Jithin Rajan
ഹോളിവുഡിന്റെ ശ്രീനിവാസനാണ് വൂഡി അലൻ. മെലിഞ്ഞ ശരീരവും നിഷ്കളങ്കത നിറഞ്ഞ കണ്ണുകളുമായൊരാൾ. തിരക്കഥാകൃത്, സംവിധായകൻ, നടൻ, പ്രൊഡ്യൂസർ…അങ്ങനെ എല്ലാ തലങ്ങളിലും പുള്ളി കൈവച്ചിട്ടുണ്ട്. തമാശയില്ലാത്ത പടങ്ങൾ അദ്ദേഹത്തിന്റെ ഡിക്ഷ്ണറിയിൽ നിഷിദ്ധം. അതും ചുമ്മാ തട്ടുപൊളിപ്പൻ കോമഡി അല്ല, സ്വാഭാവികമായ ജീവിതസാഹചര്യങ്ങൾ കലർന്ന തമാശകൾ. അതുകൊണ്ടാണ് ശ്രീനിവാസനെ മെൻഷൻ ചെയ്തത്. പുള്ളിയുടെ അധികം സിനിമകളൊന്നും കണ്ടിട്ടില്ല. കണ്ടുതുടങ്ങിയെ ഉള്ളു. ഈയൊരെണ്ണം വല്ലാതെ ഇഷ്ട്ടപെട്ടു. കഥയിലേക്ക്.
നൊസ്റാൾജിയയെ പ്രണയിക്കുന്ന എഴുത്തുകാരനാണ് ഗിൽ. ഫിയൻസി ആയ ഇനസിനോടൊത്തു ഗിൽ പാരീസ് നഗരത്തിലെത്തുന്നു, സമ്പന്നയായ ഇനസിന്റെ പേരെന്റ്സും കൂടെയുണ്ട്. ഗില്ലിന്റെയും ഇനാസിന്റെയും കാരക്ടേഴ്‌സ് വളരെ വ്യത്യസ്തമാണ്. ഗിൽ നൊസ്റാൾജിയയിൽ തന്റെ എഴുത്തിനെയും ജീവിതത്തെയും പൂഴ്ത്താനാഗ്രഹിക്കുമ്പോൾ ഇനസിന്റെ ശ്രദ്ധ ജീവിതസൗകര്യങ്ങളിലും പത്തു കാശുണ്ടാക്കുന്നതിലും മറ്റുമാണ്. പാരിസിൽ വച്ച് തന്റെ പുതിയ തിരക്കഥ എഴുതാനാണ് ഗില്ലിന്റെ പ്ലാൻ, കാരണം പഴയ പല എഴുത്തുകാരുടെയും ഓർമ്മകൾ മേയുന്ന ആ നഗരത്തെ അയാൾ അത്രകണ്ട് ഇഷ്ടപെടുന്നു. ഒരു നാൾ കറങ്ങാൻ പോയ അവർ ഇനസിന്റെ സുഹൃത്തുക്കളായ ഒരു കപ്പിൾസിനെ യാദൃശ്ചികമായി കാണുന്നു.
ലോകത്തെ എല്ലാറ്റിനെയും കുറിച്ച് തനിക്കറിയാമെന്നു അഹങ്കരിക്കുന്നൊരു ഭർത്താവും അതിനു ചേർന്നൊരു ഭാര്യയും. തനി മോഡേൺ കപ്പിൾസ്.ഒരുനാൾ ഇനസിനെ അവരോടൊപ്പം പാർട്ടിക്ക് വിട്ടു ഗിൽ പാതിരാത്രിയിൽ പാരിസിൻറെ സൗന്ദര്യം നുകരാനിറങ്ങുന്നു. വഴിക്കു വച്ച് ചാറ്റൽമഴയത്തു നഗരത്തിന്റെ ഇരുണ്ടൊരു കോണിൽ ഇരുന്നപ്പോൾ ഒരു പഴയ കാർ അവിടെ പാഞ്ഞെത്തി ഹോണടിക്കുന്നു. ഉള്ളിലുള്ളവരെ കണ്ടു ഗിൽ അന്തംവിട്ടു പോയി. പഴയ എഴുത്തുകാരനായ സ്കോട്ട് ഫിറ്റസ്ജ്‌റാൾഡും കൂട്ടുകാരൊക്കെയുമാണ് ഉള്ളിൽ. അമ്പരന്നു പോയ ഗില്ലിനെയും കൂടി അവർ പോയി – പാരീസിന്റെ സുവര്ണകാലഘട്ടമെന്നു അറിയപ്പെടുന്ന 1920 കളിലേക്കു, വർഷങ്ങൾ പിറകിലേക്ക് ആ കാർ അവരെയും കൊണ്ട് മുന്നോട്ടു പാഞ്ഞു.
അങ്ങനെ സാൽവദോർ ദാലി, ഗെർട്രൂടെ, ഏർനെസ്റ് ഹെമിംഗ്വേ തുടങ്ങി അക്കാലത്തെ പല മഹാരഥന്മാരെയും ഗിൽ പരിചയപ്പെടുന്നു, സുഹൃത്തുക്കളാകുന്നു, അവരുടെ നോവലുകളുടെ ഡ്രാഫ്റ്റ് വായിക്കുന്നു..അഭിപ്രായം പറയുന്നു. കാലത് ഗിൽ വീണ്ടും വീട്ടിലേക്കു, രാത്രി വീണ്ടും ആ പഴയ കാറിന്റെ ഹോൺ വെയിറ്റ് ചെയ്ത പാരീസിന്റെ ഇടവഴികളിലേക്ക്…
മാജിക്കൽ റിയലിസത്തിന്റെ സമ്പന്നതയും അഹങ്കാരവുമാണീ ചിത്രം. മനോഹരമായ ഫ്രെയിമുകൾ, പശ്ചാത്തലസംഗീതം, പിന്നെ ഓർക്കുമ്പോൾ തന്നെ ഒരു മഴ നനഞ്ഞ സുഖമുള്ളൊരു പ്ലോട്ടും. പിന്നെന്തു വേണമിനി. പണ്ട് ഷാങ്ങ്ഹായ് നൈറ്സിൽ ജാക്കി ചാനോടൊപ്പം ആണ് ഓവൻ വിത്സനെ ആദ്യമായി കാണുന്നത്, പിന്നീടിങ്ങോട്ട് പല പടങ്ങൾ. ഗിൽ ആയി പുള്ളി നല്ല പ്രകടനം കാഴ്ച വെച്ചു. വെള്ളിയാഴ്ച രാത്രികളിൽ വീക്കെന്ഡിനെ സ്വാഗതം ചെയുന്ന പുലരികളിലേക്കു ഉണരാൻ കിടക്കുമ്പോൾ കാണാൻ നല്ലത് ഇച്ചിരി ഫാന്റസി കലർന്ന ചിത്രങ്ങൾ തന്നെയാണ്..ഇന്ന് പാതിരാത്രിക് ഗില്ലിനൊപ്പം ഒന്ന് നടന്നുനോക്കൂ, പാരീസിന്റെ ഇടനാഴികളിലൂടെ…
Midnight in Paris (2011)
IMDb: 7.7