‘എനിക്കൊരു കോപ്പുമില്ലെടാ, നീ എന്റെ കുളിസീൻ കാണിക്കുന്നെങ്കിൽ കാണിക്ക്’

398

ഞാൻ ഡിഗ്രി പഠിക്കുന്ന സമയത്ത് നടന്ന കാര്യമാണ്. വേറൊരു കോളേജിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ പോയിരുന്നു. സ്ത്രീകളെ സംബന്ധിച്ച വിഷയമായിരുന്നു. ടോപിക് എന്താണെന്ന് ഓർമ്മയില്ല. വിഷയാവതരണം കഴിഞ്ഞപ്പോൾ ചോദ്യങ്ങൾ ചോദിക്കാനുള്ള സമയമാണ്. സ്ത്രീകളുടെ മാന-അഭിമാനത്തെക്കുറിച്ചൊക്കെ പരാമർശമുണ്ടായിരുന്നു. ആ സമയത്ത് ബലാത്സംഗ വാർത്തകളെ പത്രക്കാർ കൊടുത്തിരുന്നത് മാനഭംഗമെന്നായിരുന്നു. എന്തുകൊണ്ടാണ് ഈ ‘മാനം’ സ്ത്രീകൾക്കു മാത്രം ബാധകമാകുന്നത് എന്ന് ഞാൻ ചോദിച്ചു.

May be an image of 3 people, people standing and textഎനിക്ക് അന്ന് വ്യക്തമായ ഒരുത്തരം കിട്ടിയില്ല. വിഷയ അവതരണം നടത്തിയ ആൾ പറഞ്ഞ മറുപടി എനിക്ക് വ്യക്തമായി ഓർത്തെടുക്കാൻ പറ്റാത്തതാണോ എന്നു മറിയില്ല. എന്തായാലും വർഷങ്ങൾ വേണ്ടി വന്നു എനിക്കത് മനസിലാക്കിയെടുക്കാൻ.

മലയാളത്തിലെ മികച്ച crime thriller-കളിൽ ഒന്നായ ദൃശ്യത്തിന്റേയും ദൃശ്യം2 ന്റേയും കഥയ്ക്ക് ആധാരമായ സംഭവവും ആ കുടുബത്തിലെ പെൺ കുട്ടിക്ക് സംഭവിച്ച ‘മാനക്കേടാ ‘ണ്. തന്റെ കുളിമുറി ദൃശ്യങ്ങൾ കാട്ടി വിരട്ടുമ്പോൾ ‘എനിക്കൊരു കോപ്പുമില്ലെടാ, നീ എന്താണെന്നു വെച്ചാൽ കാണിക്ക് ‘ എന്നു പറയാനുള്ള കരുത്ത് അവൾക്കില്ലാതെ പോയതു കൊണ്ടു മാത്രമാണ് കൊലപാതകവും തുടർന്ന് ജോർജുകുട്ടിക്ക് ഈ പെടാപ്പാടെല്ലാം നടത്തേണ്ടി വന്നതും.

പക്ഷേ ആ മനക്കരുത്ത് അവൾക്ക് ഒറ്റയ്ക്കു കിട്ടില്ല. രക്ഷിതാക്കളും സമൂഹവുമാണ് അവൾക്ക് നൽകേണ്ടത്. ആണായാലും പെണ്ണായാലും ശരീരമെല്ലാo ഒരു പോലെയാണെന്നും വിശുദ്ധി സൂക്ഷിക്കാനായി പെണ്ണിന് പ്രത്യേകമായി ഒരു ബാധ്യതയുമില്ലെന്നും ഉള്ള തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. അങ്ങനെ നോക്കുമ്പോൾ ദൃശ്യവും ദൃശ്യത്തിന്റെ രണ്ടാം ഭാഗവും മുന്നോട്ടു വെക്കുന്ന പൊളിറ്റിക്സ് സദാചാരത്തിൽ പൊതിഞ്ഞതാണ്.ഇന്നത്തെ കേരളീയ പരിസരത്തിൽ അത് ചർച്ച ചെയ്യപ്പെടേണ്ടതാണ്.

