കുട്ടിക്കാലത്തിൻ്റെ പാതി സമയത്തോളം ചിലവഴിക്കുന്ന സ്കൂളുകൾ സുരക്ഷിതമാവണം

128

ഡോ നെൽസൻ ജോസഫ് എഴുതുന്നു

അറിഞ്ഞോ അറിയാതെയോ ഒഴിവാക്കാമായിരുന്ന ഓരോ മരണങ്ങളും തീർത്താൽ തീരാത്ത സങ്കടങ്ങളാണ്. അതിൻ്റെ കാരണങ്ങളെക്കുറിച്ച് ആവർത്തിച്ച് ചർച്ച ചെയ്യേണ്ടതാണ്, പരിഹരിക്കേണ്ടതാണ്.

ആരെയും കുറ്റപ്പെടുത്താനല്ല ഈ കുറിപ്പ്. ഇതുവരെ വാർത്തയിൽ കണ്ട/വായിച്ച വിവരങ്ങൾ വച്ച് ഒന്ന് വിശകലനം ചെയ്യുക മാത്രമാണ്. ഇനി ഒരു മരണം ഉണ്ടാവാതിരിക്കട്ടെ.

  1. മാളമുള്ള ക്ലാസ് മുറികൾ – ഇടിഞ്ഞു വീഴാൻ മുട്ടിനിൽക്കുന്ന സ്കൂളും മാളമുള്ള ക്ലാസ് മുറിയുമൊക്കെ കുട്ടികൾ പഠിക്കുന്നിടത്തുണ്ടാവുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവന് നമ്മൾ അത്ര വിലയേ നൽകുന്നുള്ളെന്നതിലപ്പുറം മറ്റ് സന്ദേശമൊന്നും നൽകുന്നതായി തോന്നുന്നില്ല.

വീട്ടിലൊരു കുഞ്ഞുണ്ടായാൽ പുറത്തേക്കിറങ്ങുന്നിടത്ത് പട്ടിക ആണിയടിച്ച് ഉറപ്പിക്കുന്നതും പ്ലഗ് പോയിൻ്റുകൾ അടയ്ക്കുന്നതും ഒക്കെ ചെയ്ത് കുഞ്ഞിന് അപകടം പരമാവധി ഒഴിവാക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്.

കുട്ടിക്കാലത്തിൻ്റെ പാതി സമയത്തോളം ചിലവഴിക്കുന്ന സ്കൂളുകൾ സുരക്ഷിതമാവണം

  1. ചെരിപ്പിടാൻ പറ്റാത്ത ക്ലാസ് മുറികൾ – എന്ത് തേങ്ങയ്ക്കാണ് ക്ലാസിൽ ചെരിപ്പിടാൻ അനുവദിക്കാതിരിക്കുന്നതെന്നറിയില്ല. അദ്ധ്യാപകന് ചെരിപ്പിടാമെങ്കിൽ കുട്ടിക്കുമിടാം. ഇടണം.

അത്ര അണുവിമുക്തമാക്കേണ്ട ഏത് ക്ലാസ് റൂമാണ് കേരളത്തിലുള്ളതെന്ന് അറിയിച്ചാൽ പ്രത്യേക പരിഗണന വല്ലതും നൽകണോയെന്ന് ആലോചിച്ചാൽ മതിയല്ലോ

  1. പാമ്പ് കടിച്ചതാണ്. അത് പറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല – പാമ്പുകടി ഒരു മെഡിക്കൽ എമർജൻസിയാണ്. തൻ്റെ കാലിൽ ഒരു പാമ്പ് കടിച്ചുവെന്ന് ഒരു കുട്ടി പറഞ്ഞാൽ, ഇനി ഒരു സംശയമാണ് പറയുന്നതെങ്കിൽപ്പോലും അത് ഗൗരവമായെടുക്കണം.

അല്ലാതെ അപ്പോൽ കുട്ടി കള്ളം പറയുന്നതാണോയെന്നും മറ്റ് കാരണങ്ങളുമൊന്നും തിരക്കാൻ പോയി സമയം പാഴാക്കുകയല്ല ചെയ്യേണ്ടത്. ജീവനാണ് മുൻ ഗണന. മറ്റൊന്നിനുമല്ല.

  1. കുട്ടിയുടെ രക്ഷിതാവ് വരുന്നത് വരെ കാത്തിരുന്നു – പല ന്യായങ്ങളും പറയാൻ കണ്ടേക്കാം.

