കന്യാസ്ത്രീകൾ നീതി കിട്ടാൻ തെരുവിൽ സമരത്തിനിറങ്ങിയപ്പൊ ഉറങ്ങുകയായിരുന്ന സഭയാണ് ഇപ്പോൾ ലവ് ജിഹാദും പൊക്കിപ്പിടിച്ചു ഇറങ്ങിയത്

423
Nelson Joseph എഴുതുന്നു 
കേരളത്തിലെ ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് ആസൂത്രിതമായി കുടുക്കുന്നുവെന്നും പറഞ്ഞ് സീറോ മലബാർ സിനഡ് ഇറങ്ങിയപ്പൊ തൊട്ട് നാല് വർത്തമാനം പറയണം എന്ന് കരുതിയതാണ്.മുൻപ് കന്യാസ്ത്രീകൾ നീതി കിട്ടാൻ തെരുവിൽ സമരത്തിനിറങ്ങിയപ്പൊ സിനഡ് ഉറങ്ങുകയായിരുന്നോയെന്ന് അറിയില്ല. ഏതായാലും ഇപ്പൊ ക്രിസ്ത്യാനി ഉണർന്നത് നൈസ് ടൈമിങ്ങിലാണ്.പൗരത്വത്തിൻ്റെ അടിസ്ഥാനം മതമാവരുതെന്നും മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പൗരത്വം നൽകുന്നതിൽ മുസ്ലീങ്ങളോട് വിവേചനം കാണിച്ചുവെന്നുമൊക്കെ ആരോപണങ്ങളുയർത്തി രാജ്യ വ്യാപകമായി പ്രക്ഷോഭമുയരുമ്പൊത്തന്നെ .
സുപ്രീം കോടതി നിർദേശപ്രകാരം 89 വിവാഹങ്ങളിലെ പരാതികളിന്മേൽ എൻ.ഐ.എ അന്വേഷിച്ച ഒരു കേസിൽപ്പോലും ഇപ്പറയുന്ന ” ലൗ ജിഹാദ് ” തെളിയിക്കപ്പെട്ടില്ല എന്ന വാർത്തയ്ക്ക് ഒരിക്കലും പ്രചാരമുണ്ടാവില്ല എന്നത് തികച്ചും സ്വഭാവികം.ആസൂത്രിതമായിത്തന്നെ നടക്കുന്നെന്ന് സംശയിക്കേണ്ടുന്ന മറ്റൊരു സംഗതിയെക്കുറിച്ചുകൂടെ പറയണമല്ലോ.മറ്റ് മതങ്ങളിൽ എങ്ങനെയാണെന്നറിയില്ല, പക്ഷേ 2019 നു ശേഷം ഇസ്ലാമോഫോബിയ പരത്താൻ തക്ക ശേഷിയുള്ള വാട്സാപ് സന്ദേശങ്ങൾ വാട്സാപ് ഗ്രൂപ്പുകളിൽ, പ്രത്യേകിച്ച് ക്രിസ്റ്റ്യൻ ഫാമിലി ഗ്രൂപ്പുകളിൽ പരക്കുന്നുണ്ട്.
സ്ഥിരം സംഗതികൾ തന്നെയാണ്. മുസ്ലീങ്ങളുടെ അംഗസംഖ്യ കൂടുന്നുവെന്നത് ഒന്ന്. രണ്ടാമത്തേതാണ് പെൺകുട്ടികളുടെ സംരക്ഷണം.ബെൽജിയത്തിൽ മുസ്ലീം പാർട്ടികൾ ജയിച്ചതിൻ്റെ പേരിൽ പ്രശ്നം നടക്കുന്നുവെന്നും അധികം വൈകാതെ ഇന്ത്യയിൽ നടക്കുമെന്നുമൊക്കെയുള്ള, പണ്ടേയ്ക്ക് പണ്ടേ ഫേക്കാണെന്ന് തെളിയിച്ച വ്യാജസന്ദേശമാണ് അവസാനം കണ്ടതിലൊന്ന്..
