ലോകത്തിലെ വൻകിട സാമ്പത്തിക ശക്തിയായ ഇംഗ്ലണ്ടിൽ പോലും ഇതാണ് ഒരു സാധാരണ തൊഴിലാളിയുടെ അവസ്ഥ

0
126

നിഭാഷ് ശ്രീധരൻ

ഇന്ന് ലോക തൊഴിലാളി ദിനമാണ്. 44 കാരനായ ബാംഗ്ളൂർ സ്വദേശി രാജേഷ് വർഷങ്ങളായി യു.കെ യിൽ ആണ് താമസം. ലണ്ടനിൽ ഊബർ ഡ്രൈവറായ രാജേഷ് ജനുവരി 15 നാണ് ബാംഗ്ലൂരിലെ വാടകവീട്ടിൽ കഴിയുന്ന ഭാര്യയെയും രണ്ട് മക്കളേയും സന്ദർശിച്ചു മടങ്ങിയത്. വലിയ വാടകയും ചിരകാല അഭിലാഷമായ സ്വന്തമായ ഒരു വീട് എന്ന സ്വപ്നവും രാജേഷിനെ ഒരു തുണ്ട് ഭൂമി വാങ്ങിക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചു. യുകെ കാരനല്ലേ, ബാങ്ക് ലോണും അനുവദിച്ചു കിട്ടി. ചെറിയ ബാധ്യതകളെ മറികടക്കാൻ വലിയ സ്വപ്നങ്ങളുടെ ചിറകിലേറി അയാൾ തിരിച്ചു യുകെയിലേക്ക് പറന്നു.

2014 ൽ വിവാഹിതരായ രാജേഷിനും ഭാര്യ മേരിക്കും ആറും നാലും വയസ്സുള്ള രണ്ടാണ്മക്കളാണ്. ഇന്ന് വരെ ലണ്ടൻ കണ്ടിട്ടില്ലാത്ത മേരിക്ക് ആ മഹാനഗരത്തിന്റെ വശ്യതയും വൃത്തിയുമൊക്കെ രാജേഷ് വിവരിച്ചു കൊടുക്കുമായിരുന്നു. ഡ്രൈവർ ജോലി രാജേഷിന് വളരെ ഇഷ്ടമാണ്. അസംഘടിത മേഖലയിലെ താത്കാലിക തൊഴിലാളികൾ ആസന്നമായ മഹാമാരിക്ക് എത്രമാത്രം വൾനറബിൾ ആണെന്ന് അയാൾക്കെന്നല്ല മറ്റ് പലർക്കും ഒരു ഊഹവും ഇല്ലായിരുന്നു.രാജേഷ് ലണ്ടനിൽ തിരിച്ചെത്തി രണ്ടാഴ്ചക്കുള്ളിൽ അവിടെ ആദ്യത്തെ കൊറോണ റിപ്പോർട് ചെയ്യപ്പെട്ടു. പൂർണ്ണാരോഗ്യവാനായ രാജേഷ് പക്ഷെ, രാത്രി ഏറെ വൈകിയുമുള്ള തന്റെ ജോലി പതിവ് പോലെ തുടർന്നു. കടകളും ഹോട്ടലുകളും തുറന്നു പ്രവർത്തിക്കുന്നു, ഊബർ ഡ്രൈവർമാർ അടക്കം എല്ലാവർക്കും ആ ദിവസങ്ങളിൽ ജീവിതം സാധാരണമായിരുന്നു.

മാർച്ച് ആയപ്പോഴേക്കും യുകെയിൽ സമൂഹ വ്യാപനം പടരാൻ തുടങ്ങി. ബോറിസ് ജോൺസന്റെ ഹേർഡ് ഇമ്മ്യൂണിറ്റി പരീക്ഷണം ഒരു വശത്ത്, മറുവശത്തു രോഗികളുടെ എണ്ണം കൂടുന്നു, മരണം കയറുന്നു. രോഗലക്ഷണം ഉള്ളവർ സെൽഫ് ഐസൊലേറ്റ് ചെയ്യാനുള്ള നിർദേശം വരുന്നു.ഒടുവിൽ മാർച്ച് 23 ന് രാജ്യം ഭാഗികമായി ലോക് ഡൌൺ ചെയ്യപ്പെട്ടെങ്കിലും മറ്റ് പല എസെൻഷ്യൽ ജോലിക്കാരെ പോലെ ഊബർ ഡ്രൈവർമാരും ജോലി തുടർന്നു. രണ്ടു ദിവസങ്ങൾക്കുള്ളിൽ രാജേഷിനു ചെറിയ രോഗ ലക്ഷണങ്ങൾ പ്രകടമാവുകയും അധികം വൈകാതെ ഡിഹൈഡ്രേഷൻ മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ചെയ്തു. കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്യപ്പെട്ട രാജേഷിനോട് വീട്ടിൽ പോയി റെസ്റ്റെടുക്കാനും രോഗം മൂർച്ഛിക്കുകയാണെങ്കിൽ തിരിച്ചു വരാനും ആണ് അവർ ആവശ്യപ്പെട്ടത്. വേറെ വഴിയില്ലാതെ അയാൾ അതനുസരിച്ചു.

എന്തോ ആവശ്യത്തിന് പുറത്തു പോയി തിരിച്ചെത്തിയ രാജേഷ് തന്റെ വാടക വീട്ടുടമ വാതിലിന്റെ ലോക് മാറ്റി അയാളെ പുറത്താക്കിയത് തിരിച്ചറിഞ്ഞു. പല തവണ ശ്രമിച്ചെങ്കിലും വീട്ടുടമ വാതിൽ തുറക്കാനോ സംസാരിക്കാനോ തയ്യാറായില്ല. മറ്റെവിടെയും പോവാനില്ലാതെ രോഗാവശനായ അയാൾ ഭക്ഷണം പോലുമില്ലാതെ തന്റെ കാറിനുള്ളിൽ ദിവസങ്ങളോളം കിടന്നുറങ്ങി.
കടം വാങ്ങിയ നാലായിരം പൗണ്ട് മുൻ‌കൂർ അടച്ചത് കൊണ്ട് മാത്രം അയാൾക്ക് കയറിക്കിടക്കാൻ ഒടുവിൽ ഒരു മുറി കിട്ടി. സഹതാമസക്കാരുടെ സുരക്ഷയോർത്തു ഭക്ഷണം കഴിക്കാൻ പോലും മുറിക്കു പുറത്തിറങ്ങാത്ത അയാൾക്ക് ആകെ ഉണ്ടായിരുന്ന ഒരു ആശ്വാസം നാട്ടിലെ ഭാര്യയെ ഫോൺ ചെയ്യുന്നത് മാത്രമായിരുന്നു. ആശങ്കയോടെ സംസാരിക്കുന്ന ഭാര്യയോട് തനിക്കൊന്നും സംഭവിക്കില്ല എന്നാശ്വസിപ്പിച്ചിരുന്ന രാജേഷ് പക്ഷെ കരയുന്നത് അവരെയും തളർത്തി. അയാൾ ശ്വസോച്ഛാസത്തിന് ബുദ്ധിമുട്ടുന്നതും മേരി നിറകണ്ണുകളോടെ ഓർക്കുന്നു.

ഒടുവിൽ, ആംബുലൻസ് വിളിച്ചു ചുറ്റുമുള്ളവരെ ഭീതിപെടുത്താൻ നിൽക്കാതെ സ്വന്തമായി കാറോടിച്ചു അയാൾ ആശുപത്രിയിൽ എത്തി. അപ്പോഴേക്കും ന്യുമോണിയ മൂർച്ഛിച്ചിരുന്നു. വിഡിയോ കോളിൽ ക്ഷീണിച്ച അവസ്ഥയിൽ അച്ഛനെ കണ്ട കുട്ടികൾ കരയാൻ തുടങ്ങിയപ്പോൾ അയാൾ ഫോൺ കട്ട് ചെയ്തു. ഏപ്രിൽ 11 ന് മേരിക്ക് ഹോസ്പിറ്റലിൽ നിന്നും വിഡിയോ കോൽ വന്നു. അത് പക്ഷെ രാജേഷ് ആയിരുന്നില്ല. അബോധാവസ്ഥയിൽ കിടക്കുന്ന അയാളെ മേരിയ്ക്കും കുട്ടികൾക്കും അവസാനമായി ഒന്ന് കാണാൻ വേണ്ടി ഹോസ്പിറ്റൽ സ്റ്റാഫ് വിളിച്ചതായിരുന്നു. അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ രാജേഷ് തന്റെ യാത്ര എന്നെന്നേക്കുമായും അവസാനിപ്പിച്ചു മരണത്തിന് കീഴടങ്ങി.

കൊറോണക്ക് മുന്നിൽ എല്ലാവരും സമന്മാരാണെന്നു നമ്മൾ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും ആ സമത്വത്തിലും ചില അസമത്വങ്ങൾ ഉണ്ടെന്ന് മറക്കരുത്. ഇന്ത്യയിലെ ചേരി നിവാസികളും ദേശാടന തൊഴിലാളികളും ഒന്നും സമന്മാരല്ല. രാജേഷിനെ പോലെ വിദേശത്തുള്ള താൽക്കാലിക ജോലിക്കാർ തങ്ങളുടെ ഏക വരുമാനം നിലച്ചു പോവാതിരിക്കാൻ റിസ്ക് ആണെന്നറിഞ്ഞ് കൊണ്ട് തന്നെ ജോലിക്കു പോവേണ്ടി വരുന്നവർ ആണ്, എസ്സെൻഷ്യൽ സേവനമേഖല കൂടിയാണെങ്കിൽ പ്രത്യേകിച്ച്. ഇവരൊന്നും സമന്മാരല്ല. ലോകത്തിലെ വൻകിട സാമ്പത്തിക ശക്തിയായ ഇംഗ്ലണ്ടിൽ പോലും ഇതാണ് ഒരു സാധാരണ തൊഴിലാളിയുടെ അവസ്ഥ.

തൊഴിലാളിയുടെ ക്ഷേമം തൊഴിലുടമയുടെ ഉത്തവാദിത്തത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുന്ന, കേൾക്കുമ്പോൾ എന്തോ വലിയ ഉദാരമായതെന്ന് തോന്നിപ്പിക്കുന്ന പുത്തൻ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിൽ, പാർട് ടൈം ക്യാഷ്വൽ ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളികളുടെ അവസ്ഥ ലോകത്തെവിടെയും ഇതൊക്കെ തന്നെ. ഈ വ്യവസ്ഥ മാറണം, മാറ്റണം.
സർവ്വരാജ്യ തൊഴിലാളികളേ നിങ്ങൾ ഇനിയുമിനിയും സംഘടിച്ചു ശക്തരാകേണം.ഇന്ന് നമ്മൾ ലോക തൊഴിലാളികളുടെ ദിനമാണ്!