പാമ്പ് കടിക്ക് മാത്രമല്ല, പല രോഗാവസ്ഥകളിലും ആദ്യ മണിക്കൂറുകൾ വളരെ നിർണായകമാണ്. സുവർണ മണിക്കൂറുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ആ അവസരങ്ങളിൽ കിട്ടുന്ന കൃത്യമായ വൈദ്യസഹായം ജീവനും മരണത്തിനുമിടയിൽ ഗണ്യമായ വ്യത്യാസമുണ്ടാക്കുമെന്നത് സുവ്യക്തമാണ്.

മാതാപിതാക്കളെ കാത്ത് നിൽക്കുന്നത് മുതൽ കടിച്ച പാമ്പിനെ പിടിക്കാൻ പോവുന്നത് വരെ ചെയ്ത് പാഴാക്കുന്ന സമയം ആ സുവർണ മണിക്കൂറാണ് അപഹരിച്ചുകൊണ്ടുപോവുന്നത്.

  1. ആശുപത്രിയിൽ നിന്നുള്ള റഫറൽ – ഇതിനെ ഒന്നിലധികം ഉപവിഭാഗങ്ങളായി തിരിക്കേണ്ടിവരും.

(എ) പാമ്പുകടിക്ക് കൃത്യമായ ചികിൽസ നൽകാൻ സൗകര്യങ്ങളുള്ള ആശുപത്രികൾ. ഗ്രാമപ്രദേശങ്ങളിലോ മറ്റ് ഉൾ പ്രദേശങ്ങളിലോ ഉണ്ടാവുന്ന പാമ്പുകടിക്ക് ചികിൽസ ലഭ്യമാക്കാൻ നഗരത്തിൽ, അല്ലെങ്കിൽ മറ്റ് സർക്കാർ – സ്വകാര്യ ആശുപത്രിയിൽ എത്താനുണ്ടാവുന്ന കാലതാമസവും നിർണായകമാവും.

അതിനു പരിഹാരം കൂടുതലിടങ്ങളിൽ ചികിൽസിക്കാനുള്ള സൗകര്യമുണ്ടാവുകയെന്നതാണ്.

(ബി) ചികിൽസിക്കാനുള്ള വൈമനസ്യം – പാമ്പിൻ വിഷത്തിനുള്ള പ്രതിമരുന്ന് അലർജി ഉണ്ടാക്കാൻ സാദ്ധ്യതയുള്ള ഒന്നാണ്. പക്ഷേ കൃത്യമായ ചികിൽസയിലൂടെ ഒരു ജീവൻ രക്ഷിക്കാനും ആ മരുന്നിനു കഴിയും.ഒന്ന് തുമ്മിയാൽ തല്ലുന്ന ഒരു ജനത്തിൻ്റെ നടുവിൽ നിൽക്കുന്ന ഒരു ഡോക്ടർ ചികിൽസിക്കാൻ പേടിച്ചാൽ ഒന്നും ചെയ്യാനാവില്ല.

പരസ്പര വിശ്വാസം വളർത്തേണ്ടതും ആക്രമണങ്ങൾ ഒഴിവാക്കേണ്ടതുമൊക്കെ ഡിഫൻസീവ് പ്രാക്ടീസിലേക്ക് ആരോഗ്യപ്രവർത്തകർ പോവാതിരിക്കാൻ അത്യന്താപേക്ഷിതമാണ്.

  1. ശാസ്ത്രീയാവബോധമില്ലായ്മ – പാമ്പുകടിക്ക് കൃത്യമായ ശാസ്ത്രീയ ചികിൽസയാണ് വേണ്ടത്. അല്ലാതെ കല്ലുവയ്ക്കലോ ഛർദ്ദിപ്പിക്കലോ നാട്ടുമരുന്നോ ഒന്നുമല്ല.

അവസാനം കണ്ട മൂന്നുനാല് വാർത്തകളിലെല്ലാം സുവർണ മണിക്കൂറുകൾ നഷ്ടപ്പെട്ടതായി വായിച്ചിരുന്നത് അതിൻ്റെ പ്രാധാന്യം ഉയർത്തുന്നതേയുള്ളൂ

തമ്മിൽ ഭേദം കേരളമാണെന്ന ആശ്വാസം പോര നമുക്ക്‌.

Image may contain: shoes

വിദ്യാലയത്തിനു പുറത്തിടേണ്ടത് കുഞ്ഞുങ്ങളുടെ ചെരിപ്പുകളല്ല.അഴുക്കു പുരണ്ടിരിക്കുന്നത് അവരുടെ കാലിലുമല്ല