നിദ്ര (കഥ)

668

തലയ്ക്കു നേരെ പിന്നിലായി തുറന്നിട്ട ജനലിനപ്പുറം കിളികളും അണ്ണാറക്കണ്ണന്മാരും പതിവുസംവാദം തുടങ്ങിയത് കേട്ടാണ് അവൻ കണ്ണ് തുറന്നത്. ലക്ഷ്യം ഭേദിക്കാൻ കഴിയാത്ത അമ്പുകളെപ്പോലെ കണ്ണുകൾ കുഴങ്ങിയപ്പോൾ ഒന്നുരണ്ടുതവണ കൂടി കണ്ണുകൾ ചിമ്മിത്തുറന്നു. ആജ്ഞാപിച്ചു ഫലിക്കാഞ്ഞപ്പോൾ, കുറച്ചുകൂടി ക്ഷമിക്കാൻ തലച്ചോർ താണുകേണപേക്ഷിച്ചിട്ടും കൂട്ടാക്കാതെ കണ്ണുകൾ കതക് വലിച്ചടക്കാൻ ഭാവിച്ചപ്പോൾ മാത്രമാണ് തലേന്ന് കിടന്നത്. അതിനിടയിൽ ജനാല തുറന്നിട്ടതെല്ലാം ഓർമയുടെ കൈകൾക്കു എത്തിപ്പിടിക്കാവുന്നതിലും ദൂരെയാണ്. വിലകൂടിയ ഫർണിഷിങ്ങിൽ തിളങ്ങിയ മേൽക്കൂര കൃത്യമായി കാണാമെന്നായപ്പോൾ, കിടന്ന കിടപ്പിൽ തല കീഴ്പോട്ടും താടി മേല്പോട്ടുമാക്കി ജനാലയിലൂടെ പുറത്തേക്കു നോക്കി. ചെറിയൊരു തടവറയുടെ പ്രതീതി ജനിപ്പിച്ച അതിന്റെ കമ്പിയഴികൾക്കിടയിലൂടെ പുറത്ത്, ഉറക്കം വിട്ടുമാറാത്ത ഒരു കുസൃതിക്കുരുന്നിനെപ്പോലെ മുഖം കറുപ്പിച്ചു നിന്ന ആകാശത്തിന്റെ പശ്ചാത്തലത്തിൽ കണിക്കൊന്നപ്പൂക്കളങ്ങനെ തലകുത്തനെ നിന്നു.

“തല തിരിഞ്ഞവൻ കാണുന്ന തല തിരിഞ്ഞ കാഴ്ച “. ആത്മപ്രശംസ നന്നേ ഇഷ്ടപ്പെട്ടപ്പോൾ ഒന്നുറക്കെ ചിരിക്കണമെന്നു തോന്നിയെങ്കിലും തൽക്കാലത്തേക്ക് വേണ്ടെന്നുവച്ചു. വിലപിടിച്ച മാർബിളിന്റെ തണുപ്പിനും അതിനു മുകളിൽ വിരിച്ച ചുവന്ന കാർപെറ്റിനും മുകളിലാണ് ശരീരം എന്നത് ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. വിലപിടിച്ച വെൽവെറ്റ് വിരികൊണ്ടു നാണം മറച്ചു കിടന്ന മെത്തയുടെ ഒരു വക്കിൽ കയറ്റിവച്ച അയഞ്ഞ സ്വെറ്റ്‌ പാന്റ്സ് ധരിച്ച കാലുകളെ താഴെ ഇറക്കി വച്ചു. നന്നേ ചെറുപ്പത്തിലേ സമൃദ്ധിയായി വളർന്ന താടിയിൽ നന്നായൊന്ന് ചൊറിഞ്ഞുകൊണ്ട് അവൻ എഴുന്നേറ്റിരുന്നു. കൈകൾ രണ്ടും പിന്നിൽ കുത്തി പിന്നോട്ടാഞ്ഞ് വിടർന്ന കണ്ണുകൾ കൊണ്ട് വലുപ്പത്തിലും പ്രൗഢിയിലും ഒരു രാജാവിന്റെ അന്തഃപുരത്തെ അനുസ്മരിപ്പിക്കുന്ന മുറിയെ ഒന്നാകെ ഉഴിഞ്ഞു. മുറിയിൽ നിന്നും പുറത്തിറങ്ങാനെന്നോണം നിർമിക്കപ്പെട്ട വാതിലിന് ഒരുവശത്തായി , മഴയൊഴിഞ്ഞിട്ടും കുടയുടെ ശീലയിലെ പിടി വിടാൻ കൂട്ടാക്കാത്ത ഒരുതുള്ളിയെപ്പോലെ ഒരു മരത്തിന്റെ നിഴൽ ചുറ്റിപ്പറ്റിനിന്നു .

