വരൂ നമുക്ക് പ്രണയിക്കാം നിന്നെ ഞാൻ 10 വർഷം തടവിലാക്കാം എന്നു പറഞ്ഞാൽ ആരെങ്കിലും പിറകേ പോകുമോ…?

0
316

ന്യായീകരിച്ച് ദിവ്യപ്രണയം എന്നു പറയുന്നവരോടാണ്.. വസ്തുതകൾ ഒന്നു പരിശോധിക്കാം. അവളുടെ പതിനെട്ടാം വയസ്സിലാണ് അവർ പ്രണയത്തിലാകുന്നത്. കേട്ടിടത്തോളം ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് അവൾ വളർന്നത്..പതിനെട്ടു വയസ്സു വരെ നാട്ടിൻപുറത്തെ അത്തരമൊരു വീട്ടിൽ വളർന്ന കുട്ടി സകല നിയന്ത്രണങ്ങൾക്കുമുള്ളിൽ നിന്നുകൊണ്ട് എന്ത് ലോകം കണ്ടുകാണും എന്നു നമുക്ക് ഊഹിക്കാവുന്നതെയുള്ളൂ.

വീടിനപ്പുറം അവൾ ആകെ കണ്ടത് അയാളെയാണ്… അയാൾക്കൊപ്പം ഇറങ്ങിപ്പോകാൻ ആ പ്രായത്തിൽ അവൾക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. തെറ്റ് പറയാൻ പറ്റില്ല. ആ പ്രായത്തിലൊക്കെ പ്രണയിക്കുന്നവനപ്പുറം എവിടെയാണ് ലോകം!!

പിന്നീട് പത്തു വർഷം. നഷ്ടമാകുമെന്ന് കരുതി പുറം ലോകത്തെ അറിയിക്കാതെ അവളെ ഒരിടത്ത് സൂക്ഷിച്ചതാകാം..ആ പൂട്ട് കണ്ടോ? അതിബുദ്ധിമാനായ ഒരാൾക്ക് മാത്രം കഴിയുന്ന ഒന്നാണത് എന്നു വിദഗ്ധർ പറയുന്നു. അതായത് അയാൾക്കോ അവൾക്കൊ ബുദ്ധിസ്ഥിരതയ്ക്ക് യാതൊരു പ്രശ്നവുമുള്ളതായി കാണുന്നില്ല…അവർ സ്നേഹിക്കുകയായിരുന്നിരിക്കാം.

അവൾക്ക് ഇറങ്ങി പോകണമെങ്കിൽ പോകാൻ പാകത്തിന് ജനലിന്റെ അഴികൾ ഊരിമാറ്റിയിരുന്നു. ഒരു മതിലിനപ്പുറം ഒച്ച വെച്ചാൽ കേൾക്കും വിധം അയാളുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. പക്ഷെ ഇറങ്ങിപ്പോകാൻ അവൾക്ക് തോന്നിയില്ല. ഒച്ച വച്ചു രക്ഷപ്പെടാൻ അവൾ ശ്രമിച്ചില്ല. ഇന്നും പുറത്തിറങ്ങിയപ്പോൾ അവൾ പറയുന്നു, “ഇക്കാ പാവമാണ്, എനിക്ക് പരാതിയില്ല, എന്നെ പൊന്നു പോലെ നോക്കി!!” അയാൾ സ്നേഹിച്ചു സ്നേഹിച്ച് അതിന്റെ നിർവൃതിയിലാണ് അവൾ ഇറങ്ങിപ്പോകാഞ്ഞത് എന്നാണോ നിങ്ങൾ കരുതുന്നത്? അല്ല…

പതിനെട്ടു വയസ്സിന് ശേഷമായിരുന്നു അവൾ ലോകത്തെ അറിയേണ്ടത്, വിദ്യാഭ്യാസവും ജോലിയും നേടേണ്ടത്, കാമുകനല്ലാത്ത മറ്റു മനുഷ്യരും ഈ ലോകത്തുണ്ടെന്നു അറിയേണ്ടത്, അവരെ പരിചയപ്പെടേണ്ടത്. അവർക്കൊപ്പം ഇടപെഴകേണ്ടത്.പതിനെട്ടു വയസ്സിന് ശേഷമായിരുന്നു അവൾ ജീവിച്ചു തുടങ്ങേണ്ടത്. സമൂഹത്തിലെ നന്മകളും അവസരങ്ങളും അവളെ തേടി വരേണ്ടിയിരുന്നത്, ഒരുപാട് യാത്രകൾ ചെയ്യേണ്ടിയിരുന്നത്…എല്ലാം ഒരുപക്ഷേ ആ പതിനെട്ടു വയസ്സിന് ശേഷമായിരുന്നു…

