കൊറോണ ബാധിതരുമായി അലഞ്ഞ ബ്രിട്ടീഷ് കപ്പലിന് ഒരു സൗഹൃദരാജ്യവും നങ്കൂരമിടാനുള്ള അനുമതികൊടുത്തില്ല, ഒടുവിൽ അനുമതി നൽകിയത് കമ്മ്യൂണിസ്റ്റ് കൂബ

129
Nidhin VN
MS Braemar എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാര കപ്പലിലെ ആറോളം യാത്രികർക്ക് കൊറോണ പരിശോധനയിൽ പോസിറ്റീവ് ഫലം വന്നതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും രാജ്യത്തിൽ നങ്കൂരമിടേണ്ട ആവശ്യകതയുണ്ടായി. എന്നാൽ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സൗഹൃദത്തിലിരുന്ന രാജ്യങ്ങളൊന്നും കപ്പൽ നങ്കൂരമിടാനുള്ള അനുമതി നൽകിയില്ല. അതിനെ തുടർന്ന് അവർ ശത്രുക്കളായി കണ്ടിരുന്ന ക്യൂബയോട് സഹായമഭ്യർത്ഥിച്ചു. ക്യൂബ ഇരുകൈകളും നീട്ടിയാണ് അഭ്യർത്ഥന സ്വീകരിച്ചത്.
“ആരോഗ്യം മനുഷ്യാവകാശമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് ഐക്യദാർഡ്യം കാണിക്കേണ്ട ചില സമയമുണ്ടാകും. പൊതു വെല്ലുവിളികളെ നേരിടാൻ നമ്മുടെ ജനതയുടെ വിപ്ലവ മൂല്യങ്ങളിൽ അന്തർലീനമായ മാനുഷിക പരിഗണനകളെ പ്രയോഗത്തിൽ വരുത്തേണ്ട സമയമാണിത്” – ക്യൂബൻ വിദേശകാര്യമന്ത്രാലയം ഇറക്കിയ കുറിപ്പിൽ പത്രക്കുറിപ്പിൽ പറയുന്നു..
സാഹചര്യത്തിൻ്റെ അതീവഗൗരവ സ്വഭാവം പരിഗണിച്ചും, വയ്യാതിരിക്കുന്ന യാത്രക്കാരുടെ അപകട സാധ്യത മനസിലാക്കിയും, കപ്പൽ ക്യൂബൻ തീരത്ത് നങ്കൂരമിടാൻ അനുമതി നൽകിയ ക്യൂബൻ സർക്കാരിനെ അഭിനന്ദിക്കാതെ തരമില്ല.
കമ്മ്യൂണിസ്റ്റുകാരോട് പുച്ഛം മാത്രമുള്ള വലിയൊരു വിഭാഗം ചുറ്റുമുണ്ട്. ഈ അവസരത്തിൽ അവരൊന്ന് വിചിന്തനം നടത്തുന്നത് നല്ലതാണ്. കമ്മ്യൂണിസ്റ്റുകാർ എന്ത് ചെയ്യുമ്പോഴും അതിലെ തെറ്റുകൾ മാത്രം ചികഞ്ഞെടുത്ത് പർവതീകരിച്ച് കാണിക്കാൻ ശ്രദ്ധാലുക്കളാകുന്നവർ ഇതൊക്കെ കാണുന്നുണ്ടാകുമല്ലോ? ഒരു നല്ല വാക്കെങ്കിലും നിങ്ങൾ ഈ അവസരത്തിൽ പറയുമെന്ന് കരുതുന്നില്ല. കമ്മ്യുണിസ്റ്റുകളുടെ പോരാട്ടം മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടിയാണെന്ന് വീണ്ടും വീണ്ടും തെളിയുന്ന അവസരം തന്നെയാണിത്.
കൊറോണയെ ഭയന്ന് തൃശ്ശൂരിൽ ഡോക്ടറുടെ കുടുംബത്തെ വീട്ടിൽ പൂട്ടിയിട്ടത്, ജാഗ്രതയോടെ മുന്നോട്ട് പോകേണ്ട അവസ്ഥയിൽ നമ്മുടെ രാജ്യത്ത് അകപ്പെട്ടു പോയ വിദേശികൾക്ക് ഭക്ഷണമടക്കമുള്ളവ ലഭിക്കാത്ത അവസ്ഥയുണ്ടായതെല്ലാം ഈ അവസ്ഥയിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടി മാനവിക മൂല്യങ്ങളിലൂന്നിയുള്ള മുന്നേറ്റം തന്നെയാണ് സാധ്യമാകേണ്ടത്.