കുറച്ചു കാലം മുൻപാണ് ആ വലിയ വീടിന്റെ ഔട്ട് ഹൗസിൽ ഒരു പാട്ട വെളുത്ത ചായം കണ്ടത്. മടിച്ചില്ല, സ്വീകരണ മുറി മുതൽ കിടപ്പുമുറി വരെ സർവ്വ മുക്കും മൂലയും അപഹരിച്ച മടുപ്പിക്കുന്ന ചുവപ്പുനിറത്തിൽ ഒരു വെളുത്ത മരം. നീണ്ട്, വണ്ണമുള്ള ഒരു തായ്തടി, ഇരുവശത്തേക്കും നീളുന്ന നെടുപ്പനെയുള്ള രണ്ടു മൂന്നു ശിഖരങ്ങൾ, ആലിന്റേതിന് സാമ്യമുള്ള ഇലകൾ…

ഒരാൾപ്പൊക്കത്തിനും മേലെ ഒരു മരം..

എല്ലാറ്റിനും മേലെ ഒരിക്കൽക്കൂടി ചുവപ്പ്‌നിറം നിറയുമ്പോൾ ഒന്നും മിണ്ടിയില്ല . ഉപയോഗശൂന്യമായതിനെ ഉപേക്ഷിക്കലാണ് ഒരു കണക്കിന് ജീവിതം സുഗമമാക്കുന്നത്. പക്ഷെ പടിക്കു പുറത്താക്കപ്പെട്ടിട്ടും പ്രതീക്ഷ കൈവിടാതെ തിരിഞ്ഞു നോക്കുന്ന വൃദ്ധശുനകന്റെ കണ്ണിലെ തിളക്കം പോലെ ചുവപ്പിന് കീഴെ തുഷാരം വിളങ്ങി; ചുവരുകൾക്കും മറക്കാവുന്നതിനു ഒരു പരിധി ഉണ്ടത്രേ. ആശ്ചര്യം…

അവൻ കാർപെറ്റിൽ നിന്നും പതിയെ എഴുന്നേറ്റുനിന്നു. തള്ളവിരൽ കൊണ്ട് അതിനെ തൊട്ടുരുമ്മി നിന്ന വിരലിനെ ഒന്ന് ഞെരിച്ചു.

“ഊം”

കൈ രണ്ടും ആകാവുന്നിടത്തോളം പിന്നോട്ടാക്കി ഒന്നമർത്തിമൂളി. പിച്ചവെക്കുന്ന കുഞ്ഞിനെപ്പോലെ കാലുകൾ ഉറക്കാതെ നിന്നു. കേവലം ഒരു രാത്രിയിലെ സ്വസ്ഥമായ ഉറക്കം തന്നെ എത്രമാത്രം ചെറുപ്പമാക്കിയെന്ന് , ഒരുപക്ഷെ ശൈശവത്തിലേക്കു തന്നെ തിരികെ കൊണ്ടുപോയിരിക്കുന്നുവെന്നോർത്ത് അവൻ ആശ്ചര്യപ്പെട്ടു.

“അല്ലയോ നിദ്രാദേവീ, എല്ലാ രാത്രികളിലും, അല്ല ഇരുൾവീഴുന്ന ഓരോ നിമിഷവും,തണുത്ത കാറ്റിനും, കാറ്റിന്റെ മൂളക്കത്തിനൊത്ത് താളം തുള്ളുന്ന ഇലകളുടെ ഇഴയടുപ്പത്തിനിടയിലൂടെ, ഒളികണ്ണിടുന്ന വെണ്ണിലാവിനും അസൂയപ്പെടും വിധം നിന്റെ മാറിൽ കിടത്തി നീ എന്നെ താലോലിക്കുമെങ്കിൽ….”

“ആഹാ , ഏതെങ്കിലും പുരാണനാടകത്തിൽ കിട്ടുമോ ഇതിലും കൂടുതൽ ആർട്ടിഫിഷ്യാലിറ്റി??”

താനിപ്പോൾ സംസാരിക്കുന്നതു പതിയെയോ ഉച്ചത്തിലോ എന്നോർത്ത് ഒരു നിമിഷം നിന്നശേഷം, തിരയൽ പെട്ടുഴലുന്ന ഒരു ചെറുവള്ളം പോലെ ആടിയുലഞ്ഞുകൊണ്ട് അവൻ തൻറെ പദയാത്ര തുടർന്നു.

