Vani Jayate

എൺപതുകളുടെ രണ്ടാം പകുതിയിലും തൊണ്ണൂറുകളുടെ ആദ്യ പകുതിയിലും കൗമാരവും യൗവനവും ചിലവിട്ടവരുടെ മനസ്സിൽ കയറിയിട്ടുള്ള ചില മുഖങ്ങളുണ്ട്. കാലം കടന്നു പോയാലും നിറം മങ്ങാതെ കിടക്കുന്ന ചില മുഖങ്ങൾ. ആൾക്കൂട്ടങ്ങളുടെ മലവെള്ളപ്പാച്ചിലിനിടയിലും വ്യക്തിത്വങ്ങൾ കൊണ്ട് മാറി നിൽക്കുന്ന മുഖങ്ങൾ. അവരവരുടെ മേഖലകളുടെ ചരിത്രങ്ങളിൽ ഒരിക്കലും മായാത്ത മുദ്രകൾ അവർ അടയാളപ്പെടുത്തി വെച്ചിട്ടുണ്ടാകും. കഴിവും, അദ്ധ്വാനവും, ആറ്റിറ്റ്യുഡും കൊണ്ട് തിരിച്ചടികളെയും, വെല്ലുവിളികളേയും മറികടന്ന അവരുടെ ജീവിതം ഓരോ തലമുറയ്ക്കും ഒരു പാഠപുസ്തകമാണ്. അവർക്കിടയിൽ ആമുഖങ്ങൾക്കപ്പുറം പലതും പലരുടെയും മനസ്സിൽ ഓടിയെത്തുന്ന രണ്ടു പേരുകളാണ് സിൽവസ്റ്റർ സ്റ്റാലോണും, റെനേ ഹിഗിറ്റായും.

സ്ലൈ എന്ന സിൽവസ്റ്റർ സ്റ്റാലോൺ – തന്റെ ദൗർബല്യങ്ങളെ കരുത്തതാക്കി മാറ്റി, ഹോളിവുഡിൽ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച അസാമാന്യ വ്യക്തിത്വമാണ്. “ഹെൽസ് കിച്ചൻ” എന്നറിയപ്പെടുന്ന ന്യൂയോർക്കിലെ പിന്നാമ്പുറങ്ങളിൽ നിന്നും തകർന്ന ഒരു കുടുംബത്തിൽ ജനിച്ച, അബ്യുസിവ്‌ ആയ ഒരു പിതാവിന്റെ പീഢനങ്ങളിൽ നേരിട്ട് എക്സ്ട്രാ ആയും തീരെ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടുമൊക്കെ ഒരു പാട് കഷ്ടപ്പാടുകളിലൂടെ കടന്നു പോയി, സ്വപ്രയത്നം കൊണ്ട് ഹോളിവുഡിന്റെ കൊടുമുടികൾ കീഴടക്കിയ സ്റ്റാലോൺ ശരിക്കുമൊരു വിസ്മയമാണ്. തന്റെ ഭാവി ജീവിതം സ്വയം നിർമ്മിച്ചെടുക്കുക എന്നത് ഒരു വ്യക്തിത്വത്തിന്റെ ഏറ്റവും വലിയ വിജയമാണ്. അതാണ് സിൽവസ്റ്റർ സ്റ്റാലോൺ തന്റെ ജീവിതം കൊണ്ടു തെളിയിച്ചത്.

നിലവിൽ ഉണ്ടായിരുന്ന താരവേഷങ്ങളുടെ വാർപ്പ് മാതൃകകളിൽ തനിക്ക് ഒരു സ്ഥാനവുമില്ലെന്ന് തിരിച്ചറിഞ്ഞു കൊണ്ട് തനിക്ക് വേണ്ടി വേഷങ്ങളിലൂടെ, തനതായ ഒരു സ്ഥാനം പടവെട്ടി പിടിച്ച ആ മനുഷ്യന്റെ ജീവിതം അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാൻ കഴിയൂ. സ്റ്റാലോന്റെ ആദ്യം കണ്ട സിനിമ ഫസ്റ്റ് ബ്ലഡ് ആയിരുന്നു. പണ്ട് വീട്ടിൽ ആദ്യമായി വിസിപി വന്നപ്പോൾ അതിന്റെ കൂടെയെത്തിയ കാസറ്റുകളിൽ ഒന്നായിരുന്നു അത്. സ്റ്റാലോൺ ആരെന്നോ, സിനിമ എങ്ങിനെയുള്ളതാണെന്നോ അറിയാത്ത ആ കാലത്ത് വായും പൊളിച്ചു അത്ഭുതത്തോടെ കണ്ടതാണ് റാംബോയുടെ ശാന്തതയിൽ നിന്നും ക്ഷോഭത്തിലേക്കുള്ള വേഷപ്പകർച്ച. അതിന് ശേഷം റാംബോ 2 കണ്ടു കഴിഞ്ഞാണ് റോക്കി സീരീസ് കണ്ടു തുടങ്ങിയത്. അതിൽ കണ്ടത് റാംബോയിൽ നിന്നേറെ വ്യത്യസ്തനായ ഒരു ഹീറോയെ ആണ്. ഭയമുള്ള, ആത്മവിശ്വാസകുറവുള്ള, തന്റെ പരിമിതികളെക്കുറിച്ച് ബോധവാനായുള്ള ഒരു ഹീറോ. റോക്കിയിൽ നിന്നും ക്രീഡ് വരെയുള്ള ഓരോ സിനിമയും ആവേശത്തോടെയാണ് കണ്ടിട്ടുള്ളത്.