ഇത്തരത്തിൽ വിഷപ്രചരണം നടത്തി മനുഷ്യർക്കിടയിൽ സ്പർദ്ധ വർദ്ധിപ്പിക്കുന്നത് ആസൂത്രിതമല്ല എന്ന് കരുതാൻ സ്വല്പം ബുദ്ധിമുട്ടുണ്ട്.” നമ്മുടെ ആൾക്കാരെ ” മാത്രം ആശ്രയിച്ച് ജീവിക്കാനും മറ്റുളളവരൊക്കെ പ്രശ്നക്കാരാന്നും അവരെ ഒക്കെ ഒഴിവാക്കി നിറുത്താനുമൊക്കെപ്പറഞ്ഞാൽ അംഗീകരിച്ചു തരാൻ സ്വല്പം ബുദ്ധിമുട്ടുണ്ട്.
അപ്പനും അമ്മയും വയ്യാതെ കഴിഞ്ഞ സാഹചര്യത്തിൽ സ്വന്തം വീട്ടുകാരെപ്പോലെ നാലു നേരം കൃത്യമായി ഭക്ഷണമടക്കം ഉണ്ടാക്കിക്കൊടുത്ത് പൊന്നുപോലെ നോക്കിയ അയൽവക്കക്കാർ മതത്തിൻ്റെ അതിരു വരച്ചിരുന്നില്ല.എന്ത് ആവശ്യവും പറയാവുന്ന, എന്ത് സഹായം വേണമെങ്കിലും ചോദിക്കാവുന്ന കൂട്ടുകാരുണ്ട്. അവരും ഇതുവരെ മതത്തിൻ്റെ അതിരു വരച്ചിട്ടില്ല.അതുകൊണ്ട് ഇമ്മാതിരി കുത്തിത്തിരിപ്പിനു തല വച്ച് കൊടുക്കില്ല. പറഞ്ഞുകൊണ്ട് വരുന്നത് എത്ര വലിയ ആളാണെങ്കിലും ശരി, മറുപടി ചോദിക്കുകയും ചെയ്യും.
ഇതുപോലെയുള്ള, ഒരൊറ്റ ഗൂഗിൾ സേർച്ചുകൊണ്ട് തീരുന്ന നുണയൊക്കെ ഫോർവേഡ് ചെയ്ത് തള്ളുന്നതിനു മുൻപ് ക്രിസ്ത്യാനീ , ആ ബൈബിളെടുത്തൊന്ന് വായിച്ചു നോക്ക്..
ജറുസലേമിൽ നിന്ന് ജറീക്കോയിലേക്ക് പോയ യഹൂദനെ അടിച്ചു വഴിയിലിട്ടപ്പൊ വഴിയിൽ നിന്ന് എടുത്തുകൊണ്ട് പോയി സത്രത്തിലാക്കി, ചികിൽസിക്കാൻ പൈസ അടക്കം കൊടുത്തത് പുരോഹിതനും ലേവായനുമൊന്നുമല്ല ഒരു നല്ല സമരിയാക്കാരനാണ്.മറ്റുള്ളവർ നിങ്ങളോട് എന്ത് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അപ്രകാരം തന്നെ അവരോടും ചെയ്യുക. അത്രേയുള്ളൂ.
(ഇതൊക്കെ എഴുതിയാൽ ഈ പ്രചരണം നടത്തുന്നവർക്ക് മനം മാറ്റം ഉണ്ടാവുമോ എന്ന് ചോദിച്ചേക്കാം. അവരെ മനം മാറ്റാനല്ല, ആ പറയുന്നതൊക്കെ സത്യമാണെന്ന് വിശ്വസിക്കുന്ന കുറച്ചുപേർക്കെങ്കിലും വാസ്തവം മനസിലാവുമെങ്കിൽ അതിനാണ്)