അല്ല,ഒരാൾ പറയുന്നത് മറ്റൊരാൾ കേൾക്കുന്നുവെങ്കിൽ , മനസ്സിലാക്കുന്നുവെങ്കിൽ സംഭാഷണം ഉച്ചത്തിലായിരിക്കണമല്ലോ. ഇപ്പോൾ അവൻ പറയുന്നത് അവൻ തന്നെ കേൾക്കുന്നു , മനസ്സിലാക്കുന്നു. എങ്കിൽ ഇതുച്ചത്തിലാകാതെയിരിക്കുന്നതെങ്ങനെ? അങ്ങനെയെങ്കിൽ നിശ്ശബ്ദത പോലും ഉച്ചസ്ഥായിയിലുള്ള അനേകം ശബ്ദങ്ങളുടെ ,ആത്മഗതങ്ങളുടെ സമന്വയമാവില്ലേ? ആവുമായിരിക്കും . ഏഴു വർണ്ണങ്ങൾ ചേർന്ന് തുഷാരവും, അവക്കൊപ്പം കണ്ണുകൾക്ക് പിടികൊടുക്കാതെ, ധാന്യപ്പുരയിലെ മൂഷികനെപോലെ ഒളിച്ചും പാത്തും പാറിക്കളിക്കുന്ന മറ്റനേകം പ്രകാശരശ്മികളും ചേർന്ന് സൂര്യന്റെ ഇളംചൂടും ഉണ്ടാകുമെങ്കിൽ അനേകം ശബ്ദങ്ങൾ സമന്വയിച്ച് എന്തുകൊണ്ട് നിശ്ശബ്ദത ഉണ്ടായിക്കൂടാ? കാലടികൾ നിലത്തുറച്ചുതുടങ്ങിയപ്പോൾ അവൻ മുറിയുടെ ഒരു മൂലയിൽ ഏകാന്തതപസ്സനുഷ്ടിച്ചിരിക്കുന്ന, ഒറ്റത്തടിയിൽ തീർത്ത അലമാരിക്കടുത്തേക്കു നീങ്ങി. പണ്ടെന്നോ, പച്ചമണ്ണിൽ ,ഒരു പ്രദേശം മുഴുവൻ തണൽ വിരിച്ച നിന്നിരുന്ന ഒരതികായനായിരുന്നിരിക്കണം ഇവൻ. ഇന്നിതാ കർട്ടൻ കൊണ്ട് മുഖം മറക്കാതെ നിന്ന കിഴക്കുവശത്തെ ജനലിലൂടെ അതിക്രമിച്ചുകടക്കുന്ന വെയിലിന്റെ പ്രഹരം കൊണ്ട് തിണിർത്ത കവിളുമായി നിൽക്കുന്നു.

“മാളികമുകളേറിയ മന്നന്റെ …” താളത്തിനൊത്തു കൈകൊട്ടിക്കളിയിലെന്നോണം , അലമാരയിലെ കണ്ണാടിയിൽ തെളിഞ്ഞ ഇരട്ടയുടെ കയ്യിൽ കൊട്ടി. ഒരു നിമിഷം മുന്നിൽ കണ്ട രൂപത്തെത്തന്നെ നോക്കി നിന്നുപോയി അവൻ.

“അകാല വാർദ്ധക്യം”

ശബ്ദം ഉദ്ദേശിച്ചതിലും ഒരൽപ്പം ഉയരത്തിലായിപ്പോയെന്ന് അവന് തന്നെ തോന്നി. അധ്യാപകനും വിദ്യാർത്ഥികളും മാത്രമല്ല , നേരിയ കരകരശബ്ദത്തോടെ, വർഷങ്ങളുടെ പരാജയഭാരവുമായി ഒരേ ക്ലാസ്സ്മുറിയിൽ തലകുനിച്ചിരുന്ന ബെഞ്ചുകളും, കുമ്മായം കൊണ്ട് മുഖം മറച്ച ചുവരുകളും വരെ ഒന്ന് സ്തംഭിച്ചതായിത്തോന്നി. ശബ്ദം ഒരൽപ്പം കൂടി മയപ്പെടുത്തി ഒരിക്കൽക്കൂടി പറഞ്ഞു ,” അകാലവാർദ്ധക്യം” .

