ബാബറി മസ്ജിദ് ഉണ്ടായിരുന്നു എന്നപോലെ ഭരണഘടന ഉണ്ടായിരുന്നെന്ന് പറയാൻ ഇടവരുത്തരുത്

54

Nidhin VN

ബാബറി മസ്ജിദ് ഉണ്ടായിരുന്നു എന്നപോലെ ഭരണഘടന ഉണ്ടായിരുന്നെന്ന് പറയാൻ ഇടവരുത്തരുത്

അംബേദ്കർ സ്മാരകവും ചിത്രവും ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? അംബേദ്കറിൻ്റെ ചിത്രത്തെ ആക്രമിക്കുകയെന്നാൽ ഭരണഘടനയെ ആക്രമിക്കുകയാണെന്ന് മനസ്സിലാക്കിയാലേ അതിൻ്റെ ഭീകര മനസ്സിലാവുകയുള്ളൂ.

എന്തുകൊണ്ട് അംബേദ്കർ? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ അല്പം ചരിത്രം അറിയണം.

വിദേശത്ത് പഠിച്ച് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനാണ് അംബേദ്കർ. ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതി വ്യവസ്ഥയ്ക്കെതിരെ പോരാടി. ഇന്ത്യയെ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്തു. അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രിയവുമായ നീതി, ചിന്ത, ആശയ പ്രകാശനം, വിശ്വാസം, ഭക്തി, ആരാധന എന്നിവയിലുള്ള സ്വാതന്ത്ര്യത്തിനും, പദവിയിലും അവസരത്തിലുമുള്ള സമത്വം സുരക്ഷിതമാക്കാനും, അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും ദേശീയ ഐക്യവും പരിപാലിക്കാൻ ഉറപ്പു നൽകിക്കൊണ്ട് സാഹോദര്യം പുലർത്താനും സർവാത്മനാ തീരുമാനിച്ചു കൊണ്ടാണ് ഭരണഘടന അംഗീകരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ശില്പി അംബേദ്കറായത് തന്നെയാണ് ചിലരുടെ പ്രശ്നം. ഈ അക്രമങ്ങളുടെ കാരണവും.

ജാതി വ്യവസ്ഥ ഹിന്ദു മതത്തിൻ്റെ രാഷ്ട്രീയ വ്യവസ്ഥയാണെന്ന് തിരിച്ചറിഞ്ഞ അംബേദ്കർ ജാതി നശിപ്പിക്കണം എന്ന നിലപാടിൽ ഉറച്ചുനിന്നു. ജാതി വ്യവസ്ഥയെ ആദർശവൽക്കരിച്ച് നിലനിർത്തുന്ന ഹിന്ദു മതത്തിൻ്റെ വിശുദ്ധ സംഹിതകളേയെല്ലാം അദ്ദേഹം നിഷ്ക്കരുണം കടന്നാക്രമിച്ചു. ജാതി വ്യവസ്ഥയുടെ ദൈവികതയെ നിഷേധിച്ച അദ്ദേഹം അത് സനാതനമല്ല എന്ന് പ്രഖ്യാപിച്ചു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന അടിസ്ഥാനമാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്കർ വിഭാവനം ചെയ്യുന്നത്. അത് മനുവാദികൾക്ക് അംഗീകരിക്കാനാവാത്തതാണ്.

അംബേദ്കറുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായിരുന്നു ദളിതുകള്‍ക്ക് തടാകത്തില്‍ നിന്ന് വെള്ളം കുടിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള മഹദ് സത്യാഗ്രഹം. മഹാരാഷ്ട്രയിലെ ഒരു ചെറു പട്ടണമായ മഹദിലെ ചവാദര്‍ ടാങ്ക് എന്നറിയപ്പെട്ടിരുന്ന വലിയ ചിറയില്‍ നിന്ന് ദളിതുകള്‍ വെള്ളം കുടിക്കുന്നതും ശേഖരിക്കുന്നതും സവര്‍ണര്‍ വിലക്കിയിരുന്നു. അംബേദ്കര്‍ ഒരു സംഘം അനുയായികളോടൊപ്പം ഇവിടെ എത്തി ചവാദര്‍ ടാങ്കില്‍ നിന്ന് വെള്ളം കുടിച്ചു. പൊതുജല സ്രോതസുകള്‍ ദളിതര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കുന്നനൊപ്പം ദളിത് ശാക്തീകരണത്തിനും ഈ സംഭവത്തിലൂടെ അംബേദ്കര്‍ കരുത്ത് പകര്‍ന്നു. നമ്മള്‍ ഇവിടെ വെറുതെ വെള്ളം കുടിക്കാന്‍ മാത്രം വന്നതല്ല. എല്ലാ മനുഷ്യരേയും പോലെയാണ് നമ്മളെന്ന് കാണിച്ച് കൊടുക്കാന്‍ വേണ്ടി തന്നെ വന്നതാണ് – അംബേദ്കര്‍ പറഞ്ഞു.

