കൊറോണയെ നേരിടുന്ന വിഷയത്തിലും ജെസിന്‍ഡ ആര്‍ഡന്‍ അസാമാന്യ പാടവമാണ് കാണിച്ചത്

129

“I did a little dance”
ന്യൂസിലാൻഡ് കോവിഡ് മുക്തമായി പ്രഖ്യാപിച്ചു. പതിനേഴ് ദിവസമായി പോസിറ്റീവ് കേസുകൾ ഒന്നുമില്ല. എല്ലാ രോഗികളും ആശുപത്രി വിട്ടു.രാജ്യങ്ങൾ തിരിച്ചു വരുന്ന വാർത്തകൾ കേൾക്കുന്നത് സന്തോഷകരമാണ്.. ജെസിന്‍ഡ ആര്‍ഡന്‍ ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു നേതാവാണ്.. വംശവെറിയൻമാരും വർഗ്ഗീയ വാദികളും ലോകത്ത് പലയിടത്തും അധികാരത്തിലെത്തി മനുഷ്യരെ ഭിന്നിച്ച് ഭരിക്കുമ്പോൾ ഒരു ജനതയെ യാതൊരു വകഭേദങ്ങളുമില്ലാതെ നെഞ്ചോട് ചേർത്ത് പിടിച്ചു ഭരിക്കാമെന്ന് കാണിച്ച ഒരു നേതാവാണ്. കൊറോണയെ നേരിടുന്ന വിഷയത്തിലും അവർ അസാമാന്യ പാടവമാണ് കാണിച്ചത്.

”ഞാൻ, എന്റെ കീഴിലുള്ള നിങ്ങൾ” എന്ന്‌ കേൾക്കാനാണോ അതോ ”നമ്മൾ” എന്ന്‌ കേൾക്കാനാണോ നമുക്കിഷ്‌ടം? സദാ കൂടെ പണിയെടുക്കുന്ന ചങ്കായി നിൽക്കുന്ന ഊർജം നിറഞ്ഞ ടീം ലീഡർ ഉണ്ടെങ്കിൽ എന്ത് രസമാണല്ലേ? ആ നറുക്ക്‌ വീണിരിക്കുന്നത്‌ ന്യൂസിലന്റിനാണ്‌. മണിക്കൂറുകൾക്ക്‌ മുൻപ്‌ അവരുടെ പ്രധാനമന്ത്രി ജെസിന്റ ആർഡൻ തന്റെ ലൈവിൽ അവരുടെ രാജ്യത്തെ വിശേഷിപ്പിച്ചത്‌ ‘team of 5 million’ എന്നാണ്‌. പറച്ചിൽ മാത്രമല്ല, ചെയ്‌ത്‌ കാണിച്ചു നാടും നേതാവും. അവിടെ ജനങ്ങൾക്ക്‌ പ്രധാനമന്ത്രിയോട്‌ ലൈവിൽ നേരിട്ട്‌ സംവദിക്കാം. ഹെന്താല്ലേ !!

മുന്നൊരുക്കങ്ങളില്ലാതെ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് ഒരു ജനതയെ തെരുവിൽ അലയാൻ വിട്ടില്ല അവർ.. ഏതെങ്കിലും സമുദായത്തെയോ വംശത്തെയോ കോവിഡ് വാഹകരെന്ന് മുദ്ര കുത്തിയില്ല അവർ.. കോവിഡ് സംഹാര താണ്ഡവമാടിയ വേളകളിൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് തുനിഞ്ഞില്ല അവർ.. ജനങ്ങളോട് ചെണ്ട കൊട്ടി തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തില്ല.. ശാസ്ത്രീയമായ വഴികളിലൂടെ രോഗത്തെ പ്രതിരോധിക്കാൻ ശ്രമിച്ചു.. അതോടൊപ്പം മാനുഷികതയുടെയും സഹജീവിസ്നേഹത്തിന്റെയും വാതായനങ്ങൾ തുറന്ന് തന്നെ വെച്ചു.

അറിയാമോ, നാൽപതിനായിരം പേരെ ടെസ്‌റ്റ്‌ ചെയ്‌ത്‌ നോക്കിയിട്ട്‌ പോലും കഴിഞ്ഞ 17 ദിവസങ്ങളായി ന്യൂസിലന്റിൽ ഒരൊറ്റ കോവിഡ്‌ 19 കേസില്ല. അവസാനരോഗിയും ആശുപത്രി വിട്ടിരിക്കുന്നു. അൻപത്‌ ലക്ഷം പേർ മാത്രം ജീവിക്കുന്ന ആ രാജ്യത്തെ കോവിഡിന്റെ പടയോട്ടം ചുരുങ്ങിയത്‌ നാലായിരം കേസെങ്കിലും പ്രതീക്ഷിച്ചിടത്ത്‌ 1154 കേസും 22 മരണവും മാത്രമായൊതുങ്ങി.
ആദ്യ കേസ്‌ റിപ്പോർട്ട് ചെയ്‌തപ്പോഴേ സമ്പർക്കവിലക്ക്‌ ആവശ്യപ്പെട്ട്‌ തുടങ്ങിയ ന്യൂസിലന്റ്‌ ഭരണകൂടം നൂറ്‌ രോഗികൾ തികഞ്ഞ മാർച്ച്‌ 23ന്‌ സമ്പൂർണ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചു. അവിടത്തെ ജനങ്ങൾക്കായുള്ള ആദ്യ സാമ്പത്തിക പാക്കേജ്‌ അവർ പ്രഖ്യാപിച്ചത്‌ ആദ്യകേസ്‌ റിപ്പോർട്ട് ചെയ്‌ത്‌ വെറും 19 ദിവസത്തിനുള്ളിലാണ്‌.

