മണ്ണിലേക്കിറങ്ങുന്ന വിണ്ണിലെ താരങ്ങൾ !
Chanthu S D
ചുമ്മാ ഒരു കൗതുകത്തിന്, ന്യൂജൻ സിനിമ പ്രൊമോഷൻ ട്രെൻഡുകളും പഴയകാല രീതികളും തമ്മിലൊന്നു താരതമ്യം ചെയ്തു നോക്കിയാലോ… ആദ്യം കുറച്ചു പിന്നിലേക്ക് പോകാം, കുറച്ചെന്നു വച്ചാൽ ഇന്നത്തെ പോലെ സോഷ്യൽ മീഡിയയും, ഇന്നലത്തെ കേബിൾ ടീവിയും ചാനലുകളും ഒന്നുമില്ലാതിരുന്ന ഒരു കാലം ! അക്കാലത്ത് ഒരു സിനിമ റിലീസിന് തയ്യാറാവുന്നു എന്ന് നമ്മളറിയുന്നത് വളരെ കുറച്ചു സിനിമാമാസികകളും വാരികകളും വഴി മാത്രമായിരുന്നു, നാനയാണ് അക്കാലത്തെ പ്രമുഖൻ. ഒരു സിനിമയുടെ പൂജ നടന്നു അല്ലെങ്കിൽ ഷൂട്ടിംഗ് തുടങ്ങുന്നു എന്നൊക്കെയുള്ള വാർത്തകൾ അന്ന് ചെറിയൊരു കോളം ന്യൂസ് ആണ്, ചില സിനിമകളൊക്കെ തിയേറ്ററിൽ റിലീസ് ആകുമ്പോഴാണ് അറിയുന്നത് തന്നെ. അന്ന് നാനയുടെ സെന്റർ പേജിൽ ഒരു പോസ്റ്റർ ഉണ്ടാകും, അതാണ് അതിന്റെ ഹൈലൈറ്റ്, അതൊക്കെ ഇളക്കിയെടുത്ത് സൂക്ഷിച്ചു വയ്ക്കാൻ പെട്ട പാട് തമ്പുരാനറിയാം.
സിനിമ റിലീസ് ആകുന്നതിനു 2-3 ദിവസം മുൻപ് പത്രത്തിൽ പോസ്റ്റർ വരും, എവിടെയൊക്കെ ഏതൊക്കെ തിയേറ്ററുകളിൽ ഷോ ഉണ്ട് എന്ന്, അതും ബ്ലാക്ക് ആൻഡ് വൈറ്റ്, പിന്നെ ഉള്ളത് മതിലുകളിൾ ഒട്ടിക്കുന്ന സിനിമ പോസ്റ്ററുകൾ, അത് കളറാണ്. ഇതെല്ലാം കഴിഞ്ഞു തിയേറ്റർ വക ജീപ്പിൽ ഒരു നോട്ടീസ് വിതരണമുണ്ട്, അന്നതൊരു സംഭവം ആയിരുന്നു, അന്നത്തെ അനൗൺസ്മെന്റിനു കൊടുക്കണം ഒരു നല്ല കയ്യടി. ജീപ്പിൽ നിന്നും വാരിയെറിയുന്ന നോട്ടീസ് ഒരെണ്ണം കിട്ടാൻ വേണ്ടി വണ്ടിയുടെ പിന്നാലെ ഓടി മറിഞ്ഞടിച്ചു വീണു മുട്ടിന്റെ തൊലി പോയതിനു എത്ര തവണ ചൂരൽ കഷായം കിട്ടിയിരിക്കുന്നു, പക്ഷെ ആ നോട്ടീസ് ഒരെണ്ണം കിട്ടിയാൽ അന്നു ലോട്ടറി അടിച്ച സന്തോഷമാണ്.