അതെ സമയം റെനേ ഹിഗ്വിറ്റ – എൻ എസ് മാധവന്റെ ചെറുകഥയിലൂടെ മലയാളികൾക്കെല്ലാം സുപരിചിതനാവുന്നതിന് മുമ്പ്, ആദ്യമായി ലൈവായി ടെലിവിഷനിൽ കണ്ട 1990 ലെ ഇറ്റലി ലോകകപ്പിലെ വിസ്മയമായിരുന്നു. പന്തുമായി മുൻ നിരയിലേക്ക് കുതിക്കാൻ ഒട്ടും മടി കാണിക്കാത്ത ഒരു തികഞ്ഞ എന്റർറ്റൈനെർ. ജർമ്മനിയെ സമനിലയിൽ കുടുക്കി പ്ളേ ഓഫിൽ എത്തിയ കൊളംബിയൻ ടീമും സ്വർണ്ണമുടിക്കാരൻ വാൽഡറാമായും ഒക്കെ അന്ന് സ്പോർട്ട്സ് പേജിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ പ്ളേ ഓഫ് സ്റ്റേജിൽ അവരെ കാത്തിരുന്നത് മറ്റൊരു അത്ഭുതമായിരുന്നു. റോജർ മില്ല. ആ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ. ഒരു ഗോളിന് പിന്നിൽ നിൽക്കുമ്പോഴും റിസ്കെടുത്ത് കൊണ്ട് ഗോൾ പോസ്റ്റ് ഓപ്പണാക്കിയിട്ട് പന്തുമായി മുന്നേറാൻ നോക്കിയ ഹിഗിറ്റയെ ഒരൊറ്റ വെട്ടിക്കൽ കൊണ്ട് പറ്റിച്ചു കൊണ്ട് ഗോൾ പോസ്റ്റിലേക്ക് തൊടുത്ത് മില്ല ബൊഗോട്ടയിലേക്ക് തിരികെ അയച്ചു.

എന്നാൽ മത്സരശേഷമുള്ള പത്ര സമ്മേളനത്തിൽ തോൽവിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്താണ് ഹിഗ്വിറ്റ തിരികെ പോയത്. അന്നൊന്നും അവർ ആ ലോകകപ്പ് കളിക്കാൻ പോലും നേരിട്ടിരുന്ന വെല്ലുവിളികളെക്കുറിച്ച് കാര്യമായ അവബോധം ഉണ്ടായിരുന്നില്ല. പിന്നീട് അതെ ഹിഗ്വിറ്റ ഒരു കിഡ്നാപ്പിംഗ് കേസിൽ അകപ്പെട്ട് ജയിലിൽ പോയതിനെക്കുറിച്ച് വായിച്ചിരുന്നു. എന്നാൽ അതൊക്കെ കഴിഞ്ഞു ഏറെക്കാലത്തിന് ശേഷമാണ് കൊളംബിയയെക്കുറിച്ചും, അവിടുത്തെ രാഷ്ട്രീയ ഭൂമികയെക്കുറിച്ചുമൊക്കെയുള്ള ഒരു വിവരങ്ങൾ മനസ്സിലാക്കി തുടങ്ങിയത്. അത് ആൻഡ്രിയാസ് എസ്കോബാർ വെടിയേറ്റ് കൊല്ലപ്പെട്ടതും, അതിനെക്കുറിച്ചുള്ള ‘ടു എസ്കോബാർസ്’ എന്ന ഡോക്യൂമെന്ററി കണ്ടിട്ടുമാണ്. നമുക്കൊക്കെ ഊഹിക്കാൻ കഴിയുന്നതിലുമപ്പുറമുള്ള വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് അവരൊക്കെ മുന്നോട്ട് വന്നിട്ടുള്ളത് എന്ന് മനസ്സിലാക്കുന്നത്.

ഇക്കഴിഞ്ഞ രണ്ടു വാരങ്ങളിലായി ഈ രണ്ട് വ്യക്തിത്വങ്ങളെക്കുറിച്ചുമുള്ള ഡോക്യൂമെന്ററികൾ നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്. അവരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും ചില മികച്ച ഉൾക്കാഴ്ചകൾ പകരുന്ന ഡോക്യൂമെന്ററികൾ. സ്ലൈ – എ സിൽവസ്റ്റർ സ്റ്റാലോൺ ഡോക്യൂമെന്ററി
ഹിഗ്വിറ്റ – ദി വേ ഓഫ് സ്കോര്പിയോൺ നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്

You May Also Like

അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ്വ നിമിഷം

അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ്വ നിമിഷം അന്തരിച്ച സംവിധായകനും സാഹിത്യകാരനുമായിരുന്ന പത്മരാജന്റെ മകൻ  അനന്തപത്മനാഭൻ…

“ഹറാമായ പണം എനിക്ക് വേണ്ട”

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് മോണിക്ക എന്ന  എം.ജി.റഹിമ. രേഖ മുകിതിരാജ് ആയിരുന്നു ജന്മനാമം. ചലചിത്ര…

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡാൻസ് പാർട്ടി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഡാൻസ് പാർട്ടി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു വാഴൂർ ജോസ്. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന…