ഇതാണ് ഒരു ജനകീയ സർക്കാരിൽ നിന്നും നാം പ്രതീക്ഷിക്കുന്നത്, ഇതുപോലെയൊരു മാറ്റമാണ് കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്

83
Nidhin VN
“കഠിനമായ ദാരിദ്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യക്ഷപ്പെടാനാവൂ” – ഗാന്ധിജി
രണ്ട് നേതാക്കൾ, രണ്ട് വീക്ഷണങ്ങൾ. രണ്ടും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. ആ വ്യത്യാസം അനുനിമിഷം നമുക്ക് ബോധ്യമാകുന്നതാണ്. രാജ്യം വലിയൊരു വിപത്തിനെ നേരിടുമ്പോൾ രണ്ടു പേരും കൈക്കൊള്ളുന്ന നിലപാടുകളാണ് ആ വ്യത്യാസത്തിന് കാരണമാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക് സൗൺ പ്രഖ്യാപിച്ചു കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. ഈ ഇരുപത്തൊന്ന് ദിവസം ദരിദ്ര്യരായ ഇന്ത്യൻ ജനതയെ സംബന്ധിച്ച് എപ്രകാരമായിരിക്കുമെന്നോ, ആ ജനതയ്ക്ക് വേണ്ടിയുള്ള കരുതൽ സർക്കാരിന്റെ ഭാഗത്തു നിന്നു വേണമെന്നോ അദ്ദേഹം പറയുന്നില്ല. അതെന്തുകൊണ്ടാണ്? താങ്കൾ സമയം കിട്ടുമ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗങ്ങൾ ഒന്നെടുത്ത് കേൾക്കണം (നല്ലൊരു വിവർത്തകന്റെ സഹായത്തോടെ). അപ്പോൾ മനസ്സിലാകും എങ്ങനെയാണ് ഈ ആപൽഘട്ടത്തിലും ജനതയിൽ ആത്മവിശ്വാസവും, ആശ്വാസവും പകരാൻ സർക്കാറിന് കഴിയുന്നതെന്ന്.
ജീവിക്കാൻ പെടാപാട് പെടുമ്പേൾ കൂടെയുണ്ടെന്ന തോന്നൽ പകരുന്ന കരുത്ത് ചെറുതല്ല.
കൊറോണ വൈറസിനെ തടയുന്നതിന്റെ ഭാഗമായി പട്ടിണി മരണങ്ങൾ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കരുതുന്നു. അതിനുവേണ്ടി അദ്ദേഹം കൈക്കൊള്ളുന്ന നടപടികൾ പ്രശംസാർഹമാണ്.
സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ റേഷൻ, നിരീക്ഷണത്തിലുള്ളവർക്ക് കിറ്റ് വീട്ടിലെത്തിക്കും, ആറ് മാസത്തെ പെൻഷൻ വിഷുവിന് മുമ്പ് കൊടുക്കും. ഇതാണ് ഒരു ജനകീയ സർക്കാരിൽ നിന്നും നാം പ്രതീക്ഷിക്കുന്നത്. ഇതുപോലെയൊരു മാറ്റമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നത്.