അന്നു തിയേറ്ററിൽ പോയി സിനിമ കാണുന്നതൊക്കെ ഒരു വൻ സംഭവം ആയിരുന്നു, വർഷത്തിൽ ഒന്നോ രണ്ടോ സിനിമ കണ്ടാലായി, മിക്കപ്പോഴും ഓണത്തിനും പിന്നെ ക്രിസ്മസിനും ആണ് ഒരു സിനിമ കാണാൻ പോവുക, അതാണ് കണക്ക്. ഈ മാസികകളിലും പോസ്റ്ററിലും സിനിമയിലും അല്ലാതെ നടന്മാരെയോ നടികളെയോ നേരിട്ട് കാണാനുള്ള വകുപ്പൊന്നും അന്നില്ല, ഇന്നത്തെ പോലെ ഉത്ഘാടനങ്ങളില്ല താരനിശകൾ തീരെയില്ല, പിന്നെ ഞായറാഴ്ച ദൂരദർശനിൽ വരുന്ന സിനിമയും ചിത്രഗീതവും ആണ് ആകെയുള്ളൊരു ആശ്വാസം. അന്നൊക്കെ സിനിമാ താരങ്ങൾ ശെരിക്കും വിണ്ണിലെ നക്ഷത്രങ്ങൾ തന്നെ ആയിരുന്നു, ഒന്നു കയ്യെത്തി പിടിക്കാൻ ആഗ്രഹിക്കാൻ പോലും ആവാത്തത്ര അകലത്തിൽ…
എന്നാലിന്നോ ഒരു സിനിമ ഷൂട്ടിങ് ആരംഭിക്കുന്നതിനു മുന്നേ തന്നെ പ്രൊമോഷൻ ആരംഭിക്കും, വലിയ കൺസ്ട്രക്ഷൻ പ്രൊജക്റ്റുകളുടെ ബുക്കിങ് അതിന്റെ പൈലിംഗ് പോലും ആരംഭിക്കുന്നതിനു മുന്നേ തുടങ്ങുന്ന പോലെ. സിനിമ തീരുമാനിച്ച് പൂജ തുടങ്ങുമ്പോ മുതൽ സോഷ്യൽ മീഡിയ അപ്ഡേറ്റ്സ്, ചാനലുകൾ വക സിനിമ ഷൂട്ടിംഗ് ന്യൂസ്, പിന്നെ ടെക്‌നിഷ്യൻസ്, അഭിനേതാക്കൾ വക FB/Insta പോസ്റ്റുകൾ, സിനിമ പോർട്ടലുകളിലെ വിവരണങ്ങൾ, First Look Poster, Audio Launch, Teaser, Trailer, Premier Show തുടങ്ങി ഇനി ഇല്ലാത്തതായൊന്നും ബാക്കിയില്ല. ഈ ഹൈപ്പെല്ലാം കണ്ടു മയങ്ങി ഫ്ലാറ്റായി മലർന്നടിച്ചു വീഴുന്ന പ്രേക്ഷകൻ, പിന്നീട് തിയേറ്ററിലെ ചാരു കസേരയിൽ ഇരുന്നാവും സിനിമയുടെ ശെരിക്കുള്ള രൂപവും ഭാവവും ഒക്കെ നോക്കിക്കണ്ടു മനസിലാക്കുന്നത്.
