വാര്‍ത്ത എന്നാല്‍ വിവാദം അല്ലെങ്കില്‍ അപവാദം എന്നു വ്യവഹരിക്കാവുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മറ്റെല്ലാ രംഗങ്ങളിലുമുള്ള മൂല്യച്യുതി മീഡിയായെയും ബാധിച്ചു എന്നു വേണമെങ്കില്‍ പറഞ്ഞൊഴിയാം. പക്ഷേ യാഥാര്‍ത്ഥ്യം അതിലും ഭീകരമാണ്. നമ്മുടെ ദേശീയ മീഡിയാകള്‍ വെറും ചവറുകളായി മാറിയിട്ടു കുറച്ചുകാലമായി. എണ്ണപ്പെട്ടവരെന്നും ജനാധിപത്യത്തിന്റെ കാവല്‍ ഭടന്മാരെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന പലരും വെറും അധികാര ദല്ലാള്‍മാരാണെന്നും അവരുടെ സ്കൂപ്പുകള് പലതും പെയ്ഡ് ന്യൂസുകളാണെന്നും നാമറിഞ്ഞു. ചിലരെ ഉയര്‍ത്താനും മറ്റ് ചിലരെ ഇകഴ്ത്താനുമുള്ള ഉപാധി മാത്രമായി മീഡിയാ മാറിക്കഴിഞ്ഞു.
മലയാളത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. മന്ത്രിയും ഭാര്യയും തമ്മിലുള്ള പിണക്കങ്ങളും വിലപേശലുകളും നമ്മുടെ മാധ്യമങ്ങളില്‍ മാത്രമല്ല നിയമസഭയിലും നിറഞ്ഞു നിന്നു. വിവാദങ്ങളിലേ മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യമുള്ളൂ. കഴിഞ്ഞ ദിവസം മന്ത്രിയുടെയും ഭാര്യയുടെയും കുടുംബക്കോടതിയിലെ പൊറോട്ട് നാടകം തല്‍സ്സമയം സംപ്രേക്ഷണം ചെയ്യാന്‍ മല്‍സരിക്കുന്ന മാധ്യമ പുംഗവന്മാരുടെ മുന്നിലേക്ക് തൊഴുകൈകളോടെ ഒരച്ഛനും മകളും ചെന്നു. പത്തു വര്‍ഷമായി കുടുംബക്കോടതി കയറി ഇറങ്ങുകയാണ്. തങ്ങളുടെ ഗതികേട് ഒന്നു വാര്‍ത്തയാക്കണം. മന്ത്രി പിടിച്ച് തള്ളിയപ്പോള്‍ അവരുടെ പാവാടച്ചരട് പൊട്ടിയോ എന്നു തപ്പി നടക്കുന്ന ഒരു മാധ്യമ കേസരിയും ആ അച്ഛന്റെയും മകളുടെയും ദീനരോദനം കേട്ടില്ല .അതിനു ന്യൂസ് വാല്യു ഇല്ല.
ഇത്രയും ആമുഖമായി പറഞ്ഞത് തമസ്കരിക്കപ്പെട്ട മറ്റൊരു വാര്‍ത്തയെക്കുറിച്ച് പറയാനാണ്. സാസനിലെ അള്‍ട്രാ മെഗാ പവര്‍ പ്ലാന്റിന്റെ ഒന്നാ ഘട്ടം പൂര്‍ത്തിയായി. നാഷണല്‍ പവര്‍ ഗ്രിഡിലേക്ക് ഒഴുകുന്ന വൈദ്യുതി ഏഴു സംസ്ഥാനങ്ങളിലെ പതിനാല് ഡിസ്ട്രിബൂഷന്‍ കമ്പനികള്‍ക്ക് ലഭിച്ചു തുടങ്ങി. വില യൂണിറ്റിന് ഒരു രൂപാ പത്തൊന്‍പത് പൈസ. പവര്‍ കട്ടുകൊണ്ട് നട്ടം തിരിയുന്ന രാജ്യത്തു ഇത് വാര്‍ത്തയായില്ലെങ്കില്‍ പിന്നെ എന്താണ് വാര്‍ത്ത?. അള്‍ട്രാ മെഗാ പവര്‍ പ്ലാന്റുകളില്‍ രാജ്യത്തു ആദ്യം കമ്മീഷന് ചെയ്തത് ടാറ്റായുടെ മുണ്ഡ്ര പ്ലാന്റാണ്. ഇത് പക്ഷേ ഇറക്കുമതി ചെയ്ത കല്‍ക്കരികൊണ്ട് പ്രവര്‍ത്തിക്കുന്നതാണ്. കല്‍ക്കരിയുടെ അന്തരാഷ്ട്ര വില വാണം പോലെ കയറിയപ്പോള്‍ മുണ്ഡ്ര പവര്‍പ്ലാന്റിന്റെ വാര്‍ഷിക നഷ്ടം 1873 