ചാക്കോച്ചനിലെ നടനെ ഉരുക്കിയെടുക്കാൻ കഴിവുള്ള സംവിധായകർ വിചാരിച്ചാൽ നല്ല പത്തര മാറ്റ് തങ്കം തന്നെ കിട്ടും

100

Nijith Uppott

“കുഞ്ചാക്കോ ബോബൻ സുന്ദരനാണ്,നല്ല ഡാൻസറാണ്,റൊമാന്റിക് സീനുകളിലോക്കെ കൊള്ളാം.. പക്ഷെ ഒരു ആക്ടർ എന്ന നിലയിൽ അയാളൊരു പരാജയമാണ്..അഭിനയത്തിൽ ഒരു ഇമ്പ്രൂവ് മെന്റും ഇല്ലാത്ത നടൻ..ഇത്രയും വർഷം മലയാളം പോലൊരു ഇൻഡസ്ട്രിയിൽ അയാൾ പിടിച്ചു നിന്നത് തന്നെ വലിയ ഒരു അത്ഭുതമാണ്”-

സിനിമ ചർച്ചയ്ക്കിടയിൽ ഒരു സുഹൃത്തിന്റെ അഭിപ്രായ പ്രകടനം ആണ് മുകളിൽ പറഞ്ഞത്-ഇത് ഒരു പൊതു അഭിപ്രായം ആയി കണക്കാക്കാൻ പറ്റില്ലെങ്കിലും വളരെ അണ്ടർ റേറ്റഡ് ആയി പോയൊരു നടൻ ആണ് ചാക്കോച്ചൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..കുഞ്ചാക്കോ ബോബനെ പറ്റി പറയുമ്പോൾ മിക്ക ആളുകളും അയാളുടെ റൊമാന്റിക് ചിത്രങ്ങളെ പറ്റിയും, ഡാൻസിനെ പറ്റിയും,വ്യക്തി ജീവിതത്തിലെ സൗമ്യമായ പെരുമാറ്റത്തെ പറ്റിയുമാണ് സംസാരിക്കുക..എന്ത് കൊണ്ടാണ് നമ്മുക്ക് അയാളിലെ അഭിനേതാവിനെ മാത്രം അംഗീകരിക്കാൻ സാധിക്കാത്തത്..ശരിക്ക് കുഞ്ചാക്കോ ബോബൻ ഒരു മോശം നടനാണോ. തീർച്ചയായും റൊമാന്റിക്/ സോങ്‌സ് / ഡാൻസ് മേഖലകൾ കുഞ്ചാക്കോ ബോബന്റെ സ്ട്രോങ്ങ് സോൺ ആണ്..മിക്ക ആളുകളും അതെല്ലാം ഇഷ്ടപ്പെടുകയും ചെയ്യുന്നു..പക്ഷെ 23 വർഷം മലയാളത്തിലെ മുൻ നിര താരമായി ചാക്കോച്ചൻ പിടിച്ചു നിന്നത് സ്ട്രോങ്ങ് സോണിനെ മാത്രം ആശ്രയിച്ചിട്ടല്ല..ഒരു ആക്ടർ എന്ന നിലയിൽ ചാക്കോച്ചൻ സ്വയം അടയാളപ്പെടുത്തിയ മികച്ച പ്രകടനങ്ങൾ ഒന്ന് പരിശോധിക്കാം.

ചാക്കോച്ചനിലെ നടനിലെ മിന്നലാട്ടങ്ങൾ ആദ്യം കണ്ടത് ‘മയിൽപ്പീലിക്കാവി’ലെ കൃഷ്ണനുണ്ണിയിലാണ്. മലയാളത്തിൽ ആദ്യമായി പാരാ സൈക്കോളജിയും, ടെലിപ്പതിയും,പുനർജന്മവും പറഞ്ഞ മിസ്റ്ററി / ത്രില്ലർ ഗണത്തിൽ പെട്ട ചിത്രമായിരുന്നു മയിൽപ്പീലിക്കാവ്.. കുട്ടിമാണിയെ കൊലപ്പെടുത്തിയതിന് വധശിക്ഷ വിധിക്കപ്പെട്ട കൃഷ്ണനുണ്ണി തൂക്കാൻ കൊണ്ട് പോകുന്നതിന് തൊട്ട് മുൻപ് ശാന്തതയും, സമചിത്തതയും കൈവരിച്ച് മൃദു മന്ദഹാസത്തോടെ മധുപാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെവിയിൽ ”ചതിച്ചു അല്ലേ” എന്നൊരു ചോദ്യം ചോദിക്കുന്നുണ്ട്.. അവിടെ ആ ചോദ്യത്തിലും മുഖ ഭാവത്തിലും ക്രീയേറ്റ് ചെയ്യപ്പെടുന്ന ഒരു ഭയമുണ്ട്…തിലകന്റെ വല്യത്താനെയും, നരേന്ദ്രപ്രസാദിന്റെ രാഹുലേയനെയും പുകഴ്ത്തിയപ്പോൾ കൃഷ്ണനുണ്ണിയുടെ പ്രകടനം പലരും മറന്നു…


കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് ആയി ഇപ്പോഴും തോന്നുന്ന ചിത്രമാണ് ‘കസ്തൂരിമാൻ’… ബിസിനസ്സ് പാരമ്പര്യമുള്ള അതി സമ്പന്ന കുടുംബത്തിൽ ജനിച്ചിട്ടും പിന്നീട് കടം കേറി മുടിഞ്ഞ തറവാട്ടിലെ കോളേജ് വിദ്യാർത്ഥി സാജൻ ആലുക്കയായി മികച്ച കയ്യടക്കത്തോടെയുള്ള പ്രകടമാണ് ചാക്കോച്ചൻ കാഴ്ച വെച്ചത്. ചാക്കോച്ചൻ തന്നെ ഒരിക്കൽ പറഞ്ഞ പോലെ സാജൻ ആലുക്ക ആത്മകഥാംശമുള്ള കഥാപാത്രം ആണെന്നുള്ളതും ആ മികച്ച പ്രകടനത്തിന് പിൻബലമേകിയിട്ടുണ്ടാവാം.. ക്ളൈമാക്സിൽ അച്ഛനുമായുള്ള സീൻ ഫേവറിറ്റ് ആണ്..
അപ്പച്ചൻ : ”നിനക്കൊരു കൂട്ട് വേണ്ടേ മോനേ”
സാജൻ :”എനിക്ക് കൂട്ട് ഉണ്ടല്ലോ അപ്പച്ചാ..ജയിലിൽ ആണെങ്കിലും അവൾ എന്റെ കൂടെയുണ്ട്..അത് മതി..അത് മതിയെനിക്ക്..”
അപ്പച്ചൻ :”അവള് പുറത്തെറങ്ങാൻ ഇനി ഒൻപത് കൊല്ലം കഴിയണം”
സാജൻ : ”ഒൻപത് കൊല്ലം ഒൻപത് ദിവസം പോലെ പോവും..പക്ഷെ വേറൊരു കൂട്ട് എനിക്കില്ലപ്പച്ചാ” (സ്‌മൈൽ / ബിജിഎം) ❤️
നടനെന്ന നിലയിൽ കുറച്ചെങ്കിലും അംഗീകാരം വിമർശകർ നൽകിയ ചിത്രവും ലോഹിതദാസിന്റെ കസ്തൂരിമാൻ തന്നെയാവും.


മലയാള സിനിമയുടെ ഒരു പ്രധാന നാഴികക്കല്ലായി വിശേഷിക്കപ്പെടുന്ന ‘ട്രാഫിക്കി’ലെ നിർണ്ണായക കഥാപാത്രമായ ഡോ.ഏബൽ.. ഭാര്യയുടെയും ,ആത്മാർത്ഥ സുഹൃത്തിനെയും വഞ്ചനയിൽ സമനില തെറ്റുന്ന രംഗങ്ങളെല്ലാം ചാക്കോച്ചന്റെ മികവ് വരച്ചു കാട്ടുന്നുണ്ട് ..കൂട്ടുകാരന്റെ മൊബൈൽ നോക്കി സ്വന്തം ഭാര്യ അയാളുടെ കാമുകി ആണെന്ന് തിരിച്ചറിയുമ്പോൾ ഉള്ള മുഖഭാവം…കാറിൽ തൊട്ടടുത്ത് ഇരുന്ന കൂട്ടുകാരൻ സേഫ്റ്റി മെഷേഴ്സിന്റെ കാര്യമടക്കം തന്റെ ഭാര്യയോട് ആണ് സംസാരിച്ചത് എന്ന് തിരിച്ചറിയുമ്പോൾ ഉള്ള ഞെട്ടൽ.. നിസ്സഹായതയും, പകയും ,വെറുപ്പും, വിഡ്ഢിയാക്കപ്പെട്ടെന്ന തോന്നലും അയാളിൽ ഒരു പോലെ തികട്ടി വരുന്നു..ജീവൻ രക്ഷിക്കാൻ ബാധ്യസ്ഥനായ ഒരു ഡോക്ടർ ഒരു ജീവൻ എടുക്കാൻ തീരുമാനിക്കുമ്പോൾ (അതും സ്വന്തം ഭാര്യയുടെ തന്നെ) ഉണ്ടാവുന്ന മാനസിക സംഘർഷങ്ങൾ അണുകിട തെറ്റാതെ ഏബിലിൽ കാണാം…മാത്രമല്ല സ്വയം രക്ഷപെടാൻ ഉള്ള വ്യഗ്രതയിൽ മറ്റൊരു പെൺകുട്ടി ഹോസ്പിറ്റലിൽ ജീവന് വേണ്ടി പിടയുന്നതും ഏബിൽ കാണുന്നില്ല..”എന്റെ മോളുടെ ജീവനേക്കാൾ വലുതല്ല നിങ്ങളുടെ ഒരു പ്രശ്നവും” എന്ന് ആ പെൺകുട്ടിയുടെ അമ്മ ഫോണിൽ അലറി പറയുമ്പോഴാണ് ചെയ്ത് കൂട്ടുന്ന തെറ്റുകളുടെ ആഴം ഏബിലിന് ബോധ്യം വരുന്നത്..അത് വരെയുള്ള സമയമത്രയും അയാൾ ഡോക്റ്റർ പോയിട്ട് ഒരു മനുഷ്യൻ പോലും ആയിരുന്നില്ല..