ഹിന്ദു സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് തുല്യനീതിയും അവകാശങ്ങളും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഹിന്ദു കോഡ് ബില്ലിനായി അംബേദ്കര്‍ പോരാടിയത് മൂന്ന് വര്‍ഷം. ഹിന്ദു കോഡ് ബില്ലിലുള്ള അഭിപ്രായ ഭിന്നതകള്‍ മൂലം നിയമ മന്ത്രിയായിരുന്ന അംബേദ്കര്‍ 1951ല്‍ നെഹ്രു മന്ത്രിസഭയില്‍ നി്ന്ന് രാജി വച്ചു. രണ്ട് പ്രധാന കാര്യങ്ങളാണ് അദ്ദേഹം ബില്ലിലൂടെ ലക്ഷ്യം വച്ചത്. തുല്യ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിലൂടെ ഹിന്ദുസ്ത്രീകളുടെ സാമൂഹ്യജീവിതത്തിലെ സ്ഥാനം ഉയര്‍ത്തുക. ലിംഗ, ജാതി വിവേചനങ്ങള്‍ തടയുക.

സ്വത്തില്‍ തുല്യ അവകാശം, വിവാഹമോചനത്തിന് അനുമതി, വിധവകളും വിവാഹമോചിതരുമായ സ്ത്രീകള്‍ക്ക് പുനര്‍വിവാഹത്തിന് നിയമപരിരക്ഷ ഉറപ്പാക്കല്‍, മിശ്രവിവാഹങ്ങള്‍ക്കും ഏത് ജാതിയിലോ സമുദായത്തിലോ പെട്ട കുട്ടികളെ ദത്തെടുക്കുന്നതിനുമുള്ള അവകാശങ്ങള്‍ തുടങ്ങിയവയെല്ലാം മുന്നോട്ട് വച്ചു. സ്ത്രീകളുടെ പുരോഗതി എത്രത്തോളമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ പുരോഗതി വിലയിരുത്തേണ്ടത് എന്ന് അംബേദ്കര്‍ അഭിപ്രായപ്പെട്ടു.

വെറും 20 പേജ് മാത്രമുള്ള ആത്മകഥാ സമാനമായ പുസ്തകം 1935-36 കാലത്ത് അംബേദ്കര്‍ തയ്യാറാക്കിയിരുന്നു. ‘വെയ്റ്റിംഗ് ഫോര്‍ എ വിസ’ എന്ന പേരിലുള്ള അനുഭവക്കുറിപ്പുകള്‍ കുട്ടിക്കാലം മുതല്‍ താന്‍ നേരിട്ട കടുത്ത ജാതി വിവേചനത്തിന്റേയും പീഡനങ്ങളുടേയും അപമാനങ്ങളുടേയും വിവരണമായിരുന്നു. അംബേദ്കര്‍ പഠിച്ച കൊളംബിയ സര്‍വകലാശാല ഇത് പാഠപുസ്തകമാക്കി. എന്നാൽ ഇന്ത്യയിലെ അവസ്ഥയോ? ഡോ.ബാബാ സാഹേബ് അംബേദ്കർ എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിക്കപ്പെട്ട ഒരു രാജ്യത്ത് അംബേദ്കറുടെ ജീവിതം പാഠപുസ്തകമാകുമെന്ന് കരുതുന്നുണ്ടോ? അംബേദ്കറെ ആക്രമിക്കുന്നവർ അദ്ദേഹത്തിൻ്റെ മൂല്യങ്ങളെയാണ് ആക്രമിക്കുന്നത്. ഭരണഘടനയെയാണ് ആക്രമിക്കുന്നത്. ഭരണഘടനയ്ക്ക് പകരം മനസ്മൃതി പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നത്. ബാബറി മസ്ജിദ് ഉണ്ടായിരുന്നു എന്നപ്പോലെ ഭരണഘടന ഉണ്ടായിരുന്നെന്ന് പറയുന്ന കാലത്തെയാണ് അവർ സ്വപ്നം കാണുന്നത്.