കോടിയായി. ടാറ്റയാണെങ്കിലും ഭീമമായ നഷ്ടം സഹിച്ചു എത്രകാലം മുന്നോട്ട് പോകാന്‍ കഴിയും? ഇവിടെയാണ് സാസന്‍ പ്രോജക്ടിന്റെ പ്രസക്തി. പവര്‍ പ്ലാന്റുകള്‍ക്ക് സര്‍ക്കാര്‍ അലോട്ട് ചെയ്ത ഖനിയില്‍ നിന്നുള്ള കല്‍ക്കരി ഉപയോഗിച്ചാണ് അനില്‍ അംബാനിയുടെ നിലയം പ്രവര്‍ത്തിക്കുന്നത്. മോഹറിലെയും മോഹര്‍ അംലോറിയിലെയും ഖനികളില്‍ ഉല്‍പ്പാദനം തുടങ്ങി. 7000 ടണ്ണാണ് ഇപ്പോഴത്തെ ഉല്‍പ്പാദനം. പക്ഷേ പ്ലാന്റിന്റെ എല്ലാ യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമാകുന്നതോടെ പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ കല്‍ക്കരി വേണം. 23000 കോടി മുടക്കി തുടങ്ങുന്ന പദ്ധതിക്കു ഉപകരണത്തിനും പ്ലാന്റിനും ഉള്ള 10000 കോടിയുടെ ലോണ്‍ വിദേശ ബാങ്കുകളാണ് കൊടുക്കുന്നതു.
ഇത് അംബാനിയുടെ മിടുക്കിനെ പ്രകീര്‍ത്തിക്കാനുള്ള രചന അല്ല. പക്ഷേ അടിസ്ഥാനപരമായ ചില പ്രശ്നങ്ങള്‍ ഉണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കല്‍ക്കരി ഡെപോസിറ്റ് ഉള്ള ഒരു രാജ്യമാണ് നമ്മുടേത്. 267 ബില്യണ്‍ ടണ്ണിന്റെ റിസര്‍വ് ആണ് നമുക്കുള്ളത്. ഒറീസ, ഛത്തീസ്ഘട്, ജാര്‍ഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കല്ക്കരിയുള്ളത്. എഴുപതുകളില്‍ ഇന്ദിരാഗാന്ധി ഖനികള്‍ (രണ്ടെണ്ണം ഒഴികെ) ദേശസാല്‍ക്കരിച്ചതിന് ശേഷം കോള്‍ ഇന്ത്യ ലിമിറ്റഡ് എന്ന സര്‍ക്കാര്‍ കമ്പനിക്കാണ് ഖനനത്തിന്റെ ചുമതല. രോഗാവസ്ഥയിലായ സി.ഐ.എല്ലിന് ആവശ്യത്തിന് കല്‍ക്കരി ഉല്പാദിപ്പിക്കാനും കഴിയുന്നില്ല. പവര്‍പ്ലാന്റുകള്‍ക്ക് കൊടുക്കാമെന്നു വാഗ്ദാനം ചെയ്തതിന്റെ 65% മാത്രമേ അവര്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. മറ്റൊരു 15% ഇറക്കുമതി ചെയ്യുകയാണ്. അതിനാണെങ്കില്‍ ചുട്ടുപൊള്ളുന്ന വിലയുമാണ്.ബാക്കി 20%ത്തിന്റെ കാര്യത്തില്‍ മിണ്ടാട്ടമില്ല. 2020ഓടെ നമുക്ക് വേണ്ടത് പ്രതിവര്‍ഷം 15 ബില്യണ്‍ ടണ്ണാണ്. ഈ വര്‍ഷത്തെ ഉല്‍പ്പാദനം വെറും 435 മില്ല്യണ്‍ ടണ്‍ മാത്രം. കല്‍ക്കരിയുടെ ഭീമന് ഡെപോസിറ്റ് കയ്യില്‍ വെച്ചുകൊണ്ടു നാം പിച്ചതെണ്ടുകയാണ്. ഇന്ത്യന്‍ കമ്പനികള്‍ ഇന്തോനേഷ്യയിലും, ആസ്ത്രേലിയായിലും ദക്ഷിണാഭ്രിക്കയിലും ഖനികള്‍ സ്വന്തമാക്കുന്നു. അവിടെ ആയിരക്കണക്കിന് കോടി രൂപ മുതല്‍ മുടക്കി ഖനികളും റെയില്‍വേ, പോര്‍ട്ട് സംവിധാനങ്ങളും ഒരുക്കുന്നു. ഇതൊക്കെ ഈ നാട്ടില്‍ തന്നെ ചെലവാക്കേണ്ട പൈസയാണ്. പകരം മറ്റു നാടുകളില്‍ മുതല്‍ മുടക്കി അവര്‍ക്ക് കപ്പവും കൊടുക്കുന്നു.