മലയാളം ക്ലാസ്സുകളിൽ പാഠഭാഗത്തുനിന്ന് വിട്ട് ഒരു വാക്കു പോലും ഉരിയാടാത്ത, ഒന്നാം വർഷക്കാർക്കായുള്ള പാഠഭാഗം രണ്ടാം വർഷക്കാർക്ക് സെമിനാറുകളായി ഭാഗിച്ചു നൽകി പിന്നിലെ ബെഞ്ചിൽ ഇരുന്നു ഉറക്കം തൂങ്ങിയിരുന്ന മലയാളമദ്ധ്യാപകൻ, ഇനി ഈ പാണ്ട് മായ്ക്കാൻ എന്തെല്ലാം തേക്കേണ്ടിവരുമെന്ന അങ്കലാപ്പോടെ കണ്ണുമിഴിച്ചിരുന്നു.

അവൻ തുടർന്നു;

“അകാലനരയും അകാലവാർദ്ധക്യവും തമ്മിൽ കുറെ അധികം വ്യത്യാസമുണ്ട് . അകാലനരാന്ന് പറയുമ്പോ അത് ശരീരത്തിന് നേരത്തെ തന്നെ പ്രായമാവുന്നതാണ്. അല്ലെങ്കിൽ മുടിക്ക് നേരത്തെ പ്രായമാവുന്നത് . പക്ഷെ അകാലവാർദ്ധക്യംന്നു പറഞ്ഞാൽ മനസ്സിന്റെയാണ്‌. ശരീരം വാർദ്ധക്യത്തിൽ പെട്ട് പോവുന്നത് പോലെ മനസ്സ് എവിടെയെങ്കിലും പെട്ട് പോവുന്ന അവസ്ഥ. ജീവിതത്തിൽ കഴിഞ്ഞുപോയ ഏതെങ്കിലും ഒരു കാലഘട്ടത്തിലേക്ക് തിരിച്ചു പോവാനുള്ള അതിയായ ആഗ്രഹമാണ് പ്രധാന സിംപ്റ്റം.”

“ഞങ്ങൾടെ ഭാഷയിൽ ഇതിനെ ഇമാക്കസ് ക്നോർഫിയ തഗാഡി എന്ന് പറയും”

പിന്നിൽ നിന്നും ഏതോ ഒരു വിദ്വാൻ വെടി പൊട്ടിച്ചു. ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അമ്മയെ ഉപേക്ഷിക്കാൻ നഗരത്തിൽ ഇടം തേടുന്ന മകനെ കണ്ടുകൊണ്ട് ലവലേശം അയവില്ലാതെയിരുന്ന മുഖങ്ങൾ മതിമറന്ന് പൊട്ടിച്ചിരിച്ചു. പൊട്ടിച്ചിരികൾക്കിടയിലും സർവ്വരുടേയും കണ്ണുകൾ അവനിലായിരുന്നു . ഇനിയങ്ങോട്ടുണ്ടാകാൻ പോകുന്ന പുകിലുകൾ കാണാൻ തയ്യാറെടുക്കുകയായിരുന്നു സർവ്വരും. എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായി അവൻ അനങ്ങിയില്ല. മറുപടി പറഞ്ഞില്ല. തീ കാളുന്ന കണ്ണുകളോടെ പിൻ ബെഞ്ചിലെ വിരുതനെ നോക്കിയില്ല. കാലവർഷത്തിലെ കുഴഞ്ഞ മണ്ണുപോലെ അവന്റെ കണ്ണുകൾ നിസ്സംഗമായി നിന്നു. തന്റെ പ്രസ്താവനക്ക് മറുപടിയായി ലഭിച്ചേക്കാവുന്നതും താൻ തിരിച്ചു പറയേണ്ടുന്നതുമായ വസ്തുതകൾ, ഒരു ചിലന്തി വല നെയ്യുന്ന വൈഭവത്തോടെ തയ്യാറാക്കി വെച്ചിരുന്ന, വാഗ്വാദങ്ങൾക്കൊടുവിൽ ക്ലാസ്സിൽനിന്നിറങ്ങിപ്പോവേണ്ട വിധം തീരുമാനിപ്പിച്ചുറപ്പിച്ചിരുന്ന വിദ്വാനടക്കം സർവർക്കും കാര്യങ്ങളുടെ നിജസ്ഥിതി സ്വയം ബോധ്യപ്പെടുത്താൻ ഒരു നിമിഷം മാത്രം നൽകിയശേഷം അമ്മയെ ഉപേക്ഷിക്കാൻ ആശുപത്രി വരാന്തയിലെത്തിയ മകന്റെ വികാരപാരാവശ്യത്തിലേക്ക് അവന്റെ ശബ്ദം ദിഗ്വിജയമാരംഭിച്ചു.

