കാഴ്ചയുടെ ഉന്മാദ പെരുക്കം
Nidhin Nath
മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ ഒന്ന് കൂടി റീഡിസൈൻ ചെയ്യുന്നുണ്ട് തല്ലുമാല. സംഭാഷ കേന്ദ്രീകൃതമായി ചുരുങ്ങി പോകുന്ന നമ്മുടെ മാസ് ശ്രേണി സിനിമയെ കാഴ്ചയുടെയും ശബ്ദത്തിന്റേതുമാണെന്ന് ഓർമപ്പെടുത്തുന്നുണ്ട് ഖാലിദ് റഹ്മാൻ. ടിക്ക് ടോക്കിന്റെയും റീൽസിന്റെയും കാലത്തെ കഥാപാത്ര ജീവിതത്തിൽ ഊന്നുമ്പോഴും കഥാപരിസരത്തിന്റെ സാമൂഹിക ജീവിതം കൂടി ചേർത്ത്പിടിക്കുന്നുണ്ട് പടം. പശ്ചാത്തലത്തിന്റെയും കഥാപാത്ര വിന്യാസത്തിന്റെയും മികവിൽ കാലത്തിന്റെയും സംസ്കാരത്തിന്റെയും കൂടിയായി സിനിമ മാറുന്നുണ്ട്.
മലയാള സിനിമയുടെ താര സംസ്കാരത്തിന് പ്രതിസംസ്കാരം സൃഷ്ടിക്കുകയെന്നത് മാത്രമാണ് അത്തരം സിനിമകൾ ഉൽപ്പാദിപ്പിക്കുന്ന സ്ത്രീ വിരുദ്ധത, മനുഷ്യ വിരുദ്ധ ആഘോഷങ്ങളെ ഇല്ലാതാക്കുന്ന പോം വഴി. വരിക്കശ്ശേരി മനയും തമ്പ്രാൻ കൾച്ചറും മലബാറിന്റെയും പൊന്നാന്നിയുടെയും കാഴ്ച ശീലം കൊണ്ട് മറികടക്കാൻ കഴിയുമെന്ന് തല്ലുമാല വിളിച്ച് പറയുന്നുണ്ട്. മനയും ആഢത്വവും വിട്ട് സിനിമ പുതിയ ഇടം നേടിയത് കൊച്ചിയിലായിരുന്നു. ആ മാറ്റത്തിന്റെ അടുത്ത പടിയാണ് അതിനപ്പുറമുള്ള ഓരോ ഭൂമികയുടെയും പ്രാദേശികതയിലേക്ക് സിനിമ ഇറങ്ങി ചെല്ലുന്നത്. പടം ഇന്റർനാഷ്ണലാവുകയെന്നാൽ ബജറ്റിനും താര നിരയ്ക്കും അപ്പുറം ഉള്ളടക്കത്തിന്റെയും അതിന്റെ പ്രൊഡക്ട് ഡിസൈനിലുമാണെന്ന് കോവിഡ് കാലത്തെ മലയാള സിനിമ തെളിയിച്ചിരുന്നു. അതിന്റെ ഒരു വിപുലീകരണം വലിയ ക്യാൻവാസ് സിനിമകൾക്ക് സാധ്യമാകുമെന്നതിന്റെ സാക്ഷ്യമാണ് തല്ലുമാല.
2015ലാണ് ഡബിൾ ബാരൽ ഇറങ്ങിയത്. സിനിമയുടെ അവതരണം മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത ശൈലിയായിരുന്നു. ഒരു കോമിക് കഥയ്ക്ക് ഗാങ്സ്റ്റർ പശ്ചാത്തലം. അന്ന് ആ സിനിമ അർഹിക്കുന്ന പരിഗണന കിട്ടിയില്ല, പക്ഷെ ഇന്ന് ആ ശൈലിയോട് ചേർന്ന് നിൽക്കുന്ന തല്ലുമാല നന്നായി സ്വീകരിക്കപ്പെട്ടു. പ്രേക്ഷക ആസ്വാദനത്തിലുള്ള മാറ്റം കൂടിയാണ് മലയാള സിനിമയുടെ വളർച്ചയെന്ന ഓർമപ്പെടുത്തൽ.
തിയറ്ററിനായി സിനിമ സൃഷ്ടിക്കപ്പെട്ടാൽ മാത്രമേ ആളുകൾ വരൂ. അതിനായി പഴയ കാല ‘ശൈലി’ സിനിമകൾക്കായി കടുവാനന്തരം മുറവിളി ഉയരുന്നിടത്ത് തന്നെയാണ് തല്ലുമാല തിയറ്റർ പടമാകുന്നത്. ഒരിക്കലും ഒടിടി കാഴ്ചയ്ക്ക് പൂർണ സാധ്യമാക്കാതെ പടം ഡിസൈൻ ചെയ്യപ്പെടുന്നത്.
മലയാള സിനിമയിലെ പുതിയ തലമുറ മേക്കേഴ്സിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന പേരാണ് ഖാലിദ് റഹ്മാൻ. ആദ്യ പടമായ അനുരാഗ കരിക്കിൻ വെള്ളം മുതലിങ്ങോട്ട് കഥപറച്ചിലിന്റെയും ആഖ്യാനഭാഷയുടെയും സൗന്ദര്യത്തിൽ പ്രേക്ഷകനെ പിടിച്ചിരുന്ന മേക്കർ. ഉണ്ടയിലെ എസ് ഐ മണി, ലൗവിലെ ഷൈൻ ടോം ചാക്കോ, ഗോകുലനും സുധി കോപ്പയും തുടങ്ങി അഭിനേതാവിനെ കഥാപാത്രമാക്കി മാറ്റുന്നതിൽ ഖാലിദ് സിനിമകൾക്ക് പ്രത്യേക ക്രാഫ്റ്റുണ്ട്. അതിന്റെ തുടർച്ചയാണ് മണവാളൻ വസീമും ജംഷിയും ഡേവിഡും റെജിയുമെല്ലാം.
തല്ലുമാല വസീമിൽ ചുറ്റി തിരിയുമ്പോഴും തന്റെ ചുറ്റും വരുന്നവരുടേത് കൂടിയാവുന്നുണ്ട് പടം. നോൺലീനിയർ നരേറ്റീവിലുള്ള കഥപറച്ചിന്റെ ബലം ഖാലിദിന്റെ ക്രാഫ്റ്റിന്റേത് കൂടിയാണ്. ഇതിലെന്ത് കഥയെന്ന് തോന്നുന്നിടത്ത് പലവഴി വന്ന് പോകുകയും ഒപ്പം ചേരുകയും ചെയ്യുന്ന കഥാപാത്രങ്ങളെ കൃത്യമായി ചേർത്ത് പിടിക്കുന്ന എഴുത്തിന്റെ മുറുക്കം കൂടിയാണ് തല്ലുമാല.