ഇനിയും രോഗം തിരിച്ചു വന്നേക്കാം എന്നവർ പറഞ്ഞിട്ടുണ്ട്. അപ്പോഴും അതിനെ നേരിടാനും കീഴടക്കാനും അതീവ ജാഗ്രതയോടെ ആരോഗ്യ സംവിധാനങ്ങളെ സുസജ്ജമാക്കി തന്നെ നിർത്തും എന്നും പറഞ്ഞു. അവർക്ക് അതിന് കഴിയട്ടെ എന്നാശംസിക്കുന്നു. രാജ്യം കോവിഡ് മുക്തമായപ്പോൾ എന്ത് തോന്നി എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് .’I did a little dance’ എന്ന് മാത്രമാണ്.. അതിമനോഹരമായ ഒരു മറുപടി. ഒരു ചെറിയ രാജ്യമാണ് കുറഞ്ഞ ജനസംഖ്യയേ ഉള്ളൂ എന്നൊക്കെ വേണമെങ്കിൽ നമുക്ക് പറയാം.. അതൊക്കെ സത്യവുമാണ്.. അവർ കോവിഡിനെ അതിജീവിച്ചു എന്നത് അതിനേക്കാൾ മനോഹരമായ സത്യവുമാണ്.

ഗൂഗിൾ മൂവ്‌മെന്റ്‌ ട്രാക്കിംഗ് പ്രകാരം ജനങ്ങൾ വെറും 9 ശതമാനം മാത്രമാണ്‌ ഈ കാലയളവിൽ പുറത്തിറങ്ങിയതെന്ന്‌ ജസിന്റ പറയുന്നു. പ്രതിപക്ഷവും സാമ്പത്തികവിശാരദൻമാരും അയവുകൾക്കായി ആഞ്ഞ്‌ പരിശ്രമിച്ചപ്പോഴും ആരോഗ്യം കഴിഞ്ഞ്‌ മതി സകലതും എന്ന തീരുമാനത്തിൽ അവർ ഉറച്ച്‌ നിന്നു.പള്ളിയിൽ ഭീകരാക്രമണം നടന്നപ്പോൾ ഹിജാബിട്ട്‌ മരണവീട്ടിൽ പോയി സമാശ്വസിപ്പിച്ചും വൈറ്റ്‌ ഐലന്റ്‌ അഗ്‌നിപർവ്വതം അപ്രതീക്ഷിതമായി പൊട്ടിയപ്പോൾ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകിയും അദ്‌ഭുതപ്പെടുത്തിയ പെണ്ണ്‌ ഇപ്പോൾ വീണ്ടും കോവിഡിനെ തോൽപ്പിച്ച്‌ മുന്നിൽ വന്ന്‌ തലയുയർത്തി നിൽക്കുന്നു.

”Just having a bit of an earth quake here, right?” എന്ന്‌ ലൈവ്‌ ടിവി ക്യാമറക്ക്‌ മുന്നിൽ ചിരിച്ചിരുന്ന്‌ പറഞ്ഞ്‌ ഭൂകമ്പം പോലും ആയിരങ്ങൾക്ക്‌ മുന്നിലിരുന്ന്‌ സധൈര്യം നേരിട്ടവൾ, മുസ്‌ലിം സഹോദരങ്ങൾ അകാരണമായി വധിക്കപ്പെട്ടപ്പോൾ പാർലമെന്റിൽ ‘അസ്സലാമു അലൈക്കും’ എന്ന്‌ പറഞ്ഞ്‌ സംസാരം തുടങ്ങിയവൾ.അവൾ ഭരിക്കുന്നിടം ഔദ്യോഗികമായി കോവിഡ്‌ ഫ്രീ എന്ന്‌ പ്രഖ്യാപിക്കണമെങ്കിൽ അവസാന കേസ്‌ റിപ്പോർട്ട്‌ ചെയ്‌ത്‌ 28 ദിവസം കഴിയണം. അതായത്‌ ജൂൺ 15 ആവണം. നിസ്സംശയം അവർ അതും നേടും. കാരണം, ഭരിക്കുന്നത്‌ ജസിന്റ ആർഡനാണ്‌. തലച്ചോറിൽ മനസ്സലിവ്‌ പൊതിഞ്ഞ പെണ്ണൊരുത്തി. അഭിനന്ദനങ്ങൾ ന്യൂസിലന്റ്‌, നിങ്ങളുടെ ടീം ഇതർഹിക്കുന്നു.,കൂടുതൽ രാജ്യങ്ങൾ കോവിഡ് മുക്തമാകട്ടെ.. ജീവിതം തിരിച്ചു വരട്ടെ