“ഇവിടെ അമ്മയെ ഉപേക്ഷിക്കാൻ മകൻ നടത്തുന്ന ശ്രമങ്ങൾക്കിടയിലും അയാളോട് വായനക്കാരന് സിമ്പതി തോന്നാൻ കാരണം അയാളുടെ പാരവശ്യമാണ്. ഇതേ പ്രവൃത്തി അയാൾ ചെയ്യുന്നത് തികഞ്ഞ നിസ്സംഗതയോടെയാണെങ്കിൽ വായനക്കാരനുമായി ഇത്തരം ഒരടുപ്പം സൃഷ്ടിക്കാൻ അയാൾക്ക്‌ ഒരിക്കലും സാധിക്കയില്ല. ചുരുക്കിപ്പറഞ്ഞാൽ നിസ്സംഗത ഒരുതരം ക്രൂരതയാണ്. സ്നേഹത്തിനായി യാചിക്കുന്ന കണ്ണുകളെയും ക്രോധം പ്രതീക്ഷിക്കുന്ന മനസ്സുകളെയും ഇത്രമേൽ ക്രൂരമായി കൈകാര്യം ചെയ്യാൻ മറ്റൊന്നിനും സാധിക്കുകയില്ല”.

അവന്റെ കണ്ണുകൾ പതിയെ പിന്നിലെ വിദ്വാനിലേക്കു നീണ്ടു. ഇപ്പോഴും തന്റെ പറുദീസാനഷ്ടത്തിൽ മനം നൊന്ത് തല താഴ്ത്തി ഇരിക്കുകയാണ് വിദ്വാനെന്ന് ഉറപ്പിച്ച് കണ്ണുകൾ തലച്ചോറിന് കയ്യൊപ്പില്ലാത്ത ഒരു സന്ദേശം അയച്ചു. ആ സന്ദേശം തലച്ചോറിന്റെ ഏതെല്ലാമോ ശല്കത്തിൽ തട്ടി പ്രതിധ്വനിച്ചിരിക്കണം.അവന്റെ വലത്തേ ചുണ്ട് ഒരൽപ്പം മുകളിലേക്ക് കയറുകയും,തല്ഫലമായി ക്രൂരമായ ഒരു ഭാവം അവന്റെ മുഖത്ത് നിഴൽ പോലെ വളരുകയും ചെയ്തു.പ്രതീക്ഷകളുടെ അന്ത്യത്തിലെത്രേ ക്രൂരതകളുടെ ആരംഭം.

“ഹാച്ഛൂ….”

ചില സാഹചര്യങ്ങളിൽ ജീവിതത്തിന്മേൽ മനുഷ്യനുള്ള നിയന്ത്രണത്തിന്റെ അത്രയും മാത്രമേ തലച്ചോറിന് തുമ്മുന്ന ശരീരത്തിന്മേലും ഉള്ളു. നാസദ്വാരത്തിലെ നാരുകളെയും കുഴലുകളിലെ ദ്രവങ്ങളെയും കബളിപ്പിച്ച് അകത്തുകടക്കുന്ന പൊടിപടലങ്ങൾ, അനിഷ്ടരായ അതിഥികൾ ജീവിതത്തിലും ഗൃഹങ്ങളിലും വരുത്തിവെക്കുന്നതുമാതിരിയുള്ള ഒരു പ്രതികരണം ശരീരത്തിലും ഉണ്ടാക്കുന്നു.അത്രമാത്രം…ഇത്തവണ പ്രതികരണത്തിന്റെ തൽഫലമായി തല അലമാരിയിൽ ഏൽപ്പിച്ച പ്രഹരത്തിന്റെ ആഘാതം കുറക്കാൻ, വനാന്തരങ്ങളെ സംരക്ഷിക്കാനുള്ള സന്ദേശം നൽകാനെന്ന വണ്ണം തിങ്ങി വളർന്ന മുടിക്കും സാധിച്ചില്ല. തലയിൽ കൈവെച്ച് നിലത്തിരുന്നുപോയ അവന്റെ തലയിലേക്ക്, അലക്ഷ്യമായി അലമാരിക്ക് മുകളിൽ വെച്ചിരുന്ന ഒരു പെട്ടി, ഒരു നീണ്ടയാത്രയുടെ ആലസ്യം പേറി മരക്കൊമ്പിൽ പറന്നിറങ്ങുന്ന ദേശാടനപ്പക്ഷിയെപ്പോലെ ചിറകു വിടർത്തി പറന്നിറങ്ങി. ഭൂതകാലത്തിലേക്കുള്ള ഒരു ഹ്രസ്വമായ വിനോദയാത്രയും തുടർന്ന് വന്ന പ്രവർത്തന-പ്രതിപ്രവർത്തനങ്ങളും സമ്മാനിച്ച അങ്കലാപ്പ് ഒന്നൊതുങ്ങിയപ്പോൾ മാത്രമാണ് പെട്ടിയിൽനിന്നും സ്വാതന്ത്ര്യം നേടിയ ക്യാമറ കണ്ണിൽ പെടുന്നത്.

