ആ പതിമൂന്ന് മിനിറ്റിനുള്ളിൽ ചാട്ടുളിയുടെ മൂർച്ചയുള്ള വാക്കുകൾ രണ്ടു ദിനോസറുകളുടെ ചങ്കിൽ പലതവണ ആഞ്ഞുതറച്ചിട്ടുണ്ട്

545

Nelson Joseph

പ്രകാശത്തിൻ്റെ ഒരു വെള്ളിക്കീറ് കണ്ടത് എഴുപത്തിയൊന്ന് വയസുള്ള ഒരു വന്ദ്യ വയോധികനിൽ നിന്നായിരുന്നു. കപിൽ സിബൽ നിശബ്ദത പാലിച്ചില്ലയെന്നത് മാത്രമല്ല അതിൻ്റെ പ്രത്യേകത, ചാട്ടുളിയുടെ മൂർച്ചയുള്ള വാക്കുകൾ പലതവണ ആഞ്ഞുതറച്ചിട്ടുണ്ട് ആ പതിമൂന്ന് മിനിറ്റിനുള്ളിൽ.ഏത് ചരിത്രപുസ്തകമാണ് ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പഠിച്ചതെന്ന് ചോദിക്കുമ്പൊ ഏതോ സഹൃദയനായ അംഗം പിന്നിൽ നിന്ന് വിളിച്ചുപറയുന്നുണ്ട് ” എൻ്റയർ പൊളിറ്റിക്കൽ സയൻസ് ” എന്ന്. ഒരു ചെറു പുഞ്ചിരിയടക്കം എല്ലാമുണ്ടായിരുന്നു അതിൽ.

സവർക്കറുടെയും ജിന്നയുടെയും രണ്ട് രാഷ്ട്രങ്ങളുടെ തിയറിയെക്കുറിച്ച് അംബേദ്കർ പറഞ്ഞതിനെ ക്വോട്ട് ചെയ്തുകൊണ്ട് ആരംഭിക്കുകയാണദ്ദേഹം.ബില്ലിനെ ചരിത്രപരമെന്ന് വിളിച്ച അമിത് ഷായ്ക്ക് മറുപടി നൽകുന്നത് ഭരണഘടന തിരുത്തുന്നതുകൊണ്ടാണ് ബിൽ ചരിത്രമാവുന്നതെന്ന് പറഞ്ഞാണ്.

“നിങ്ങൾ പറഞ്ഞു, നാളെ കോടിക്കണക്കിനാളുകൾ പുതിയ പുലരി കാണുമെന്ന്. ഞാൻ പറയുന്നു, ലക്ഷക്കണക്കിനാളുകളുടെ രാത്രി അവസാനിക്കുകയില്ലെന്ന് ” അദ്ദേഹം തുടരുന്നു.

സിറ്റിസൻഷിപ്പിൻ്റെ അടിസ്ഥാനവും നിയമവശവും എന്തുകൊണ്ട് മതം അതിനൊരു അടിസ്ഥാനമാവരുതെന്നും സ്വന്തം ഉദാഹരണമടക്കം – അഭയാർഥികളായി പാക്കിസ്ഥാനിലെ ലഹോറിൽ നിന്ന് ഇന്ത്യയിലെത്തിയ സംഭവം – പറഞ്ഞുകൊണ്ടാണദ്ദേഹം വ്യക്തമാക്കിയത്.പ്രസംഗത്തിൻ്റെ അവസാന നിമിഷങ്ങളിൽ വാക്കുകൾക്ക് വീണ്ടും മൂർച്ചയേറുന്നുണ്ട്.

” നിങ്ങളുടെ ലക്ഷ്യമെന്താണ്? ..ഞങ്ങൾക്കറിയാം നിങ്ങളുടെ ലക്ഷ്യമെന്താണെന്ന്..നിങ്ങളുടെ ലക്ഷ്യവും ഉദ്ദേശ്യവുമൊക്കെ ഞങ്ങൾക്കറിയാം..

ഒരാളുടെ പേരുകൊണ്ട് അയാൾ ഈ രാജ്യത്ത് താമസിക്കണമോ വേണ്ടയോ എന്ന് അറിയാൻ നിങ്ങളാഗ്രഹിക്കുന്നു.വലിയൊരു അപകടകരമായ കാര്യം താങ്കൾ തുടക്കത്തിൽ പറഞ്ഞു.മുസല്മാന്മാർ പേടിക്കേണ്ടതില്ല എന്ന്.ഏത് മുസല്മാനാണ് നിങ്ങളെ പേടി? ഇന്ത്യയിലെ ഒരു മുസല്മാനും നിങ്ങളെ പേടിക്കില്ല.ഞാൻ ഭയക്കില്ല, ഈ രാജ്യത്തെ പൗരന്മാർ ഭയക്കില്ല.ഭയക്കുന്നെങ്കിൽ ഞങ്ങൾ ഭരണഘടനയെ ഭയക്കും.. ”

പറഞ്ഞവസാനിക്കുന്നത് ഇങ്ങനെയാണ്…

” ഇന്ത്യയെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവർക്ക് ഇന്ത്യയെ സംരക്ഷിക്കാനാവില്ല. ഇന്ത്യൻ റിപ്പബ്ലിക്കിനെ രണ്ട് ദിനോസറുകൾ മാത്രമുള്ള ഒരു ജുറാസിക് റിപ്പബ്ലിക്കായി മാറ്റരുത് ”

മറ്റൊന്നും കൂട്ടിച്ചേർക്കുവാനില്ല.ഒന്ന് കയ്യടിച്ചുപോവും.ആരായിരുന്നാലും.നന്ദി സിബൽ…നിശബ്ദമായി തോറ്റുവെന്ന് സമ്മതിക്കാതിരുന്നതിന്.