ഒരാള് വെല്ലുവിളിച്ച് തോൽക്കുന്നത് കാണുമ്പൊ അസൂയ തോന്നുന്നത് ഇതാദ്യായിട്ടാ !

467

Nelson Joseph

ഒരാള് വെല്ലുവിളിച്ച് തോൽക്കുന്നത് കാണുമ്പൊ അസൂയ തോന്നുന്നത് ഇതാദ്യായിട്ടാ.ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിൻഡ ആർഡൻ ഒരു ചെറ്യ ചലഞ്ച് നടത്തിയിരുന്നു. രണ്ട് മിനിറ്റിനുള്ളിൽ കഴിഞ്ഞ രണ്ട് വർഷത്തെ അവരുടെ സർക്കാരിൻ്റെ പ്രധാന നേട്ടങ്ങള് പറഞ്ഞു തീർക്കാൻ പറ്റുമോ എന്നായിരുന്നു ആ ചലഞ്ചിൻ്റെ ഉദ്ദേശ്യം.

അവര് ചലഞ്ചിൽ തോറ്റു. ശ്വാസം വിടാതെ പറഞ്ഞിട്ടും രണ്ട് മിനിറ്റുകൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാത്തപോലെ കാര്യങ്ങൾ അവർ ന്യൂസിലാൻഡിൽ ചെയ്തുതീർത്തിട്ടുണ്ട്.അതൊക്കെ കാണുമ്പൊഴാണ് സത്യത്തിൽ അവരോട്, ന്യൂസിലാൻഡുകാരോട് അസൂയ തോന്നുന്നത്.അതിനെക്കാളൊക്കെ കഷ്ടം ആ നേട്ടങ്ങളൊക്കെ ഇവിടെ നമ്മടെ നേട്ടങ്ങളുമായിട്ട് താരതമ്യം ചെയ്യുമ്പൊഴാണ്.

ഉദാഹരണത്തിന്, രണ്ട് വർഷത്തിൽ അവർ 92,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. അയ്യേ, എന്ന് പറയുന്നതിനു മുൻപ് 2017 ലെ കണക്ക് വച്ച് ന്യൂസിലാൻഡിൻ്റെ ആകെ ജനസംഖ്യ 50 ലക്ഷത്തിൽ താഴെയാന്നറിയണം. ആ കണക്കിനൊപ്പം നിൽക്കാൻ ഇന്ത്യ രണ്ടരക്കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കണം.

അവർ വേതനം വർദ്ധിപ്പിച്ചത് നഴ്സുമാരുടെയും ടീച്ചർമാരുടെയും പൊലീസുകാരുടെയുമാണ്..മിനിമം ശമ്പളം 17.7 ഡോളറാക്കി ഉയർത്തി. സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നതിനെക്കുറിച്ച് സംസാരിച്ചപ്പൊ ഉച്ചഭക്ഷണത്തെച്ചൊല്ലി ഇവിടെയുണ്ടായ വിവാദങ്ങളോർത്തു.കാൻസർ ചികിൽസ മെച്ചപ്പെടുത്താൻ കൂടുതൽ റേഡിയേഷൻ മെഷീനുകളും ഫണ്ടിങ്ങും…അഞ്ച് ലക്ഷം പേർക്ക് (അത് ന്യൂസിലാൻഡിൻ്റെ ജനസംഖ്യയുടെ പത്ത് ശതമാനം വരും) ഡോക്ടർമാരുടെ അടുത്ത് പോവുമ്പോഴുള്ള ചിലവ് കുറച്ചു..

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ രാജ്യത്തെമ്പാടുമുള്ള ജനറൽ പ്രാക്ടീഷണേഴ്സിൻ്റെ അടുത്തും ക്ലിനിക്കുകളിലും സൗകര്യങ്ങൾ, കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയമിച്ചു.ഉത്തർപ്രദേശിലെ ആശുപത്രികളെക്കുറിച്ചും സ്കൂളുകളെക്കുറിച്ചും ഒന്ന് ഓർമിച്ചുപോയി ഒരു നിമിഷം.ഒരു ലക്ഷത്തോളം കുട്ടികൾക്ക് പുതിയ ക്ലാസ് റൂമുകൾ… സ്കൂൾ ഫണ്ടിങ്ങ് ഉയർത്തി, അതുകൊണ്ട് മാതാപിതാക്കൾക്ക് സ്കൂൾ ഡൊണേഷനുകൾ നൽകേണ്ടിവരുന്നതേയില്ല.ഗാർഹിക പീഢനത്തിൻ്റെയും ലൈംഗികാതിക്രമങ്ങളുടെയും നിരക്കുകൾ കുറച്ചു.എന്ന് വച്ചാൽ ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമാണ്…ഇവിടെ നമ്മുടെ മുൻ ഗണന എന്തിനാണ്?

അടുത്തത് കേട്ടപ്പൊഴാണ്….തൊഴിലില്ലായ്മ കഴിഞ്ഞ 11 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൊണ്ടുവന്നു…ഇവിടത്തെ അവസ്ഥ പത്രങ്ങളിലൂടെയും അല്ലാതെയും പുറത്ത് വന്നിട്ട് അധികകാലമായില്ലല്ലോ അല്ലേ?

ഹൈവേകളിലെ യാത്ര കൂടുതൽ സുരക്ഷിതമാക്കി..നദികളും മറ്റ് ഇടങ്ങളും ശുചീകരിച്ചു… ഇവിടെ..യമുനയിലെ വിഷപ്പതയുടെ മുന്നിൽ നിന്ന് സെൽഫി എടുക്കുന്നു.ങ് ഹാ.എണ്ണിത്തീർക്കാൻ പറ്റാത്തതുപോലെ അവര് അത് പറഞ്ഞു നിർത്തുമ്പൊ രണ്ടുമിനിറ്റ് അൻപത്തേഴ് സെക്കൻഡാവുന്നുണ്ട്.

ഭീകരാക്രമണം നേരിട്ട മുസ്ലിങ്ങളെ സന്ദർശിക്കാൻ, അവരോടൊപ്പമായിരിക്കാൻ, ഭീകരർക്കെതിരെ ശബ്ദമുയർത്താൻ അവർ മുന്നിലുണ്ടായിരുന്നപ്പൊ തോന്നിയ ബഹുമാനം ഇരട്ടിക്കുകയാണ്.നാരി ഭരിച്ചിടം നാടിനും വീടിനും നന്നല്ലെന്ന് പാടിയ അലവലാതിയുടെ കരണത്തൊരു അടി നൽകുന്നതുപോലെ.

നെൽസൺ ജോസഫ്