വൈശാഖിന്റെ ഏറ്റവും മികച്ചതായി കണക്കാക്കാവുന്ന സിനിമയാണ് ‘വിശുദ്ധൻ’ വാവച്ചന്റെ ഓൾഡേജ് ഹോമിലെ പ്രവർത്തനങ്ങൾ പുറത്തെത്തിക്കാൻ ചാക്കോച്ചന്റെ കഥാപാത്രമായ ഫാദർ സണ്ണി സിസ്റ്റർ സോഫിയുടെ സഹായത്തോടെ ശ്രമിക്കുന്നു…ആ ശ്രമം അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.. സണ്ണിയച്ചനുമായി അവിഹിതം ആരോപിച്ച് സഭ സോഫി സിസ്റ്ററെ മാത്രം പുറത്താക്കാൻ തീരുമാനിക്കുന്നു.. സഭയുടെ തീരുമാത്തോട് വിയോജിച്ച് സണ്ണി തനിക്ക് ഏറെ പ്രീയപ്പെട്ട ളോഹ ഊരി സഭാ ജീവിതത്തോട് വിട പറയുന്നു … സോഫിയുടെ കൈ പിടിച്ച് സണ്ണി പുതിയ ജീവിതത്തിലേക്ക് കടക്കുന്നു..പടത്തിലുടനീളം പ്രത്യേകിച്ച് ക്ലൈമാക്സ് സീനിലൊക്കെ ചാക്കോച്ചന്റെ മികവുറ്റ പ്രകടനം കാണാം..പള്ളീൽ അച്ചനിൽ നിന്നും നല്ലൊരു ഭർത്താവിലേക്കും അവിടുന്ന് ഒരു കൊലയാളിയിലേക്കും നീളുന്ന ട്രാൻസ്ഫോമേഷൻ… ചാക്കോച്ചന്റെ അണ്ടർ റേറ്റഡ് പെർഫോമൻസിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിശുദ്ധൻ..❤️