“മാർക്കൊക്കെ കണ്ടു….നന്നായിരിക്കുന്നു..”

“ഉം”

“ഇങ്ങനെയുള്ള സമയത്തു സാധാരണ കുട്ടികളൊക്കെ എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ പറയുന്ന ഒരു കീഴ്വഴക്കം ഉണ്ട് .അറിയോ ??”

“എനിക്ക് ഒരു ക്യാമറ കിട്ടിയാൽ കൊള്ളാം എന്നുണ്ട്”

“ഉം ,എത്രയാവും?”

“പല മോഡൽ ഉണ്ട്. മോശമില്ലാത്ത ഒന്നിന് ഒരു ഇരുപതിനും മുകളിൽ ആവും ”

“ഉം , ആയിക്കോട്ടെ, നിന്റെ ആഗ്രഹല്ലേ”.

മൂന്നാം ദിവസം ക്യാമറ കയ്യിലെത്തി. കിട്ടാവുന്നതിൽ ഏറ്റവും നല്ലതിൽ ഒന്ന് തന്നെ.പക്ഷെ ക്യാമറ മാത്രം.നല്ല ചിത്രങ്ങളെടുക്കാൻ നല്ല ക്യാമറ മാത്രം പോരത്രേ…

ഒരു പൂച്ചക്കുഞ്ഞിനെ കയ്യിലെടുക്കുന്ന കൊച്ചുപയ്യന്റെ ശ്രദ്ധയോടെ അവൻ അതിനെ കയ്യിലെടുത്ത്, ബാൽക്കണിയുടെ വാതിലും തുറന്നു പുറത്തേക്കിറങ്ങി.

“ഫൂ…” . പെട്ടിക്കുള്ളിൽ ചിലവഴിച്ച വർഷങ്ങളിലെ സുഖസുഷുപ്തിയിൽ ക്യാമറക്ക് നിദാന്തസൗഹൃദം സമ്മാനിച്ച എണ്ണമറ്റ പൊടിപടലങ്ങൾ നിശ്ശബ്ദമായ നിലവിളികളോടെ ഇനിയും കനം വെക്കാതെ നിന്ന ഇളം വെയിലിൽ തുള്ളിക്കളിച്ച് ഏതോ വിസ്‌മൃതിയിൽ പോയി മറഞ്ഞു.

ഇനിയും പിണക്കം മാറാതെ നിന്ന ആകാശത്തിന്റെ പശ്ചാത്തലത്തിൽ കണിക്കൊന്നയുടെ രണ്ടു ക്ലിക്ക്.മോശമായിട്ടില്ല….

.ഈ ചിത്രങ്ങളല്ലാതെ അതിൽ കാര്യമായി ഒന്നും ഇല്ല. ആ വലിയ വീടിന്റെ ഒരു വിദൂരദൃശ്യം,അതിരിൽനിന്ന അരണമരത്തിന്റെ ഇടതുവശത്തായി അസ്തമനസൂര്യൻ, എവിടെനിന്നോ കിട്ടിയ ഒരു കശുവണ്ടിയുമായി ബാല്കണിയിൽ വിരുന്നു വന്ന ഒരണ്ണാൻ, പിന്നെ പടിഞ്ഞാറുവശത്തെ മുറിയിൽ നിന്നാൽ താഴെ കാണുന്ന റോഡിലൂടി കുട ചൂടി പോകുന്ന ഒരാൺകുട്ടിയുടെയും പെൺകുട്ടിയുടെയും മുകളിൽ നിന്നുള്ള ദൃശ്യം.അത്രമാത്രം… വളരെ വലിയ ആഗ്രഹമായിരുന്നു, ഒടുവിൽ എല്ലാം പെട്ടിയിൽ വച്ച് പൂട്ടി. നല്ല ചിത്രങ്ങളെടുക്കാൻ വില കൂടിയ ക്യാമറ മാത്രം പോരത്രേ..