സിനിമ റിലീസിന് മുന്നേയും റിലീസ് ചെയ്തു തുടർന്നുള്ള ദിവസങ്ങളിലും ഇന്റർവ്യൂകൾ പൊടിപൊടിക്കും, അതിനിടയിൽ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെ പറ്റിയോ, ജൻഡർ ഇക്വാലിറ്റിയെ പറ്റിയോ അതുമല്ലെങ്കിൽ ഫെമിനിസത്തെ പറ്റിയോ ഒരു വിവാദം ഉണ്ടാക്കിയെടുത്താൽ രക്ഷപെട്ടു, വിവാദത്തിന്റെ കൂടെ സിനിമയും കത്തിക്കയറും. ഇപ്പോഴത്തെ മറ്റൊരു ട്രെൻഡാണ് വലിയ മാളുകളിലും കോളേജുകളിലും ആരാധകരുടെ മുന്നിൽ ലൈവ് ആയി നടക്കുന്ന പ്രൊമോഷൻ, മുഖ്യനടീനടന്മാർ അവിടെയെത്തി ആളുകളെ നേരിട്ട് കയ്യിലെടുക്കുന്ന പുതിയ ടെക്‌നിക് ആണ്. അതുപോലെ തന്നെയാണ് റിലീസ് കഴിഞ്ഞ് അതിനടുത്തുള്ള ദിവസങ്ങളിലെ തിയേറ്റർ സന്ദർശനം, പ്രേക്ഷകരെ തീയേറ്ററിലേക്ക് ആകർഷിക്കാനും ആരാധകരെ തൃപ്തിപ്പെടുത്താനുമുള്ള മറ്റൊരു ടെക്നിക്കാണിത്.
തിയേറ്ററിൽ ചെല്ലുമ്പോ ഇഷ്ടതാരത്തിനോടൊത്ത് ഒരു സെൽഫി കിട്ടിയാൽ സംഗതി ഉഷാറായില്ലേ, അതിൽപ്പരം സിനിമ കാണാൻ പോകാനുള്ള മോട്ടിവേഷൻ മറ്റെന്തുണ്ട്. പിന്നെയുള്ളത് ഉത്ഘാടനങ്ങളാണ്, ഒരു സിനിമ റിലീസ് അടുത്താൽ പിന്നെ ഒരുമാതിരിപ്പെട്ട കടകളുടെയെല്ലാം ഉത്ഘാടനം നിർവഹിക്കുന്നത് അതിലെ താരങ്ങളാവും, പബ്ലിക്കുമായി നേരിട്ട് സംവദിക്കാൻ ഇതിലും നല്ലൊരു അവസരം വേറെയുണ്ടോ. ഇങ്ങനെ പല വിധ Innovations-ലൂടെ കടന്നു പോവുകയാണ് ന്യൂജനറേഷൻ സിനിമ പ്രൊമോഷൻ ഇന്ന്.
പറഞ്ഞു വരുന്നത് ഇതൊന്നും മോശം കാര്യങ്ങൾ ആണെന്നല്ല, ഇതെല്ലാം കാലത്തിന്റെ അനിവാര്യതകൾ മാത്രമാണ്.
സിനിമാ താരങ്ങളെ ദൂരെ നിന്നു മാത്രം കണ്ട് ആരാധിച്ചിരുന്നവർ ഇന്നവരുടെ കൂടെ നിന്നു സെൽഫി എടുക്കുന്നു, വീട്ടിലെ സോഫയിലിരുന്ന് അവരുടെ മൊബൈലിലും ടീവിയിലും ഒക്കെ സിനിമാ താരങ്ങളെ യഥേഷ്ടം കണ്ടുകണ്ട് അവരെ തങ്ങളിൽ ഒരാളായി, മനുഷ്യരായി കാണാൻ ശീലിച്ചിരിക്കുന്നു. സിനിമ താരങ്ങൾ തങ്ങളുടെ സ്റ്റാർഡം ഒരു കുത്തകയല്ല എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു, ഇന്ന് ആരാധകരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാതെ അവർക്കും നിലനിൽപ്പില്ല എന്ന് മനസ്സിലാക്കിയിരിക്കുന്നു. പതിയെ പതിയെ മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയിരിക്കുന്നു, വിണ്ണിലെ താരങ്ങൾ മണ്ണിൽ ചവിട്ടി നിൽക്കാൻ തുടങ്ങിയിരിക്കുന്നു, ഇനിയുമുണ്ട് ഒത്തിരി ദൂരം, യാത്ര തുടരട്ടെ, സിനിമയോടൊപ്പം സിനിമയെ പ്രണയിക്കുന്നവരോടൊപ്പം…