“അതിഥി തൊഴിലാളി”,എത്ര മനോഹരമായ പദം

0
222

Nidhin VN

“അതിഥി തൊഴിലാളി”,എത്ര മനോഹരമായ പദം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയിൽ നിന്നും കേട്ടതാണിത്.
കേരളത്തിൽ തൊഴിലെടുക്കാൻ വരുന്നവരെ തമിഴൻ, അണ്ണാച്ചി, പാണ്ടി, ബംഗാളി, നേപ്പാളി അതല്ലെങ്കിൽ അന്യസംസ്ഥാന തൊഴിലാളി എന്നൊക്കെയാണ് വിശേഷിപ്പിക്കാറ്. മറ്റ് സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്ന നമ്മൾ അവരെ സംബന്ധിച്ച് മല്ലു, മലയാളീസ്, മദ്രാസി ഒക്കെയാണ്. പുറപ്പെട്ടു പോവുന്ന വാക്കിന് വലിയ സംസ്കാരമുണ്ട്. അതാകട്ടെ ചരിത്രത്തിൽ നിന്ന് തിരസ്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ വേദനകളെ പരിഹാസശരങ്ങൾ കൊണ്ട് കണ്ണീർ പെയ്ത്താക്കുന്നവയാണ്. വാക്കിന്റെ രാഷ്ട്രീയത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഓരോ വാക്കും രൂപപ്പെട്ട സാമൂഹികവും സാംസ്കാരികവുമായ സാഹചര്യങ്ങളെ വിശകലന വിധേയമാക്കേണ്ടതായി വരും. അപ്പോഴാ വാക്കിന്റെ രാഷ്ട്രീയം കൃത്യമാകും. പലപ്പോഴും നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ എത്രമാത്രം സ്ത്രീവിരുദ്ധവും, ദലിത് വിരുദ്ധവുമാണെന്ന്‌ സ്വയം ചിന്തിക്കേണ്ടതാണ്.അത്തരം ഒരിടത്തേക്കാണ് അതിഥി തൊഴിലാളി എന്ന വാക്ക് കടന്നു വരുന്നത്. തിരസ്കാരത്തിന്റെ, വെറുപ്പിന്റെ, അറപ്പിന്റെ, അവഗണനയുടെ മൊഴികളിലൂടെ മാത്രം നാം അടയാളപ്പെടുത്തിയവരെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന വാക്ക്.വാക്കിന്റെ രാഷ്ട്രീയം രൂപപ്പെടുന്നത് ഇത്തരം അനിവാര്യമായ തിരുത്തലുകളിലൂടെ തന്നെയാണ്…