിലും ഫലമുള്ളതാണ് അതും..

ചോദ്യം ചെയ്യലുമായി ഇറങ്ങുമ്പൊ മറക്കണ്ട…

Previous articleഇന്ത്യൻ ജനതയുടെ ജനിതകപശ്ചാത്തലം
Next articleകേരളത്തിൽ അവയവ മാഫിയ ഉണ്ടോ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.