**

ഒരു മറുകുറിപ്പ്

ആശയം വളരെ ശരിയാണ്. സമ്പൂർണ്ണമായും യോജിക്കുന്നു. പക്ഷെ ‘ദൃശ്യം’ കഥ പറയുന്നത് ഒരു നാട്ടിൻപുറത്തെ, സാധാരണ കുടുംബപശ്ചാത്തലത്തിൽ നിന്നുമാണ്. അവർക്ക് അങ്ങനെ ചിന്തിക്കാനെ കഴിയൂ. മറിച്ച് ഒരു നിലപാട് അവർ എടുത്താലാണ് അത്ഭുതം. രണ്ടാം ഭാഗത്തിൽ വേണമെങ്കിൽ ഇത്തരമൊരു ആദർശധീരത ഇരയായ പെണ്കുട്ടിക്ക് ആരെങ്കിലും ഉപദേശിക്കുന്നതായി കാണിക്കാം, പക്ഷെ അതെല്ലാം സംവിധായകന്റെ ചോയ്സ് ആണ്. അയാളുടെ ഏരിയ ഓഫ് ഫോക്കസ് എന്ത് എന്നത് അനുസരിച്ച് ഇരിക്കും.
ഇനി, ഉദാത്തമായ അർത്ഥത്തിൽ ‘ചുമ്മാ ആവശ്യമില്ലാത്ത സദാചാരവും പൊക്കി പിടിച്ചോണ്ട് ഇരുന്നാൽ ജീവിതകാലം ഇങ്ങനെ നരകിച്ച് തീർക്കാം’ എന്ന് മനസ്സിലാക്കിയാലും അത് തെറ്റാകില്ലല്ലോ .

രണ്ട് സിനിമയിലും ഒരിടത്തും ജോർജ്ജ്കുട്ടി ചെയ്തതാണ് ശരി എന്ന് പറഞ്ഞുവയ്ക്കുന്നില്ല. അയാൾക്ക് തെറ്റ് ചെയ്യേണ്ടി വരുന്ന സാഹചര്യം അയാളുടെ സാമൂഹ്യപശ്ചാത്തലം തന്നെയാണ്. ഈ സംഭവം ഒരു നഗരത്തിൽ വച്ചാണ് സംഭവിക്കുന്നത് എങ്കിൽ സിനിമ ഇങ്ങനെയെ ആകില്ല. സമൂഹത്തിന്റെ സദാചാര ബോധം മുന്നിട്ട് നിൽക്കുന്ന ഗ്രാമപ്രദേശത്ത് വളർന്നത് കൊണ്ടാണ് ആ പെണ്കുട്ടി ഈ ചെറിയ കാര്യത്തിൽ ഇത്ര നെർവസ് ആകുന്നതും അവളുടെ അമ്മ അതേ രീതിയിൽ പ്രതികരിക്കുന്നതും. ജോർജ്ജ്കുട്ടി കഷ്ടപ്പെടുന്നത് മകളുടെ ചാരിത്ര്യം രക്ഷിക്കാൻ അല്ല; മറിച്ച് കൊലപാതകം മറച്ച് വയ്ക്കാൻ ആണ്. അന്ന് വരുണിനെ റാണിയും മകളും കൊന്നില്ലായിരുന്നെങ്കിൽ അയാൾ ഈ കഷ്ടപ്പാട് ഒന്നും പെടില്ല. സിനിമ ശ്രദ്ധിച്ച് കണ്ടാൽ അത് മനസ്സിലാകും.

ഒരുത്തൻ വന്നു കുളിമുറി സീൻ കാണിക്കുമ്പോൾ എനിക്കൊരു കോപ്പുമില്ല എന്ന് പറഞ്ഞ് വിട്ടായിരുന്നെങ്കിൽ നന്നായേനെ എങ്കിൽ…. ലൈംഗിക ദാരിദ്ര്യം കൊണ്ട് മാത്രം ജീവിക്കുന്ന കേരളീയ സമൂഹത്തിലെ പുരുഷന്മാരിലേക്ക് ഒരു സ്ത്രീയുടെ നഗ്നമായ വിഡിയോ വന്നാലുണ്ടാകുന്ന ആഫ്റ്റർ എഫക്ടസ് ആ കൊലപാതകം കുടുംബത്തിൽ ഉണ്ടാക്കിയതിനേക്കാൾ വലുതായിരിക്കും. ഒന്ന് ഫ്രീ ആയിട്ട് നാട്ടിലൂടെ നടക്കാൻ പോലും ആ കുട്ടിക്ക് ആകില്ല, സ്കൂളിൽ, കോളേജിൽ അങ്ങനെ അവൾ പോകുന്നിടത്തെല്ലാം ആ വിഡിയോയുടെ പേരിൽ അവൾ അപമാനിതയാകും. നീ പോയി പണി നോക്കാൻ അവൾക്ക് പറയാമായിരുന്നു, കേരളത്തിലെ പുരുഷന്മാർ ഒക്കെ ലൈംഗിക ദാരിദ്ര്യം ഇല്ലാത്ത ഉത്തമന്മാർ ആയിരുന്നെങ്കിൽ