അയാൾ നയിക്കുന്നത് ഒരു നിശബ്ദവിപ്ലവമാണ്

76

Nelson Joseph

അയാൾ നയിക്കുന്നത് ഒരു നിശബ്ദവിപ്ലവമാണ്

രാജ്യം ലോക്ക് ഡൗണെന്നൊക്കെ ആലോചിക്കുന്നതിനും വളരെ വളരെ മുൻപേ കൊവിഡിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചുകൊണ്ട്. അതുണ്ടാക്കാൻ പോവുന്ന സാമ്പത്തിക തിരിച്ചടികളെക്കുറിച്ച് സംസാരിച്ചുകൊണ്ട്.ചോദ്യം ചോദിക്കേണ്ടിടത്ത് ചോദ്യം ചോദിച്ചുകൊണ്ട്, വിരൽ ചൂണ്ടേണ്ടതിനു നേർക്ക് വിരലുയർത്തിക്കൊണ്ട്, മറ്റാരും സംസാരിക്കുന്നതിനെക്കാൾ കൂടുതൽ ചെറുകിട വ്യാപാരികളെക്കുറിച്ചും സാധാരണക്കാരെക്കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ട്.കയ്യടികളെക്കുറിച്ചും പൂ വിതറലുകളെക്കുറിച്ചും സംസാരിക്കുന്നതിലുമധികം ടെസ്റ്റുകളെക്കുറിച്ചും ടെസ്റ്റിങ്ങ് കിറ്റുകളെക്കുറിച്ചും അയാൾ സംസാരിച്ചു. അത് മാത്രമല്ല, കേൾക്കേണ്ടവരുടെ വാക്കുകൾ കേട്ടു..അവർക്ക് പറയാൻ അവസരം നൽകി.

രഘുറാം രാജൻ്റെയും രാഹുൽ ഗാന്ധിയുടെയും സംഭാഷണവും അതിനു ശേഷം നൊബേൽ സമ്മാന ജേതാവായ അഭിജിത് ബാനർജിയുമായുള്ള സംഭാഷണവുമെല്ലാം ഈ കൊവിഡിൻ്റെ സമയത്ത് പൊതു ഇടത്തിൽ പ്രതിനിധാനം ചെയ്യപ്പെടുന്നത് കുറഞ്ഞുപോയ സാധാരണക്കാരെയും മൈഗ്രൻ്റ് തൊഴിലാളികളെയും കൂടി ഓർമിക്കുന്നതായി.താഴേക്കിടയിലെ അറുപത് ശതമാനത്തിൻ്റെ കയ്യിൽ പണമെത്തിക്കുന്നതിനെക്കുറിച്ചും താൽക്കാലിക റേഷൻ കാർഡ് നൽകുന്നതിനെക്കുറിച്ചും നൊബേൽ ജേതാവ് അഭിജിത് ബാനർജി പറഞ്ഞ് ഒരാഴ്ചപോലും തികയുന്നതിനു മുൻപും ദുരന്തവാർത്തകൾ കേട്ടുവല്ലോ.

പറയുകയും കേൾക്കുകയും മാത്രമല്ല, ചോദ്യങ്ങളെ നേരിടാനും ഉത്തരം പറയാനും അയാൾ മടികാണിച്ചില്ല. പണ്ടുതൊട്ട് മടികാണിച്ചിട്ടുമില്ല. കോൺഗ്രസ് അതിൻ്റെ ഏറ്റവും മോശം അവസ്ഥയിലായിരുന്ന സമയത്ത് പോലും.സംസ്ഥാനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും അയാൾ പറയുന്നുണ്ട്. ഏറ്റവും പ്രധാനം അയാൾ ആശയങ്ങൾ തുറന്ന് പറയുന്നതിനെയും സംഭാഷണങ്ങളുണ്ടാവുന്നതിനെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്.അതിമാനുഷമായ നെഞ്ചളവിൻ്റെ ബാദ്ധ്യത അയാൾക്കില്ല. എല്ലാം അറിയാവുന്നയാളെന്ന ലേബലില്ല. ഒരിക്കലും തെറ്റുവരുത്തുകയില്ലാത്തൊരു പ്രജാപതിയല്ല അയാൾ..അറിയില്ലാത്തത് അറിയില്ലെന്ന് അയാൾ പറയുന്നുണ്ട്.അതുകൊണ്ടയാൾ അറിവുള്ളവരോട് ചോദ്യങ്ങൾ ചോദിക്കും. ഉപദേശം ചോദിക്കും.. ചോദ്യം ചോദിക്കുന്നത് പ്രോത്സാഹിപ്പിക്കും. കേൾക്കുകയും ചെയ്യും.രാഹുൽ ഗാന്ധിയായിരിക്കുന്നതിൻ്റെ ഗുണമതാണ്.