അള്‍ട്രാ മെഗാ പവര്പ്ലാന്റുകള്ക്കും സ്റ്റേറ്റുകള്‍ക്കും കല്‍ക്കരി ഖനികള്‍ അലോട്ട് ചെയ്ത സര്‍ക്കാരിന്റെ നടപടി സി.എ.ജിയുടെ നിശിത വിമര്‍ശനത്തിന് ഇടയാക്കി. ഖനികള്‍ ലേലം വിളിച്ച് കൊടുക്കാത്തത് കൊണ്ട് ഒരു ലക്ഷത്തി അറുപതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നായിരുന്നു വിനോദ് റായിയുടെ കണ്ടെത്തല്‍. ആകെ മുറവിളിയായി. ഖനനത്തില്‍ കാര്യമായി മുന്നോട്ട് പോകാതിരുന്ന ലൈസന്‍സുകള്‍ ഗവണ് മെന്റിന് റദ്ദ് ചെയ്യേണ്ടി വന്നു. (പരിസ്ഥിതി അനുവാദവും ഭൂമി ഏറ്റെടുക്കല്‍ വിഷയങ്ങളും കാരണമാണ് ഭൂരിപക്ഷം പ്രവര്‍ത്തികളും തടസ്സപ്പെട്ടത് എന്നത് വേറൊരു സത്യം). സി.എ.ജി യെ സംബന്ധിച്ചിടത്തോളം കൂടുതല്‍ വിലയ്ക്ക് സമ്പത്തുകള്‍ കൊടുക്കുന്നതാണ് ശരി. വൈദ്യുതിയുടെ വില ഉയരുമ്പോള്‍ വേറൊരു ഓഡിറ്റ് റിപ്പോര്‍ട്ട് കൊടുത്താല്‍ അയാളുടെ ഉത്തരവാദിത്വം തീര്‍ന്നു.
ആധുനിക രീതിയില്‍ ഖനനം നടത്താന്‍ പുതിയ യന്ത്രസംവിധാനങ്ങളും വമ്പിച്ച മുതല്‍ മുടക്കും വേണം. സര്‍ക്കാരിനെക്കൊണ്ടു കഴിയുന്ന കാര്യവുമല്ല അത്. ഇവിടെയാണ് സ്വകാര്യ സംരംഭകരുടെ പ്രസക്തി. അതുപോലെ കല്‍ക്കരി ഖനികള്‍ പോലെയുള്ളവയുടെ വിതരണത്തില്‍ സര്‍ക്കാരിന് കിട്ടുന്ന തുകമാത്രമല്ല കല്‍ക്കരികൊണ്ട് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഉപഭോക്താവു കൊടുക്കേണ്ട വിലയും പരിഗണിക്കണം.
ഒരുകാര്യം കൂടി പറഞ്ഞു ഈ ലേഖനം അവസാനിപ്പിക്കാം. പവര്‍ പ്ലാന്റുകള്‍ക്ക് കൊടുത്തതുപോലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ഖനികള്‍ അലോട്ട് ചെയ്തു. കേരളത്തിനും കിട്ടി ഒരെണ്ണം. ഒറീസ്സയും രാജസ്ഥാനും അടക്കം പല സംസ്ഥാനങ്ങളും തങ്ങള്‍ക്ക് കിട്ടിയ ഖനികള്‍ പ്രവര്‍ത്തന സജ്ജമാക്കാനും വൈദ്യുതി ഉല്‍പ്പാദനത്തിനും സ്വകാര്യ സംരംഭകരുടെ സഹായം തേടി. അവരുടെ ഖനികള്‍ പ്രവര്‍ത്തന സജ്ജമായി. സ്വകാര്യ സംരംഭകര്‍ നമുക്ക് അലര്‍ജിയാണല്ലോ. ഒറീസ്സയുമായി കൂട്ടുചെര്‍ന്നു പവര്‍പ്ലാന്റ് തുടങ്ങാനുള്ള സാധ്യത ആരാഞ്ഞുകൊണ്ടുള്ള ഒരു കത്തില്‍ നമ്മുടെ പ്രവര്‍ത്തനം ഒതുങ്ങി. പിന്നീട് വന്ന ചാണ്ടിയും ഒന്നും ചെയ്തില്ല. അവസാനം ഒരു നടപടിയും എടുക്കാത്ത ഖനികളുടെ ലൈസന്‍സ് റദ്ദ് ചെയ്തപ്പോള്‍ എല്ലാവര്ക്കും ആശ്വാസമായി. സ്വകാര്യ കുത്തകകളെ പ്രോല്‍സാഹിപ്പിക്കേണ്ടി വന്നില്ലല്ലോ.