അവൾ അറിഞ്ഞിട്ടില്ല… ഇതെല്ലാം അറിയാൻ, മനുഷ്യനെന്ന നിലയിൽ സമൂഹ്യജീവിയായി ജീവിക്കാൻ അവൾക്ക് അവസരം ലഭിച്ചില്ല… ലോകത്തെ അവൾ ആകെ കണ്ടത് ടി വിയുടെ ചെറിയ സ്ക്രീനിൽ ആണ്.. പുറത്ത് പോയിരുന്നത് ഇരുട്ടിൽ മാത്രമായിരുന്നു..വെളിച്ചത്തിൽ ഈ ലോകത്തെ അവൾ കണ്ടിട്ടില്ല.. അതു കൊണ്ട് ആ ഇരുട്ടാണ്, ആ മനുഷ്യനാണ്, ആ മുറിയാണ് ലോകമെന്ന് അവൾ തെറ്റിദ്ധരിച്ചു. അതിനെ അവൾ സ്നേഹിച്ചു, അതിലവൾ സംതൃപ്തയായി… തികഞ്ഞ മനുഷ്യാവകാശലംഘനമാണ് നടന്നത്.

പ്രണയമെന്ന പുകമറയ്ക്ക് പിന്നിൽ നിഷേധിക്കപ്പെട്ട അവകാശങ്ങൾക്ക് വേണ്ടി അവൾ ശബ്ദമുയർത്താത്തിടത്തോളം ഇതിൽ ആർക്കും ഒന്നും ചെയ്യാൻ ഇല്ല… അവകാശങ്ങൾ നഷ്ടമായി എന്നത് തിരിച്ചറിയുക എന്നതാണ് അതിന് ഏറ്റവും ആദ്യം വേണ്ടത്.ഇനി ഇതിൽ ആരെയും കുറ്റം പറയാനില്ല. അയാളെപിടിച്ച് ഇനി ജയിലിൽ ഇട്ടാൽ ഈ കാലം വരെയുള്ള അവളുടെ ലോകമാണ് നഷ്ടപ്പെടുക. ജീവിക്കട്ടെ അവർ…സ്നേഹത്തോടെ തന്നെ മരണം വരെ…പക്ഷേ ഇനി ഒരിടത്തും ഇത്തരമൊന്ന് സംഭവിക്കാതിരിക്കട്ടെ…!

സ്റ്റോക്ഹോം സിൻഡ്രം എന്ന രോഗ അവസ്ഥയേയും മനസ്സിലാക്കണം. പിന്നെ മതം എന്ന പേരിൽ നടന്ന കാരാഗ്രവാസത്തേയും, കാരാഗ്രവാസങ്ങളേയും ഒന്നു വിശകലനം ചെയ്തേ തീരൂ… കാരണം സത്യം എപ്പോഴും കയ്പ്പുളവാക്കുന്നതാണല്ലോ..?

NB: ഒരു കാര്യം ചോദിച്ചോട്ടേ ?
വരൂ നമുക്ക് പ്രണയിക്കാം നിന്നെ ഞാൻ 10 വർഷം തടവിലാക്കാം എന്നു പറഞ്ഞാൽ ആരെങ്കിലും ആ പ്രണയത്തിന് പിറകേ പോകുമോ…? വേറെ ഏതെങ്കിലും ഒരു സാധാരണ മാനസിക അവസ്ഥയിൽ ഉള്ള ഒരു പെണ്ണ് ഈ കാലത്ത് പോകുമോ…? എത്തിക്സ്& ഫിലോസഫി പറഞ്ഞു നമ്മളെന്തിനാ സത്യത്തിൽ നിന്ന് ദൂരെ പോകുന്നത്…? ഒന്നു ചിന്തിച്ചു നോക്കൂ…!

(കടപ്പാട്)