എജ്ജാതി പ്രധാനമന്ത്രി; വൈകുന്നേരത്തെ പ്രസ് കോൺഫറൻസ് മിസ്സായവർക്കായി വീട്ടിൽ നിന്ന് ഫേസ്ബുക്ക് ലൈവിടുന്ന പ്രധാനമന്ത്രി

86

Nelson Joseph

വൈകുന്നേരത്തെ പ്രസ് കോൺഫറൻസ് മിസ്സായവർക്കായി വീട്ടിൽ നിന്ന് ഫേസ്ബുക്ക് ലൈവിടുന്ന പ്രധാനമന്ത്രി.ഇവിടത്തെക്കാര്യമല്ല, മ്മടെ ന്യൂസിലാൻഡിൻ്റെ കാര്യം തന്നെയാണ്.ഇതെഴുതുന്നത് വരെ വിക്കിപ്പീഡിയ അനുസരിച്ച് മെയ് മാസത്തിൽ ആകെ പതിനെട്ട് കേസാണവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അതുകൊണ്ട് അവർ അലർട്ട് ലെവൽ 3 റെസ്പോൺസിൽ നിന്ന് ലെവൽ 2ലേക്ക് മാറാൻ തീരുമാനിച്ചു എന്നറിയിച്ച് പത്രസമ്മേളനം നടത്തിയ ശേഷം വീട്ടിലെത്തിക്കഴിഞ്ഞാണ് പ്രധാനമന്ത്രി ലൈവ് ഇടുന്നത്.

നോക്കി വായിക്കലൊന്നുമില്ല. ഏതൊക്കെ സംവിധാനങ്ങൾ ഏതൊക്കെ ദിവസങ്ങളിൽ തുറക്കുമെന്ന് വളരെ കൂളായി കാഷ്വലായി ഇടയ്ക്ക് വീട്ടിലെ ഫർണിച്ചറിൻ്റെ കാര്യവുമൊക്കെപ്പറഞ്ഞ് സാധാരണക്കാരോട് സംസാരിക്കുന്നതുപോലെ ഓരോന്നോരോന്നായിട്ട് പറയുന്നു.മുൻപ് വന്ന നിയർ മിസ്സുകളെക്കുറിച്ച് – സാധാരണ നേതാക്കൾ അങ്ങനെയുള്ളത് പറയാറുണ്ടെന്ന് തോന്നുന്നില്ല – കൂടി പറയുന്നുണ്ട്. സ്കൂളുകളിൽ കൊവിഡ് കേസുകൾ വന്ന സാഹചര്യത്തെക്കുറിച്ച് പറഞ്ഞപ്പൊഴാണ്. ഇപ്പൊഴത്തെ സാഹചര്യം അതുമായി വ്യത്യസ്തമാണെന്നും.ഇടയ്ക്ക് വന്ന ഒന്നുരണ്ട് ചോദ്യങ്ങൾക്കൂടി മറുപടി പറയുന്നുണ്ട്. പത്രസമ്മേളനത്തിൽ ഡൊണാൾഡ് ട്രമ്പിനെക്കുറിച്ച് വന്ന ചോദ്യമൊക്കെ നൈസായി കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ഒഴിവാക്കിയതൊക്കെ രസമുള്ള കാഴ്ചയായിരുന്നു..
ശരിക്കും മദേഴ്സ് ഡേയ്ക്ക് അവരെക്കുറിച്ചൂടി എഴുതേണ്ടതായിരുന്നു.

മിസ്സായതാണ്. അവരൊരു അമ്മകൂടിയാണ്. യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയിൽ കുഞ്ഞിനെയുമായി പോയത് മുൻപ് വാർത്തയായതാണ്.ഉച്ചാരണത്തിനിടയിലൂടി ഞാൻ കേട്ടത് ശരിയാണെങ്കിൽ കുഞ്ഞിൻ്റെ ഡയപ്പർ മാറ്റുന്ന കാര്യം കൂടി ലൈവിനിടയ്ക്ക് ചിരിച്ചുകൊണ്ട് സൂചിപ്പിക്കുന്നുണ്ട്.ഒരു വാദത്തിനായി ന്യൂസിലാൻഡ് ചെറിയ രാജ്യമാണെന്നും ജനസംഖ്യ കുറവാണെന്നുമൊക്കെ വാദിക്കാം.ജനസംഖ്യ എത്ര കുറഞ്ഞാലും ശ്രദ്ധ പാളിയാൽ പണിപാളുമെന്ന് നമ്മളെ ഇനി ആരെങ്കിലും പറഞ്ഞ് മനസിലാക്കേണ്ടിവരുമെന്ന് തോന്നുന്നില്ല.വെറുതെയൊന്ന് താഴേക്ക് സ്ക്രോൾ ചെയ്തപ്പൊ കുറച്ച് കമൻ്റ്സ് കണ്ടു. ശബ്ദം വല്ലാതെയിരിക്കുന്നെന്നും ഇടയ്ക്കൊക്കെ ഒന്ന് വിശ്രമിക്കണമെന്നുമെല്ലാം.

അതിനും അവർ ആ പന്ത്രണ്ട് മിനിറ്റിനിടയിൽ മറുപടി പറയുന്നുണ്ട്.അത്തരം കമൻ്റുകളിടുന്നത് അവരുടെ പാർട്ടിക്കാരാണെങ്കിലും വാദിക്കാം..എന്നാലും കണക്കുകളും കാര്യങ്ങളും ആശയങ്ങളും രീതികളും കാണുമ്പൊ പറയാതിരിക്കാൻ പറ്റുന്നില്ല.ആ പന്ത്രണ്ട് മിനിറ്റിനുള്ളിൽ ഏതൊക്കെ റോളുകളിലൂടെയാണ് അവർ കടന്നുപോയത്… ഒരു കുഞ്ഞിൻ്റെ അമ്മ മുതൽ ഒരു രാജ്യത്തിൻ്റെ പ്രധാനമന്ത്രി വരെ..എജ്ജാതി പ്രധാനമന്ത്രി 🙂