വാക്കിലും നോക്കിലും നടപ്പിലും നിഗൂഢതകൾ ഒളിപ്പിച്ചു വെച്ച ‘വേട്ട’യിലെ മെൽവിൻ ഫിലിപ്പ്..❤️
”ഈ സെലിബ്രിറ്റിസിന്റെ ലൈഫ് എന്ന് പറയുന്നത് നമ്മുടെ കൂട്ടല്ല.. അവരുടെ ലൈഫിൽ എല്ലാം ബെറ്ററാണ്.. ബെറ്റർ ഫുഡ് ,ബെറ്റർ ക്ലോത്‌സ് എവരിതിങ് ഈസ് ബെറ്റർ ….സൊ ഐ ഗേവ് ഹേർ എ ബെറ്റർ ഡെത്ത്..എ പെയിൻലെസ്സ് ഡെത്ത്..ഐ കിൽഡ് ഹേർ (ചിരി) ഏതൊരു ക്രൈമിനും ഒരു സ്‌റ്റാർട്ടിങ് പോയിന്റ് ഉണ്ട്.. അതിനെ എങ്ങനെ യൂട്ടലൈസ്‌ ചെയ്യുന്നു എന്നിടത്താണ് ഒരു പെർഫെക്റ്റ് ക്രൈം സംഭവിക്കുന്നത്..ഇവിടെ എനിക്ക് കിട്ടിയ സ്‌റ്റാർട്ടിങ് പോയിന്റ് ഷെറിന് ഉണ്ടായ ഒരു പനി ആയിരുന്നു.. ഷെറിൻ ഒരു ഡ്രഗ് അഡിക്റ്റ് ആണെന്ന് വരുത്തിത്തീർക്കാൻ ട്രീറ്റ്‌മെന്റിന്റെ പേരിൽ അവളിൽ ഞാൻ ഡ്രഗ്സ് ഇൻഡ്യൂസ് ചെയ്യാൻ ആരംഭിച്ചു.. സ്നേഹത്തിന്റെ പേരിൽ ഷെറിൻ എന്നോട് ചെയ്തത് തന്നെയായിരുന്നു ഞാൻ തിരിച്ചു അവളോടും ചെയ്തത്”
ഈ സീനിലൊക്കെയുള്ള മെൽവിന്റെ കണ്ണുകളുടെ ചലനവും , ഡിവിളിഷ് സ്‌മൈലും അസാധ്യമാണ്..ഒരു മൈൻഡ് ഗെയിം ത്രില്ലർ എന്ന നിലയിൽ വേട്ട പൂർണ്ണത കൈവരിക്കാനാവാതെ പോയിട്ടുണ്ടെങ്കിൽ അത് രാജേഷ് പിള്ള എന്ന സംവിധായകന്റെ മരണത്തിൽ കലാശിച്ച അസുഖം ബാധിച്ചത് കൊണ്ട് മാത്രമാണ് എന്ന് വിശ്വസിക്കുന്നു..ത്രില്ലർ എന്ന നിലയിലുള്ള അപൂർണ്ണതകൾക്കിടയിലും ചാക്കോച്ചൻ തൻറെ റോൾ അതി ഗംഭീരമാക്കി..


മനസ്സിനെ അസ്വസ്ഥമാക്കുന്ന കാഴ്ചകൾ ഉള്ളത് കൊണ്ട് ഒരൊറ്റ തവണ മാത്രം അതും വളരെ കഷ്ടപ്പെട്ട് കാണാവുന്ന ചില ചിത്രങ്ങളുണ്ട് ..അതിലൊന്നാണ് ‘വലിയ ചിറകുള്ള പക്ഷികൾ’..നല്ലൊരു ശതമാനം ആളുകളും കണ്ടിരിക്കാൻ സാധ്യത ഇല്ലാത്ത പടം.. ചാക്കോച്ചന്റെ അഭിനയ മികവിനെ കുറിച്ച് സംശയം ഉള്ളവർ നിർബന്ധമായും കണ്ടിരിക്കണം ഈ ചിത്രം … ആകാശത്ത് നിന്നും പെയ്യിച്ച എൻഡോസൾഫാൻ എന്ന വിഷ മഴ ഭൂമിയിലെ ജീവനുകളെ വികലമാക്കി തീരാ ദുരിതത്തിലേക്ക് തള്ളി വിട്ട കാഴ്ചകൾ ക്യാമറ കണ്ണിലൂടെ കാണേണ്ടി വരുന്ന ഫോട്ടോഗ്രാഫർ..നെഞ്ച് പൊള്ളുന്ന വേദന ഉള്ളിലൊതുക്കി ഓരോ തവണയും അയാൾ ക്ലിക്ക് ചെയ്യുന്നു..അയാൾ ഏറ്റവുമവസാനം സെറ്റ് ചെയ്യുന്ന ഫ്രെയിമിൽ നിരത്തി കിടത്തിയ കൊച്ചു കുട്ടികളുടെ ശവശരീരങ്ങൾ കാണുന്നു.. ഹൃദയം കൊണ്ട് കരയുന്ന ആ ഫോട്ടോഗ്രാഫറുടെ മുഖം..