ബാൽക്കണിക്ക് അതിരിട്ട് അരയാൾ പൊക്കത്തിൽ നിന്ന പ്രതലത്തിൽ ക്യാമറ വെച്ച് അവൻ അതിനു മുകളിൽ കയറി നിന്നു. എതിരെ വീശുന്ന കാറ്റിന്റെ ശക്തി തൂവലുകൾക്കിടയിൽ ആവാഹിക്കാനായി ചിറകുകൾ വിടർത്തുന്ന ഒരു അതികായനായ പക്ഷിയെപ്പോലെ അവൻ തന്റെ കൈകൾ ഇരുവശത്തേക്കും പരമാവധി വിടർത്തി. ഉപ്പൂറ്റി പതിയെ പൊക്കി തള്ളവിരലൂന്നി ഒരു നിമിഷം അങ്ങനെ നിന്നശേഷം താഴെയിറങ്ങി നിലത്തു കുനിഞ്ഞിരുന്ന് എന്തോ നഷ്ടപ്പെട്ടവനെപ്പോലെ കാൽവണ്ണയിൽ തിരയാൻ തുടങ്ങി. കാൽവണ്ണക്ക് തൊട്ടുമുകളിലായി മുറുകി മുറിപ്പെടുത്താതെ കിടന്ന കറുത്ത ചരട് ബാൽക്കണിയുടെ വാതിലും കടന്ന് മുറിക്കകത്തേക്ക് ഒരു നിശ്ശബ്ദശീൽക്കാരത്തോടെ ഇഴഞ്ഞുനീങ്ങി. അതിന്റെ മനംപുരട്ടുന്ന തണുപ്പും വഴുവഴുപ്പും തന്റെ കണങ്കാലിനെ പൊള്ളിക്കുന്നതായി അവനു തോന്നി.

കുത്തിയൊഴുകുന്ന പുഴക്ക് കുറുകെ കെട്ടിയ തൂക്കുപാലത്തിൽ നിലയുറക്കാത്തവൻ, കൈവരിയിലെന്നവണ്ണം ആ ചരടിനെ മുറുകെ പിടിച്ചുകൊണ്ടു അതിന്റെ ഉറവ് തേടി അവൻ മുറിക്കകത്തേക്ക് നടന്നു. കട്ടിലിന്റെ കിഴക്കേമൂലയിലെ കാലിനെ രണ്ടുവട്ടം വലം വെച്ച്, അലമാരയുടെ അടിയിലൂടെ മറുവശം ചാടി, ചുവരിലെ മരത്തിന്റെ വേരുകൾക്കിടയിലൂടെ മുറിയുടെ അതിർത്തിയും ലംഘിച്ച് അത് പുറത്തേക്കു പോയി. ചരടിൽ പിടിച്ച് വാതിൽക്കൽ വരെയെത്തിയ അവൻ ഒരു നിമിഷം അവിടെ നിന്നു. ചരട് ഇടനാഴിയിലൂടെ താഴേക്കുള്ള പിരിയൻ ഗോവണിയുടെ പടികൾ ഒഴുകിയിറങ്ങി അപ്രത്യക്ഷമായി. ചരട് അവന്റെ കയ്യിൽ നിന്നും ഊർന്ന് താഴെ വീണു.മുറിയുടെ വാതിൽ കൊട്ടിയടച്ച് അവൻ തിരികെ കട്ടിലിനരികെയെത്തി. തലേന്ന് രാത്രിയിലെ ഉറക്കത്തിനിടയിൽ നന്നേ വിയർത്തിരിക്കണം. ജീവനറ്റ ശരീരത്തിന് ചുറ്റും വരച്ചിട്ട ചോക്കുചിത്രം പോലെ ശരീരത്തിൽനിന്നൂർന്നിറങ്ങിയ വിയർപ്പുതുള്ളികൾ ചുവന്ന പരവതാനിയിൽ തീർത്ത തന്റെ ശരീരത്തിന്റെ രൂപം, ക്ഷീണിച്ചവശനായിക്കിടക്കുന്നതിൽ അവന്റെ കണ്ണുകളുടക്കി. സ്വപ്നങ്ങളില്ലാത്ത രാത്രികളിൽ, ക്ഷീണം സാരഥിയായ തേരിനുള്ളിൽ വിരാജിക്കുന്ന ഉറക്കത്തിന്റെ കനിവിനായി കാത്തുനിൽക്കുന്ന സർവശരീരങ്ങളും മൃതശരീരങ്ങൾ തന്നെ.

