ക്രിക്കറ്റിൽ രാഹുൽ ദ്രാവിഡ് എന്തായിരുന്നോ അതായിരുന്നു ഒരു കാലത്തെ ജയറാമേട്ടൻ

84

Nijith Uppott

ക്രിക്കറ്റിൽ രാഹുൽ ദ്രാവിഡ് എന്തായിരുന്നോ അതായിരുന്നു ഒരു കാലത്തെ ജയറാമേട്ടൻ..മിനിമം ഗ്യാരന്റി ഉറപ്പ്..ചില സിനിമകളിൽ ജയറാമേട്ടന്റെ ചെറു ചലനം പോലും കണ്ടിരിക്കാൻ ഭയങ്കര രസമാണ്.. സൂക്ഷ്മാഭിനയത്തിന്റെ ദൃശ്യാവിഷ്ക്കാരം എന്ന് തന്നെ പറയണം…വർഷങ്ങളായി മികച്ച തിരക്കഥകളുടെ ഭാഗമായ ഒരു നടൻ ,മികവുറ്റ സംവിധായകരുടെ കീഴിൽ അഭ്യാസം പഠിച്ച ഒരു നടൻ, അയാളുടെ എക്സ്പീരിയൻസ് പൂർണ്ണമായും വിനിയോഗിച്ച ധാരാളം മുഹൂർത്തങ്ങൾ ആ കരിയറിൽ ഉണ്ടായിട്ടുണ്ട്..അവയിൽ ഏറ്റവും ഇഷ്ട്ടം തോന്നിയ രണ്ട് സീനുകൾ..
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് (2002)
(നടന്ന് വരുന്ന രാമു)
രാമു:”പോളേട്ടാ ,ജ്യോതി പോയിട്ടോ”
പോളേട്ടൻ :”ങേ ‘’
രാമു:’ജ്യോതി നാട്ടിലേക്ക് പോയി ‘’
(രാമു ചുറ്റിലും നോക്കുന്നു)
രാമു:’ഒന്നിങ്ങു വന്നേ ‘’
(പോളേട്ടന്റെ കൈ പിടിച്ചു മാറ്റി നിർത്തുന്നു)
രാമു:’’അവള് പോകുന്നേന് മുൻപ് പോളേട്ടനെ കാണുകയോ വല്ലതും പറയുകയോ ചെയ്തോ ‘’
പോളേട്ടൻ :’’എന്തേ ‘’
രാമു:’’അല്ല ചോദിച്ചതിന് സമാധാനം പറ ‘’
പോളേട്ടൻ :’’ഞാനവളെ കണ്ടിട്ടില്ല എന്തിണ്ടായി.. അവളെങ്ങോട് പോയി ‘’
രാമു:’’നാട്ടിലേക്ക് പോയി..കല്യാണാത്രേ അവളുടെ കല്യാണം’’
പോളേട്ടൻ :’’അത്രേ ഉള്ളൂ..ഞാൻ കരുതി അവള് നിന്റെ സാധനങ്ങള് വല്ലതും കട്ടോണ്ട് പോയി എന്ന്..ഒരു നല്ല കാര്യത്തിനല്ലേ അവള് പോയത്’’
രാമു:’’എന്നാലും പോളേട്ടനോട് ഒരു വാക്ക് പോലും പറയാതെ അവള് പോയില്ലേ.. ഒന്നാലോചിച്ചു നോക്കൂ നമ്മളൊക്കെ ഒരു കുടുംബം പോലെ കഴിഞ്ഞിട്ട്.. നാലരക്കുള്ള ബസ്സിന് പോവാണ് അതിന് മുൻപ് ഫ്ലാറ്റില് വാന്ന് അവളെന്നോട് പറഞ്ഞു… ഞാനിത്തിരി വൈകി എന്നുള്ളത് സത്യാ..ഒരു വാക്ക് നേരെത്തെ എന്നോട് പറഞ്ഞിരുന്നെങ്കിൽ രാത്രി വണ്ടിക്ക് എമെർജൻസി ക്വാട്ട ഞാൻ റിലീസ്
ചെയ്ത് കൊടുക്കായിരുന്നല്ലോ..കല്യാണ കാര്യമൊക്കെ ഇങ്ങനെ ലാസ്റ്റ് മിനിട്ടിലാണോ പറയുന്നത്, അതാണോ അതിന്റെ ഒരു മര്യാദ ‘’
പോളേട്ടൻ :’’അതിന് നീയെന്താ നിന്റെ കാർബ്യുറേറ്റർ ഇത്ര ചൂടാക്കണേ ‘’
രാമു:’’അല്ല ഞാൻ ‘’
