ഏത് ഇരുമ്പഴിയെ ഭേദിച്ചും സത്യം ഒരിക്കൽ ലോകമറിയും !

505

നിയാസ് അബ്ദുള്ള എഴുതുന്നു  Niaz Abdullah

റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ മ്യാന്‍മറിലെ റിപ്പോര്‍ട്ടര്‍മാരായ വാ ലോണും ക്യോ സോയി യൂവും വാര്‍ത്താ ശേഖരണത്തിനിടയിലാണ് ആ ഭീകര ദൃശ്യം കണ്ടത്. കുറേ മൃതശരീരങ്ങള്‍ കൂട്ടിയിട്ട ഒരു കുഴി. അതിനിടയില്‍നിന്ന് അസ്ഥികള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് ഇരുവരും നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. രോഹിംഗ്യന്‍ മുസ്‌ലിംകളുടേതായിരുന്നു ആ മൃതശരീരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ഗ്രാമവാസികള്‍ മൂന്ന് ചിത്രങ്ങള്‍ അവരെ കാണിച്ചു. രോഹിംഗ്യന്‍ വംശജരായ പത്ത് പുരുഷന്മാര്‍ കൈകള്‍ പുറകിലേക്ക് കൂട്ടിക്കെട്ടി മുട്ടുകുത്തി ഇരിക്കുന്നതായിരുന്നു ആദ്യ രണ്ട് ചിത്രങ്ങള്‍. വെടിയേറ്റ് വികൃതമായ നിലയിലുള്ള അവരുടെ ചിത്രങ്ങളായിരുന്നു മൂന്നാമത്തേത്.

Niaz Abdullah
Niaz Abdullah

അതൊരു വാര്‍ത്തയായിരുന്നു. സമാധാനം പ്രസംഗിച്ച് സ്വീഡിഷ് അക്കാദമിയെ വരെ കയ്യിലെടുത്ത് നൊബെയില്‍ സമ്മാനം കരസ്ഥമാക്കിയ ഓങ് സാന്‍ സൂചിയുടെ പട്ടാളം നടത്തിയ കൊടും ക്രൂരതയുടെ നേര്‍ചിത്രം. എന്നാല്‍ ജനാധിപത്യ മുഖംമൂടിയണിഞ്ഞ മ്യാന്‍മാറിലെ പട്ടാള ജണ്ട വാര്‍ത്ത എഴുതി പൂര്‍ത്തിയാക്കാന്‍ അവരെ അനുവദിച്ചില്ല. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തി 2017 ഡിസംബറില്‍ ഇരുവരെയും തടങ്കലിലാക്കി. ആ കൊടും ക്രൂരത പുറത്തറിയരുതെന്നായിരുന്നു ബുദ്ധമത വിശ്വാസികളായ ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ പാതി വഴിയിൽ നിലച്ച ആ ദൗത്യം വാ ലോണിന്റെയും ക്യോ സോയിയുടെയും സഹപ്രവര്‍ത്തകരായ സൈമണ്‍ ലൂയിസും ആന്റണി സ്ലോദോവ്‌സ്‌കിയും ഏറ്റെടുത്തതോടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് വെളിച്ചം കണ്ടു.

മ്യാന്‍മാര്‍ കോടതി വിധിച്ച ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് വാ ലോണും ക്യോ സോയി യൂവും. ഇന്നലെ പുരസ്‌കാര വിവരം അറിയുമ്പോള്‍ ജയിലില്‍ അവര്‍ 490 ദിവസം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

അമേരിക്കന്‍ ജേര്‍ണലിസത്തിലെ എന്നല്ല, അന്താരാഷ്ട്ര പത്രപ്രവര്‍ത്തന മേഖലയിലെ തന്നെ ഏറ്റവും വലിയ ബഹുമതിയാണ് പുലിറ്റ്‌സര്‍ സമ്മാനം. പത്രപ്രവര്‍ത്തനത്തിനു പുറമെ, ഫോട്ടോഗ്രഫി, സാഹിത്യം, കവിത, നാടകം, ചരിത്രം തുടങ്ങി വിവിധ മേഖലകളില്‍ 1917 മുതല്‍ നല്‍കിവരുന്നുണ്ട് അമേരിക്കന്‍ പ്രസാധകനായ ജോസഫ് ജോണ്‍ പുലിറ്റ്‌സറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം.

Image may contain: 13 people, people smiling, people standingഭരണകൂട ഭീകരതയുടെ ഞെട്ടിക്കുന്ന വിവരം ലോകത്തെ അറിയിക്കാനുള്ള യത്നത്തിനിടെ ഇരുമ്പഴികൾക്കുള്ളിൽ ജീവിതം സമർപ്പിച്ച രണ്ട് ധീര പത്ര പ്രവർത്തകരാണ്
ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ ജേര്‍ണലിസം പുരസ്‌കാരത്തിന് അര്‍ഹരായത് എന്നത് അഭിമാനകരമാണ്. അവരോടൊപ്പം ഓർക്കേണ്ട, കാരാഗൃഹത്തിൽ കഴിയുന്ന നിരവധി പത്ര പ്രവർത്തകർ വേറെയുമുണ്ട്. അവരിലൊരാളാണ് അൽ ജസീറ ലേഖകൻ മഹ് മൂദ് ഹുസൈൻ. ഈജിപ്തിലെ പട്ടാള ഏകാധിപതി അൽ സീസിയുടെ കിരാത ഭരണത്തിൽ രണ്ടര വർഷത്തിലേറെയായി ഹുസൈൻ തടവിലാണ്. അൽ ജസീറയുടെ മറ്റു മൂന്നു പത്ര പ്രവർത്തകർ അവിടെ ഭീകര ലിസ്റ്റിലാണ്. പത്ര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 180 രാജ്യങ്ങളിൽ 161-മത്തെ സ്ഥാനത്താണ് ഈജിപ്ത്.

പി. കെ. നിയാസ്