അവൻ നിലത്ത് കുനിഞ്ഞിരുന്നു.പിന്നെ പതിയെ പിന്നോട്ട് മറിഞ്ഞു. വിയർപ്പ് വരച്ച അതിരുകളിൽ സ്വയം തളച്ചിടാനെന്നവണ്ണം കൈകളുടെയും ഇടുപ്പിന്റെയും സ്ഥാനം സ്വല്പം മാറ്റിമറിച്ച് ഒരിക്കൽക്കൂടി താടി മേൽപ്പോട്ടാക്കി പുറത്തേക്കുനോക്കി. ജനലിനപ്പുറം അകാലവാർദ്ധക്യം പൂത്തുലഞ്ഞു.. കണ്ണുകൾ മെല്ലെ അടച്ചു. ജനൽ തീർത്ത അതിരുകളെ ബേദിച്ച് കണ്ണുകൾക്കുമുകളിൽ വീണ വെയിൽ ചെങ്കടൽ തീർത്തു, കണ്ണുകൾ ഒരിക്കൽക്കൂടി ചിമ്മിയടച്ചു. ചുവപ്പിന്റെ ലാജ്ഞന ലവലേശമില്ലാത്ത ഇരുട്ട്.

മണ്ണിൽ പുതയാത്ത, കാൽപ്പാടുകൾ തീർക്കാത്ത കാലടികൾ വച്ച് അവൻ ഒരു മലയുടെ ഉച്ചിയിലേക്കു കയറുകയാണിപ്പോൾ. മുകളിലേക്കുള്ള ഒറ്റയടിപ്പാതയുടെ ഇരുവശവും കൈവിരലുകൾക്കു സ്പർശിക്കാൻ വേണ്ടി മാത്രം ഉയരത്തിൽ ആരോ അളന്നു വളർത്തിയതുപോലെ നിന്ന പുൽച്ചെടികൾ, ഒരു മടങ്ങിവരവിനായി മാത്രം വിടചൊല്ലിയ മഴയുടെ, നനുത്ത തലോടലുകളുടെ ബാക്കിയായി അവശേഷിച്ച ഈർപ്പവും പേറി നിന്നു. അവക്ക് മുകളിലൂടെ വിരലോടിച്ചുകൊണ്ടുള്ള നടത്തത്തിലും അയഞ്ഞ വസ്ത്രങ്ങളെ ശരീരത്തിലൊട്ടിച്ചുകൊണ്ടു എതിരെ വീശിയ കാറ്റിനെ വിസ്മരിക്കാൻ കഴിയുമായിരുന്നില്ല. മലയുടെ ഉച്ചിയിലായി ഒരു മരം തനിയെ നിന്നു. പച്ചനിറം മാത്രം കാണുന്ന നിലത്തിനും, മഴക്കാർഉരുണ്ടു കൂടി കറുത്ത് കരുവാളിച്ചു നിന്ന ചക്രവാളത്തിനും ഇടയിലായി കാറ്റ് വിരലോടിക്കുന്ന ഇലകളുമായി നിന്ന ഒരു മരം. അതിനു ചുവട്ടിലായി അവളുടെ മടിയിൽ അവൻ കിടന്നു.ക്ഷീണിച്ചവശനായ അവന്റെ മുടിയിലൂടെ അവൾ തന്റെ വിരലുകളോടിച്ചു. അല്പസമയത്തേക്കു പിണങ്ങി നിന്ന മഴ തിരികെയെത്തി. ആ മരം തീർത്ത കുടക്ക് കീഴെ മരത്തടിക്കെതിരെ ചേർന്നിരുന്ന അവളുടെ മടിയിൽ തല വച്ചുറങ്ങിയ അവന്റെ കണ്ണുകളിലെ വെളിച്ചം അടഞ്ഞ പോളകൾക്കിടയിലൂടെയും കാണാമായിരുന്നു. അവളിൽ അവൻ സ്വതന്ത്രനായിരുന്നു. അതിർത്തികളില്ലാത്ത നിദ്രയുടെ ആഴങ്ങളിൽ, ശിശിരത്തിൽ പൊഴിഞ്ഞുവീണ ഒരിലപോലെ അവൻ തത്തിക്കളിച്ചു…..

Advertisements