പോളേട്ടൻ :’’ആ ഉവ്വ.. നീ കാര്യം പറയെടാ ചെക്കാ ‘’
രാമു:’’അതേ ഈ എനിക്കിത്തിരി വിഷമം ഉണ്ട് പോളേട്ടാ ..നമ്മുടെയൊക്കെ സ്വന്തം വീട്ടിലെ കുട്ടിയെ പോലെയല്ലേ ജ്യോതിയെ കണ്ടിരുന്നത് ‘’
പോളേട്ടൻ :’’ഞാൻ അങ്ങനെ കണ്ടിരുന്നില്ല നീ കണ്ടിരുന്നോ…
(രാമു പരുങ്ങുന്നു)
പോളേട്ടൻ: “നിന്റെ അസുഖം എന്താണെന്ന് ആദ്യം തുറന്ന് പറ.. പ്രേമാണോ… പറയെടാ ‘’
രാമു: ‘’ദേ പോളേട്ടാ ഞാൻ ‘’
പോളേട്ടൻ:’’ജന്മനാ ഉള്ള ഭയം കാരണം നിനക്ക് അവളോട് അത് പറയാൻ കഴിഞ്ഞില്ല..അവളങ്ങു പോയി അതല്ലേടാ സത്യം ‘’
രാമു:’’സത്യം മണ്ണാകട്ട ..ഒരു മനഃശാസ്ത്രജ്ഞൻ വന്നിരിക്കുന്നു ..ഇത്തിരി സ്വസ്ഥത കിട്ടുമെല്ലോന്ന് വിചാരിച്ചിട്ടാ ഇങ്ങോട്ട് വന്നത് ‘’
പോളേട്ടൻ :’’രാമൂ അവിടെ നിന്നേ’’
രാമു:’’വേണ്ടാന്ന് ‘’
പോളേട്ടൻ :’’ഡാ.. നിക്കടാ’’
രാമു:’’വേണ്ടാന്നേ’’
രാമു എന്ന അപകർഷതാ ബോധമുള്ള കാമുകൻ അനുഭവിക്കുന്ന തീവ്രമായ ആത്മസംഘർഷം ഒരു തുള്ളി പോലും ചോർന്ന് പോകാതെ ജയറാമേട്ടൻ കാട്ടി തന്ന സീൻ…ജ്യോതി വിവാഹിതയാവാൻ പോവുന്നു എന്ന് പെട്ടെന്ന് അറിഞ്ഞതിന്റെ ഷോക്ക്,അടിച്ചേൽപ്പിക്കപ്പട്ട ജോലി കാരണം അവസാനമായി ജ്യോതിയെ ഒന്ന് കാണാൻ പറ്റാതെ പോയതിന്റെ സങ്കടം,നഷ്ട്ട ബോധം,ടെൻഷൻ ഇതെല്ലം ഉള്ളിലൊതുക്കിയാണ് പോളേട്ടനെ കാണാൻ രാമു വരുന്നത്…
ഇതൊക്കെ ആണെങ്കിലും ജ്യോതിയോട് മനസ്സിൽ സൂക്ഷിച്ചിരുന്ന പ്രണയമെന്ന വികാരം പോളേട്ടനോട് നേരിട്ട് പങ്ക് വെക്കാൻ രാമുവിന്റെ അഭിമാന ബോധം സമ്മതിക്കുന്നുമില്ല പക്ഷെ ഉള്ളിലുള്ള സങ്കടം ആരോടെങ്കിലും ഒന്ന് പറയുകയും വേണം…രാമുവിന്റെ മുഖഭാവങ്ങളിലും, ചലനങ്ങളും, അസ്വസ്ഥമായ സംസാരത്തിലും എന്താണ് പറയാനുള്ളതെന്ന് പോളേട്ടനും പ്രേക്ഷകർക്കും വ്യക്തവുമാണ്..അകെ ആടിയുലഞ്ഞുള്ള നടത്തം,ചിതറിക്കിടക്കുന്ന തലമുടി,പോളേട്ടനോട് സംസാരിക്കുന്നത് മറ്റാരെങ്കിലും കേൾക്കുന്നുണ്ടോ എന്നുള്ള നോട്ടം ,കൈകളുടെ ചലനം ഇതൊക്കെ ജയറാമിന് മാത്രം സാധിക്കുന്ന ഒന്നാണ്..മാത്രമല്ല വളരെയേറെ സീരിയസ് ആവേണ്ട ഒരു രംഗം രാമുവിന്റെ സങ്കടം പറിച്ചലും പോളേട്ടന്റെ സംശയ ദൃഷ്ടിയോടെയുള്ള ചോദ്യം ചെയ്യലും കൊണ്ട് നമ്മളെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്നു..


കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് (1997)
കൃഷ്ണഗുഡിയെന്ന ചെറിയ ഒരു റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ ജോലി ഗിരിയെ പൂർണ്ണമായും മടുപ്പിച്ചിരുന്നു..നാട്ടിലേക്ക് ഒരു ട്രാൻസ്ഫറിനായി അയാൾ കിണഞ്ഞു പരിശ്രമിക്കുകയാണ്..അപ്പോഴാണ് പവിയേട്ടന്റെ ബന്ധു മീനാക്ഷി അവിടേക്ക് വരുന്നത്.. മീനാക്ഷിയോടുള്ള പ്രണയം പൂത്തുലഞ്ഞു നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ട്രാൻസ്ഫർ ഓർഡർ വരുന്നത്..വളരെ കഷ്ട്ടപ്പെട്ട് ആ ഓർഡർ ക്യാൻസൽ ചെയ്യിച്ച ശേഷം പവിയേട്ടന്റെ കൂടെ ജീപ്പിൽ ഗിരി ഒപ്പം വരുന്ന സീൻ ..
പവിയേട്ടൻ:”എന്തായിപ്പോ പെട്ടെന്ന് ട്രാൻസ്ഫർ
വേണ്ടാന്ന് തോന്നാൻ കാരണം ..നാട്ടിനടുത്തു കിട്ടിയിട്ട്’’
ഗിരി:‘’ഇനി പുതിയൊരു സ്ഥലത്ത്…പുതിയൊരു ചുറ്റുപാടില്…അവിടെ ചെന്നാലും ഇങ്ങനൊക്കെ തന്നെ ജീവിതം… ഇവിടാകുമ്പോ പവിയേട്ടനുണ്ട്, ഉമേച്ചിയുണ്ട്, കുമ്മാട്ടിയുണ്ട്, ജോസ് ഉണ്ട്’’
പവിയേട്ടൻ:‘’അതെന്താ മീനാക്ഷിയുടെ പേര് പറയാത്തത് നീ’’
ഗിരി : (ശബ്ദം മാറുന്നു) ‘’മീനാക്ഷിയുണ്ട്.. ഒണ്ടല്ലോ ..ഹ്’’
പ(വിയേട്ടൻ വണ്ടി ഒതുക്കി നിർത്തുന്നു)
പവിയേട്ടൻ : (മീശ ഒന്നൂടെ പിരിച്ചു വെച്ചിട്ട്)
‘’ഇറങ്ങടാ അങ്ങോട്ട് ..
ഗിരി: ”ങ്ഹേ”
പവിയേട്ടൻ :”ഡാ ഇറങ്ങാൻ’’
(ഗിരി പുറത്തിറങ്ങി വണ്ടിയുടെ ബോണറ്റിൽ വിരല് കൊണ്ട് വരഞ്ഞുള്ള ഒരു നിൽപ്പ് )
പവിയേട്ടൻ :‘’നിന്റെ മുഖത്തെന്താ ഒരു ചളിപ്പ്’’
ഗിരി :‘’ഹേയ് ‘’
പവിയേട്ടൻ :‘’മുഖത്ത് നോക്കടാ..എവിടം വരെയായി’’
ഗിരി :‘’എന്ത്‘’
പവിയേട്ടൻ: ‘’പ്രേമം‘’
ഗിരി : ( തല കുനിയുന്നു) ‘’ജോസ് വല്ലതും പറഞ്ഞോ’’
പവിയേട്ടൻ :‘’എടാ നിന്റെ മനസ്സിൽ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ആദ്യം എന്നോടല്ലേടാ പറയേണ്ടത്’’
പവിയേട്ടൻ : (തോളിൽ അടിക്കുന്നു) ‘’അല്ലേന്ന്’’
ഗിരി : (പവിയേട്ടന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട്)‘’അവളെ എനിക്ക് കെട്ടിച്ചു തരുവോ പവിയേട്ടാ’’
എന്തൊരു ക്യൂട്ട് ആണ് ഈ മനുഷ്യൻ..പവിയേട്ടന്റെ സ്ഥാനത്ത് ആരായിരുന്നെങ്കിലും പെങ്ങളെ കെട്ടിച്ചു കൊടുക്കാൻ സമ്മതിച്ചേനെ..
ഇത്രയും അനായാസമായി അഭിനയം കാഴ്ച വെക്കുന്ന ഒരു നടനെ കുറച്ചു കാലമായി മലയാള സിനിമാക്കാർ വേണ്ട വിധം പരിഗണിക്കുന്നില്ല എന്നത് സങ്കടകരമാണ്..റോളുകൾ അന്വേഷിച്ചു പോകുന്നതിലും കരിയർ കെട്ടിപ്പടുക്കുന്നതിലും ജയറാമിനും വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടാകാം…എന്ത് തന്നെയായാലും ഒരൊറ്റ നല്ല സിനിമ കൊണ്ട് തിരിച്ചു വരാവുന്ന ദൂരമൊക്കെയേ പ്രേക്ഷകരും ,ജയറാമേട്ടനും തമ്മിലുള്ളൂ എന്നതാണ് സത്യം.. അങ്ങനെയൊരു ഗംഭീരൻ തിരിച്ചു വരവുണ്ടാവട്ടെ..നമ്മുടെ ചുറ്റുവട്ടത്തെ രാമുവും, റെജിയും ,ഗിരിയുമൊക്കെ പുനർജനിക്കട്ടെ…