ഷഹീൻ ബാഗ്‌ അമിത്‌ ഷായുടെ ഉറക്കം കെടുത്തുന്നുണ്ട്‌, നിങ്ങളൊന്നു നോക്കിയാൽ ഭയക്കുന്ന ആൾക്കാരല്ലത്‌, അമ്മമാരാണ്, ഷഹീൻ ബാഗ്‌ വിജയിച്ചുകഴിഞ്ഞു

623
Nelson Joseph
ഷഹീൻ ബാഗ്‌ അമിത്‌ ഷായുടെ ഉറക്കം കെടുത്തുന്നുണ്ട്‌. അല്ലെങ്കിൽ,എത്രത്തോളം സഹികെട്ടിട്ടായിരിക്കും, അവഗണിക്കാൻ ശ്രമിച്ച്‌ പരാജയപ്പെട്ടായിരിക്കും അയാൾ അങ്ങനെയൊരു പ്രസ്താവന നടത്തിയത്‌. ഫെബ്രുവരി എട്ടാം തിയതി ബട്ടൺ (വോട്ടിംഗ്‌ മെഷീനിലെ) പ്രസ്‌ ചെയ്യുമ്പൊ ഷഹീൻ ബാഗിൽ അതിന്റെ കറന്റ്‌ ഫീൽ ചെയ്യുന്നത്ര ദേഷ്യത്തോടെ ചെയ്യണമത്രേ
ഡല്ലി ഇലക്ഷനിൽ ബി.ജെ.പിക്ക്‌ വോട്ട്‌ ചെയ്താൽ ഷഹീൻ ബാഗ്‌ പോലത്തെ ആയിരക്കണക്കിനു സംഭവങ്ങൾ ഒഴിവാക്കാമെന്നാണയാൾ പറയുന്നത്‌.
അയാൾ അവതരിപ്പിച്ച നിയമവും അയാളുടെ നിയന്ത്രണത്തിലെ പൊലീസ്‌ ജാമിയയിൽ കയറി നടത്തിയ അക്രമവുമാണു ഷഹീൻ ബാഗ്‌ ഉണ്ടാക്കിയതെന്ന് അയാൾ സൗകര്യപൂർവ്വം മറന്നു.
തങ്ങളുടെ കുഞ്ഞുങ്ങളെപ്പോലും സംരക്ഷിക്കാൻ കഴിയാത്തതുകൊണ്ടാണു തെരുവിലിറങ്ങിയതെന്ന് ആ അമ്മമാർ മാദ്ധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. ബി.ജെ.പിക്ക്‌ വോട്ട്‌ ചെയ്താൽ സുരക്ഷിതത്വം കിട്ടുമത്രേ. . .രാജ്യത്തെമ്പാടും ആക്രമിക്കപ്പെട്ട പെൺകുട്ടികളോട്‌ അത്‌ പറയൂ ആഭ്യന്തരമന്ത്രീ. എന്തൊരു കഷ്ടമാണെന്ന് നോക്കണം. രാജ്യം ഭരിക്കുന്നയാൾക്ക്‌ വികസനമൊന്നും പറയാനില്ലേ വോട്ടു പിടിക്കാൻ? തൊഴിലില്ലായ്മയെക്കുറിച്ച്‌ സംസാരിക്കാനേ പറ്റില്ല. സ്ത്രീസുരക്ഷയെക്കുറിച്ച്‌ പറ്റില്ല.സമ്പദ്‌ വ്യവസ്ഥയെക്കുറിച്ച്‌ പറ്റില്ല. ആകെ പറയാനുള്ളത്‌ തികച്ചും സമാധാനപരമായ ഒരു പ്രതിഷേധം ഇല്ലാതെയാക്കാമെന്ന്.കഷ്ടം തന്നെ ആഭ്യന്തരമന്ത്രീ. ഷഹീൻ ബാഗിന്റെ ആവർത്തനവിരസത കണ്ട്‌ ഇങ്ങനങ്ങ്‌ ഞെട്ടിയാലോ. നിങ്ങളൊന്നു നോക്കിയാൽ ഭയക്കുന്ന ആൾക്കാരല്ലത്‌, അമ്മമാരാണ്.  ഷഹീൻ ബാഗ്‌ വിജയിച്ചുകഴിഞ്ഞു