ഥപ്പടിനും മുന്നേ സ്വന്തം ഇഷ്ട്ടങ്ങൾ ഭാര്യക്ക് മേൽ അടിച്ചേൽപ്പിച്ചു മാത്രം ശീലിച്ച ഭർത്താവായി ചാക്കോച്ചൻ വന്ന പടമായിരുന്നു ‘ഹൗ ഓൾഡ് ആർ യു’..മഞ്‌ജുവിന്റെ തിരിച്ചു വരവ് എന്ന നിലയിൽ ഒരു പാട് ശ്രദ്ധിക്കപ്പെട്ട ചിത്രം..കഥാപാത്രത്തിന്റെ വലിപ്പ ചെറുപ്പത്തെക്കാൾ ഒരു നല്ല സിനിമയുടെ ഭാഗമാവുക എന്ന നിലപാട് മലയാളത്തിലെ ഒരു മുൻ നിര നടൻ സ്വീകരിച്ചത് തീർത്തും അഭിനന്ദനാർഹമായ കാര്യമാണ്.. ശരിക്ക് പറഞ്ഞാൽ 2010 ൽ പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി,മമ്മി ആൻഡ് മി,സകുടുംബം ശ്യാമള തുടങ്ങിയ ചിത്രങ്ങളിൽ തന്നെ ചാക്കോച്ചൻ ഇത്തരം ഒരു പോളിസി സ്വീകരിച്ചിരുന്നു ഹൗ ഓൾഡ് ആർ യു വിലെ രാജീവൻ എന്ന സ്വാർത്ഥനായ ഭർത്താവിനെ ചാക്കോച്ചൻ മനോഹരമാക്കിയെങ്കിലും ചാക്കോച്ചൻ ആ പടത്തിൽ ഉണ്ടായിരുന്ന കാര്യം പോലും പലരും മറന്നു പോയി..


സാക്ഷാൽ ദൈവത്തിന് ഒരു കോടതി ഉണ്ടെങ്കിൽ പോലും സാത്താനെ വരെ അവിടുന്ന് ഇറക്കികൊണ്ട് വരാൻ കോൺഫിഡൻസ് ഉള്ള ക്രിമിനൽ ലോയർ ‘ലോ പോയിന്റി’ലെ സത്യമോഹൻ..റേപ്പ് കേസുകളിലെ പ്രതികളുടെ കൺ കണ്ട ദൈവമാണ് അയാൾ.. പശ്ചാതാപത്തിന്റെ ചെറിയ കണിക പോലും മനസിലില്ലാതെ ചെയ്യുന്നത് ഒരു പ്രൊഫഷൻ ആണെന്ന ഉറച്ച ബോധ്യത്തിൽ ഓരോ കുറ്റവാളികളെയും അയാൾ നിയമത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ചു കൊണ്ടിരുന്നു.. നിയമത്തിന്റെ നൂലാമാലകളിൽ പെട്ട് നീതി കിട്ടാതെ പോയ പെൺകുട്ടികളുടെ മാനത്തിന്റെ വില പ്രതികളിൽ നിന്നും കണക്ക് പറഞ്ഞു അഡ്വ. സത്യമോഹൻ വാങ്ങുന്നു..ത്രില്ലർ സിനിമകളിൽ അഭിനയിക്കുമ്പോൾ കാണാറുള്ള മികച്ച ഫോം ചാക്കോച്ചൻ ഇവിടെയും ആവർത്തിക്കുന്നു..


ടേക്ക് ഓഫിലെ ഷഹീദ്,ഏദൻ തോട്ടത്തിലെ രാമൻ, വർണ്ണ്യത്തിൽ ആശങ്കയിലെ കൗട്ട ശിവൻ, വൈറസിലെ ഡോ.സുരേഷ് രാജൻ , ഓർഡിനറിയിലെ ഇരവി,എത്സമ്മയിലെ പാലുണ്ണി അങ്ങനെ ചാക്കോച്ചൻ മനോഹരമായി അഭിനയിച്ചു ഫലിപ്പിച്ച എത്രയോ മികച്ച കഥാപാത്രങ്ങളുണ്ട്..ഏറ്റവും അവസാനം പുറത്തിറങ്ങിയ അഞ്ചാം പാതിര നോക്കുക..അൻവർ ഹുസൈൻ ചാക്കോച്ചന്റെ കയ്യിൽ എന്ത് മാത്രം ഭദ്രമായിരുന്നു…കുഞ്ചാക്കോ ബോബൻ അഭിനയത്തിൽ ഇമ്പ്രൂവ് മെന്റ് വരുത്തിയിട്ടില്ലാത്ത നടനല്ല…23 വർഷം മലയാളം പോലൊരു ഇൻഡസ്ട്രിയിൽ മുൻനിര താരമായി നിലനിന്നത് ഭാഗ്യം കൊണ്ടും അല്ല..കഴിവ് കൊണ്ടാണ്,കഴിവ് കൊണ്ട് മാത്രമാണ്.. ചാക്കോച്ചനിലെ നടനെ ഉരുക്കിയെടുക്കാൻ കഴിവുള്ള സംവിധായകർ വിചാരിച്ചാൽ നല്ല പത്തര മാറ്റ് തങ്കം തന്നെ കിട്ടും എന്നുറപ്പ്