മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി തങ്ങളെ ഭരിക്കുന്നതിലെ അസ്വസ്ഥത ചില സംഘികൾക്കും കോൺഗ്രസുകാർക്കും വേണ്ടുവോളം ഉണ്ട്

201

Nidhin VN

ജാതിഭ്രാന്തന്മാരുടെ കാര്യത്തിൽ സംഘപരിവാറിനും കോൺഗ്രസിനും വലിയ വ്യത്യാസമൊന്നും ഇല്ല

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ പൂർവ്വികർ ചെയ്ത തൊഴിലിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ഇതാദ്യമല്ല! എന്തുകൊണ്ടാണ് മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ അപേക്ഷിച്ച് പിണറായി വിജയൻ നിരന്തരം വേട്ടയാടപ്പെടുന്നത്? ഉത്തരം സിമ്പിളാണ്; അദ്ദേഹത്തിന്റെ ജാതി! മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി തങ്ങളെ ഭരിക്കുന്നതിലെ അസ്വസ്ഥതയാണ് ഈ വർഗ്ഗത്തെ നിരന്തരം പ്രകടിപ്പിക്കുന്നത്.

“ഓർക്കുക സഖാക്കളേ ചെത്തല്ല, സ്വതന്ത്ര സമര പോരാട്ടം ആണ് പാരമ്പര്യം” എന്ന് മുല്ലപ്പള്ളിയുടെ ഫോട്ടോ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സൈബർ കോൺഗ്രസ്സുകാരെ കൊണ്ട് പറയിപ്പിക്കുന്നത് ഇതേ വികാരം തന്നെയാണ്! എങ്കിൽ ഇവർക്കും സംഘപരിവാറിനും തമ്മിലുള്ള വ്യത്യാസമെന്താണ് ? പ്രഥമ ദൃഷ്ടിയിൽ കാണുന്നില്ലെങ്കിലും ഇത്തരക്കാർ തമ്മിലുള്ള അന്തർധാര സജീവമാന്ന്.

എത്ര തന്നെ തേച്ചു മിനുക്കിയ ഖദറിട്ടാലും ഉള്ളിലെ വെറുപ്പ് നുരഞ്ഞ് പൊങ്ങി സവർണീയതയിൽ പൊതിഞ്ഞ വിഷമായി പുറത്തേക്ക് വമിച്ചു കൊണ്ടിരിക്കും. അത് സേവിച്ച് സായൂജ്യമടയുന്നവർക്ക് ഒദ്യോഗിക പദവിയിലിരിക്കുന്ന പിണറായി വിജയനെ കാണാൻ സാധിക്കില്ല. പകരം ചെത്തു തൊഴിലാളിയായ മണ്ടയിൽ കോരന്റെ മകനെ മാത്രമേ കാണാനാവൂ. പിണറായി വിജയൻ തന്റെ കുലത്തിന്റെ തൊഴിൽ ചെയ്താൽ മതിയെന്ന ബോധം തന്നെയാണ് ഇവരെ ഭരിക്കുന്നത്. അതുകൊണ്ടാണ് വിദേശ സന്ദർശനത്തിനിടെ കോട്ട് ധരിച്ചപ്പോൾ അദ്ദേഹത്തെ പരിഹസിച്ച് ട്രോളുകൾ ഇറക്കുന്നത്.

“തെങ്ങ് കയറേണ്ടവനെ പിടിച്ച്….” എന്നാണ് അദ്ദേഹത്തിനെതിരെയുള്ള കാർട്ടൂണിലെ വാചകങ്ങൾ. എന്നിരുന്നാലും മുണ്ടയിൽ കോരന്റെ മകനെ മുഖ്യമന്ത്രിയാക്കിയ ഈ വ്യവസ്ഥിതിയിൽ എനിക്ക് വിശ്വാസമുണ്ട്. ജാതി തലയിലേറ്റി നടന്നവരല്ല, കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങൾക്ക് മാർഗ്ഗദർശിയായത്. അത് മുണ്ടയിൽ കോരന്റെ മകൻ പിണറായി വിജയനാണ് എന്നതിൽ അഭിമാനവുമുണ്ട്. ഒരു ചെത്ത് തൊഴിലാളിയുടെ മകനിൽ നിന്നും മുഖ്യമന്ത്രി പദവിയിലേക്കുള്ള വളർച്ച അഭിമാനകരമാണ്. ഇന്ന് ഈ ലോകം മൊത്തം അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർക്കുന്നുണ്ടെങ്കിൽ അത് പാരമ്പര്യത്തിന്റെ ദാനമല്ല എന്ന കാര്യം തീർച്ചയാണ്.

Advertisements