കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ഭാര്യയുടെ കയ്യിലൊന്ന് തൊടാൻ പോലും ഭർത്താവ് മടിക്കുന്ന ഈ സമൂഹത്തിന് ലൈംഗികവിദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ട്

581

Nelson Joseph

” പഴയ മുത്തുച്ചിപ്പിയും ഫയറുമൊക്കെ തിരികെ വരുമോ? ”
” ഈ പറഞ്ഞ വിദ്യാഭ്യാസം പഠിപ്പിച്ചു കൊടുത്തില്ലേലും ആവശ്യം വരുമ്പോൾ പിള്ളേർ താനെ പഠിച്ചോളും..”
” പ്രാക്ടിക്കൽ ക്ലാസ് ഉണ്ടാകുമോ? ”
” ഇങ്ങനെ പോയാൽ പത്താം ക്ലാസ് കഴിയുമ്പൊഴേക്ക് പത്ത് മാസമാവും ”

ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കും എന്ന തീരുമാനത്തെക്കുറിച്ചുള്ള വാർത്തയുടെ കീഴിൽ കണ്ട ഏതാനും ചില കമൻ്റുകളാണ്..

ഇതിനെ പിന്തുണയ്ക്കുന്നവരുടെ പെങ്ങളുടെയോ ഭാര്യയുടെയോ നമ്പർ തരണം, സംശയം ചോദിക്കാനാണ് എന്ന ആഭാസ കമൻ്റടക്കം ഇനിയുമുണ്ട്.

ആയ കാലത്ത് നേരെ ചൊവ്വേ ലൈംഗികതയെക്കുറിച്ച് പഠിപ്പിക്കാത്തതിൻ്റെ കുറവ് എത്രത്തോളമുണ്ടെന്ന് അതുപോലൊരു വാർത്തയുടെ കീഴിലെ കമൻ്റ് സെക്ഷനിലൂടൊന്ന് കണ്ണോടിച്ചാൽ മതി.

വളരെക്കുറച്ച് കാര്യങ്ങൾ മാത്രം പറയാം.

എങ്ങനെ ലൈംഗികബന്ധമാവാമെന്ന് പഠിപ്പിക്കലാണ് ലൈംഗിക വിദ്യാഭ്യാസം എന്നൊരു ധാരണയുള്ളതുകൊണ്ടാണ് ” പിള്ളേർ ആവശ്യമുള്ളപ്പൊ പഠിച്ചോളും ” എന്ന വിഡ്ഢിത്തം യാതൊരു ഉളുപ്പും തോന്നാതെ പൊതു ഇടത്തിൽ എന്നെന്നേയ്ക്കുമായി അടയാളപ്പെടുത്തി വയ്ക്കാൻ തോന്നുന്നത്..

ഒരു ഡോക്ടറാവാൻ മിനിമം അഞ്ചര വർഷം പഠിക്കണം. എഞ്ചിനീയർക്കുമുണ്ട് വർഷങ്ങൾ. ലോകത്തെ ഏത് തൊഴിലിനുമുണ്ട് അതിൻ്റേതായ പഠന കാലാവധി. പക്ഷേ സ്വന്തം ശരീരത്തെക്കുറിച്ചൊന്ന് മനസിലാക്കാൻ ആവശ്യമുള്ളപ്പൊ പഠിച്ചോട്ടെന്ന്..

ഒരു ചെറിയ ഉദാഹരണം പറയാം. സ്വന്തം ലൈംഗികതയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ഒരു കുട്ടി. എന്താണ് നല്ല സ്പർശനമെന്നോ എന്താണ് ചീത്ത സ്പർശനമെന്നോ അറിയാത്ത ഒരു സമയത്ത് എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ ചൂഷണം ചെയ്യപ്പെട്ടുവെന്ന് കരുതുക.

പിന്നീട് ആരുടെയെങ്കിലും വായിൽ നിന്നൊക്കെ കവർ പോയ മിഠായിയെക്കുറിച്ചും ഉടഞ്ഞുപോയ ചില്ലുപാത്രത്തെക്കുറിച്ചുമുള്ള വാചകങ്ങൾ കേട്ട്, തന്നോട് തന്നെ ദേഷ്യവുമായി, വെറുപ്പുമായി കഴിയേണ്ടിവരുന്ന അവസ്ഥയൊന്ന് ഓർമിച്ചേ…

അതിനെക്കാൾ എത്രയോ മെച്ചമാവും സ്വന്തം ശരീരത്തെക്കുറിച്ച് ശരിയായ അറിവുണ്ടാവുന്നത്. അതുവഴി ചൂഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്നത്.

ചെമ്പരത്തിപ്പൂവിൻ്റെ നെടുകെയുള്ള ഛേദം വരച്ച് സ്ത്രീ – പുരുഷ ലൈംഗികാവയവങ്ങളെ അടയാളപ്പെടുത്തുന്ന സമയത്താണ് മിക്കയിടത്തും ലൈംഗികതയിലേക്ക് ആദ്യ ഔപചാരിക പ്രവേശനം ഉണ്ടായിരുന്നത്. ചിലയിടത്തൊക്കെ യാന്ത്രികമായും ചിലയിടത്ത് ഓടിച്ചു വിട്ടും ആ പാഠമങ്ങു കഴിഞ്ഞുപോവും.

മനസിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന ഡയലോഗ് ചിലപ്പൊ ആ ക്ലാസ് കേട്ടിട്ട് എഴുതിയതാവും. ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് ഇത്രത്തോളം വിലക്കപ്പെട്ട വേറൊരു ജനവിഭാഗമുണ്ടോയെന്ന് സംശയമാണ് ഇപ്പൊഴും.

ചില സ്കൂളുകളിൽ ” പെൺകുട്ടികൾക്ക് മാത്രം ” എടുത്തിരുന്ന മറ്റ് ചില ക്ലാസുകളുമുണ്ടായിരുന്നു. ആർത്തവത്തെക്കുറിച്ചാണ് മേൽപ്പറഞ്ഞ രഹസ്യ ക്ലാസെന്ന് പിന്നീട് മനസിലായി.ചെമ്പരത്തിപ്പൂ വരയ്ക്കുമ്പൊഴും സ്വന്തം ക്ലാസിലെ അപ്പുറത്തെ വശത്തിരിക്കുന്ന പകുതിപ്പേർ അനുഭവിച്ചുതുടങ്ങിയ ആർത്തവമെന്ന സ്വഭാവികതയെക്കുറിച്ച് മിക്ക ആൺകുട്ടികളും അജ്ഞരായിരുന്നത് ഒരുപക്ഷേ അതുകൊണ്ടാവണം.

അന്ന് സംശയം തീർക്കാൻ അന്വേഷിച്ച് തുടങ്ങിയ ” സ്റ്റാൻഡാർഡ് ടെക്സ്റ്റ് ” ബുക്കുകളുടെ പേര് ആദ്യത്തെ ചേട്ടൻ പറഞ്ഞിട്ടുണ്ടല്ലോ. അതിൽ നിന്ന് കിട്ടിയ തിയറിയുടെ പ്രാക്ടിക്കലാണ് സ്വന്തമായി അഭിപ്രായമുള്ള പെണ്ണിൻ്റെ ഫോട്ടോയ്ക്ക് താഴെ പച്ചത്തെറിയെഴുതി ചെയ്യുന്നത്. അവൾ പിന്നെ പുറത്തിറങ്ങില്ല എന്ന എൻഡ് റിസൾട്ട് ഉണ്ടാക്കിയെടുക്കാൻ..

എങ്ങനെയോ എം.ബി.ബി.എസിൽ എത്തിച്ചേർന്നതുകൊണ്ട് ലൈംഗികാവയവങ്ങളെക്കുറിച്ച് പഠിക്കാനും ആർത്തവമടക്കമുള്ള ശാരീരിക പ്രക്രിയകളെ ശാരീരിക പ്രക്രിയകളായി കാണുവാനും കഴിഞ്ഞു. മറ്റൊരു വഴിയായിരുന്നെങ്കിൽ എന്തെല്ലാം അബദ്ധങ്ങൾ വിശ്വസിച്ചേനെയെന്നറിയില്ല.

സത്യത്തിൽ അന്ന് വിചാരിച്ചു വച്ചിരുന്ന യമണ്ടൻ മണ്ടത്തരങ്ങളോർമിച്ചാൽ ഇപ്പൊ ചിരി വന്നുപോവും..

ലൈംഗിക വിദ്യാഭ്യാസത്തിന് വിദഗ്ധരുടെ മേൽനോട്ടത്തിൽ മറ്റ് ഏതിനും പോലെ കൃത്യമായ, ശാസ്ത്രീയമായ സിലബസും പഠിപ്പിക്കാൻ കൃത്യമായ പരിശീലനവും ഉണ്ടാവണം. പക്ഷേ അതിനൊക്കെ മുൻപ്….

ലൈംഗിക വിദ്യാഭ്യാസമെന്ന് പറഞ്ഞാൽ ലൈംഗികബന്ധത്തിൻ്റെ ഡെമോ കാണിച്ച് പഠിപ്പിക്കലല്ല എന്ന് ആദ്യം പഠിപ്പിക്കേണ്ടത് ഈ ഓൺലൈനിൽത്തന്നെയാവണമെന്ന് തോന്നുന്നു ഇത്തരം പ്രതികരണങ്ങൾ കാണുമ്പൊ..

അത്യാവശ്യം വിദ്യാഭ്യാസമുള്ള, ദിവസേനയെന്നോണം സ്ത്രീ, പുരുഷ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്ന, ഇടപഴകുന്ന ആളുകൾക്ക് പോലും അതിനെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഇപ്പൊഴും മടിയുള്ള ഒരു സംസ്ഥാനം തന്നെയാണ് കേരളം

ലൈംഗികത ഒരു വലിയ ടാബു ആയി നിൽക്കുന്ന, സ്വന്തം കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് സ്വന്തം ഭാര്യയുടെ കയ്യിലൊന്ന് തൊടാൻ പോലും ഭർത്താവ് മടിക്കുന്ന ഈ സമൂഹത്തിന് അതിൻ്റെ ആവശ്യമുണ്ട്.

ഏറ്റവും കുറഞ്ഞത് ആണെന്നും പെണ്ണെന്നും രണ്ടേ രണ്ട് തിരിവുകൾ മാത്രമല്ല ഉള്ളതെന്നെങ്കിലും അറിഞ്ഞിരിക്കേണ്ടേ