ഇറ്റലിയിൽ വന്നിറങ്ങിയ ക്യൂബയിൽ നിന്നുള്ള ഡോക്ടർ സേന പരാജയപ്പെടില്ല

291
NI JO
കമ്മ്യൂണിസ്റ്റ് ക്യൂബ
ഒൻപത് വർഷം മുൻപാണ് , അതായത് എന്റെ പ്രവാസത്തിന്റെ രണ്ടാം വർഷത്തിൽ ഞാൻ ഖത്തറിലെ ഹമ്മദ് ആശുപത്രിയിൽ ഒരു അസുഖവുമായി അഡ്മിറ്റ് ആയി. പരിശോധനകൾക്ക് ശേഷം സർജറി വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. ആദ്യം ഒരു ഈജിപ്ത്യൻ ഡോക്ടറും പിന്നീട് ഒരു സിറിയൻ ഡോക്ടറുമായി കൺസൾട്ടേഷൻ കഴിഞ്ഞ് സർജറിക്ക് വേണ്ടി അപ്പോയ്മെന്റ് എടുത്തിരിക്കുമ്പോഴാണ് പല ദിക്കുകളിൽ നിന്ന് ഉപദേശങ്ങൾ, നാട്ടിലേക്ക് പോയി കൂടെ ? ഇവിടെ ഒറ്റക്ക് നിന്ന് റിസ്ക് എടുക്കണോ ? അങ്ങനെ അങ്ങനെ.. പോരാത്തതിന് വീട്ടിൽ നിന്നും വിളി തുടങ്ങി. നീ ഇങ്ങ് പോരെ. ഇവിടെ വന്ന് കാണിച്ചിട്ട് ചെയ്യാം എന്നൊക്കെ പറഞ്ഞ്. അതോടെ ഉള്ള ധൈര്യം പോയി കിട്ടി.
എന്നാൽ പിന്നെ നാട്ടിൽ പോയിട്ടാവാമെന്ന് കരുതി കമ്പനിയിൽ പേപ്പേഴ്സ് സബ്മിറ്റ് ചെയ്തു. അപ്പോഴാണ് സർജറി ചെയ്യാൻ പോകുന്ന ഡോക്ടറുമായി അപ്പോയ്മെന്റ് കോൾ വന്നത്. ആദ്യം പോകേണ്ട എന്ന് വിചാരിച്ചിരുന്നതാണ്. പിന്നീട് കമ്പനി പി ആർ ഒ, ഒന്ന് പോയ് പോരൂ എന്ന നിർബന്ധത്തിൽ ആണ് പോയത്.
ഫോൺമേസേജിൽ വന്ന അപ്പോയ്മെന്റ് ഡീറ്റെയിൽസ് കണ്ടപ്പോൾ ആദ്യം നോക്കിയ രണ്ട് ഡോക്ടർമാരുമല്ല സർജറി ചെയ്യുന്നതെന്ന് മനസ്സിലായി.
ഡോ.സെബാസ്റ്റിനോ… എന്റെ പേര് കണ്ടിട്ടോ രൂപം കണ്ടിട്ടോ എന്നറിയില്ല റൂമിലേയ്ക്ക് കയറിയപ്പോൾ തന്നെ വളരെ പ്രസന്നമായ മുഖത്തോടെ അയാൾ ചോദിച്ചു.
“ആർ യു ഫ്രം കേരള?”
“യെസ്”
“സാർ യു ആർ ഫ്രം?”
ക്യൂബ
യു നോ ക്യൂബ ?
യെസ് സാർ. ഫിദൽ കാസ്ട്രോ , ചെ ഗുവേരാ…
ഇത് കേട്ടതും അയാൾ സന്തോഷത്തോടെ ഉറക്കെ ചിരിച്ച് കൊണ്ട് എനിക്കൊരു നീണ്ട ഷേക്ക് ഹാൻഡ് തന്നു.
പിന്നീട് ഫുൾ അന്സ്ത്തീഷ്യയെ കുറിച്ചും സർജറി പ്രൊസീജിയേഴ്സിനെ പറ്റിയും റെസ്റ്റിനെ പറ്റിയുമൊക്കെ വിശദമായി പറഞ്ഞു തന്നു. എല്ലാം കഴിഞ്ഞ് എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കികൊണ്ട് അയാൾ ചോദിച്ചു.
“ആർ യു എഫ്രൈഡ് ?”
“എ ലിറ്റിൽ ബിറ്റ് സർ”
“യു നോ ഫിദൽ ആൻഡ് ഷെ(ചെ) ആൻഡ് സ്റ്റിൽ യു എഫ്രൈഡ് ?, ഡോണ്ട് വെറി, യു വിൽ ബി ഓൾറയ്റ്റ്.”
സർജറി ഭംഗിയായി കഴിഞ്ഞതിന് ശേഷം രണ്ട് തവണ കൂടി ഡോ.സെബാസ്റ്റിനോയെ കണ്ടിരുന്നു. പിന്നീട് ക്യൂബൻ ആശുപത്രി ഖത്തറിൽ തുടങ്ങിയപ്പോൾ പുള്ളി അവിടത്തെ ചുമതലകളിലേക്ക് മാറി.
(ഖത്തർ ആരോഗ്യ മേഖല വിദഗ്ദോപദേശങ്ങൾക്ക് ഈ ക്യൂബൻ ആശുപത്രിയെ ആണ് ഇന്ന് ആശ്രയിക്കുന്നത്)ഡോക്ടറുടെ ആ വാക്കുകൾ അന്നെനിക്ക് തന്ന ധൈര്യം ചില്ലറയല്ല. അങ്ങനെയെങ്കിൽ ആ രാജ്യത്തെ ജനങ്ങൾക്ക് ഫിദൽ , ചെ എന്ന പേരുകൾ നൽകുന്ന പോരാട്ടവീര്യം എത്ര മാത്രമായിരിക്കും. സമീപ ചരിത്രത്തിൽ ആഫ്രിക്കയിലും ഹെയ്ത്തിയിലും നമ്മൾ അത് കണ്ടതാണ്. ഇന്ന് രാവിലെ അത് വീണ്ടും കണ്ടു. അറിയാതെ കണ്ണു നിറഞ്ഞു. ഇറ്റലിയിൽ വന്നിറങ്ങിയ ആ ഡോക്ടർ സേനയെ കണ്ടപ്പോൾ…!
Hasta la Victoria Siempre !!
(മരണം വരെയും പോരാടും)